ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസസമൂഹത്തിന്‍റെ നടപടികളോട് ഐക്യദാര്‍ഡ്യം: കെസിവൈഎം മാനന്തവാടി സംസ്ഥാന-രൂപതാ സമിതികള്‍

മാനന്തവാടി:കത്തോലിക്കാസഭയിലെ ഒരു സന്ന്യാസസമൂഹം അവരുടെ നിയമാവലിയും ജീവിതചര്യയും അടിസ്ഥാനമാക്കി അവരുടെ ആന്തരികജീവിതത്തെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെയും അതിനോടനുബന്ധമായുണ്ടായ വിവാദങ്ങളെയും പെരുപ്പിച്ച് കാട്ടി ക്രൈസ്തവസന്ന്യാസത്തെയും സന്ന്യാസജീവിതശൈലിയെയും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത നിര്‍ത്തലാക്കണമെന്ന് KCYM മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സ്വന്തം സന്ന്യാസജീവിതശൈലിയോട് പ്രതിബദ്ധത പുലര്‍ത്തി ജീവിക്കുന്ന ബഹുഭൂരിപക്ഷം സമര്‍പ്പിതര്‍ക്കും വേദനയുണ്ടാക്കുന്ന ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും ഒരു തരത്തിലുള്ള മതപീഡനമാണെന്ന് സംസ്ഥാന-രൂപതാ സമിതികളുടെ നേതൃത്വത്തില്‍ ദ്വാരകയില്‍ നടന്ന യോഗം വിലയിരുത്തി. സി. ലൂസി കളപ്പുര വിഷയത്തില്‍ ശരിയായ തീരുമാനങ്ങള്‍ കൈക്കൊണ്ട FCC സന്ന്യാസസമൂഹത്തിനും മാനന്തവാടി രൂപതക്കും കേരളകത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനപ്രസിഡന്‍റ് ശ്രീ സിറിയക് ചാഴികാടന്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത കേരളജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനു പകരം ലൂസി കളപ്പുര തന്‍റെ തന്നെ പ്രശസ്തിക്കും പബ്ലിസിറ്റിക്കും വേണ്ടി കാട്ടിക്കൂട്ടുന്ന തരംതാണ പ്രകടനങ്ങളെയും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അംഗീകരിക്കാനാകുന്നില്ലെന്ന് യോഗത്തിന് അദ്ധ്യക്ഷത നിര്‍വ്വഹിച്ച ശ്രീ എബിന്‍ മുട്ടപ്പള്ളി പറഞ്ഞു. തിരുസ്സഭയുടെയും സന്ന്യാസത്തിന്‍റെയും ആത്മാവ് ചോര്‍ത്തിക്കളഞ്ഞുകൊണ്ട് സമര്‍പ്പിതരെ നിരന്തരം വേട്ടയാടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സി. ലൂസി കളപ്പുര പിന്മാറണമെന്ന് പ്രസ്ഥാനത്തിന്‍റെ മുന്‍ രൂപതാ പ്രസിഡന്‍റുമാരായ ശ്രീ സജിന് ചാലില്‍, ശ്രീ മാത്യു തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധക്കും ജനശ്രദ്ധക്കുംവേണ്ടി സന്ന്യാസത്തെ തോന്ന്യാസമായും തോന്ന്യാസത്തെ സന്ന്യാസമായും അവതരിപ്പിക്കുന്ന ശൈലി നിര്‍ത്തുന്നില്ലെങ്കില്‍ സംഘടനാപരമായും നിയമപരമായും നടപടികള്‍ സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു.സംസ്ഥാന സിൻഡിക്കേറ്റംഗം ബിബിൻ ചെമ്പക്കര ,ആനിമേറ്റർ സി. സാലി CMC, രൂപത വൈസ് പ്രസിഡന്റ് അലീന ജോയി പാണ്ടിയാംപറമ്പിൽ, രൂപത സിൻഡിക്കേറ്റംഗം സി.സ്മിത SABS എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം, സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ, സെക്രട്ടറി തേജസ് ,സി.ഡാനി SH രൂപത ഭാരവാഹികളായ ജിഷിൻ എം.ജെ, ജിയോ ജെയിംസ്, റ്റിബിൻ പാറക്കൽ, റ്റോബി കുട്ടുങ്കൽ, മുൻ രൂപതാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy