തീവ്രവാദ ആക്രമണത്തിൽ തകര്‍ക്കപ്പെട്ട ദേവാലയം പുനസമര്‍പ്പിച്ച് ഇറാഖിലെ കത്തോലിക്കാ സഭ

ഇറാഖ്: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് തകർക്കപ്പെട്ട ദൈവാലയം വിശ്വാസികൾക്ക് പുനസമർപ്പിച്ച് ഇറാഖിലെ കത്തോലിക്ക സഭ. 2014ൽ ഇറാഖിലെ ക്വറാഖോഷിൽ ഉണ്ടായ ആക്രമണത്തിൽ തകർക്കപ്പെട്ട മാർ ബഹ്നം ആൻഡ് മാർട്ട് സാറ ദൈവാലയമാണ് മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിൽ വിശ്വാസികൾക്ക് പുനസമർപ്പിച്ചത്. മൊസൂൾ ആർച്ച്ബിഷപ്പ് പെട്രോസ് മൗച്ചെയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് പുനരുദ്ധരിച്ച ദൈവാലയം വിശ്വാസികൾക്കായി തുറന്നുനൽകിയത്.

അഞ്ച് വർഷം മുമ്പ് രൂപാന്തരീകരണ തിരുനാൾ ദിവസമാണ് ഐ.എസ് ഭീകരർ ദൈവാലയം നശിപ്പിക്കുകയും വിശ്വാസികൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. തുടർന്ന് കത്തിനശിക്കപ്പെട്ട ദൈവലായത്തിന്റെ അൾത്താര നവീകരിക്കുകയും ദൈവാലയത്തിന്റെ മറ്റ് പണികൾ പൂർത്തിയാക്കുകയുമായിരുന്നു. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെതുടർന്ന് 50,000ത്തോളം ക്രിസ്ത്യാനികൾ അവിടെനിന്നും പാലായനം ചെയ്തിരുന്നു. നിലവിൽ അന്നുണ്ടായതിന്റെ പകുതി കത്തോലിക്കർ മാത്രമാണ് ക്വറാഖോഷിലുള്ളത്. അതായത് ഏകദേശം 800 കത്തോലിക്ക കുടുംബങ്ങൾ മാത്രം. എന്നാൽ പലായനം ചെയ്തവർ ഇപ്പോൾ തിരികെവരാൻ ശ്രമിക്കുന്നുണ്ടെന്നും വിശ്വാസവിജയത്തിന്റെ സൂചനയാണതെന്നും ദൈവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ജോർജ് ജഹോള വെളിപ്പെടുത്തി.

അക്രമത്തിൽ ഭയന്ന് നിരവധി ആളുകൾ പാലയനം ചെയ്തതിനെതുടർന്ന് ക്വറാഖോഷിലെ ദൈവാലയങ്ങളിൽ പലതും ബോംബ് ഉണ്ടാക്കുന്ന കേന്ദ്രങ്ങളാക്കി തീവ്രവാദികൾ മാറ്റിയിരുന്നു. പിന്നീട് വർഷങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും പരിശ്രമത്തിനുമൊടുവിലാണ് തീവ്രവാദികളുടെ കൈയിൽ നിന്നും മോചിപ്പിച്ച ശേഷം ദൈവാലയം നവീകരിച്ചതും മാതാവിന്റെ തിരുനാൾ ദിവസം വിശ്വാസികൾക്ക് സമർപ്പിക്കുകയും ചെയ്തത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy