വിദ്യാർത്ഥികളുടെ പൗരബോധം തളർത്താൻ കോവിഡ് ഉപകരണമാക്കരുത് : കെസിബിസി ഐക്യജാഗ്രതാകമ്മീഷൻ

KCBC Press Release

കൊച്ചി: വിദ്യാഭ്യാസമെന്നാൽ യുവതലമുറയുടെ ഉദ്ബോധന പ്രക്രിയയാണ് . സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുവരുന്ന ആസൂത്രിതമായ ക്യാംപെയ്നിംഗുകൾ കൗമാരപ്രായം മുതലുള്ള കുട്ടികളുടെ ദേശീയതാ ബോധത്തെയും പൗരബോധത്തെയും തന്നെ നിഷേധാത്മകമായി സ്വാധീനിക്കുന്ന കാലമാണിത് . ഈ കാലഘട്ടത്തിൽ പക്വമായ അവബോധം കുട്ടികൾക്ക് നൽകേണ്ട ബാധ്യത എഡ്യൂക്കേഷണൽ ബോർഡുകൾക്കുണ്ട് . അങ്ങനെയിരിക്കെ അടിസ്ഥാനപരമായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട നാമമാത്രമായ പാഠ്യഭാഗങ്ങൾ കൂടി സിലബസിൽ നിന്ന് ഒഴിവാക്കുവാൻ സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ് . കോവിഡ് – 19 പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് താരതമ്യേന അപ്രധാനമെന്ന് ഉത്തരവാദിത്തപ്പെട്ടവർ വിലയിരുത്തിയ ചില വിഷയങ്ങൾ 9 മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുടെ വിവിധ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . അതിൽ , സാമൂഹ്യശാസ്ത്രം , പൊളിറ്റിക്കൽ സയൻസ് , ചരിതം , എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ ചില ഭാഗങ്ങൾ ഒഴിവാക്കുന്നത് ദുരുദ്ദേശ്യപരമാണ് എന്ന് പറയാതിരിക്കാനാവില്ല . പൗരത്വം , ദേശീയത , ഇന്ത്യയുടെ ഭരണഘടന , ജനാധിപത്യവും അതിന്റെ വൈവിധ്യങ്ങളും , മതേതരത്വം , ജനാധിപത്യ അവകാശങ്ങൾ , ജനകീയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും തുടങ്ങിയ വിഷയങ്ങൾ നീക്കം ചെയ്യുന്നത് ഒരു തലമുറയുടെ പക്വമായ ജനാധിപത്യ ബോധത്തെ ഇല്ലാതാക്കാൻ കൂടിയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു . ഭാരതത്തിൽ ഇന്ന് നടപ്പായിക്കൊണ്ടിരിക്കുന്ന വർഗീയ അജണ്ടകളുടെ ഭാഗമാണ് ഈ നീക്കം ചെയ്യൽ എന്നുവേണം കരുതാൻ . അതിനാൽ , ജനാധിപത്യബോധമുള്ള പൗരസമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടത് അത്യന്താപേക്ഷിതമാണ് . ഇത്തരം ഗൂഢനീക്കങ്ങളിൽ കേരള കത്തോലിക്കാ സഭയുടെ ഐക്യജാഗ്രതാ കമ്മീഷൻ ആശങ്ക അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു .
ഫാ . വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഒൗദ്യോഗിക വക്താവ്, കെസിബിസി.
ഡയറക്ടർ , പി.ഒ.സി

ഫാ . സാജു കുത്തോടിപുത്തൻപുരയിൽ സി.എസ്.റ്റി
സെക്രട്ടറി , കെസിബിസി ഐക്യജാഗ്രതാകമ്മീഷൻ

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy