സഭാ പ്രബോധനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും

ജീവിക്കുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ മഹത്വമാണ്. മനുഷ്യനെക്കുറിച്ചുള്ള സത്യത്തിന്‍റെ പൂര്‍ണ്ണമായ വെളിപാട് സഭ സുവിശേഷങ്ങളില്‍ നിന്നും സ്വീകരിക്കുന്നു. സഭ സുവിശേഷം പ്രഘോഷിക്കുമ്പോള്‍ മനുഷ്യന്‍റെ മാഹാത്മ്യത്തിനും, വ്യക്തികള്‍ തമ്മിലുള്ള സംസര്‍ഗ്ഗത്തിലേക്കുള്ള അവന്‍റെ വിളിയും സാക്ഷ്യം നല്‍കുന്നു. പൊതുവില്‍ വിശ്വാസം, ധാര്‍മ്മികത, ശിക്ഷണം തുടങ്ങിയ അജപാലനപരമായ വിഷയം സംബന്ധിച്ച് സഭ മുഴുവനും വേണ്ടി മാര്‍പ്പാപ്പ പുറപ്പെടുവിക്കുന്ന ഔദ്യോഗിക ലേഖനമാണ് ചാക്രികലേഖനം. ഇവയെ വിശ്വാസവും ആത്മീയവുമായ വിഷയങ്ങളെ സംബന്ധിച്ചുള്ളവയെന്നും സാമൂഹികവിഷയങ്ങളെ സംബന്ധിച്ചുള്ളവയെന്നും  വേര്‍തിരിക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി അവയെ നേരിടുകയും അതിജീവിക്കുകയും ചെയ്തില്ലെങ്കില്‍ ഏത് സമൂഹവും ശിഥിലമാകും, വെല്ലുവിളികള്‍ എന്നുമുണ്ടാകും. സമുചിതമായ പ്രതികരണം നല്‍കാനുള്ള ചുമതല സഭയ്ക്കുണ്ട്.

വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്കോ ആത്മാക്കളുടെ രക്ഷയ്ക്കോ ആവശ്യമായി വരുമ്പോള്‍ സഭ സാമ്പത്തികവും സാമൂഹികപരമായ കാര്യങ്ങളെ സംബന്ധിച്ച് ധാര്‍മ്മികവിധിനിര്‍ണ്ണയം നടത്തുന്നു. രാഷ്ട്രീയാധികാരികളില്‍ നിന്നും വ്യത്യസ്തമായി പൊതുനന്‍മയുടെ കാലികവശങ്ങളില്‍ സഭയ്ക്ക് താത്പര്യമുണ്ട്. കാരണം ആത്യന്തലക്ഷ്യമായ പരമനന്‍മയിലേക്ക് നയിക്കുകയാണ് സഭയുടെ ലക്ഷ്യം. ഭൗതികവസ്തുക്കളെ സംബന്ധിച്ചും സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ചും ശരിയായ മനോഭാവങ്ങള്‍ സൃഷ്ടിക്കുവാന്‍ സഭ പരിശ്രമിക്കുന്നതിന്‍റെ അടയാളങ്ങളാണ് ചാക്രികലേഖനങ്ങള്‍. മെത്രാന്‍ രൂപതയിലെ അജഗണത്തെ ഇടയലേഖനത്തിലൂടെ പഠിപ്പിക്കുമ്പോള്‍ മാര്‍പ്പാപ്പ ആഗോളസഭയേയും, ലോകം മുഴുവനേയും ചാക്രികലേഖനങ്ങളിലൂടെ പ്രബോധനാധികാരം വിനിയോഗിക്കുന്നു.

സഭയുടെ സാമൂഹികപ്രബോധനങ്ങള്‍, പരിചിന്തനത്തിനുള്ള തത്വങ്ങള്‍ നിര്‍ദ്ദേശിക്കുകയും വിധിതീര്‍പ്പിനുള്ള മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കുകയും പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നു. (CCC 2423)

1740- ല്‍ ബെനഡിക്ട് തകഢാമന്‍ മാര്‍പ്പാപ്പ മെത്രാന്‍മാരുടെ ചുമതലകളെക്കുറിച്ച് പുറപ്പെടുവിച്ച څഊബി പ്രിമുംچ ആണ് സഭയുടെ പ്രഥമ ചാക്രികലേഖനം. 1891 മെയ് 15 ലെയോ പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ തൊഴില്‍ മേഖലയിലെ സാമൂഹിക പ്രശ്നത്തിന് ക്രൈസ്തവപരിഹാരം നിര്‍ദ്ദേശിച്ചെഴുതിയ څറേരും നൊവാരുംچ ആണ് സാമൂഹിക പ്രബോധനങ്ങളുടെ ഗണത്തില്‍പെടുന്ന പ്രഥമ ചാക്രികലേഖനം. ഫ്രാന്‍സിസ് പാപ്പായുടെ ‘ലൗദാത്തോ സി’ വരെ ഏകദേശം 340-ല്‍ അധികം ചാക്രികലേഖനങ്ങള്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ചാക്രികലേഖനങ്ങള്‍ക്ക് പുറമേ മാര്‍പ്പാപ്പയാല്‍ എഴുതപ്പെടുന്ന ലേഖനങ്ങളെ ഉള്ളടക്കത്തിന്‍റെ സ്വഭാവമനുസരിച്ച് വിവിധ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.

1. പേപ്പല്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ 

സാധാരണയായി സിദ്ധാന്തപരമോ, ശിക്ഷണപരമോ, നിയമപരമോ ആയ പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖ.

2. ബൂള 

വിശുദ്ധരുടെ പദവിയിലേക്ക് ഒരാളെ ഉയര്‍ത്തുന്നതായോ സഭാപരമായ അധികാരം ഒരാള്‍ക്ക് നല്‍കുന്നതായോ ഒരു രൂപത സ്ഥാപിക്കുന്നതോ രേഖപ്പെടുത്തുന്ന കല്‍പ്പന. (മാര്‍പ്പാപ്പയുടെ പേരും വി. പത്രോസിന്‍റയും വി. പൗലോസിന്‍റെയും രൂപങ്ങളും കൊത്തിയിട്ടുള്ള മുദ്രയാണ് ബൂള എന്നറിയപ്പെടുന്നത്. പില്‍ക്കാലത്ത് ആ മുദ്ര പതിക്കുന്ന കല്‍പ്പനകളും ബൂള എന്നു വിളിക്കപ്പെടുന്നു.)

3. ബ്രീഫ് 

പ്രത്യേകാനുവാദങ്ങള്‍, പ്രാധാന്യം കുറഞ്ഞ കല്‍പ്പനകള്‍, ദാനങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്ന കല്‍പ്പന.

4. റെസ്ക്രിപ്റ്റ്സ്

അപേക്ഷപ്രകാരം നല്‍കുന്ന അനുവാദമോ ചുമതലകളില്‍ നിന്നുള്ള ഒഴിവാക്കലോ രേഖപ്പെടുത്തുന്ന കല്‍പ്പന.

5. മോത്തു പ്രോപ്രിയ

അപേക്ഷപ്രകാരമല്ലാതെ, മാര്‍പ്പാപ്പ സ്വമേധയാ എടുക്കുന്ന നടപടികളും, നല്‍കുന്ന ആനുകൂല്യങ്ങളും രേഖപ്പെടുത്തുന്ന കല്‍പ്പനകള്‍ ഈ ഗണത്തില്‍പ്പെടുന്നു.

6. അപ്പസ്തോലിക ലേഖനം

പൊതുകാര്യങ്ങളെപ്പറ്റി ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ക്കയക്കുന്ന ലേഖനത്തിന് അപ്പസ്തോലികലേഖനം എന്നു പറയും.

7. ഡിക്രികള്‍- പ്രമാണരേഖകള്‍

റോമന്‍ കാര്യാലയങ്ങളോ സംഘങ്ങളോ പുറപ്പെടുവിക്കുന്നതാണ് പ്രമാണരേഖകള്‍. മാര്‍പ്പാപ്പ ഇവയ്ക്ക് പൊതുവായോ, പ്രത്യേകമായോ അംഗീകാരം നല്‍കിയിരിക്കും. പൊതുസൂനഹദോസുകളുടെ പ്രമാണരേഖകളെയും ഡിക്രികള്‍ എന്നാണ് വിളിക്കുന്നത്. മാര്‍പ്പാപ്പയാണ് അവയെ അംഗീകരിച്ച് വിളംബരം ചെയ്യുന്നത്.

8. ചിറോഗ്രാഫി

മാര്‍പ്പാപ്പയുടെ കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍.

9. അപ്പസ്തോലിക സന്ദേശം 

പ്രത്യേക ആഘോഷങ്ങളോ, ദിനങ്ങളോ സംബന്ധിച്ച് മാര്‍പ്പാപ്പ നല്‍കുന്ന സന്ദേശമാണ്.

സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ, യേശുക്രിസ്തുവിന്‍റെ വെളിപ്പെടുത്തലുകള്‍ക്കനുസരിച്ച് ചരിത്രഗതിയിലുള്ള സംഭവങ്ങളെ വ്യാഖ്യാനിക്കുന്നതാണ്. സാമൂഹികക്രമത്തെ അസ്വസ്ഥമാകുന്ന അനേകം സംഘട്ടനങ്ങളെയും അവയുടെ കാരണങ്ങളെയും സഭാദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ്; അതോടൊപ്പം കാലിക സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി വിശ്വാസവും ആത്മീയവുമായ വിഷയങ്ങളെ വ്യാഖ്യാനിച്ച് നിലപാടുകള്‍ വ്യക്തമാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ്, വിശ്വാസസംബന്ധമായ ചാക്രികലേഖനങ്ങള്‍ ചെയ്യുന്നത്.

സഭയുടെ പ്രബോധനാധികാരത്തില്‍ അധിഷ്ഠിതമാണ് ചാക്രികലേഖനങ്ങള്‍: വിശ്വസിക്കേണ്ട സത്യവും പ്രയോഗത്തിലാക്കേണ്ട സ്നേഹവും, പ്രത്യാശിക്കേണ്ട സൗഭാഗ്യവും വിശ്വാസികളെ പഠിപ്പിക്കുവാന്‍, ക്രിസ്തുവിന്‍റെ അധികാരമുള്ള മാര്‍പ്പാപ്പ അദ്ദേഹവുമായി കൂട്ടായ്മയില്‍ കഴിയുന്ന മെത്രാന്‍മാരുമുള്ളതാണ് പ്രബോധനാധികാരം. ഇഇഇ 2034 സഭയുടെ പ്രബോധനാധികാരം മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുന്നുവെന്ന് പ്രഘോഷിക്കുകയും, അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന പ്രവാചക ധര്‍മ്മത്തിന്‍റെ സത്താപരമായ നിറവേറ്റലാണ്. അതിനാല്‍ നിയമാനുസൃതമായുള്ള അധികാരത്താല്‍ പ്രഖ്യാപിക്കുന്ന അനുശാസനകളും കല്‍പ്പനകളും പാലിക്കാന്‍ കടമയുണ്ട്. സ്നേഹത്തിലുള്ള വിധേയത്വമാണ് ഇത് നമ്മോട് ആവശ്യപ്പെടുന്നത്. (CCC 2035, 36)

സാര്‍വ്വത്രികസഭയുടെ ഇടയനും ക്രിസ്തുവിന്‍റെ പ്രതിപുരുഷനുമെന്ന നിലയില്‍ വഹിക്കുന്ന ഉദ്യോഗത്തിന്‍റെ ശക്തിയാല്‍ സഭയില്‍ സമ്പൂര്‍ണ്ണവും, പരമവും സാര്‍വ്വത്രികവുമായ അധികാരം മാര്‍പ്പാപ്പയ്ക്കുണ്ട്. ഈ അധികാരം പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.

സാര്‍വ്വത്രികസഭയുടെമേല്‍ അധികാരം നടത്താനുള്ള മെത്രാന്‍ സംഘത്തിന്‍റെ പരമാധികാരം ഔദ്യോഗികമായി കൈകാര്യം ചെയ്യുന്നത് സാര്‍വ്വത്രിക സൂനഹദോസിലൂടെയാണ്.

വിശ്വാസവും സന്‍മാര്‍ഗ്ഗവും സംബന്ധിച്ചുള്ള ഒരു സത്യം നിര്‍ണ്ണായകമായി പ്രഖ്യാപിക്കുമ്പോള്‍ മെത്രാന്‍ സംഘത്തിന്‍റെ തലവനെന്ന നിലയ്ക്ക് ഉദ്യോഗത്താല്‍തന്നെ റോമാ മാര്‍പ്പാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ട്. മാര്‍പ്പാപ്പയുടെ തീരുമാനങ്ങള്‍ സഭയുടെ അംഗീകാരം കൂടാതെ തന്നില്‍ത്തന്നെ അവികലമാണ്. എന്തുകൊണ്ടെന്നാല്‍ വി. പത്രോസില്‍ മാര്‍പ്പാപ്പയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ദിവ്യാരൂപിയുടെ സഹായത്താലാണ് ഇവ പ്രഖ്യാപിക്കുന്നത്.

റോമാ മാര്‍പ്പാപ്പയോ അദ്ദേഹത്തോട് ചേര്‍ന്ന മെത്രാന്‍ സംഘമോ ഒരു വിധി പ്രഖ്യാപിക്കുമ്പോള്‍ ദൈവാവിഷ്കരണത്തിന് അനുസ്യതമായിരിക്കും ആ പ്രഖ്യാപനം. ഇത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

മെത്രാന്‍മാരില്‍ ഓരോരുത്തര്‍ക്കും അപ്രമാദിത്വമില്ലെങ്കിലും അവര്‍ക്ക് ക്രിസ്തുവിന്‍റെ പ്രബോധനം പ്രമാദരഹിതമായി പ്രഖ്യാപിക്കാം. വിശ്വാസവും സന്‍മാര്‍ഗ്ഗവും സംബന്ധിച്ച കാര്യങ്ങളെപ്പറ്റി മെത്രാന്‍മാര്‍ ക്രിസ്തുവിന്‍റെ നാമത്തില്‍ പഠിപ്പിക്കുന്നവ മതപരമായ ബോധ്യത്തോടെ വിശ്വാസികള്‍ സ്വീകരിക്കുകയും മുറുകെപിടിക്കുകയും ചെയ്യണം. (തിരുസഭ 25)

ഇത് നിറവേറ്റപ്പെടണമെങ്കില്‍ ചാക്രികലേഖനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും സംവാദങ്ങളും സഭയില്‍ നിരന്തരം നടക്കേണ്ടതുണ്ട്. ഇതിനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിയുടേതുമാണ്. വരുംതലമുറയ്ക്ക്  വിശ്വാസവും പാരമ്പര്യവും കൂടുതല്‍ തെളിച്ചത്തോടെ കൈമാറ്റം ചെയ്യപ്പെടുന്നതിന് പഠനങ്ങള്‍ നമ്മെ സഹായിക്കും.

പ്രവര്‍ത്തനം

വിശ്വാസ ആത്മീയ പ്രബോധനങ്ങളില്‍ നിന്നും, സാമൂഹ്യ പ്രബോധനങ്ങളില്‍ നിന്നും ഓരോ ചാക്രികലേഖനം പഠനവിധേയമാക്കുക.

സൂചന: – എഴുതപ്പെട്ട കാലഘട്ടം, സാഹചര്യം, ദര്‍ശനങ്ങള്‍, കാലികപ്രസക്തി, നിലപാടുകള്‍

– വിശ്വാസതലത്തിലും സാമൂഹിക ക്രമത്തിലും പ്രസ്തുത ലേഖനം മുന്നോട്ടു വയ്ക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുക.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy