സീറോ മലബാർ മെത്രാൻ സിനഡ് തിങ്കളാഴ്ച്ച ആരംഭിക്കുന്നു

Editor

കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയേഴാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻന്റ് തോമസിൽ 2019 ആഗസ്റ്റ് 19 -ാം തീയതി ആരംഭിക്കുന്നു. സീറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ ഈ സിനഡിൽ പങ്കെടുക്കുന്നുണ്ട്. അനാര്യോഗ്യവും പ്രായാധിക്യവും മൂലമാണ് 6 മെത്രാന്മാർക്ക് സിനഡിൽ പങ്കെടുക്കാൻ സാധിക്കാത്തത്.

അദിലബാദ് രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ പിതാക്കന്മാർ പ്രാർത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് സിനഡിന്റെ കാര്യപരിപാടികൾ സിനഡു സംബന്ധിച്ചുള്ള സഭാനിയമനുസരിച്ച് നടക്കുന്നതാണ്.

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന രീതിയിലുള്ള ചർച്ച സിനഡിൽ നടക്കുന്നതാണ്. ആഗസ്റ്റ് മാസം 26-ാം തീയതി സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ദിവസം മുഴുവനും സിനഡ് പിതാക്കന്മാരോടൊത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 2019 ജനുവരിയിൽ നടന്ന സിനഡിന്റെ തീരുമാനപ്രകാരം സഭാ സിനഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിനഡ് ദിവസങ്ങളിൽ അൽമായ നേതാക്കളുമായി സിനഡ് പിതാക്കന്മാർ ചർച്ച നടത്തുന്നത്. ഇതിനുവേണ്ടിയുള്ള അറിയിപ്പ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർക്ക് സഭാ കര്യാലയത്തിൽ നിന്ന് യഥാസമയം നൽകിയിരുന്നു. സീറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ എല്ലാ വർഷവും ചെയ്യുന്നതുപോലെ ഒരു ദിവസം സിനഡ് പിതാക്കന്മാരുമായി ചർച്ച നടത്തും. സിനഡ് ദിവസങ്ങളിൽ, സഭയുടെ വിവിധ കമ്മിഷനുകളുടെ സെക്രട്ടറിമാരും, സിനഡിനു കീഴിലുള്ള വിവിധ മേജർ സെമിനാരികളിലെ റെക്ടർമാരും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സിനഡിൽ അവതരിപ്പിക്കുന്നതാണ്.

സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനും സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന തീരുമാനങ്ങൾ സിനഡിൽ രൂപപ്പെടുന്നതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ വിശ്വാസികളെയും സമർപ്പിതരെയും വൈദികരെയും ഓർമ്മിപ്പിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും സന്യാസ സമൂഹങ്ങളുടെ മേലധികാരികൾക്കും മേജർ ആർച്ചുബിഷപ്പ് കഴിഞ്ഞ ദിവസം കത്തുകളയച്ചിരുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളത്തിനുവേണ്ട ക്രമീകരണങ്ങൾ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, വിവധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy