ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം.

ഹൂസ്റ്റൺ: ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത നേതൃത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം. ആഗസ്റ്റ് ഒന്നുമുതൽ നാലുവരെ നടക്കുന്ന കൺവെൻഷന് ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ സെന്ററാണ് വേദി. ‘മാർത്തോമ്മ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം; ഉണർന്നു പ്രശോഭിക്കുക’ എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സീറോ മലബാർ വിശ്വാസീസമൂഹം സംഗമിക്കുന്ന കൺവെൻഷന് ഹൂസ്റ്റൺ ഫൊറോനയാണ് ആതിഥേയത്വം വഹിക്കുന്നത്. നാലു ദിനങ്ങളിലായി നടക്കുന്ന കൺവെൻഷൻ പരിപാടികൾ ‘ശാലോം അമേരിക്ക’ തതസമയം സംപ്രേഷണം ചെയ്യും.
സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ ഇന്ത്യയിൽനിന്നും അമേരിക്കയിൽനിന്നുമുള്ള നിരവധി പ്രഗത്ഭരാണ് ക്ലാസുകൾ നയിക്കുന്നത്. അഡൾഡ് , കപ്പിൾസ്, യൂത്ത്- അഡൾസ്, യൂത്ത്- കോളജ്, യൂത്ത്- ഹൈസ്‌കൂൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി 15 വേദികളിൽ 45ൽപ്പരം സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സീറോ മലബാർ സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ച ലക്ഷ്യംവെക്കുന്ന ക്ലാസുകൾക്കും സിംബോസിയങ്ങൾക്കുമൊപ്പം സാംസ്‌ക്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജപമാല അർപ്പണം, ദിവ്യബലി എന്നിവയും ഓരോ ദിവസവും അർപ്പിക്കപ്പെടും. കൂടാതെ, കുമ്പസാരത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്ന് വൈകിട്ട് 3.45ന് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് കൺവെൻഷന് തുടക്കമാകുക. വൈകിട്ട് 6.45നാണ് ഔദ്യോഗിക ഉദ്ഘാടനം. മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും. അതേ തുടർന്ന് 8.00നാണ് ‘എറൈസ്’ എന്ന പേരിലുള്ള ഓപ്പണിംഗ് പ്രോഗ്രാം. സുപ്രസിദ്ധ സംഗീതജ്ഞനും നിരവധി സൈറ്റ് ആൻഡ് സൗണ്ട് ഷോകളുടെ സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിൽ അണിയിച്ചൊരുക്കുന്ന ‘മ്യൂസിക്കൽ ഡ്രാമ’യിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവകയിലെ 380 പേരാണ് അണിനിരക്കുക. കേരളീയ നാടൻ കലകൾക്കൊപ്പം ഫ്യൂഷൻ ഡാൻസും കോർത്തിണക്കിയ, ഒന്നര മണിക്കൂർ നീളുന്ന ദൃശ്യവിസ്മയം കൺവെൻഷന്റെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാകും.
മയാമിയിലെ പെൻസകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, പ്രമുഖ വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർക്കൊപ്പം ട്രെന്റ് ഹോൺ, പോൾ ജെ. കിം, ജാക്കി ഫ്രാങ്കോയിസ് എയ്ഞ്ചൽ, പാറ്റി ഷീനിയർ, ഡോ. ജെയ്‌സി എ. ജോസഫ്, മാത്യു ജേക്കബ് ഉൾപ്പെടെയുള്ളവർ വിവിഷ സെഷനുകൾ നയിക്കും. ക്രിസ്തുവിശ്വാസം സ്വീകരിച്ച, മുൻ സിനിമാ താരം മോഹിനി (ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ) സാക്ഷ്യം പങ്കുവെക്കും. ആത്മീയശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന സംഗീതജ്ഞൻ ജോൺ അൻഗോട്ടിയുടെ കൺസേർട്ടും ശ്രദ്ധേയമാകും.
കൺവെൻഷന്റെ സുപ്രധാന പരിപാടികളിൽ ഒന്നായ വർണശബളമായ ഘോഷയാത്ര ഓഗസ്റ്റ് രണ്ടിനാണ് ക്രമീകരിച്ചിരിക്കുന്നത്. മിഷനുകളും ഇടവകകളും അതത് ബാനറുകളുടെ പിന്നിലായാരും പങ്കുചേരുക. ഫ്ളോട്ടുകളും അലങ്കാരങ്ങളും ചെണ്ടവാദ്യമേളങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും റാലിയെ മനോഹരമാക്കും. സഭാപിതാക്കന്മാരും വൈദികരും വിശിഷ്~ാതിഥികളും ഉൾപ്പെടെ നാലിയിരത്തിൽപ്പരം പേർ റാലിയിൽ അണിനിരക്കും. ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽനിന്ന് രാവിലെ 7.00ന് ആരംഭിക്കുന്ന റാലി മുഖ്യവേദിയിൽ സമാപിക്കും. ഏറ്റവും മനോഹരമായി രീതിയിൽ റാലിയിൽ പങ്കെടുക്കുന്ന മൂന്ന് ഇടവകൾക്ക് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 40 സീറോ മലബാർ ഇടവകകളിൽ നിന്നും 45 മിഷനുകളിൽ നിന്നുമായി നാലായിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കും. വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കൾച്ചറൽ ഈവനിംഗും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡായ ‘തൈക്കൂടം ബ്രിഡ്ജും പരിപാടി അവതരിപ്പിക്കുന്നുണ്ട്. 40ൽപ്പരം വരുന്ന കമ്മിറ്റികളും ഉപ കമ്മിറ്റികളുമാണ് കൺവെൻഷനുവേണ്ടി പ്രവർത്തിക്കുന്നത്.
ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്താണ് ദേശീയ കൺവെൻഷന്റെ രക്ഷാധികാരി. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കൺവീനറും ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ കൺവീനറുമാണ്. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ചെയർമാൻ അലക്‌സ് കുടക്കച്ചിറ അറിയിച്ചു. ‘ശാലോം അമേരിക്ക’ ചാനലിനു പുറമെ ‘ശാലോം മീഡിയ’യുടെ വെബ് പേജ്, ഫേസ്ബുക്ക് പേജ്, യൂ ടൂബ് ചാനൽ എന്നിവയിലൂടെയാണ് തത്‌സമയം സംപ്രേഷണം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy