കൂദാശകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടത് എങ്ങനെ?

Noble Thomas Parackal

കൂദാശകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടത് എങ്ങനെ?
ചരിത്രപശ്ചാത്തലം – വിവാദങ്ങള്‍

“കൂദാശ” എന്ന പദം

സുറിയാനി പദമായ കൂദാശ, ഹീബ്രുവിലെ ഖാദാഷ് (പരിശുദ്ധം) എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. കൂദാശകളെ സൂചിപ്പിക്കുന്ന sacraments എന്ന ഇംഗ്ലീഷ് പദം sacramentum എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണ് രൂപപ്പെട്ടത്. കൂദാശ എന്ന വാക്കിന് കൃത്യമായ നിര്‍വ്വചനം നല്കുന്നത് വിശുദ്ധ ആഗസ്തീനോസാണ്. “അദൃശ്യമായ കൃപാവരത്തെ ദൃശ്യമാക്കുന്ന രക്ഷയുടെ അടയാളമാണ് കൂദാശ” (signum ad res divinas pertinens; invisibilis gratiae visibilis forma – cf. Ep. 105.3.12). വി. ആഗസ്തീനോസ് നല്കുന്ന ഈ നിര്‍വ്വചനത്തെ ആവര്‍ത്തിക്കുകയാണ് തെന്ത്രോസ് സൂനഹദോസ് (1546) ചെയ്യുന്നത് (symbolum reisacracet invisibilis gratiae forma visibilis). കൂദാശകളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ് ഈ സൂനഹദോസ്. സൂനഹദോസിന്‍റെ പ്രബോധനമനുസരിച്ച് കൂദാശകളുടെ പ്രത്യേകതകള്‍ താഴെപ്പറയുന്നവയാണ്:
1. കൂദാശകള്‍ മിശിഹായാല്‍ സ്ഥാപിതമാണ്.
2. അവ കുരിശിലെ ഈശോയുടെ തിരുബലിയുടെ വരപ്രസാദം നമുക്ക നല്കുന്ന അടയാളങ്ങളാണ്.
3. ഈ അടയാളങ്ങള്‍ ദൃശ്യമാണ്.
4. എല്ലാ കൂദാശകളിലും ഒരു പദാര്‍ത്ഥവും (res) പ്രാര്‍ത്ഥനയും (verbum) അടങ്ങിയിട്ടുണ്ട്. (വിശുദ്ധ കുര്‍ബാനയുടെ പദാര്‍ത്ഥം അപ്പവും വീഞ്ഞുമാണ് പ്രാര്‍ത്ഥനയാകട്ടെ കൂദാശാവചനങ്ങളും)

കൂദാശകളുടെ സ്ഥാപനം

ഏഴു കൂദാശകളും ഈശോയാലാണ് സ്ഥാപിക്കപ്പെട്ടത്. ഇപ്രകാരം പഠിപ്പിച്ചതിലൂടെ തെന്ത്രോസ് സൂനഹദോസ് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്:
1. കൂദാശകളെ ഈശോ വ്യക്തിപരമായി നേരിട്ടു സ്ഥാപിച്ചവയാണ്. കൂദാശകളെക്കുറിച്ചുള്ള ഏകദേശരൂപം മാത്രമല്ല, അവയുടെ അടയാളങ്ങളും അവയിലൂടെ സംജാതമാകുന്ന വരപ്രസാദവും അവിടുന്ന് നേരിട്ട് നിശ്ചയിച്ചതാണ്.
2. ഓരോ കൂദാശയുടെയും പദാര്‍ത്ഥം (res) ഈശോ നേരിട്ടു സ്ഥാപിച്ചതാകയാല്‍ അവയെ മാറ്റാന്‍ തിരുസ്സഭക്ക് അധികാരമില്ല. ഉദാഹരണമായി അപ്പത്തിനും വീഞ്ഞിനും പകരം മറ്റൊരു പദാര്‍ത്ഥം വിശുദ്ധ കുര്‍ബാനക്കുപയോഗിക്കാന്‍ സഭക്ക് കഴിയുകയില്ല.
3. ഈശോയാല്‍ സ്ഥാപിക്കപ്പെട്ടു എന്നതിനാല്‍ കൂദാശകളുടെ അടിസ്ഥാനപരമായ പരികര്‍മ്മക്രമത്തില്‍ (form) മാറ്റംവരുത്താന്‍ സഭക്ക് കഴിയില്ല. (അതേസമയം കാലക്രമത്തില്‍ രൂപംകൊണ്ട പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താന്‍ കഴിയും).

കൂദാശകളുടെ എണ്ണം നിശ്ചയിച്ചതാര്? എന്തുകൊണ്ട്?

പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തെത്തുടര്‍ന്ന് കത്തോലിക്കാവിശ്വാസത്തെ പലരീതിയിലും വിമര്‍ശനവിധേയമാക്കിയ മാര്‍ട്ടിന്‍ ലൂഥറും അനുയായികളും കൂദാശകളില്‍ ഭൂരിഭാഗവും നിരാകരിച്ചു. അവരുടെ പ്രബോധനമനുസരിച്ച് മാമ്മോദീസായും കുര്‍ബാനയും മാത്രമാണ് ബൈബിളില്‍ ഈശോ സ്ഥാപിച്ചതായി കാണുന്നുള്ളു. അതിനാല്‍ അവ മാത്രമേ അവര്‍ അംഗീകരിക്കുന്നുള്ളു. ഈ സാഹചര്യത്തിലാണ് തെന്ത്രോസ് സൂനഹദോസ് കൂദാശകളുടെ എണ്ണം നിര്‍ണ്ണയിച്ചുകൊണ്ട് പഠിപ്പിച്ചത്. എന്നാല്‍ ഇത് പുതിയ ഒരു പഠനമോ പ്രഖ്യാപനമോ ആയിരുന്നില്ല എന്നതാണ് സത്യം. അതുവരെ സഭ ആചരിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്ന ഏഴ് കൂദാശകളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക മാത്രമാണ് സൂനഹദോസ് ചെയ്തത്. പ്രൊട്ടസ്റ്റന്‍റ് നിലപാടുകളെ ഖണ്ഡിച്ചുകൊണ്ട് കൂദാശകള്‍ ഏഴില്‍ കൂടുതലോ കുറവോ ഉണ്ടെന്ന് പഠിപ്പിക്കുന്നത് കര്‍ശനമായി സൂനഹദോസ് വിലക്കി.

സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്നവ തന്നെയാണ് ഈ കൂദാശകള്‍. തെളിവുകളിതാണ്:
1. ലിയോണ്‍സ്, ഫ്ലോറന്‍സ് സൂനഹോദോസുകള്‍ ഇവയെക്കുറിച്ച് പഠിപ്പിച്ചിരുന്നു.
2. പൗരസ്ത്യസഭകളും ഗ്രീക്കു സഭയും റോമന്‍ സഭയും ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ ഏഴു കൂദാശകള്‍ എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്ടായിരുന്നില്ല.
3. അഞ്ചാം നൂറ്റാണ്ടില്‍ സഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ നെസ്തോറിയന്‍ പാഷണ്ഡികളും ഏകസ്വഭാവവാദികളും (monophysites) ഏഴു കൂദാശകളെ അംഗീകരിച്ച് ഇന്നും അനുഷ്ഠിക്കുന്നു.
4. വി. അക്വീനാസ് ഏഴു കൂദാശകളുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.

കൂദാശകളുടെ സ്ഥാപനം ബൈബിളില്‍ ഇല്ലേ?

പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്ത് വിഭാഗങ്ങള്‍ കൂദാശകള്‍ നിരാകരിക്കുന്നതിന് കാരണം അവ ബൈബിളിലില്ല എന്നതാണ്. എന്നാല്‍ ബൈബിളിനെക്കുറിച്ചും ദൈവികവെളിപാടിനെക്കുറിച്ചും ഉള്ള അറിവുകുറവോ അവയെ തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ ആണ് ഇപ്രകാരം സംഭവിക്കുന്നത്. ഏഴു കൂദാശകള്‍ക്കും വിശുദ്ധഗ്രന്ഥാടിസ്ഥാനമുണ്ട്. അത് മനസ്സിലാകണമെങ്കില്‍ വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്പോള്‍ സ്വീകരിക്കേണ്ട രണ്ട് അടിസ്ഥാനതത്വങ്ങള്‍ അറിഞ്ഞിരിക്കണം:
1. ഈശോ പറയുകയും പ്രവ‍ൃത്തിക്കുകയും ചെയ്ത എല്ലാക്കാര്യങ്ങളും വ്യക്തമായും കൃത്യമായും (explicit) ബൈബിളിലില്‍ രേഖപ്പെടുത്തിയിട്ടില്ല (യോഹ 21,25). അതിനാല്‍ ഈശോ ചെയ്ത പല കാര്യങ്ങളും സൂചിതമായി (implicit) മാത്രമേ ബൈബിളില്‍ കാണുകയുള്ളു.
2. വെളിപാട് പൂര്‍ണ്ണമാകുന്നത് ഈശോയുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അതിനാല്‍ ഈശോയുടെ വാക്കുകളും പ്രവൃത്തികളും ഈശോ ശിഷ്യന്മാരോട് ചെയ്യാന്‍ പറഞ്ഞതും അവര്‍ ഈശോയുടെ നാമത്തില്‍ ചെയ്തതുമെല്ലാം പരിശോധിച്ചാല്‍ മാത്രമേ ഈശോ കൂദാശകള്‍ സ്ഥാപിച്ചതിന്‍റെ ബൈബിള്‍ അടിസ്ഥാനം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. വിശുദ്ധ ഗ്രന്ഥത്തോടൊപ്പം വിശുദ്ധ പാരന്പര്യവും തുല്യപ്രാധാന്യം കൈവരിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്.

കൂദാശകള്‍ രക്ഷക്ക് അനിവാര്യം

തെന്ത്രോസ് സൂനഹദോസിന്‍റെ മറ്റൊരു പ്രബോധനമാണിത്. മനുഷ്യരക്ഷക്ക് വേണ്ടി ഈശോ സ്ഥാപിച്ചവയായതിനാല്‍ രക്ഷക്ക് അവ അനിവാര്യമാണ്. എന്നാല്‍ കൂദാശകള്‍ സ്വീകരിക്കാന്‍ തീര്‍ത്തും കഴിയാത്ത സാഹചര്യത്തില്‍ അവ സ്വീകരിക്കുന്നതിനായുള്ള ആഗ്രഹമെങ്കിലുമുണ്ടാകണം. അപ്പോള്‍ രക്ഷ പ്രാപിക്കാന്‍ കഴിയും. വിശ്വാസം മാത്രം മതി (sola fides) എന്ന ലൂഥറന്‍ പഠനത്തെ ഖണ്ഡിച്ചുകൊണ്ടാണ് രക്ഷക്ക് കൂദാശകള്‍ അനിവാര്യമാണെന്ന് സൂനഹദോസ് ശക്തിയുക്തം പഠിപ്പിച്ചത്. കൂദാശകള്‍ക്ക് വെളിയിലും വരപ്രസാദം ലഭ്യമാക്കാന്‍ ദൈവത്തിന് കഴിയും. എന്നാല്‍ കൂദാശകള്‍ വേണോ വേണ്ടയോ എന്നുവെക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ല. കാരണം, മനുഷ്യരക്ഷക്കായി ദൈവം ഒരുക്കിയിരിക്കുന്ന സ്വാഭാവികമാര്‍ഗ്ഗം കൂദാശകളുടേതാണ്. ഈ മാര്‍ഗ്ഗം അനിവാര്യമായും മനുഷ്യന്‍ സ്വീകരിക്കുക തന്നെ വേണം. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy