തനി വയനാടന്‍ ഇനി ആഭ്യന്തര വിപണിയിലേക്ക്: ട്രേഡ്മാര്‍ക്ക് സ്വന്തമാക്കി ബയോവിന്‍

വയനാട്ടിലെ തനത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നാമം ഇനി ബയോവിന്‍ അഗ്രോ റിസര്‍ച്ച് എന്ന കമ്പനിക്ക് സ്വന്തം. സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, എന്നിവയെല്ലാം ഈ ട്രേഡ് മാര്‍ക്കിന് കീഴില്‍ വരും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കീഴില്‍ 2014 ല്‍ രൂപീകരിച്ച ബയോവിന്‍ അഗ്രോ റിസര്‍ച്ച് കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചെന്നൈയിലെ ട്രേഡ് മാര്‍ക്ക് ഏജന്‍സി വയനാടന്‍ എന്ന ട്രേഡ്മാര്‍ക്ക് അനുവദിച്ചത്.

വിവിധ അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ വയനാട്ടിലെ പതിമൂവായിരത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നിലവില്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ വിലകൂട്ടി നല്‍കിയാണ് ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, കാപ്പി, വാഴക്ക, മാങ്ങ, ഏലം, ജാതി, കറുവപ്പട്ട, സര്‍പ്പഗന്ധി, വാനില, കാന്താരിമുളക്, കറിവേപ്പില, തെരുവപ്പുല്ല് എന്നിവ ബയോവിന്‍ സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന ഉല്‍പ്പന്നങ്ങളെ സംസ്കരിച്ച് ഉയര്‍ന്ന ഗുണനിലവാരത്തിലും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കിയും ഇപ്പോള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. കയറ്റുമതിക്കായി നേരത്തെതന്നെ ഫെയര്‍ട്രേഡ് രെജിസ്ട്രേഷന്‍, റെയിന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫിക്കറ്റ്, ജപ്പാനിലേക്കുള്ള ജാസ് സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയവയെല്ലാം മാനന്തവാടി ആസ്ഥാനമായ ബയോവിന്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ കര്‍ഷക കൂട്ടായ്മയാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് കമ്പനിയുടേത്.

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റിയിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ഇപ്പോള്‍ ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ ജൈവകര്‍ഷകരുണ്ട്. മൂവായിരത്തോളം കര്‍ഷകര്‍ അപേക്ഷനല്‍കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നുണ്ട്. വയനാട്ടില്‍ നിന്ന് മാങ്ങ, ചക്ക, തേങ്ങ, പപ്പായ തുടങ്ങിയവ കുറച്ച് കാലങ്ങളായി കയറ്റി അയക്കുന്നുണ്ട്.

സ്പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ബയോവിന്‍ വികസിപ്പിച്ചെടുത്ത രീതികളും ഉപയോഗിച്ചാണ് സംസ്കരണം നടത്തുന്നത്. ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഫ്രീസ് ഡ്രൈയിംഗ്, സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

നബാര്‍ഡ്, കിന്‍ഫ്ര, കോഫീബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവരുടെ സാമ്പത്തിക സഹായമാണ് ബയോവിന്‍ കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് വയനാടന്‍ ഉല്‍പ്പന്നങ്ങള്‍ സെപ്റ്റംബര്‍ ആദ്യവാരം വില്പന ആരംഭിക്കും. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്‍റെ ഭാഗമായി ജൈവ കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ ജൈവകൃഷി ഫെയര്‍ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ഷകര്‍ക്ക് നേടികൊടുക്കുക, അധിക വില നല്‍കി സംഭരിക്കുക, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുക എന്നിവയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ബയോവിന്‍ നടത്തിവരുന്നുണ്ട്.1999 ല്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പുല്‍പ്പള്ളി മാരപ്പന്‍ മൂലയില്‍ കേവലം 90 കര്‍ഷകരുമായി ആരംഭിച്ച ജൈവകൃഷി വ്യാപന പദ്ധതിയാണ് ഇത്രയധികം വളര്‍ന്ന് ജൈവോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര ആഭ്യന്തര വിപണിയില്‍ സ്വാധീനമായി മാറിയിട്ടുള്ളത് എന്ന് ബയോവിന്‍ അഗ്രോറിസര്‍ച്ച് ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍ പറഞ്ഞു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy