സീറോ മലബാര്‍ സഭയില്‍ മാര്‍ നെസ്തോറിയസിന്റെ കൂദാശാക്രമം പുനസ്ഥാപിച്ചു

Noble Thomas Parackal

കാക്കനാട്: മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ 27-ാമത് മെത്രാന്‍ സിനഡില്‍ സഭയുടെ പിതാവും തലവനുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ശ്രേഷ്ഠമെത്രാപ്പോലീത്ത മാര്‍ നെസ്തോറിയസിന്‍റെ കൂദാശാക്രമം സഭക്ക് ഉപയോഗത്തിനായി പ്രകാശനം ചെയ്തു നല്കി. ഈ അനാഫൊറയോടു കൂടി സീറോ മലബാര്‍ സഭയുടെ കുര്‍ബാനക്രമത്തില്‍ മൂന്ന് അനാഫൊറകള്‍ സ്ഥാനം പിടിക്കും. വിശുദ്ധ കുര്‍ബാനയില്‍ അനാഫൊറ എന്ന് അറിയപ്പെടുന്ന കൂദാശാപ്രാര്‍ത്ഥനയിലാണ് അര്‍പ്പിക്കപ്പെടുന്ന അപ്പവും വീഞ്ഞും ഈശോയുടെ ശരീരരക്തങ്ങളായിത്തീരുന്നത്. സീറോ മലബാര്‍ സഭയുടെ കുര്‍ബാന എട്ടു ഭാഗങ്ങളായി വേര്‍തിരിച്ച് പഠിക്കുന്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് അപ്പത്തിനും വീഞ്ഞിനും സാരാംശമാറ്റം (വസ്തുഭേദം) സംഭവിക്കുന്ന കൂദാശാഭാഗമാണ്. (ആമുഖശുശ്രൂഷ, വചനശുശ്രൂഷ, ഒരുക്കശുശ്രൂഷ, കുദാശ, വിഭജനശുശ്രൂഷ, അനുരഞ്ജനശുശ്രൂഷ, ദൈവൈക്യശുശ്രൂഷ, സമാനശുശ്രൂഷ എന്നിവയാണ് കുര്‍ബാനയുടെ ഭാഗങ്ങള്‍).

സീറോ മലബാര്‍ സഭയുടെ (മാര്‍ത്തോമ്മാനസ്രാണി സഭയുടെ) പാരന്പര്യത്തില്‍ ഉദയംപേരൂര്‍ സൂനഹദോസ് വരെ വിശുദ്ധ കുര്‍ബാനയുടെ കൂദാശക്കായി മൂന്ന് ക്രമങ്ങള്‍ ഉപയോഗിച്ചിരുന്നു. അവ മാര്‍ത്തോമ്മായുടെ ശിഷ്യന്മാരായ മാര്‍ അദ്ദായി, മാറി എന്നീ ശിഷ്യന്മാരുടേത്, മാര്‍ തെയദോറിന്റേത്, മാര്‍ നെസ്തോറിയസിന്റേത് എന്നിവയായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് മിഷനറിമാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കപ്പെട്ട ഉദയംപേരൂര്‍ സൂനഹദോസ് മാര്‍ തെയദോറിന്റെയും മാര്‍ നെസ്തോറിയസിന്റെയും കൂദാശകള്‍ നിരോധിച്ചിരുന്നു. പിന്നീട് 20-ാം നൂറ്റാണ്ടില്‍ സീറോ മലബാര്‍ ഹയരാര്‍ക്കി എന്ന പുതിയ നാമത്തില്‍ മാര്‍ത്തോമ്മാനസ്രാണി സഭക്ക് സ്വതന്ത്രഭരണാധികാരം ലഭിക്കുന്പോള്‍ ആരാധനാക്രമവും നവീകരിക്കാനുള്ള നിര്‍ദ്ദേശം റോം നല്കിയിരുന്നു. അതിന്റെ ഭാഗമായാണ് 2013-ല്‍ മാര്‍ തെയദോറിന്‍റെ കൂദാശാക്രമം പുനപ്രകാശനം ചെയ്തത്. ഇന്ന് മാര്‍ നെസ്തോറിയസിന്റെ ക്രമവും അഭിവന്ദ്യ ആലഞ്ചേരി മെത്രാപ്പോലീത്തായാല്‍ പുനസ്ഥാപിക്കപ്പെട്ടതോടു കൂടി സീറോ മലബാര്‍ സഭയുടെ വിശുദ്ധകുര്‍ബാനയുടെ ആരാധനാപാരന്പര്യം ഏകദേശം മുഴുവനായി തിരികെക്കിട്ടിയിരിക്കുന്നു എന്നു പറയാം.

“നിവ്യന്മാര്‍ രഹസ്യമായി ചിത്രീകരിച്ചതും ശ്ലീഹന്മാര്‍ പരസ്യമായി പ്രസംഗിച്ചതും സഹദേന്മാര്‍ തങ്ങളുടെ ജീവാര്‍പ്പണം കൊണ്ട് നേടിയതും മല്പാന്മാര്‍ ദേവാലയങ്ങളില്‍ വ്യാഖ്യാനിച്ചതും പുരോഹിതന്മാര്‍ വിശുദ്ധ ബലിപീഠത്തില്‍ അര്‍പ്പിച്ചതും ലേവായര്‍ തങ്ങളുടെ കരങ്ങളില്‍ വഹിച്ചതും ജനങ്ങളുടെ തങ്ങളുടെ പാപപരിഹാരത്തിനായി സ്വീകരിച്ചതും മനുഷ്യാവതാരം ചെയ്ത ആദ്യജാതന്‍റെ സ്വീകാര്യവും സജീവവും രക്തരഹിതവുമായ കുര്‍ബാന സകല സൃഷ്ടികള്‍ക്കും വേണ്ടി സകലത്തിന്റെയും നാഥനായ ആലാഹാക്ക് സമര്‍പ്പിക്കുന്നു” (മാര്‍ നെസ്തോറിയസിന്റെ കുര്‍ബാനക്രമം)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy