ജാഗ്രത! വിശ്വാസികള്‍ക്കിടയിലെ അവിശ്വസ്ത ഗ്രന്ഥങ്ങള്‍

ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ പി.ഓ.സി, പാലാരിവട്ടം

ഇന്നത്തെക്കാലത്ത് വിശ്വാസികള്‍ ഗുരുമുഖത്തുനിന്ന് നേരിട്ടു കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ധാരാളം അറിവുകള്‍ നേടുന്നതിന് സാമൂഹിക മാധ്യമങ്ങളും പുസ്തകങ്ങളും ഉപയോഗിക്കുന്നുണ്ട്. ശരിയായ നല്ല അറിവുകള്‍ നല്കുന്ന ധാരാളം ഉറവിടങ്ങള്‍ ഈ വിധത്തില്‍ ഉള്ളപ്പോള്‍ത്തന്നെ, സാമൂഹികമാധ്യമത്തിലൂടെയും അല്ലാതെയും അബദ്ധ പഠനങ്ങളും അന്ധവിശ്വാസങ്ങളും വിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കുന്നതിനിടയാകുന്നുണ്ട്.

ജറുസലേമിലെ തോഫെത്തിനെ ഇറ്റലിയിലെ തോഫെത്താക്കിയ മാധ്യമ മായാജാലം, ഒരു വെള്ള സിംഹാസനം ആകാശമണ്ഡലത്തില്‍ കണ്ടെത്തിയതിലൂടെ സ്വര്‍ഗ്ഗം ഉണ്ടെന്ന് നാസാ തെളിയിച്ചിരിക്കുന്നു എന്നു സ്ഥാപിക്കുന്ന വീഡിയോക്ലിപ്പ്, ജറുസലേമില്‍ ഈശോയുടെ കല്ലറ തുറന്നപ്പോള്‍ മാലാഖമാരുടെ ഗീതം ശ്രവിക്കാനിടയായി, ജറുസലേമില്‍ ഈശോയെ കിടത്തിയ കല്ഫലകം രക്തം വിയര്‍ക്കുന്നു, നോഹയുടെ പെട്ടകത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയിരിക്കുന്നു, ചെങ്കടലിന്‍റെ അടിയില്‍നിന്ന് കുതിരകളുടെ കുളമ്പടി കിട്ടിയിരിക്കുന്നു, യുഗാന്ത്യത്തിന്‍റെ ആരംഭമെന്നോണം ഒലിവുമലയുടെ ഉള്‍ഭാഗം പിളര്‍ന്നുതുടങ്ങിയിരിക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍, പല വിധത്തിലുള്ള യുഗാന്ത്യപ്രവചനങ്ങള്‍ എന്നിവയെല്ലാം ഈ അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഇത്തരം സന്ദേശങ്ങളില്‍ ചിലതാണ്. ഇവയെല്ലാം അസത്യങ്ങളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെയുള്ളവ പലപ്പോഴും വിശ്വാസികളുടെയിടയില്‍ ആശയക്കുഴപ്പങ്ങളും അബദ്ധവിശ്വാസങ്ങളും ഉണ്ടാകുവാന്‍ ഇടയാക്കുന്നുണ്ട്. ഇവയൊന്നുംതന്നെ കത്തോലിക്കാവിശ്വാസമനുസരിച്ചുള്ള പഠിപ്പിക്കലുമല്ല. അതിനാല്‍ നാം ഇവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്നു പറഞ്ഞാണ് പലപ്പോഴും ഇങ്ങനെയുള്ളവ പ്രസദ്ധീകരിക്കുന്നത്. വിശുദ്ധഗ്രന്ഥം നല്കുന്ന സത്യസന്ദേശം പഠിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഇപ്രകാരമുള്ള സാങ്കല്പിക ദൃഷ്ടാന്തങ്ങള്‍ ഗുണത്തെക്കാളേറേ ദോഷങ്ങള്‍ ചെയ്യും. അവ പലപ്പോഴും നിര്‍മിതിക്കു പകരം ശിഥലീകരണത്തിലേക്ക് നയിക്കും.

പുസ്തകലോകത്തിലേക്ക്

സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് പെട്ടെന്ന് കടന്നു പോകുമെങ്കിലും അച്ചടി മാധ്യമങ്ങളില്‍ വരുന്നത് പലപ്പോഴും കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം വിശ്വാസ സംബന്ധമായ പുസ്തകങ്ങള്‍ പ്രസദ്ധീകരിക്കുമ്പോള്‍ ‘ഇംപ്രിമാത്തൂര്‍’ വേണമെന്ന് നിഷ്കര്‍ഷിച്ചിരുന്നത്. ഈ അടുത്തകാലത്ത് ഇറങ്ങിയ ഏതാനും പുസ്തകങ്ങളെക്കുറിച്ച് വളരെ ജാഗ്രതവേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. അപ്രകാരമുള്ള ഏതാനും പുസ്തകങ്ങളാണ് ‘സത്യഗ്രന്ഥം’, ‘യുഗാന്ത്യവും രണ്ടാംവരവും’, ‘യുഗാന്ത്യത്തിന്‍റെ മണിമുഴക്കം’, ‘അടയാളം ക്രൂശിതന്‍റെ ദര്‍ശനം’, ‘ദൈവകരുണയുടെ സന്ദേശം’, ‘അന്ത്യകാല സന്ദേശങ്ങള്‍’, ‘അന്തിക്രിസ്തുവിന്‍റെ ആഗമനം’, ‘AA1025 ഒരു ആന്‍റി- അപ്പസ്തോലന്‍റെ ഓര്‍മക്കുറിപ്പുകള്‍’ തുടങ്ങിയവ. ഈ പുസ്തകങ്ങളൊന്നുംതന്നെ മലയാളഗ്രന്ഥകര്‍ത്താക്കന്മാരുടേതല്ല മറ്റുഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നതാണ്. ചിലത് നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടവയാണ്; ചിലത് വ്യക്തിഗത വെളിപാടുകള്‍ ആഗോളവത്കരിക്കപ്പെടുന്നതിന്‍റെ ഫലമാണ്; ചിലത് രൂപീകൃത ദൃഷ്ടാന്തങ്ങളോ ദൈവവചനത്തിന്‍റെ തെറ്റായ പഠിപ്പിക്കലുകളോ ആണ്. ഇക്കാലത്ത് മലയാള പ്രസിദ്ധീകരണരംഗത്തും ആധ്യാത്മികരംഗത്തുമുള്ള ഒരു പ്രവണതയാണ്  കഴിഞ്ഞ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്ന ചില ഗ്രന്ഥങ്ങള്‍ അപക്വമായ ഭക്തി വര്‍ദ്ധിക്കുമാറ് വിവര്‍ത്തനം ചെയ്യുക, ഇന്‍റെര്‍നെറ്റില്‍നിന്ന് ആധികാരിതയില്ലാത്ത ബൈബിള്‍ പഠനം തയ്യാറാക്കുക, വ്യക്തിഗത വെളിപാടുകള്‍ക്ക് അമിതപ്രാധാന്യം നല്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. മേല്‍പറഞ്ഞ ഗ്രന്ഥങ്ങളില്‍ ഗുരുതരമായ ചില വഴിതെറ്റലുകള്‍ ഉണ്ട്.

സത്യഗ്രന്ഥം

സത്യഗ്രന്ഥം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകംThe book of Truth, Selected messages containing the prophecies revealing the global events in the lead up to the second coming of Jesus Christ. അയര്‍ലണ്ടിലെ ഒരു വീട്ടമ്മയ്ക്ക് കിട്ടിയ ദര്‍ശനങ്ങളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം എന്നാണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവിന്‍റെ യഥാര്‍ഥനാമം വെളിപ്പെടുത്തുന്നില്ല.

മരിയ ഡിവൈന്‍ മേഴ്സി എന്നാണ് ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചു പറയുന്നത്. “2010 മുതല്‍ അയര്‍ലണ്ടിലെ ഒരു വീട്ടമ്മയ്ക്ക് പരിശുദ്ധ ത്രിത്വവും കന്യാമറിയവും പിന്നീടുള്ള അഞ്ചുവര്‍ഷങ്ങളിലായി 1330 സന്ദേശങ്ങള്‍ നല്കുകയുണ്ടായി. ചില പ്രത്യേകകാരണങ്ങളാല്‍ അവര്‍ അജ്ഞാതയായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ‘മരിയ ഡിവൈന്‍ മേഴ്സി’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്” (സത്യഗ്രന്ഥം, പേജ് 4). ഈ പുസ്തകത്തിലെ ഏതാനും ഭാഗങ്ങളാണ് മലയാളത്തിലേക്കു വിവര്‍ത്തനം നടത്തി ഫ്രീ കോപ്പികളായി ചിലര്‍ വിതരണം ചെയ്യുന്നത്. കത്തോലിക്കാവിശ്വാസികളുടെയിടയില്‍ നുഴഞ്ഞുകയറുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ വിതരണം നടക്കുന്നത്.  പ്രസാധകര്‍ Divine Mercy Prayer Fellowship  ആണ്. വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജോയേല്‍ എന്ന ആളാണ്. പുസ്തകത്തിന്‍റെ അവതാരിക ആര് എഴുതി എന്ന് പറയുന്നില്ല. ആകെ ഒരു രഹസ്യാത്മകത പുസ്തകം സൂക്ഷിക്കുന്നുണ്ട്. “ഇതിനു പിറകില്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ഥനകൊണ്ടും നിര്‍ദേശങ്ങള്‍കൊണ്ടും സഹായിക്കുകയും ചെയ്ത ബഹുമാനപ്പെട്ട ധ്യാനഗുരുക്കന്മാര്‍, വൈദികര്‍, സന്യാസിനികള്‍, അല്മായ സുഹൃത്തുക്കള്‍ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു” (സത്യഗ്രന്ഥം, പേജ് 5) എന്നും പുസ്തകത്തിന്‍റെ അവതാരികയില്‍ എഴുതിയിട്ടുണ്ട്.

ഈ പുസ്തകത്തിനകത്തു നിന്നുള്ള ഏതാനും ഉദ്ധരണികള്‍: “ദൈവത്താല്‍ അയയ്ക്കപ്പെട്ടവരല്ലാത്ത മേസന്‍ സംഘങ്ങളാല്‍ ചുറ്റപ്പെട്ട് പരിശുദ്ധ സിംഹാസനത്തില്‍ അവരുടെ തടവുകാരായിരുന്നു അനേകം പോപ്പുമാര്‍. അവര്‍ ദൈവത്തെ വെറുക്കുകയും അവിടത്തെ കരുണയെക്കുറിച്ച് അമ്പത് വര്‍ഷക്കാലം അസത്യങ്ങള്‍ പരത്തുകയും ചെയ്തു” (സത്യഗ്രന്ഥം, പേജ് 99). “എന്‍റെ പ്രിയപ്പെട്ട ബെനഡിക്റ്റ് പതിനാറാമന്‍ ആണ് ഭൂമിയിലെ അവസാനത്തെ യഥാര്‍ഥ പോപ്പ്” (സത്യഗ്രന്ഥം, പേജ് 89). “അടുത്ത പോപ്പ് കത്തോലിക്കാ സഭയില്‍ നിന്നുതന്നെ തെരഞ്ഞടുക്കപ്പെടുന്ന ആളായിരിക്കും. അയാള്‍തന്നെയായിരിക്കും വ്യാജപ്രവാചകന്‍” (സത്യഗ്രന്ഥം, പേജ് 88). വെളിപാട് പുസ്തകത്തിലെ പത്തു കൊമ്പുള്ള മൃഗം യൂറോപ്പാണെന്നും ചുവന്ന സര്‍പ്പം ചൈനയാണെന്നും കരടി റഷ്യയാണെന്നുമൊക്കെയാണ് ഈ പുസ്തകത്തിന്‍റെ കണ്ടെത്തലുകള്‍ (സത്യഗ്രന്ഥം, പേജ് 103). കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ രഹസ്യമായും പരസ്യമായും പ്രചരിക്കുന്ന ഈ പുസ്തകം കത്തോലിക്കാസഭയുടെ തലവനെ വ്യാജപ്രവാചകനെന്നു വിളിക്കുകയും അന്ത്ര്യപ്രവാചകനായി അവതരിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ ബൈബിളിലെ ദാനിയേലിന്‍റെ പുസ്തകത്തെയും വെളിപാടു പുസ്തകത്തെയുംകുറിച്ച് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കുകയുംചെയ്യുന്ന ഈ പുസ്തകത്തെക്കുറിച്ച്  കത്തോലിക്കാസഭയില്‍ തീര്‍ച്ചയായും ജാഗ്രത വേണം.

ഇതരഗ്രന്ഥങ്ങളില്‍നിന്ന്

ഈ പുസ്തകത്തിലെ ശൈലി തന്നെ പിന്തുടരുന്നതാണ് ‘യുഗാന്ത്യവും രണ്ടാംവരവും’, ‘യുഗാന്ത്യത്തിന്‍റെ മണിമുഴക്കം’, ‘അടയാളം ക്രൂശിതന്‍റെ ദര്‍ശനം’, ‘ദൈവകരുണയുടെ സന്ദേശം’, ‘അന്ത്യകാല സന്ദേശങ്ങള്‍’ എന്നീ പുസ്തകങ്ങളും. ഡോ. ജോര്‍ജ്ജ് ഇരുമ്പയം ആണ് ഈ പുസ്തകങ്ങളുടെയെല്ലാം ഗ്രന്ഥകര്‍ത്താവ്. പ്രസാധകര്‍ ഡിവൈന്‍ മേഴ്സി പബ്ലിക്കേഷന്‍സ് ആണ്. എല്ലാ പുസ്തകങ്ങളിലും തന്നെ ഒരേ ആശയവും അവതരണവുമാണ്. കുരിശുയുദ്ധപ്രാര്‍ഥനകള്‍ എന്ന പ്രാര്‍ഥനാ ശൃംഖലയാണ് ഒരുഭാഗം. യുഗാന്ത്യത്തിനുവേണ്ടിയുള്ള ഒരുക്കപ്രാര്‍ഥനകളാണ് അവ. പ്രധാന വിഷയം വെളിപാട് പുസ്തകവും ദാനിയേലിന്‍റെ പുസ്തകവുമാണ്. ‘യുഗാന്ത്യവും രണ്ടാംവരവും’ എന്ന പുസ്തകത്തില്‍ വിവിധ വ്യക്തികള്‍ക്കു ലഭിച്ചിട്ടുള്ള വ്യക്തിഗത ദര്‍ശനങ്ങളാണ് പ്രതിപാദ്യം. ആദ്യ കാലത്തുള്ള ദര്‍ശനങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അവസാനത്ത പോപ്പ്; അതിനുശേഷം, അന്ത്യം വരും എന്നാണ് പ്രവചനം. “ഈ പാപ്പ (ജോണ്‍പോള്‍ 2 ) … അദ്ദേഹത്തെ ഏല്പിച്ച ജോലി തീര്‍ന്നു കഴിയുമ്പോള്‍, ആ ബലി സ്വീകരിക്കുവാന്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്നു വരുമ്പോള്‍, നിങ്ങള്‍ വിശ്വാസത്യാഗത്തിന്‍റെ അന്ധകാരത്തിലാവുകയും അതു പൊതുവെ ദൃശ്യമാവുകയും ചെയ്യും. വിശ്വാസരാഹിത്യത്തിന്‍റെയും ഭക്തിരാഹിത്യത്തിന്‍റെയും സ്വാര്‍ഥതയുടെയും അഹന്തതയുടെയും ഹൃദയകാഠിന്യത്തിന്‍റെയും അന്ധകാരം”… ഈ മഹാരാത്രിയില്‍ യേശുവിന്‍റെ മഹിമയാര്‍ന്ന ദ്വിതീയ ജനനം നടക്കാന്‍ പോകുന്നു (24-12-92)” (യുഗാന്ത്യവും രണ്ടാംവരവും, പേജ് 32). അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് കൊല്ലപ്പെട്ടു കിടക്കുന്ന ദര്‍ശനം. ഒരു ലോകനേതാവിന്‍റെ വധത്തോടെ വിനാശം വിതയ്ക്കുന്ന യുദ്ധവും കലാപവും തുടങ്ങുമെന്ന പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം (യുഗാന്ത്യവും രണ്ടാംവരവും, പേജ് 32). “ഈ സന്ദേശത്തിലെ പ്രവചനങ്ങള്‍ നിറവേറിക്കഴിഞ്ഞു. ബനഡിക്ട് XVI-ാമന്‍ 28.02.’13-ല്‍ പുറത്തായി…. യേശുവിന്‍റെ സഭയെ വി. പത്രോസ് സ്വര്‍ഗത്തില്‍നിന്നു നയിക്കുന്നു….. (വി. മലാക്കിയുടെ ദര്‍ശനപ്രകാരം  ബനഡിക്ട് XVI-ാമന്‍ ആണ് അവസാനത്തെ മാര്‍പാപ്പ. അദ്ദേഹത്തിനു ശേഷം പീറ്റര്‍ ദി റോമന്‍. അതു പത്രോസ്ശ്ലീഹായാണ്) (യുഗാന്ത്യവും രണ്ടാംവരവും, പേജ് 32).

‘അന്ത്യക്രിസ്തുവിന്‍റെ ആഗമനം’, ‘ഒരു ആന്‍റി അപ്പസ്തോലന്‍റെ ഓര്‍മക്കുറിപ്പുകള്‍’ എന്നിവയും വിദേശഭാഷയില്‍നിന്നുള്ള വിവര്‍ത്തനങ്ങളാണ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാ. ഹ്യൂഷേ ഫ്രഞ്ച് ഭാഷയില്‍ എഴുതിയ ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണ് ‘അന്തിക്രിസ്തുവിന്‍റെ ആഗമനം’. ദാനിയേലിന്‍റെ പുസ്തകവും വെളിപാടിന്‍റെ പുസ്തകവും വരാനിരിക്കുന്ന അന്തിക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് എന്നാണ് ഈ പുസ്തകം തെറ്റായി പഠിപ്പിക്കുന്നത്. ഒരു നോവല്‍ കണക്കെ എഴുതപ്പെട്ടിരിക്കുന്ന ‘ഒരു ആന്‍റി അപ്പസ്തോലന്‍റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകവും ആത്മീയ ലോകത്ത് എന്ത് സംഭാവന നല്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവയുടെ പ്രസാധകര്‍ സോഫിയാ ബുക്ക്സ് ആണ്. ഇപ്രകാരമുള്ള പഠിപ്പിക്കലുകളും പ്രവചനങ്ങളും വചനവ്യാഖ്യാനങ്ങളുമുള്ള ഈ ഗ്രന്ഥങ്ങള്‍ വിശ്വാസികളുടെയിടയില്‍ അവിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും കളകള്‍ വിതയ്ക്കുന്ന അവിശ്വസ്തഗ്രന്ഥങ്ങള്‍ തന്നെയാണ്. ജാഗ്രതൈ!

അന്തിക്രിസ്തു

ഇവരുടെ പഠിപ്പിക്കലുകളുടെ പ്രധാന ശ്രദ്ധ ദാനിയേലിന്‍റെ പുസ്തകവും വെളിപാടു പുസ്തകവുമാണ് എന്ന് പറഞ്ഞല്ലോ. അവരുടെ വ്യാഖ്യാനമനുസരിച്ച് വരാനിരിക്കുന്ന അന്തിക്രിസ്തുവാണ് പ്രധാനകഥാപാത്രം. യഥാര്‍ഥത്തില്‍ ആരാണ് അന്തിക്രിസ്തു? എന്താണ് അവന്‍റെ പ്രവര്‍ത്തനം? കൃത്യമായി പറഞ്ഞാല്‍, വിശുദ്ധ ബൈബിളില്‍ അന്തിക്രിസ്തു എന്ന് വാക്ക് കാണുന്നില്ല. മറിച്ച്, എതിര്‍ ക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നത്. ദാനിയേലിന്‍റെ പുസ്തകത്തിലോ വെളിപാടു പുസ്തകത്തിലോ എതിര്‍ക്രിസ്തു എന്ന വാക്ക് വരുന്നുമില്ല. വി. യോഹന്നാന്‍റെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത് (1യോഹ 2,18.22.4,3; 2യോഹ 7). അവിടെ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് എതിര്‍ ക്രിസ്തു (anti,cristoj, Anti Christ) എന്ന വാക്കാണ്. ഇവിടെയൊക്കെ ഒരുവ്യക്തിയെക്കുറിച്ചല്ല, മറിച്ച് പലരെക്കുറിച്ചാണ് എതിര്‍ക്രിസ്തു എന്നു പറയുന്നത് (2,18.19). 1യോഹ 2,18-ല്‍  പി.ഒ.സി. ബെബിളില്‍ അന്തിക്രിസ്തു എന്നും വ്യാജ ക്രിസ്തുമാര്‍ എന്നും എഴുതിയിരിക്കുന്നതും anti,cristoj, Anti Christ എതിര്‍ ക്രിസ്തു എന്നതിന്‍റെ വിവര്‍ത്തനമായിട്ടാണ്. ആരാണ് എതിര്‍ക്രിസ്തു എന്നും വചനം പറയുന്നുണ്ട്: “അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്ന് പുറത്തുപോയവരാണ്; യേശു, ക്രിസതു അല്ല എന്ന് പറയുന്നവരാണ്; പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവരാണ്” എന്നിങ്ങനെയാണ് എതിര്‍ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് (2യോഹ 7). യോഹന്നാന്‍റെ ലേഖനത്തില്‍ എതിര്‍ക്രിസ്തു എന്നു പറഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന ഒരാളെക്കുറിച്ചല്ല. മറിച്ച് ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിച്ച് അന്ന് അവരുടെയിടയില്‍നിന്നും അകന്നുപോയവരെക്കുറിച്ചാണ്. പൊതുവില്‍ പറഞ്ഞാല്‍, ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുന്നവരാണ്. അന്തിക്രിസ്തു എന്നൊരാള്‍ വരാനുണ്ട് എന്ന് വിശുദ്ധ ബൈബിള്‍ ഒരിടത്തും പറയുന്നില്ല.

666 എന്ന സംഖ്യ

വെളിപാട് പുസ്തകത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് 666 എന്ന സംഖ്യ. വെളിപാടു പുസ്തകം 3,18 – ലാണ് 666 എന്ന സംഖ്യ ഉള്ളത്. ആ സംഖ്യയെക്കുറിച്ച് ‘അത് മൃഗത്തിന്‍റെ സംഖ്യയാണ്; അത് ഒരു മനുഷ്യന്‍റെ സംഖ്യയാണ്; ജ്ഞാനമുള്ളവന്‍ കണക്കുകൂട്ടിയെടുക്കട്ടെ, എന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. രണ്ടു മൃഗങ്ങളെക്കുറിച്ച് 13-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അതില്‍  കടല്‍ കടന്നുവന്ന ആദ്യത്തെ മൃഗം എന്നു പറയുന്നത് (13,1) കടല്‍ കടന്നുവന്ന് അധികാരം പിടിച്ചെടുത്ത റോമന്‍ ചക്രവര്‍ത്തിയാണ്. ഭൂമിയില്‍നിന്നു വന്ന രണ്ടാമത്തെ മൃഗം (13,11) ആദ്യത്തെ മൃഗത്തിന്‍റെ അധികാരത്തില്‍ പങ്കു പറ്റുന്നതാണ്. രണ്ടാമത്തെ മൃഗം പ്രവിശ്യയുടെ തലവനാണ്. ഒന്നാമത്തെ മൃഗം ആദ്യമൃഗത്തെ ആരാധിക്കാന്‍ ജനത്തെ നിര്‍ബന്ധിച്ചു (13,12). റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ മൃഗത്തിന്‍റെ സംഖ്യയായാണ് 666 പറയുന്നത്. 666 എന്ന സംഖ്യ റോമന്‍ ഭരണാധികാരിയെയാണ് സൂചിപ്പിക്കുന്നത്. വരാനിരുന്ന ഒരാളെക്കുറിച്ചല്ല, വന്നുപോയ ഒരാളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. എ ഡി 54-68 വരെയും റോമാ സാമ്രാജ്യം ഭരിച്ചിരുന്ന നീറോസീസര്‍ ശക്തമായ മതമര്‍ദനം  ആരംഭിച്ചയാളായിരുന്നു. ഗ്രീക്കു ഭാഷയിലും ഹീബ്രു ഭാഷയിലും അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്കെല്ലാം നിശ്ചിതമൂല്യമുണ്ട്. ഒരു പേരിലെ അക്ഷരങ്ങളുടെ ആകെത്തുകയെ ആ വ്യക്തിയെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നു. അത് അറിയപ്പെട്ടിരുന്നത് ജെമെട്രിയ എന്നാണ്. ആ വിധത്തല്‍ പരിശോധിക്കുമ്പോള്‍ ഹീബ്രു ഭാഷയില്‍  നീറോ സീസര്‍ എന്ന് എഴുതുന്നതിന്‍റെ മൂല്യം 666. ആണ്. നെറോന്‍ QSR (NRWN QSR) എന്നാണ് ഹീബ്രുവില്‍ എഴുതുന്നത്.

എന്നാല്‍ 666 നെ മറ്റുവിധത്തിലും വ്യാഖ്യാനിക്കുന്നുണ്ട്. അത് ഹീബ്രു അക്ഷരങ്ങളുടെ പ്രതീകാത്മകമായ അര്‍ഥത്തിലാണ്. ഹീബ്രു ഭാഷയില്‍ ഏഴും ഏഴിന്‍റെ ഗുണനങ്ങളും അതിന്‍റെ ആവര്‍ത്തനങ്ങളും പൂര്‍ണതയുടെ അടയാളമാണ്. അതുപോലെ 6 അപൂര്‍ണതയുടെ പ്രതീകവുമാണ്. 6 മൂന്നു പ്രവശ്യം ആവര്‍ത്തിക്കുന്നതിലൂടെ തിന്മയുടെ മൂര്‍ത്തീഭാവത്തെയാണ് സൂചിപ്പിക്കുന്നത്. 13-ാം അധ്യായത്തില്‍ മൃഗത്തെ 666 എന്ന് വിളിക്കുമ്പോള്‍ തിന്മയുടെ ശക്തിയായ നീറോ ചക്രവര്‍ത്തിയാണ് സൂചിതം. യോഹന്നാന്‍ ശ്ലീഹാ എഴുതുന്ന പശ്ചാത്തലത്തില്‍ 666 നീറോ ചക്രവര്‍ത്തിയെ സൂചിപ്പിച്ചിരുന്നെങ്കില്‍ പിന്നീട് തിന്മയുടെ ശക്തിയുടെ പ്രതീകമായി/സാത്താന്‍റെ പ്രതീകമായി 666 വ്യാഖ്യാനിക്കപ്പെടാം; എന്നാല്‍ വരാനിരിക്കുന്ന ഒരു അന്ത്യകാല വ്യക്തിത്വത്തിന്‍റെ അടയാളമായല്ല.

ഉപസംഹാരം

പലവിധത്തില്‍ വിശ്വാസികളുടെയിടയില്‍ അന്ധവിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും വളരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. വിശ്വാസ സംബന്ധമായ ഇത്തരം വിഷയങ്ങളില്‍ സഭാനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും അവസരോചിതമായ ഇടപെടലിലൂടെ വേണ്ട തിരുത്തലുകളും നടപടികളും സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

(കടപ്പാട് – ജാഗ്രതാ ന്യൂസ്, 274-275 എഡിഷന്‍, ജാഗ്രതാ കമ്മീഷന്‍ – പി.ഓ.സി)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy