തിരിച്ചറിവ്

ലിസ്ന പരുവുമ്മേല്‍

പ്ലസ് ടു കഴിഞ്ഞയുടൻ ഡിഗ്രിക്ക് ചേർന്ന് ബാങ്കിൽ ജോലിക്ക് കയറണമെന്ന് അതി തീവ്രമായ ആഗ്രഹമായിരുന്നു. പക്ഷേ വീട്ടുകാർക്ക് അതിനോട് യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല… നഴ്സിങ്ങ് പഠിച്ച് വിദേശത്ത് പോയാലേ കുടുംബം രക്ഷപ്പെടുകയുള്ളു എന്ന നിലപാടിലായിരുന്നു വീട്ടുകാർ. ഒടുവിൽ അവരുടെ നിസ്സഹായവസ്ഥയ്ക്കുമുന്നിൽ എനിക്കെന്റെ അഗ്രഹം വേണ്ടാന്ന് വെക്കേണ്ടി വന്നു.

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. അഡ്മിഷനും പഠനവും എല്ലാം കഴിഞ്ഞ് ജോലിയിൽ കയറി. ഇന്നിപ്പോ 3 കൊല്ലത്തോളമായി. ഇഷ്ട്ടപ്പെടാത്ത മേഖലയായതു കൊണ്ട് എല്ലാത്തിനോടും അമർഷമായിരുന്നു. വീടിനോടും വീട്ടുകാരോടും സുഹൃത്തുക്കളോടുമൊക്കെ…..
വിദേശത്ത് എത്തിയതിൽ പിന്നെ വീട്ടിലേക്കുള്ള മടക്കയാത്ര ഒരിക്കലും ചിന്തിക്കാത്തതാണ്. എല്ലാത്തിനോടും വെറുപ്പായിരുന്നു. ചെയ്യ്തിരുന്ന ജോലിയെ പോലും കഷ്ട്ടപ്പെട്ടാണ് ഇഷ്ടപ്പെട്ടത്.
മടുപ്പേറിയ ജീവിതത്തിൽ നിന്നും വിട്ട് മാറി നിൽക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരോടുള്ള ദേഷ്യം എന്നെ അതിനും അനുവദിച്ചില്ല.

അങ്ങനെ മടുപ്പേറിയ ജീവിതത്തിലെ ഒരു ദിവസത്തെ ഡ്യൂട്ടിക്കിടയിൽ ഒരു കൊച്ച് കുട്ടിയെ കണ്ടുമുട്ടി…. എന്റെ ജീവിതത്തിലെ കയിപ്പകറ്റി മധുരം നിറച്ച ഒരു കൊച്ചു കുട്ടി…..

ആരെയും ശ്രദ്ധിക്കാത്ത ഒരു പ്രക്രിത മായിരുന്നു എന്റേത്.
പക്ഷേ ആ മാലാഖ കുഞ്ഞിന്റെ പുഞ്ചിരി എന്നെ വല്ലാതെ ആകർഷിച്ചു.
ആരോരുമില്ലായിരുന്നു അവൾക്ക്. അത് കൂടാതെ ഈ കൊച്ച് പ്രായത്തിൽ ക്യാൻസർ എന്ന മഹാരോഗത്തിന് അടിമയും. അവളെ കാണുമ്പോഴെല്ലാം ദൈവം ഇത്ര ക്രൂരനാണോ എന്ന് ഞാൻ സ്വയം ചിന്തിച്ചു പോയി. അല്ലേലും ആരുടെയും ആഗ്രഹം കാണാനുള്ള മനസ്സ് ദൈവത്തിനില്ല എന്ന് പിറുപിറുത്തു.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ് അവളുടെ മുഖത്ത് കാണുന്ന പുഞ്ചിരി ……ജീവിതം ഇത്ര ദുഃഖം നിറഞ്ഞതായിരുന്നിട്ട് പോലും അവളുടെ മുഖം എന്നും തിളങ്ങി നിന്നിരുന്നു.അതുമാത്രമാണ് അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്. ജോലിക്ക്
പോകാൻ യാതൊരു താല്പര്യവും ഇല്ലാതിരുന്ന എന്നിൽ മാറ്റം സൃഷ്ടിച്ചതും അവളുടെ പുഞ്ചിരിയാണ്.

ഒരുപാട് ആകാംക്ഷയോടെയാണ് അവളുടെ പുഞ്ചിരിക്കു പിന്നിലെ കാരണം ഞാൻ തിരക്കിയത്.അറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. “ഈശോ അപ്പച്ചനാ എന്നെ ചിരിക്കാൻ പഠിപ്പിച്ചത് “…. എന്ന അവളുടെ മറുപടി എന്നിൽ വളർത്തിയ കൗതുകം അളവില്ലാത്തതാണ് .പിന്നീട് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ വെറുതെ ആ ഈശോയെ അറിയുക എന്നതാണ്. ഈശോയെ
കുറിച്ചു കൂടുതൽ അറിയുന്തോറും എൻറെ തെറ്റുകൾ ഓരോന്നായി എൻറെ കണ്ണിൽ തെളിഞ്ഞു വന്നു. മാനസാന്തരപ്പെടുവാൻ എന്റെ മനസ്സ് തുടിച്ചു. ഞാൻ ചെയ്യുന്ന ജോലിയിലെ മഹത്വം ഞാൻ സ്വയം തിരിച്ചറിഞ്ഞു. അതിനുശേഷം എന്റെ ജീവിതവും സന്തോഷം നിറഞ്ഞതായി….
വീട്ടിലേക്ക് വരാനും വീട്ടുകാരെ കാണാനും ഞാൻ ആഗ്രഹിച്ചു….

വിമാനം ലാൻഡ് ചെയ്യ്തു…… ഇനി കുറച്ചു മണിക്കൂർ മാത്രം.7 വർഷക്കാലം ഞാൻ സ്നേഹിക്കാതെ പോയ എന്റെ കുടുംബത്തിലേക്ക് ഒരു മടങ്ങി പോക്ക്……….

” വളരെയധികം അനുഗ്രഹം നിറഞ്ഞ ജീവിതമാണ് നമ്മുടെയെല്ലാം….. പക്ഷെ ചെറിയ ഒരു ആഗ്രഹം നടക്കാതെ വരുമ്പോൾ ബാക്കിയെല്ലാ അനുഗ്രഹങ്ങളും മറന്ന് ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരാണ് നമ്മൾ….. അപ്പോൾ….നമ്മളെ ജീവനു തുല്യം സ്നേഹിച്ച് നമ്മുക്ക് വേണ്ടി കുരിശിൽ മരിച്ച ഈശോയുടെ സ്നേഹം നമ്മൾ മറക്കുന്നു……”

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy