അദ്ധ്യാപികയുടെ ഓർമ്മക്കുറിപ്പുകൾ

സി. പെറ്റിറ്റ് തെരെസ് SABS

നസ്രസിലെ യേശുവിനോടുള്ള പ്രേമവും നന്മചെയ്ത് ചുറ്റിനടന്നയേശുവിനെപ്പോലെ ആകാനുള്ള ആഗ്രഹവുമാണ് സന്യാസജീവിതത്തിന് എന്നെ പ്രേരിപ്പിച്ചത് .1975 മുതൽ 2004 വരെ അദ്ധ്യാപകവൃത്തിയിൽ ഉണ്ടായിരുന്നു.1975 മുതൽ 1980 വരെ സെന്റ് കാതറിൻസ് പയ്യംമ്പള്ളിയിലും 1989 മുതൽ 2004 വരെ സെന്റ് കാതറിൻസ് റ്റി.റ്റി.ഐ കണിയാരത്തും സേവനം ചെയ്തു.പയ്യംമ്പള്ളിയിൽ ജോലിയിലായിരിക്കെ 1978 -ൽ അടുത്തുള്ള ആദിവാസി കോളനികളിലെ കുഞ്ഞുമക്കൾ അംഗൻവാടിയിലോ നേഴ്സറിയിലോ പോകാതെ  ഞണ്ടുപിടിച്ച് നടക്കുന്ന കാഴ്ച എന്നെ വേദനിപ്പിച്ചു. മദറിന്റെ അനുവാദത്തോടെ മറ്റ് സിസ്റ്റേഴ്സിനേയും കൂട്ടി ആദിവാസി കോളനിയിലെത്തി. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. കുഞ്ഞുങ്ങളെ പഠിക്കാൻ വിടാമെന്ന് അവർ സമ്മതിച്ചു. പിന്നെ ഞങ്ങൾ  ആ  കുഞ്ഞുങ്ങളെ അവരുടെ കുടിലിൽ ചെന്ന് അവരെ  കൂട്ടികൊണ്ട് വന്നു. അവരെ കുളിപ്പിച്ച് അവർക്ക് മഠത്തിൽ നിന്ന് ഭക്ഷണം കൊടുത്ത്   അവർക്കായി ഒരു നേഴ്സറി തുടങ്ങി. പിറ്റേ വർഷം അവരെ സെന്റ് കാതറിൻസിൽ ചേർത്തു. അവരിൽ പലരും പഠിച്ച് സർക്കാർ ജോലിയിലും മറ്റ് ജോലികളിലും  പ്രവേശിച്ചു. ഇത്  ഒരു നേട്ടമായി ഞാൻ കരുതുകയാണ്. എട്ട് , ഒമ്പത് , പത്ത് ക്ലാസിൽ പഠിച്ച്  പഠനം നിർത്തിയ ആദിവാസി കുട്ടികളെയും അല്ലാത്തവരെയും   കണ്ടുപിടിച്ച് കോൺവന്റ്കളിൽ ഇരുത്തി സെപ്ഷ്യൽ ട്യൂഷൻ ക്ലാസുകൾ കൊടുത്ത് SSLC പരീക്ഷ എഴുതാൻ അവരെ സഹായിച്ചു. അവർ പിന്നീട് അദ്ധ്യാപകരായും സർക്കാർ ജോലിക്കാരായും മാറി. പയ്യംമ്പള്ളി സ്കൂളിലെ എട്ട്, ഒമ്പത് പത്ത് ക്ലാസുകളിലെ മുഴുവൻ ഡിവിഷനിലും ഫിസ്ക്സ് അദ്ധ്യാപികയായിരുന്നു ഞാൻ. എന്റെ വിഷയത്തിൽ മിക്ക കുട്ടികളും  നല്ല  മാർക്ക് വാങ്ങി SSLC പാസായി എന്നത് അഭിമാനപൂർവ്വം ഓർക്കുന്നു. 1986-ൽ അഗ്നി വിസർപ്പം പിടിപ്പെട്ട് കിടപ്പിലായി. രണ്ട് വർഷം ലീവ് എടുത്തു. അപ്പോൾ എന്നെ സെന്റ് മേരീസ് ചിൽഡ്രൻസ് ഹോം ബത്തേരിയുടെ  ഡിറക്ടറായി അധികാരികൾ നിയമിച്ചു.നേഴ്സറി മുതൽ പീഡീസി വരെ പഠിക്കുന്ന കുട്ടികൾ അമ്പത്  പേർ അവിടെ ഉണ്ടായിരുന്നു.അവർക്കെല്ലാം പഠനത്തിന് നേതൃത്വം നൽകി. ആ വർഷം എല്ലാ കുട്ടികളും എല്ലാ വിഷയത്തിനും പാസായി. ഇത് വലിയൊരു നേട്ടമായി എന്ന് അന്ന് ബത്തേരിയിൽ വികാരിയായിരുന്ന ബഹുമാനപ്പെട്ട കുളിരാനി അച്ചൻ അനുസ്മരിച്ചത് ഇന്ന് സന്തോഷത്തോടെ ഓർക്കുകയാണ്. പത്താം ക്ലാസും പീഡീസിയും പാസായ കുട്ടികളിൽ ചിലർ സന്യാസജീവിതം തിരഞ്ഞെടുത്തു.മറ്റുള്ളവർ കുടുംബിനികളായി. സന്യാസജീവിതം തിരഞ്ഞെടുത്തവർ ഇന്ന് അവരുടെ സമൂഹത്തിലെ ഉന്നതാധികാരികളായി സേവനം ചെയ്യുന്നത് സന്തോഷവും സംതൃപ്തിയും തരുന്നു. മദർ തെരേസായുടെ സമൂഹത്തിൽ ചേർന്ന ഒരു മിനി സിസ്റ്ററായ ശേഷം പത്ത് വർഷം കഴിഞ്ഞ് രോഗം പിടിപ്പെട്ട് മരണപ്പെട്ടു. മരിക്കുന്നതിനുമുമ്പ്  അവൾ ഞങ്ങളുടെ മദർ പ്രൊവിൻഷ്യലിന് എഴുതിയ ഒരു കത്തിൽ ഇപ്രകാരം എഴുതി. പെറ്റിയമ്മ ഞങ്ങളെ നോക്കിയപ്പോഴാണ് ഞങ്ങൾക്കും വ്യക്തിത്വം ഉണ്ടെന്നും പഠിച്ചാൽ ഉയരാമെന്നും ഉയർന്നാൽ നല്ല ജോലിയിലും സ്ഥാനങ്ങളിലും എത്താമെന്നും ഞങ്ങൾക്ക് ബോധ്യമായത് എന്ന് .എന്റെ മനസ്സിൽ ആ വാചകം നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. 1989 മുതൽ 2004 വരെ റ്റി.റ്റി ഐ യിൽ അദ്ധ്യാപികയായിരുന്നു. ഒരിക്കൽ റ്റി.റ്റി സി കാരുടെ ടീച്ചിങ് പ്രാക്ടീസും കമ്മീഷനും ഒക്കെ അടുത്തപ്പോൾ  റ്റി.റ്റി.സി പഠിക്കുന്ന ഒരു അദ്ധ്യാപിക വിദ്ധ്യാർത്ഥി ചൂടു പനി പിടിച്ച് കിടപ്പിലായി. ഏതാണ്ട് മുപ്പതോളം റെക്കോർഡ്സ് കമ്മീഷന് സമർപ്പിക്കണം ഓരോ വിദ്യാർത്ഥിയും . മുമ്പ് പറഞ്ഞ ആ വിദ്യാർത്ഥിക്ക് രണ്ട് റെക്കോർഡ് മാത്രം. ഈ വിവരം ക്ലാസിൽ പറഞ്ഞപ്പോൾ സഹപാഠികൾ അവരെ സഹായിക്കാൻ തയ്യാറായി.വേണ്ട റെക്കാർഡ്സുകളെല്ല‍ാം അവർ റെഡിയാക്കി. കമ്മീഷന് വന്നപ്പോൾ ഇവർ ചൂടുപനിയായിട്ട് കിടപ്പിലാണെന്ന് റിപ്പോർട്ട് ചെയ്തു.അപ്പോൾ അവരെ ഇന്റർവ്യൂവിൽ നിന്ന് ഒഴിവാക്കി. റെക്കോർസ് മാത്രം പരിശോധിച്ചു. അങ്ങനെ അവനും നല്ല മാർക്കോടെ റ്റി.റ്റി.സി പൂർത്തിയാക്കി ഒരു അദ്ധ്യാപകനായി ജോലി ചെയ്യുന്നു. റ്റി.റ്റി.സി ക്ക് പഠിക്കാൻ വന്ന  പണിയ വിഭാഗത്തിലെ ഒരു ആദിവാസി പെൺകുട്ടിയെ ഓർക്കുകയാണ്. ഒരിക്കലും ക്ലാസിൽ കൃത്യമായി വരാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു അവരുടെ ജീവിതം. അവൾക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകി റ്റി.റ്റി സി പൂർത്തിയാക്കാൻ സഹായിച്ചു.അവൾ ഇന്ന് മികച്ച ഒരു അദ്ധ്യാപികയായി ജോലിചെയ്യുന്നുണ്ട്. 2003-2004 ൽ റ്റി.റ്റി ഐ യിലെ പിൻസിപ്പിലായി. ഒരു ദിവസം കീറിപറിഞ്ഞ വസ്ത്രവും പാറിപ്പറക്കുന്ന മുടിയുമായി ഒരു പത്തുവയസ്സുകാരൻ മുകേഷ് സ്ലെയിറ്റും പെൻസിലും പിടിച്ച്  എന്റെ അടുത്തെത്തി.എന്നോട് പറഞ്ഞു. എനിക്ക് പഠിക്കണം എന്ന് .അവന്റെ ആഗ്രഹത്തിൽ എനിക്ക് ഒത്തിരി സംതൃപ്തി തോന്നി. അവന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് അവനോട് അനുകമ്പ തോന്നി. നാലാം ക്ലാസിലെ അമ്മത്വം ഉള്ള ഒരു ടീച്ചറിനെ കണ്ടു പിടിച്ച് അവനെ ഏൽപ്പിച്ചു. ആ ടീച്ചർ അവനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ക്ലാസിൽ ഇരുത്തി.സഹപാഠികൾക്കൊക്കെ പരിചയപ്പെടുത്തികൊടുത്തു.ആ ടീച്ചർ കാണിച്ച വാത്സല്യം അവനെ വലിയവനാക്കി. ആറു മാസം അവൻ പഠിക്കാൻ അവിടെ വന്നു. പിന്നെ വേൾഡ് വിഷൻകാർ അവനെ അമ്പലവയലിൽ ഹോസ്റ്റലിലാക്കി അവനെ പഠിപ്പിച്ചു. തുടർന്ന്  അവൻ തൃശൂരിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നടത്തി ബിടെക് പൂർത്തിയാക്കി. ഇതെല്ലാം ഓർക്കുമ്പോൾ മനസിൽ സംതൃപ്തി .സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ഹൃദയം നുറുങ്ങിയ നൊമ്പരങ്ങളിലും ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവത്തിന്റെ സാന്നിദ്ധ്യം ആകാൻ ദൈവം എന്നെ ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം ജ്വലിക്കുന്ന ഓർമ്മകളായി മനസ്സിൽ ഇന്നും  സൂക്ഷിക്കുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy