കര്‍മ്മല മാതാവിന്റെ തിരുനാൾ

 

വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും അറിവുള്ളതാണല്ലോ. കുരിശുയുദ്ധത്തില്‍ പങ്കാളിയായിരുന്ന ബെര്‍ത്തോള്‍ഡിന്റെ പ്രയത്നത്താല്‍ കാര്‍മല്‍ മലയില്‍ താമസിച്ചിരുന്ന ഒരു വിഭാഗം സന്യാസിമാര്‍ 1150-യോട് കൂടി പാശ്ചാത്യ രീതിയിലുള്ള ഒരു സന്യാസ സഭയായി രൂപപ്പെട്ടു.

എന്നാല്‍ സാരസെന്‍സിന്റെ എതിര്‍പ്പ് സഹിക്കുവാന്‍ കഴിയാതെയായപ്പോള്‍ ആ സന്യാസിമാര്‍ പതിയെപതിയെ യൂറോപ്പിലേക്ക് കുടിയേറി. പിന്നീട് 1125 ജൂലൈ പതിനാറിന് രാത്രിയില്‍ പരിശുദ്ധ കന്യകാ മാതാവ് ഹോണോറിയൂസ് മൂന്നാമന് പ്രത്യക്ഷപ്പെടുകയും കര്‍മ്മലീത്താ സഭയെ അംഗീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നിരുന്നാലും കര്‍മ്മലീത്താ സഭക്കാര്‍ നിരന്തരം അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നതിനാല്‍ സഭയുടെ ആറാമത്തെ ജനറല്‍ ആയിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് തങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക അടയാളം നല്‍കി അനുഗ്രഹിക്കുവാന്‍ പരിശുദ്ധ മാതാവിനോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരിന്നു.

അതേതുടര്‍ന്ന്‍ 1251 ജൂലൈ 16ന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട് ‘ഉത്തരീയം’ നല്കി കൊണ്ട് തന്റെ മാതൃപരമായ സ്നേഹത്തിന്റെ സവിശേഷ അടയാളമായി നിര്‍ദ്ദേശിച്ചു. “ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല” എന്ന്‍ പറഞ്ഞാണ് പരിശുദ്ധ അമ്മ ഉത്തരീയം (വെന്തിങ്ങ) നല്കിയത്. അതിനാലാണ് ഇന്നത്തെ തിരുനാള്‍ ‘ഉത്തരീയത്തിന്റെ തിരുനാള്‍’ എന്നും അറിയപ്പെടുന്നത്. 1332-ല്‍ ‘കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍’ കര്‍മ്മലീത്ത സന്യാസിമാര്‍ക്കിടയില്‍ സ്ഥാപിതമാവുകയും പിന്നീട് 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ഈ തിരുനാളിനെ ആഗോള കത്തോലിക്കാ സഭയുടേ തിരുനാളാക്കി മാറ്റുകയും ചെയ്തു.

അനേകം സഭകളില്‍ ഉത്തരീയം അവരുടെ സഭാ വസ്ത്രത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ കര്‍മ്മലീത്ത സന്യാസിമാരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരു വിശേഷ ലക്ഷണമാണ് ഉത്തരീയം. ഉത്തരീയം വഴിയുള്ള അനുഗ്രഹങ്ങള്‍ പങ്ക് വെക്കുന്നതിനായി ഉത്തരീയത്തിന്റെ ഒരു ചെറിയ പതിപ്പ് അത്മായരായ ആളുകള്‍ക്കും നല്‍കപ്പെട്ടു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy