തരിയോട് ഫൊറോന പള്ളിയില്‍ കുടിയേറ്റ സംഗമവും പ്ലാറ്റിനം ജൂബിലി സമാപനവും 

മലബാറിലെ ആദ്യകാല സുറിയാനി കത്തോലിക്കാ ദേവാലയമായ തരിയോട് ഇടവക ക്രിസ്തീയജീവിതസാക്ഷ്യത്തിന്‍റെ 75 ആണ്ടുകള്‍ പിന്നിടുകയാണ്. കുടിയേറ്റത്തിന്‍റെ ആദിമനാള്‍ മുതല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പ്രതികൂലകാലാവസ്ഥയും കാരണം പൊറുതിമുട്ടിയപ്പോഴും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും മദ്ധ്യസ്ഥത്താല്‍ അവയെല്ലാം തരണം ചെയ്ത വിശ്വാസിസമൂഹം പ്ലാറ്റിനം ജൂബിലിയുടെ ഈ വര്‍ഷം ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുന്ന നവംബര്‍ മാസം ആഘോഷമായ തിരുന്നാള്‍ക്കര്‍മ്മങ്ങള്‍ ഇടവകയില്‍ നടത്തപ്പെടുന്നു. നവംബര്‍ 14-ന് ആരംഭിക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് കൃതജ്ഞതാബലിയര്‍പ്പണത്തോടെ (വൈകുന്നേരം 3.30) തുടക്കം കുറിക്കുന്നത് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവാണ്. അന്നേദിനം നടത്തപ്പെടുന്ന ഫൊറോനാ കുടിയേറ്റസംഗമത്തില്‍ തരിയോട് ഫൊറോനക്ക് കീഴിലുള്ള വിവിധ ഇടവകകളിലെ 70 വയസ്സ് കഴിഞ്ഞ മാതാപിതാക്കന്മാരെ ആദരിക്കുകയും ഇടവകയുടെ ചരിത്രപുസ്തകം പ്രസാധനം ചെയ്യുകയും ചെയ്യും.

19-ാം തിയതി ഞായറാഴ്ച ജൂബിലിസമാപനദിവസമാണ്. അന്നേദിനം ആഘോഷമായ സമൂഹബലിക്ക് (രാവിലെ 8.30) നേതൃത്വം നല്കുന്നത് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അഭി. ജോസ് പൊരുന്നേടം പിതാവാണ്. തുടര്‍ന്ന് നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ സി.എം.ഐ. സഭയുടെ കോഴിക്കോട് പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ അദ്ധ്യക്ഷത വഹിക്കും. മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കോഴിക്കോട് രൂപതാ വികാരി ജനറാള്‍ മോണ്‍. വിന്‍സെന്‍റ് അറക്കല്‍ മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രഹാം നെല്ലിക്കല്‍ സുവനീര്‍ പ്രകാശനം നടത്തും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ജൂബിലി ആഘോഷങ്ങളിലേക്ക് ഇടവകവികാരി ഫാ. ജെയിംസ് കുന്നത്തേട്ടും ആഘോഷക്കമ്മിറ്റിയും ഇടവകജനവും ഏവരെയും സ്വാഗതം ചെയ്യുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy