മലയാള സിനിമയിലെ പുരോഹിത വേഷങ്ങളും കൊറോണാനന്തര “വരയനും”

സുനിൽ Ce

പുരോഹിത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ചലച്ചിത്രകാരൻമാരുടെയും ക്യാമറ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. അത്തരം ചിത്രങ്ങളെ മൊത്തത്തിൽ പരിശോധിച്ചാൽ ചുഴലം ചെയ്യുന്ന ക്യാമറ ഒരുപാട് താളഭംഗങ്ങൾ സൃഷ്ടിക്കുന്നതു കാണാം. വെറുതെ ഒരു ക്യാമറയ്ക്ക് ഇരയാകാനുള്ള ചിലപ്പൻ പക്ഷികളായി പുരോഹിതരെ ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ വന്നു പോയിട്ടുണ്ട്. പ്രേക്ഷകരുടെ രഹസ്യ മർമരങ്ങളിൽ നിന്നും കുറച്ചധികം നെഗറ്റീവ് കൊണോട്ടേഷനുകൾ അത്തരത്തിൽ കേൾക്കാനായിട്ടുണ്ട്. ഹൃദയഹാരിയും ചടുലവുമായ നാദാന്തരീക്ഷത്തിലിരുന്ന് സിനിമയെ പുണരുന്ന ഒരു ആസ്വാദകമോബ് ഇന്നുമുള്ളതിനാൽ സിനിമയിലെ പുരോഹിത വേഷങ്ങളെ കുറിച്ച് കൊറോണാനന്തര റിലീസ് കാത്തിരിക്കുന്ന “വരയൻ ” എന്ന സിനിമയെ മുൻനിർത്തി ചില തർക്കവിചാരങ്ങൾ കുറിക്കാമെന്നു വിചാരിക്കുന്നു. കിരാതമായ മുഷ്ക്കു നിറഞ്ഞു നിൽക്കുന്ന ഒരു മേച്ചിൽ സ്ഥലത്ത് കൊണ്ടു കെട്ടപ്പെടുന്ന ചവിട്ടു കാളയെ പോലെയാണ് ചില സിനിമകൾ പുരോഹിത കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നത്. അയാളുടെ ഉള്ളിലെ വിഷമക്കാറ്റിൻ്റെ തേങ്ങലിനെയൊന്നും അധികമാരും പ്രതിപാദിക്കാറില്ല. പുരോഹിത പ്രമേയ സിനിമകളുടെ മുന്നോട്ടുള്ള ആയത്തിന് ഗതിവേഗം പകരുന്ന രീതിയിൽ കത്രികപ്പാടു വീണിട്ടുള്ള ചുരുക്കം ചില സിനിമകളേ മലയാളത്തിലുണ്ടായിട്ടുള്ളു. ബാക്കിയൊക്കെയും പുരോഹിതൻമാരെ നെഗറ്റീവ് കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുകയാണുണ്ടായത്. എക്സ്ട്രീം വൈഡ്‌ ആംഗിൾ ലെൻസിൻ്റെ ഉപയോഗത്തിലൂടെ പുരോഹിതനിലെ ചെറിയ കറുത്തപ്പാടുകളെ ഭീമമായി പെരുപ്പിച്ചു കാട്ടുന്ന അത്തരം ചില സിനിമകളിലൂടെ സഞ്ചരിച്ചാലേ കൊറോണാനന്തര റിലീസിനൊരുങ്ങുന്ന ‘വരയ ‘ൻ്റെ രാഷ്ട്രീയ വായന സാധ്യമാകൂ.

സിനിമയിലെ പുരോഹിതനും
വയലൻസിൻ്റെ ദൈവശാസ്ത്രവും

സിനിമയിലെ പുരോഹിത കഥാപാത്രങ്ങൾക്ക് എപ്പോഴും ന്യൂനതകളുടെ പെരുമ്പറ ഒച്ചയാണ്. മൃദുവും കാതരവുമല്ലാത്ത സംഭാഷണങ്ങൾ കൊണ്ടും അതിൻ്റെ അങ്ങേ അറ്റമായ വളഞ്ഞു പുളഞ്ഞ മറ്റൊരു തരം ടോൺ ഭാഷ കൊണ്ടും പുരോഹിതൻ്റെ ഭാഷ മുതൽ ആംഗ്യ ചലനങ്ങൾ വരെ നെഗറ്റീവായി ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. ചില പുരേഹിത വേഷങ്ങൾ വയലൻസിൻ്റെ ദൈവശാസ്ത്രമാണ് ആവിഷ്കരിക്കുന്നത്.

“ക്രൈം ഫയൽ ” എന്ന സിനിമ സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ചിട്ടുള്ള ഒരു കുറ്റാന്വേഷണ സിനിമയാണ്. അതിലെ ദീർഘമായ പാൻ ഷോട്ടുകൾ മുഴുവൻ പുരോഹിതൻ്റെ കുറ്റകൃത്യങ്ങളിലേക്കുള്ള ക്യാമറാനോട്ടങ്ങളാണ്. ഈ സിനിമയിൽ വിജയരാഘവൻ അവതരിപ്പിച്ച പുരോഹിതൻ്റെ വേഷം വയലൻസിൻ്റെ ദൈവശാസ്ത്രത്തിലേക്കാണ് ഒരു കേവല പ്രേക്ഷകനെ നയിക്കുന്നത്. “റോമൻസ് ” എന്ന സിനിമയിലേക്കു വരുമ്പോൾ ബിജു മേനോനും കുഞ്ചാക്കോ ബോബനും അവതരിപ്പിച്ച പുരോഹിത വേഷങ്ങൾ അക്ഷരാർത്ഥത്തിൽ ഇല്ലോജിക്കലാണ്. ഒരു ഇടവകയിലെ പോസ്റ്റിങ് പ്രക്രിയ എന്നു പറയുന്നത് വളരെ കൃത്യതയോടെ നിർവഹി
ക്കപ്പെടുന്ന ഒരു അധികാരപ്രവൃത്തിയാണ്. അല്ലാതെ മിമിക്രിയിലേതുപോലെ ഒരു വേഷംകെട്ടലല്ല. റോമൻസ് പൗരോഹിത്യം തസ്തികയുടെ മിമിക്രി ആക്ടാണ്. “ജോസഫ് ” എന്ന സിനിമയിലെ പുരോഹിതവേഷം കൈകാര്യം ചെയ്ത ജാഫർ ഇടുക്കി ഒരു ഘട്ടത്തിൽ മാര്യേജ് ബ്രോക്കറായി മാറുന്നുണ്ട്. ഈയടുത്ത കാലങ്ങളിൽ പുരോഹിത കഥാപാത്രത്തെ അതിൻ്റെ ഗൗരവം ചോരാത്ത രീതിയിൽ ആവിഷ്കരിച്ചത് “താക്കോൽ” എന്ന സിനിമ മാത്രമാണ്. ഈ സിനിമയുടെ ഒരു ടാഗ് ലൈൻ ഇങ്ങനെയായിരുന്നു – “രഹസ്യങ്ങളുടെ താഴുതുറക്കാൻ ഇന്ദ്രജിത്തിൻ്റെ താക്കോൽ.” പ്രമേയത്തോടൊപ്പം കഥാപാത്രങ്ങളെയും മുന്നിട്ടു നിർത്തുന്ന ഈ സിനിമ ഒരു എൻ്റർടെയിനറല്ല. ഒരു താക്കോലിൻ്റെ രഹസ്യം തേടിയുള്ള യാത്രയെ പള്ളിയുടെയും വിശ്വാസത്തിൻ്റെയും പശ്ചാത്തലത്തിൽ ക്രിസ്ത്യൻ പുരോഹിതൻ്റെ അനാട്ടമിക്കൽ പ്രോസസ്സിനെയാണ് മാങ്കുത്ത് പൈലി (മുരളി ഗോപി) അംബ്രോസ് (ഇന്ദ്രജിത്ത്) എന്നീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയും പള്ളീലച്ചനും കൊച്ചച്ചനും ഒക്കെ കേന്ദ്ര കഥാപാത്രങ്ങളാവുന്ന താക്കോൽ പുരോഹിതൻ്റെ തനിച്ചായിപ്പോകലുകളെ കൃത്യമായി പോയിൻ്റു ചെയ്യുന്നുണ്ട്.

“വരയനും” കപ്പൂച്ചിൻ പുരോഹിതനും
തമ്മിലെന്ത്?

ക്യാമറ കാതുകത്തോടെ ഒരു കപ്പൂച്ചിൻ പുരോഹിതനോടൊപ്പം ചെല്ലുകയാണ്. പൗരോഹിത്യത്തിൻ്റെ മുഴക്കമുള്ള ഒരു അന്തരീക്ഷം വെറുതെ സൃഷ്ടിക്കാനല്ല ഒരു കപ്പൂച്ചിൻ പുരോഹിതനെ സിനിമയിൽ കേന്ദ്രകഥാപാത്രമാക്കുന്നത്. ഈ സിനിമയിലെ പുരോഹിതൻ്റെ ആജ്ഞാസ്വരത്തിന് ഒരുപാട് മാന്ത്രികതകളുണ്ട്. അയാളുടെ വിരലുകളിൽനിന്ന് പ്രത്യാശയുടെ അനേകായിരം വർണ്ണങ്ങൾ ഒഴുകി പരക്കും. പൗരോഹിത്യ ജീവിതത്തിൻ്റെ പരുക്കൻ വശങ്ങളുമായി പരിചയപ്പെട്ടതിനു ശേഷമുള്ള ഒരു പുരോഹിതൻ്റെ മൃദുലമാകലിൻ്റെയും പഴക്കച്ചുവയുള്ള ദിവ്യത്വത്തിൻ്റെയും ആഖ്യാനമാണ് “വരയൻ “.സിനിമയുടെ പേരു തന്നെ ഫ്ളെക്സിബിളിസ കാലത്തിൻ്റെ അർത്ഥമാനങ്ങൾ പുണർന്നു നിൽക്കുന്നതാണ്. തലവര നേരേയുള്ളവനെന്നും വയലൻസിൻ്റെ കാലത്ത് ഒരാളുടെ ആക്രമണത്തിന് പ്രതികാരമായി ഒരു പോറൽ അഥവാ വരയൽ നൽകുന്നതിനെയും ഒക്കെ ഈ ഒറ്റപദം പ്രതിനിധാനപ്പെടുത്തുന്നു.

ചിത്രത്തിലെ പ്രധാനരംഗങ്ങളെടുത്തു പരിശോധിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ പൗരോഹിത്യാഖ്യാനങ്ങൾ പലതും വിപണിയുടെ ഇഷ്ടങ്ങളായിരുന്നുവെന്നും അതിലൊന്നും ഒരു നോർമൽ പുരോഹിത ട്രീറ്റുമെൻ്റായിരുന്നില്ല നടന്നതെന്നുമുള്ള ബോദ്ധ്യപ്പെടുത്തലുകൾ കാണാം. എളുപ്പത്തിൽ ഗ്രഹിക്കാനാവാത്ത ഒന്നിനെ അനായാസം സംഗ്രഹിക്കാൻ ശ്രമിച്ചതിൻ്റെ വീഴ്ചകളായിരുന്നു റോമൻസ് പോലുള്ള സിനിമകൾ.

ഒരു പുരോഹിതൻ ദൈവത്തിൻ്റെ പാറ്റു മുറത്തിലെ ടെക്നീഷ്യനാണ്. “വെള്ളിമൂങ്ങ ” എന്ന ചിത്രത്തിൽ സുനിൽ സുഗദ അവതരിപ്പിച്ച പുരോഹിത കഥാപാത്രത്തെ ഓർത്തുനോക്കൂ. ഇലക്ഷൻ്റെ തലേനാൾ സ്ഥാനാർത്ഥിയും കൂട്ടരും പുരോഹിതനെ കാണുകയാണ്. പളളിയിലെ അറിയിപ്പു പീഠം ഒരു വോട്ട് അഭ്യർത്ഥനാ ഇടമല്ലെന്ന് സ്ഥാപിക്കുന്നതോടൊപ്പം ആ പ്രധാനപ്പെട്ട വാർത്തയെ കൈമാറുന്നുമുണ്ട്. ഇവിടെ ദൈവത്തിൻ്റെ കയ്യിലെ വാളായി പുരോഹിതൻ്റെ നാവ് രൂപമെടുക്കുന്നു. ഇത്തരം ചില ഓർമ്മപ്പെടുത്തലുകളിലൂടെ സഞ്ചരിച്ചാലേവരയൻ എന്ന സിനിമയിൽ സിജു വിൽസൺഅവതരിപ്പിക്കുന്ന കപ്പൂച്ചിൻ പുരോഹിതൻ്റെ സമകാലിക പ്രസക്തി നമുക്കു ബോദ്ധ്യമാകൂ.
ഇതിനകം വികലമാക്കപ്പെട്ട പൗരോഹിത്യ ചിത്രീകരണങ്ങൾക്കുള്ള മറുപടി നിർമ്മിതിയാണ് വരയൻ. ഈ സിനിമ ഒരു ദേശാഖ്യാനം കൂടിയാണ്. പടപ്പക്കര എന്നൊരു ദേശം കൊല്ലം ജില്ലയിലുണ്ട്. അതു കലിപ്പിൻ്റെ നാടാണ്. സിനിമയിൽ ഈ ദേശത്തെ ‘കലിപ്പക്കര’ എന്നൊരു അപരനാമത്താൽ പുനഃസൃഷ്ടിക്കുകയാണ്. അവിടെ ഒരു കപ്പൂച്ചിൻ പുരോഹിതൻ്റെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന ഭാവമാറ്റങ്ങളാണ് വരയൻ പങ്കു വയ്ക്കുന്നത്. പൗരോഹിത്യാഖ്യാനത്തിൽ കൂടുതൽ പക്വത പ്രകടിപ്പിക്കുന്ന ഈ സിനിമയുടെ നിർമ്മാണ രഹസ്യത്തെ അനുബന്ധത്തിൽ കുറിക്കാമെന്നു വിചാരിക്കുന്നു.

അനുബന്ധം

പൗരോഹിത്യാഖ്യാനത്തിൻ്റെ തട്ടകത്തിൽ ഒരു സങ്കീർത്തകൻ്റെ കുറവുണ്ടായിരുന്നു. അത് വരയൻ എന്ന സിനിമയോടു കൂടി പരിഹരിക്കപ്പെടുകയാണ്. സിജു വിൽസനും ലിയോണയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഈ സിനിമയുടെ എഴുത്തുകാരൻ ഒരു കപ്പൂച്ചിൻ പുരോഹിതനാണ്. “ദൈവം പെയ്തിറങ്ങുന്നു” എന്ന നോവൽ എഴുതിയ
ഡാനി കപ്പൂച്ചിൻ്റേതാണ് ഈ സിനിമയുടെ കൺസപ്റ്റും തിരക്കഥയും. ഹരിശങ്കറിൻ്റെ പാട്ടുകൾ ഈ സിനിമയുടെ പശ്ചാത്തല സജ്ജീകരണങ്ങൾക്കുള്ള വിവരണമാണ്. പൗരോഹിത്യ ജീവിതത്തെ എളുപ്പത്തിൽ സംഗ്രഹിക്കാനാവില്ലെന്നറിയാമെങ്കിലും ഒരു പാട് സൂക്ഷ്മതയോടെ ദൃശ്യങ്ങളെ തുന്നിയെടുത്തിട്ടുള്ള വരയൻ കീറിയതും വികലവുമായ പൗരോഹിത്യാഖ്യാനങ്ങൾക്കുള്ള പ്രഹര മറുപടിയാകുക തന്നെ ചെയ്യും.

From Facebook

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy