വരയുടെ ലോകത്തെ ദൈവിക സ്പര്‍ശം

Editor

ഇതിനോടകം അയ്യായിരത്തിലധികം ചിത്രങ്ങള്‍ ഫാ.വിമല്‍ വരച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ക്രിസ്തുവും മദര്‍തെരേസയും അന്ത്യത്താഴവുമെല്ലാം കണ്ട് അത്ഭുതപ്പെടാത്തവര്‍ ആരാണുള്ളത്? ഓയില്‍ പെയിന്റില്‍ വരച്ച അന്ത്യത്താഴത്തിന്റെ ചിത്രം പൂര്‍ത്തികരിക്കാന്‍ നാലുമാസമാണ് എടുത്തത്.

റോഗെഷനിസ്റ്റ് സഭാംഗമായ ഫാ. വിമല്‍ കല്ലൂക്കാരന്റെ വിരല്‍ തുമ്പുകളിലൂടെ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ ഇതള്‍ വരിയുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും. അത്ര മനോഹരമാണത്. ബ്രഷും ചായക്കൂട്ടുകളും കൈകളിലെത്തിയാല്‍ പ്രകൃതിയും ദൈവവും മനുഷ്യരുമെല്ലാം നിമിഷനേരങ്ങളില്‍ ജീവസുറ്റ ചിത്രങ്ങളായി മാറുന്ന കാഴ്ച ആരെയും വിസ്മയിപ്പിക്കും. എന്നാല്‍ വരയുടെ ബാലപാഠങ്ങളൊന്നും ഒരിടത്തും പോയി പഠിക്കാതെയാണ് നൂറുകണക്കിന് ചിത്രങ്ങള്‍ അദേഹം വരയ്ക്കുന്നതെന്നറിയുമ്പോള്‍ ഇദേഹത്തോട് ആര്‍ക്കാണ് ആദരവ് തോന്നാത്തത്?

മദര്‍തെരേസ, ചിരിക്കുന്ന ക്രിസ്തു, സ്വര്‍ഗത്തില്‍ നിന്നും പറന്നിറങ്ങുന്ന പരിശുദ്ധാത്മാവ്, അന്ത്യത്താഴം തുടങ്ങി എത്രയോ വിത്യസ്തമായ ചിത്രങ്ങള്‍. മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ചിത്രങ്ങള്‍ കണ്ട് വിദേശികളുള്‍പ്പെടെ പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ഫാ.വിമലിന്റെ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ദൈവികമായൊരു ആനന്ദമാണ് ഉണ്ടാകുന്നത്. അതുകൊണ്ടാകാം നിരവധി പ്രസാധകര്‍ അവരുടെ പുസ്തകളുടെ പുറംചട്ടകള്‍ക്കായും അച്ചനെ സമീപിച്ചത്.

ഇതിനോടകം അയ്യായിരത്തിലധികം ചിത്രങ്ങള്‍ ഈ വൈദികനിലൂടെ രചിക്കപ്പട്ടു കഴിഞ്ഞു. പ്രകൃതി ദൃശ്യങ്ങളാണ് അധികവും. ഒഴിവുസമയങ്ങളില്‍ വരയാണ് പ്രധാനം. വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയെല്ലാം ഉപയോഗിച്ചാണ് ചിത്രരചന. ഓയില്‍ പെയിന്റില്‍ വരച്ച അന്ത്യത്താഴത്തിന്റെ ചിത്രം പൂര്‍ത്തികരിക്കാന്‍ നാലുമാസമാണ് എടുത്തത്. ചെറുപ്പത്തിലേ വരയ്ക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും അനുകൂലമായ സാഹചര്യമല്ല അന്നുണ്ടായിരുന്നതെന്ന് അച്ചന്‍ പറയുന്നു. ”തന്റെ അഗ്രഹമറിഞ്ഞ ബന്ധുക്കളിലൊരാള്‍ വാങ്ങിനല്‍കിയ പെന്‍സിലുകളിലൂടെയാണ് അന്ന് വരച്ചിരുന്നത്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ പലരും ഹൃദയം തുറന്ന് അഭിനന്ദിക്കും. അതായിരുന്നു വരയുടെ ലോകത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന ചിന്ത വളര്‍ത്തിയത്.”

അങ്കമാലി കോക്കുന്ന് ഇടവകയിലെ കല്ലൂക്കാരന്‍ വര്‍ഗീസിന്റെയും മേരിയുടെയും മൂന്നുമക്കളില്‍ ഒരാളാണ് വിമല്‍. അമല്‍, അഖില എന്നിവരാണ് സഹോദരങ്ങള്‍. 1984 ഒക്‌ടോബര്‍ എട്ടിനാണ് ജനനം. സി.എസ്.ടി സഭ നടത്തിവന്ന സ്‌കൂളിലായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. ബാല്യം മുതല്‍ സഭയോടും വൈദികരോടുമുള്ള സ്‌നേഹവും താല്‍പര്യവുമാണ് സെമിനാരിയിലേക്ക് നയിച്ചത്. 1897-ല്‍ ഫാ.ഹാനിബാള്‍ മരിയ ഡി ഫ്രാഞ്ചിയ സ്ഥാപിച്ച റൊഗേഷനിസ്റ്റ് സന്യാസ സഭയോട് കൂടുതല്‍ താല്പര്യം തോന്നി.
ദെവവിളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സന്യാസ സഭ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സേവനം ചെയ്യുന്നതായി അറിയാനിടയായി. യുവാക്കള്‍ക്കിടയിലും, പാവപ്പെട്ട കുട്ടികള്‍ക്കിടയിലും സഹായകരമായിട്ടാണ് ഇവര്‍ ജീവിക്കുന്നതെന്ന തോന്നലാണ് എന്നെ ആ സഭയിലേക്ക് അടുപ്പിച്ചത്; ഫാ. വിമല്‍ പറയുന്നു. കേരളത്തില്‍ ആലുവയിലാണ് ആസ്ഥാനം. 55 മലയാളി വൈദികര്‍ വിവിധ ഭാഗങ്ങളിലായി ഈ സഭയില്‍ സേവനം ചെയ്യുന്നുണ്ട്. മംഗലപ്പുഴ സെമിനാരിയിലായിരുന്നു തുടര്‍ പഠനം.

2015 ജനുവരി മൂന്നിന് പഴങ്ങനാട് സെന്റ് ആഗസ്റ്റിന്‍ ദൈവാലയത്തില്‍ ചക്യത്ത് പിതാവില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിക്കുന്നത്.
തുടര്‍ന്ന് വയനാട്ടിലെ മീനാങ്ങാടിയിലുളള ഗുരുദര്‍ശന്‍ ആശ്രമത്തില്‍ ട്രഷറര്‍ ആയി സേവനം ചെയ്തു. 2019 ജൂണ്‍ ഒന്നുമുതല്‍ മാനന്തവാടി ചേര്യംകൊല്ലിയെന്ന സ്ഥലത്തുള്ള റൊഗാത്ത ഭവന്‍ സെമിനാരിയില്‍ സേവനം ചെയ്തു വരികയാണ്. 21 വൈദിക വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഫാ. ആല്‍ബര്‍ട്ട് കൊല്ലംകുടിയാണ് സുപ്പീരിയര്‍.
വര പഠിക്കാതെ വരയുടെ ലോകത്ത് അത്ഭുതമായ ഈ വൈദികന് ശാസ്ത്രീയമായി ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആഗ്രമുണ്ട്. തന്റെ സഭയുടെ എല്ലാംവിധ പിന്തുണയും തനിക്കീക്കാര്യത്തില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ചിത്രരചന പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ അറിവ് പങ്ക് വെക്കുവാനും ഇദ്ദേഹം തയ്യാറാണ്. അത്തരക്കാരെ സഹായിക്കാനായി ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹവും ഈ വൈദികനുണ്ട്. ദൈവം നല്‍കിയ ഈ കഴിവ് മറ്റുള്ളവര്‍ക്കു പകര്‍ന്ന് നല്‍കുക എന്ന അഗ്രഹമാണ് ഉള്ളത്. ദൈവിക പദ്ധതികള്‍ക്കനുസൃതമായി കഴിവ് പകര്‍ന്നു നല്കുകയാണ് ലക്ഷ്യം. ഫാ.വിമല്‍ തന്റെ ചിത്രങ്ങള്‍ ആര്‍ട്ട് ഗാലറികളില്‍ പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ്.

ഫോണ്‍ : 9048654929

കടപ്പാട് : സിറോമലബാർ ചർച് ഇന്റർനെറ്റ്‌ മിഷൻ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy