വ്യാജവാര്‍ത്തകള്‍ നിഷേധിച്ചും വിമതപ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിച്ചും സീറോ മലബാര്‍ സിനഡിന്‍റെ പത്രക്കുറിപ്പ്

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന 27-ാമത് സിനഡിനെ ചുറ്റിപ്പറ്റി നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സിനഡ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയമനടപടികളുമായി മുന്പോട്ടുപോകാന്‍ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിനെയും സഭയുടെ മീഡിയ കമ്മീഷനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സഭയുടെ കൂട്ടായ്മയെ തകര്‍ക്കാനും മെത്രാന്മാരെ വ്യക്തിപരമായ തേജോവധം ചെയ്യാനുമായിട്ടാണ് വാര്‍ത്തകള്‍ വ്യാജമായി നിര്‍മ്മിക്കുന്നതെന്നും അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധരും തീവ്രവാദികളും നക്സലൈറ്റ് ചിന്താഗതിക്കാരുമാണെന്നതിന് തെളിവുകള്‍ ലഭിച്ചതിനാലാണ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നതെന്ന് പത്രക്കുറിപ്പ് വിശദമാക്കുന്നു.

എറണാകുളം വിമതര്‍ക്ക് കനത്ത പ്രഹരം

എല്ലാ വ്യാജവാര്‍ത്തകളുടെയും പിന്നില്‍ സഭക്കും സഭാനേതൃത്വത്തിനും സഭാതലവനുമെതിരേ അപമാനകരമായ പ്രസ്താവനകളിറക്കുന്ന എ.എം.ടി., SOS, എന്നീ സംഘടനകളാണെന്ന് സിനഡ് വിലയിരുത്തുന്നു. സഭാനവീകരണമെന്നും സുതാര്യതയെന്നും പറഞ്ഞ് സാമാന്യജനത്തെ വഞ്ചിക്കുന്ന ഇത്തരക്കാരുടെ നടപടികള്‍ സഭാവിരുദ്ധമാണെന്നും ഈ പ്രസ്ഥാനങ്ങള്‍ സഭാവിരുദ്ധമാണെന്നും സീറോ മലബാര്‍ സിനഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പത്രക്കുറിപ്പിലൂടെ. വ്യാജവാര്‍ത്തകളും മറ്റും സൃഷ്ടിച്ച് ഇവര്‍ സഭയില്‍ സന്ദിഗ്ദാവസ്ഥ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് സിനഡ് വിലയിരുത്തി. ഇക്കൂട്ടരുടെ ജിഹ്വകളായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളാണത്രേ വ്യാജവാര്‍ത്തകള്‍ക്ക് പ്രചാരം നല്കുന്നത്.

സഭാതലവന് പൂര്‍ണ്ണപിന്തുണ

ഈ പത്രക്കുറിപ്പിന്‍റെ ശ്രദ്ധാകേന്ദ്രം സഭാതലവനായ മാര്‍ ആലഞ്ചേരി മെത്രാപ്പോലീത്താക്ക് സീറോ മലബാര്‍ സിനഡ് നല്കുന്ന അനിതരസാധാരണമായ പിന്തുണയാണ്. സഭാതലവനെതിരേ നടന്ന എല്ലാ കുപ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിനെതിരേ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി തട്ടിക്കൂട്ടിയിരിക്കുന്ന സംഘടനകളും അതിലെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും നടത്തുന്ന വിമതപ്രവര്‍ത്തനങ്ങളാണെന്നും അവക്ക് തീവ്രവാദസ്വഭാവമുണ്ടെന്നുമുള്ള വിലയിരുത്തല്‍ പത്രക്കുറിപ്പില്‍ വ്യക്തമാണ്.

വ്യാജന്മാരെ വിശ്വസിക്കരുത്

സീറോ മലബാര്‍ സഭയുടെ തന്നെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലുള്ള പല അക്കൗണ്ടുകളും വ്യാജമാണെന്നും അവരുടെ യഥാര്‍ത്ഥ ഉദ്ദേശം സഭാവിമര്‍ശനമാണെന്നും ആയതിനാല്‍ അവയിലൂടെയുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പറയുന്ന പത്രക്കുറിപ്പ് സത്യസന്ധമായ വാര്‍ത്തകള്‍ ഔദ്യോഗികവക്താവിലൂടെ മാത്രമേ ലഭ്യമാകൂ എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy