അവര്‍ തെറ്റ് ചെയ്തവരെ പരിഹസിക്കുന്നു തിരുസ്സഭ വീണുപോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു

Noble Thomas Parackal

കേരളകത്തോലിക്കാസഭ ഇത്രമാത്രം നഗ്നമാക്കപ്പെട്ട ഒരു കാലയളവ് ചരിത്രത്തിലില്ല എന്നു തന്നെ പറയാം. അധികാരഘടനകളും മേലദ്ധ്യക്ഷന്മാരും മാത്രമല്ല വിശ്വാസത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ വരെ തെരുവിലേക്ക് വലിച്ചിറക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് നാം കാണുന്നത്. പരിശുദ്ധ കൂദാശകള്‍ പോലും പരിഹാസവിഷയമാകുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ സഭയുടെ ശത്രുക്കള്‍ ആനന്ദിച്ചാഹ്ളാദിക്കുകയും സഭയെ സ്നേഹിക്കുന്നവര്‍ വേദനിക്കുകയും ചെയ്യുന്നു. പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ പലരുടെയും ചോദ്യങ്ങള്‍ക്കുള്ള ചില ഉത്തരങ്ങളാണിത്…

1. എന്തുകൊണ്ട് തിരുസ്സഭയില്‍ വീഴ്ചകള്‍ വര്‍ദ്ധിക്കുന്നു?

തിരുസ്സഭ ഒരിക്കല്‍പ്പോലും പാപം ചെയ്യാത്ത വിശുദ്ധരുടെ കൂട്ടായ്മയല്ല. ദുര്‍ബലരും പെട്ടെന്ന് പ്രലോഭിതരാകുന്നവരുമൊക്കെയായ മനുഷ്യരാണ് ദൃശ്യസഭയിലെ അംഗങ്ങള്‍. അതിനാല്‍ത്തന്നെ കുറ്റങ്ങളും കുറവുകളും തിരുസ്സഭയില്‍ സ്വാഭാവികമാണ്. പാപികളില്‍ ഒന്നാമനാണെന്ന് ഉറക്കെപ്പറയുന്ന പൗലോസ് അപ്പസ്തോലനെ നാം കാണുന്നുണ്ട്. മനുഷ്യജീവിതത്തിന് തിന്മയിലേക്ക് സ്വാഭാവികമായുള്ള ആകര്‍ഷണങ്ങളില്‍ നിന്ന് ആരും-അല്മായരും, വൈദികരും, മെത്രാന്മാരും, മാര്‍പാപ്പയും- തന്നെ മുക്തരല്ല. തിരുസ്സഭയാകുന്ന വിശുദ്ധഗാത്രത്തെ പരിപാലിക്കേണ്ടവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നതില്‍ തര്‍ക്കമില്ല താനും. അതിനാല്‍ത്തന്നെ അവരുടെ പരാജയങ്ങള്‍ ഉച്ചത്തില്‍ പ്രഘോഷിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടുകയും വേണ്ട.

വര്‍ത്തമാനകാലം ധാര്‍മ്മികമായി വല്ലായെ അയഞ്ഞുപോയിരിക്കുന്ന (era of loose morality) കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭൗതികവത്കരണത്തിന്‍റെയും ലൈംഗികതയുടെയും അതിപ്രസരം ഇന്നത്തെ സംസ്കാരത്തില്‍ ഏറെ ദൃശ്യമാണ്. ഭൗതികസുരക്ഷിതത്വം ആര്‍ജ്ജിക്കുന്നതിലും ലൈംഗികത ആസ്വദിക്കുന്നതിലുമായി ജീവിതത്തെ കൊരുത്തിട്ടിരിക്കുന്ന ഒരു തലമുറ രൂപപ്പെട്ടിരിക്കുന്നു. നമ്മുക്കു ചുറ്റുമുള്ള കാഴ്ചകളും നമുക്ക് നല്കപ്പെടുന്ന പ്രേരണകളും ഈ ഭൗതികാഡംബരത്തിലേക്കും ശരീരത്തിന്‍റെ ലൈംഗികസുഖത്തിലേക്കും ഓരോരുത്തരെയും അതിശക്തമായി പ്രലോഭിപ്പിക്കുന്നുണ്ട്. ഏറെപ്പേരും വീണുപോകുന്ന കാലത്തില്‍ സാംസ്കാരികമായ ഈ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കരുത്തില്ലാത്ത വൈദികര്‍ വീണുപോകുന്നു. തിന്മയുടെ അതിപ്രസരമുള്ള ഈ കാലത്തെ അതിജീവിക്കാന്‍ മാത്രം കരുത്ത് അവര്‍ നേടിയിട്ടില്ലാത്തതോ അല്ലെങ്കില്‍ നിരന്തരവും നിതാന്തവുമായി പുലര്‍ത്തേണ്ട ജാഗ്രത പലകാരണങ്ങള്‍കൊണ്ട് ഭഞ്ജിക്കപ്പട്ടതോ ആവാം ഒരു പക്ഷേ ഇത്തരം വീഴ്ചകളുടെ കാരണങ്ങള്‍.

2. തെറ്റ് ചെയ്യുന്നവരോടുള്ള സഭയുടെ മനോഭാവം എന്താണ്? തെറ്റു ചെയ്തവരെ, അത് ചെയ്തുവെന്നറിഞ്ഞിട്ടും സഭ സംരക്ഷിച്ചിട്ടില്ലേ? വലിയ ആരോപണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താത്തത്? എന്തുകൊണ്ട് അവര്‍ സ്ഥാനത്യാഗം ചെയ്ത് അന്വേഷണങ്ങള്‍ നേരിടുന്നില്ല?

സഭയുടെ ജീവിതത്തെയും പ്രവര്‍ത്തനരീതിയെയും ഒരു മതേതരസമൂഹത്തിന്‍റെയോ അത്തരം സംവിധാനങ്ങളുടെയോ ഭരണശൈലിയോട് നമുക്ക് താരതമ്യം ചെയ്യാനാവില്ല. സഭയുടേത് തികച്ചും വ്യത്യസ്തമായ ശൈലികളാണ്. കാനന്‍ നിയമം വളരെ കര്‍ക്കശവും ശക്തവുമാണ് എന്നു പറയുന്പോഴും അതനുസരിച്ച് നല്കാവുന്ന ശിക്ഷകള്‍ വളരെ പരിമിതമാണ്. പരമാവധി ആയിരിക്കുന്ന പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതു മാത്രമാണ് സാധിക്കുക. പക്ഷേ അത് ചെയ്യാന്‍ പോലും വെറും ആരോപണങ്ങളോ പരാതികളോ മാത്രം പോര. വ്യക്തി തെറ്റുകാരനാണെന്ന് വ്യക്തമായും സഭയുടെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെടേണ്ടതുണ്ട്.

ആരെക്കുറിച്ചെങ്കിലും പരാതി കിട്ടിയാല്‍ ഉടനെ നടപടിയെടുക്കാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. ഒരിക്കലും പോലീസിന്‍റെ അന്വേഷണം പോലെയും കോടതിയുടെ വിചാരണകള്‍ പോലെയും സഭാനടപടികള്‍ മുന്പോട്ടു പോവില്ല. കുറ്റാരോപിതനെ ഭേദ്യം ചെയ്ത് സമ്മതിപ്പിക്കാനോ ശാസ്ത്രീയമാര്‍ഗ്ഗങ്ങളുപയോഗിച്ച് ആരോപണങ്ങള്‍ തെളിയിക്കാനോ ഉള്ള സാദ്ധ്യതകള്‍ സഭയ്ക്കില്ല. ആകെ ചെയ്യാവുന്നത് ചോദിക്കുക, ലഭ്യമായ തെളിവുകള്‍ വച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ്. ഇവ തന്നെയും പലപ്പോഴും നീണ്ട സമയമെടുക്കുകയും ചെയ്യും.

സഭയുടെ പാരന്പര്യവും നിയമവുമനുസരിച്ച് നിയമത്തിന്‍റെ ദാതാവും പരിപാലകനും വിധികര്‍ത്താവും (legislator, executor & judge) സഭയുടെ മെത്രാനാണ്. പ്രാദേശികസഭയുടെ തലവന്‍ എന്ന നിലയില്‍ മെത്രാന്‍ ആത്യന്തികമായി എല്ലാവരുടെയും പിതാവാണ്. അതേസമയം തെറ്റുകുറ്റങ്ങളെ ന്യായവിചാരം ചെയ്യുന്പോള്‍ അദ്ദേഹം വിധികര്‍ത്താവാണ്. [മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് La Croix International എന്ന ഫ്രഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിച്ച “Sex abuse by the clergy: Predicament of an Indian Bishop” എന്ന ലേഖനമോ ​(https://international.la-croix.com/news/sex-abuse-by-the-clergy-predicament-of-an-indian-bishop/6047) ​​അതിന്‍റെ സ്വതന്ത്രപരിഭാഷയോ (https://www.catholicview.in/sex-abuse-by-the-clergy-predicament-of-an-indian-bishop/) വായിക്കുന്നത് ഈ വിഷയത്തില്‍ തിരുസ്സഭ നേരിടുന്ന പ്രതിസന്ധി മനസ്സിലാക്കാന്‍ ഉപകരിക്കും.]

തെറ്റ് തെളിഞ്ഞാല്‍പ്പോലും അവരോടുള്ള സഭയുടെ മനോഭാവം എന്താണ് എന്നത് പ്രസക്തമായ ചോദ്യമാണ്. സഭയെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപമിക്കുന്നത് ഒരു ആതുരാലയത്തോടാണ്. വീണവര്‍ക്കും മുറിവേറ്റവര്‍ക്കും സാന്ത്വനവും സൗഖ്യവും പരിചരണവും നല്കുന്ന ഒരിടം. ഇതിനര്‍ത്ഥം എത്രവലിയ തെറ്റുചെയ്തവനെയും സഭ സംരക്ഷിക്കും എന്നതല്ല. മറിച്ച്, ഇതൊരു ആത്മീയ കാഴ്ചപ്പാടാണ്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത് എന്ന് മിശിഹാ പറയുന്നുണ്ട്. അതിനാല്‍ വൈരാഗ്യബുദ്ധിയോടെയും തെറ്റുകാരനെന്ന് മുദ്രകുത്തിയും ശിക്ഷിക്കപ്പെടേണ്ടവനെന്ന് പറഞ്ഞ് കല്ലെറിഞ്ഞും സഭക്ക് ആരെയും കൈകാര്യം ചെയ്യാന്‍ കഴിയില്ല. അത് അവളുടെ ആത്മീയജീവിതത്തിന്‍റെ മഹത്വത്താല്‍ രൂപപ്പെടുന്ന ബലഹീനതയാണ്.

എന്നാല്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവരെക്കുറിച്ച് അറിവുകിട്ടിയിട്ടും നടപടിയെടുക്കാത്ത മെത്രാന്മാരെ ഉടനടി സ്ഥാനഭ്രഷ്ടരാക്കുന്ന നിയമനിര്‍മ്മാണം ഫ്രാന്‍സിസ് പാപ്പാ നടത്തിയിട്ടുണ്ട്. ഇപ്രകാരമുള്ള പല വിഷയങ്ങളിലും Zero Tolerance ആണ് സഭക്കുള്ളത്. ആയതിനാല്‍ സിവില്‍ നിയമലംഘനങ്ങള്‍ നടന്നിരിക്കുന്ന സാഹചര്യങ്ങളില്‍ സഭാംഗങ്ങളാരായിരുന്നാലും അവര്‍ സിവില്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. സഭ ഇക്കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. സിവില്‍ നിയമലംഘനങ്ങള്‍ നടക്കുന്പോള്‍ സിവില്‍ അധികാരികള്‍ തന്നെയാണ് അക്കാര്യങ്ങളില്‍ ഇടപെടുകയും നിയമപരമായി കാര്യങ്ങള്‍ മുന്പോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടത്. പോലീസില്‍ കാര്യങ്ങളറിയിക്കാനും അവരോട് സഹകരിക്കാനും സഭ തയ്യാറാണ് താനും.

3. മാധ്യമങ്ങള്‍ അകാരണമായി ആക്രമിക്കുന്പോഴും സഭാധികാരികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? കേരളകത്തോലിക്കാ മെത്രാന്‍ സമിതിയോ മറ്റ് ബിഷപ്സ് സിനഡുകളോ മെത്രാന്മാരോ ഉത്തരവാദിത്വപ്പെട്ടവരോ മാധ്യമങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാത്തത് എന്താണ്? നിശബ്ദത കുറ്റസമ്മതമല്ലേ?

വളരെ പ്രസക്തമെന്ന് ഈ ചോദ്യങ്ങളും സഭയുടെ യഥാര്‍ത്ഥ പ്രകൃതത്തെ തിരിച്ചറിയാന്‍ നാം പരാജയപ്പെടുന്നതില്‍ നിന്ന് ഉണ്ടാകുന്നതാണ്. തിരുസ്സഭ ഒരു ആത്മീയകൂട്ടായ്മയാണ്. പിതാക്കന്മാര്‍ അവളുടെ ആത്മീയപാലകരും അപ്പസ്തോലന്മാരുടെ പിന്ഗാമികളും പ്രാദേശികസഭകളുടെ തലവന്മാരുമാണ്. അവരുടെ കൂട്ടായ്മ അപ്പസ്തോലികകൂട്ടായ്മക്ക് സദൃശമാണ്. അവരുടെ പ്രധാനമായ ഉത്തരവാദിത്വം തങ്ങള്‍ക്ക് ഭരമേല്പിക്കപ്പെട്ടവരുടെ ആത്മീയോന്നമനവും ധാര്‍മ്മികമനസാക്ഷിയുടെ രൂപീകരണവുമാണ്.

കച്ചവടതാത്പര്യങ്ങളോടെ സെന്‍സേഷണലിസം സൃഷ്ടിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ദുഷ്ടലാക്കോടെ ചര്‍ച്ചകള്‍ നടത്തുകയും എതിര്‍ക്കുന്നവരുടെ പ്രതികരണങ്ങളും ഇരകളുടെ കണ്ണീരും പോലും കച്ചവടക്കണ്ണോടെ ഒപ്പിയെടുക്കുകയും ദുരന്തങ്ങളെ ആഘോഷമാക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ താത്പര്യങ്ങളോട് തിരുസ്സഭയുടെ ശൈലി ഒരിക്കലും ഒത്തുപോവുകയില്ല. അതിവേഗത്തില്‍ ആരോപണങ്ങള്‍ കുറ്റങ്ങളായി സ്ഥാപിക്കുകയും കുറ്റാരോപിതരെ പ്രതികളായി വിധിയെഴുതുകയും ചെയ്തുകൊണ്ട് നിയമസംവിധാനങ്ങളുടെ സ്ഥിരീകരണത്തിന് പോലും കാത്തുനില്‍ക്കാത്ത മാധ്യമക്കച്ചവടത്തിന് ചൂട്ടുപിടിക്കാന്‍ സഭ തയ്യാറാകുന്നില്ല.

ഈശോ പഠിപ്പിച്ച “വീതി കുറഞ്ഞ വഴിയുടെയും ഇടുങ്ങിയ വാതിലിന്‍റെയും” പാതയാണ് സഭയുടേത്. അവള്‍ സഹനങ്ങളെ ഏറ്റെടുക്കാന്‍ ശീലിച്ചവളാണ്. രക്തസാക്ഷികളായവരുടെ ചുടുനിണത്താല്‍ പ്രചോദിക്കപ്പെട്ടവളാണ്. നിന്ദനത്തിലും തുപ്പലിലും നിന്ന് മുഖം തിരിക്കാത്ത മിശിഹായുടെ പവിത്രശരീരമാണവള്‍. അതിനാല്‍ പ്രതികരണങ്ങളെക്കാള്‍ നിശബ്ദതക്കാണ് സഭ പ്രാധാന്യം നല്കുന്നത്. എല്ലാ ആക്രോശങ്ങളും ആരോപണപ്രത്യാരോപണങ്ങളും അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്പോള്‍ തിരുസ്സഭ അവളുടെ തനയര്‍ക്കുവേണ്ടി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മൗനത്തിന്‍റെ പ്രാര്‍ത്ഥനയില്‍ ക്രൂശിതനായ മിശിഹാ മഹത്വപ്പെടുന്നു.

പിടിക്കപ്പെട്ടതിന്‍റെ അപമാനബോധമാണ് സഭയെ നിശബ്ദയാക്കുന്നതെന്ന് കരുതുന്നത് ശരിയല്ല. വീണുപോയവര്‍ക്കുവേണ്ടി മനംനൊന്തുപ്രാര്‍ത്ഥിക്കുന്നതിന്‍റെ സാവകാശമാണത്. അവസാനത്തെ പാപിയെപ്പോലും കരകയറ്റാന്‍ വെന്പല്‍ കൊള്ളുന്ന മിശിഹായുടെ സഭയുടെ പ്രവര്‍ത്തനനിരതമായ മനസ്സാണത്. അവധാനതയോടെ വീഴ്ചകളെ പരിശോധിക്കുകയും പഴുതുകള്‍ വിലയിരുത്തുകയും സമാനസാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സഭാതനയര്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തുകൊണ്ട് ദീര്‍ഘവീക്ഷണത്തോടും വിവേകത്തോടും കൂടെ സഭ മുന്പോട്ടുപോയിക്കൊണ്ടേയിരിക്കും. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്വയംപ്രഖ്യാപിതസഭാവക്താക്കള്‍ പോലും ഈ ആത്മീയമാര്‍ഗ്ഗത്തിന്‍റെ ഉപഭോക്താക്കളല്ല എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.

സമാപനം

മാധ്യമങ്ങള്‍ വീണുപോയവരെ പരിഹസിച്ചുകൊണ്ടേയിരിക്കും. സഭ പരാജിതരാകുന്ന തന്‍റെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രായ്ശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യും. മാധ്യമങ്ങള്‍ ഒന്നു തീരുന്പോള്‍ മറ്റൊന്നിനുവേണ്ടി കാത്തിരിക്കും. ലഭിച്ചില്ലെങ്കില്‍ സൃഷ്ടിക്കാനും അവര്‍ക്ക് കഴിയും. എന്നാല്‍, സഭയാകട്ടെ മനുഷ്യന്‍റെ ബലഹീനതകളെ ബലപ്പെടുത്താനുള്ള നിരന്തരമായ ഉദ്യമത്തില്‍ മുഴുകും. പരാജയങ്ങളെ പാഠങ്ങളായിക്കാണാനും ഓരോ വീഴ്ചയില്‍ നിന്നും പഠിക്കാനും ദൗര്‍ബല്യങ്ങളെ ബലപ്പെടുത്താനും മുറിവുകളെ സുഖപ്പെടുത്താനും അകല്‍ചകള്‍ ഇല്ലാതാക്കാനും സഭയോടൊപ്പം മിശിഹായുണ്ട്. തന്‍റെ തിരുഗാത്രമായ പരിശുദ്ധസഭയുടെ കുറവുകള്‍ പേറുന്നത് ആത്യന്തികമായി മിശിഹാ തന്നെയാണ്. തെറ്റുകള്‍ ശുദ്ധീകരിച്ച് ആത്മബലം നല്കുന്ന പരിശുദ്ധ റൂഹായുടെ വഴിനടത്തലുകള്‍ക്ക് വിധേയപ്പെടുക മാത്രമാണ് നാം ചെയ്യേണ്ടത്.

“കാരുണ്യമാണ് സഭയുടെ ജീവിതത്തിന്‍റെ അടിസ്ഥാനം… അവളുടെ പ്രഘോഷണത്തിലും ലോകത്തോടുള്ള അവളുടെ സാക്ഷ്യത്തിലും യാതൊന്നും കാരുണ്യരഹിതമായിക്കൂടാ. കരുണാര്‍ദ്രവും അനുകന്പ നിറഞ്ഞതുമായ സ്നേഹം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിലാണ് സഭയുടെ വിശ്വാസ്യത തന്നെയും കാണപ്പെടുന്നത്” (കാരുണ്യത്തിന്‍റെ മുഖം, 10).

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy