സഭയില്‍ അച്ചടക്കമില്ലാതാകുമ്പോള്‍ അവിടെ നിന്ന് ക്രിസ്തുവും പടിയിറങ്ങുന്നു (“When discipline leaves a church, Christ goes with it.” )

Noble Thomas Parackal

ബാപ്റ്റിസ്റ്റ് ദൈവശാസ്ത്രജ്ഞനായ John L. Dagg-ന്റെ വാക്കുകളാണ് ഇവ. തിരുസ്സഭാജീവിതത്തിന് അച്ചടക്കം അനിവാര്യമാകുന്നതെങ്ങനെയാണ് എന്ന് ഒന്ന് പരിശോധിക്കാം:

1. ഈശോയുടെ പ്രബോധനം:
മത്തായിയുടെ സുവിശേഷം 18-ാം അദ്ധ്യായം 15 മുതലുള്ള വാക്യങ്ങളില്‍ സഹോദരന്റെ തെറ്റ് അവന് മനസ്സിലാക്കിക്കൊടുക്കണമെന്ന് ഈശോ ആവശ്യപ്പെടുന്നുണ്ട്. ധാര്‍മ്മികമായ വീക്ഷണങ്ങളുള്ള ഒരു സമൂഹത്തില്‍ തെറ്റ് സംഭവിക്കുന്നവരെ തിരുത്താനും സംവിധാനമുണ്ടാകേണ്ടത് അനിവാര്യമാണല്ലോ. തിരുത്തല്‍ സ്വീകരിക്കാത്തവനെ രണ്ടോ മൂന്നോ പേരോടു കൂടി വീണ്ടും സമീപിക്കാനും അവരെയും അനുസരിക്കാത്ത പക്ഷം സഭയോട് പറയാനും സഭയെപ്പോലും അനുസരിക്കാത്തവരെ വിജാതീയരെപ്പോലെ പരിഗണിക്കാനുമാണ് ഈശോ ആവശ്യപ്പെടുന്നത്. വിജാതീയനെന്നാല്‍ ഉപേക്ഷിക്കപ്പെട്ടവനെന്ന അര്‍ത്ഥം ഇവിടെയില്ല. അവന്‍ കൂട്ടായ്മയിലേക്ക് മടങ്ങിയെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വഴികള്‍ തേടുകയും ചെയ്യേണ്ടവനാണ്. 1 കോറി. 5,4-ല്‍ പൗലോസ് അപ്പസ്തോലന്‍ ഈശോയുടെ ഈ നിര്‍ദ്ദേശത്തെ ഗൗരവമായി പരിഗണിക്കാന്‍ കോറിന്തോസിലെ സഭയോട് ആവശ്യപ്പെടുന്നുമുണ്ട്.

2. അച്ചടക്കം വിവിധനാമങ്ങളില്‍
തിരുസ്സഭയില്‍‍ അച്ചടക്കത്തെക്കുറിച്ചുള്ള ചിന്ത പ്രബോധനത്തിന്റെ തലത്തിലും പ്രയോഗത്തിലും/തിരുത്തലുകളിലും പ്രകടമാകാറുണ്ട്. സഭാംഗങ്ങള്‍ക്ക് സഭാധികാരികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ മുതല്‍ സ്ഥാനമാറ്റം വരെ പ്രായോഗികമായ അച്ചടക്കത്തിന്റെ ഭാഗമായി സഭയില്‍ പ്രകടമാണ്. വിവിധ രീതികളിലാണ് അച്ചടക്കത്തെക്കുറിച്ചുള്ള ചിന്തയും വ്യാറഖ്യാനവുമെങ്കിലും അതില്ലാത്ത സഭാ-സമൂഹ ജീവിതം തികച്ചും പരാജയമായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ.

3. എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും അച്ചടക്കം നിര്‍ബന്ധബുദ്ധ്യാ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. അപ്രകാരമല്ലാതെ ചിട്ടയിലും ക്രമത്തിലും പ്രവര്‍ത്തിക്കുവാനോ ഭൗതികമായ പുരോഗതി പ്രാപിക്കുവാനോ സാധ്യമല്ല.

4. തിരുസ്സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്തീയമായ സ്നേഹത്തിന്റെ വെളിച്ചത്തിലാണ് അച്ചടക്കം പരിശീലിക്കപ്പെടുന്നത്. ശിക്ഷണത്തിന്റെ യഥാര്‍ത്ഥകാരണം സ്നേഹമാണ്. വ്യക്തിയെ അനുതാപത്തിലേക്ക് നയിക്കാനുതകും വിധമായിരിക്കണം തിരുസ്സഭ അച്ചടക്കം പരിശീലിപ്പിക്കേണ്ടത് എന്ന് വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ കാഴ്ചപ്പാടാണ്.

5. 20-ാം നൂറ്റാണ്ട് വരെ അച്ചടക്കം തിരുസ്സഭയില്‍ പ്രഥമപരിഗണനയുള്ള വിഷയങ്ങളില്‍ ഒന്നായിരുന്നു. സ്വയം നവീകരിക്കുന്നതിനേക്കാള്‍ സമൂഹത്തെ നവീകരിക്കുന്നതില്‍ ശ്രദ്ധ ചെലുത്താനാരംഭിച്ചതോടെ അകത്തളങ്ങളിലെ അച്ചടക്കചിന്തകള്‍ തിരുസ്സഭക്ക് സാവധാനം കൈമോശം വരാന്‍ തുടങ്ങി.

6. തിരുസ്സഭയില്‍ അച്ചടക്കം ശീലിക്കാന്‍ പരാജയപ്പെടുമ്പോള്‍ സുവിശേഷപ്രഘോഷണം, സുവിശേഷവത്കരണം, സഭാരൂപീകരണം എന്നിവയും സാവധാനം വെല്ലുവിളിക്കപ്പെടുന്നു. ചെയ്യരുതാത്തത് ചെയ്യുന്നവരെ തിരുത്താനും തിരുത്തലിലൂടെ തിരിച്ചുകൊണ്ടുവരാനും തിരുസ്സഭ മടികാണിച്ചുതുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്രചിന്തകളുടെ ആവിര്‍ഭാവത്തോടെയും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധിയായ അബദ്ധസിദ്ധാന്തങ്ങള്‍ പ്രചാരത്തിലായതോടെയുമാണ്.

7. അച്ചടക്കനടപടികളുടെ എക്കാലത്തേയും ഉദ്ദേശം തിരിച്ചുകൊണ്ടുവരലും പുനസ്ഥാപനവുമാണ്. തിരുസ്സഭയുടെ നിലവിലുള്ള സംവിധാനങ്ങള്‍ അന്യൂനം പരിപാലിക്കപ്പെടുന്നതിന് അത്തരം നടപടികള്‍ അനിവാര്യമാണ് താനും.

8. അച്ചടക്കത്തിന്റെയും തിരുസ്സഭയുടെ നന്മകളുടെയും ദുരുപയോഗം തിരുസ്സഭ ഗൗരവത്തിലെടുക്കുകയും അത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കുകയും ചെയ്യുന്നില്ലായെങ്കില്‍ അത് തിരുസ്സഭയില്‍ ശേഷിക്കുന്നവര്‍ക്ക് സഭയുടെ സംവിധാനമികവിലുള്ള വിശ്വാസം നഷ്ടപ്പെടാനും അവരുള്‍പ്പെടുന്ന സമാനസാഹചര്യങ്ങളില്‍ എതിര്‍മനോഭാവങ്ങള്‍ രൂപപ്പെടാനും കാരണമാകും.

തിരുസ്സഭയിലെ അച്ചടക്കത്തെയും അച്ചടക്ക നടപടികളെയും കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. കെട്ടുറപ്പുള്ള സമൂഹത്തിന് അച്ചടക്കം അനിവാര്യതയാണ്. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് സ്വയം വിശ്വസിക്കുകയും അത് കുറച്ചധികം ആളുകളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിലവിലിരിക്കുന്ന സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അക്രമമാണ് പ്രവര്‍ത്തിക്കുന്നത്. നൈയ്യാമികമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയല്ലാതെ തെറ്റിനെതിരേ പൊരുതാന്‍ വേറെ വഴികളില്ല. അത്തരം നടപടികളില്‍ മറ്റൊരാള്‍ ഇതിനുമുമ്പ് അതേ തെറ്റോ അതിലും ഗൗരവമായതോ ചെയ്തെന്ന് വാദിക്കുന്നതിലും കഴമ്പില്ല.

യഥാര്‍ത്ഥത്തില്‍ അധികാരത്തെയും അധികാരികളുടെ ഇടപെടലുകളെയും ദൈവികമായും നന്മയായും സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ സഭയുടെ കൂട്ടായ്മാചിന്തയില്‍ വ്യാപരിക്കുന്നവരല്ലെന്ന് വ്യക്തമാണ്. അത്തരക്കാര്‍ നിരന്തരമായി സഭാപരമായ ഇടപെടലുകളെ വിമര്‍ശിക്കുകയും എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരിക്കും.

സമാപനം

അയഞ്ഞ സംസാരങ്ങളുടെയും ആഴമില്ലാത്ത സംവാദങ്ങളുടെയും കാലത്ത് ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് ചോദിക്കുന്നവരോട് മറുപടി ഒന്നുമാത്രമേയുള്ളു – തിരുസ്സഭയുടെ ഔദ്യോഗികവിശദീകരണങ്ങളെ മാത്രം വിശ്വസിക്കുക. അതിനെ എതിര്‍ക്കുകയും വെല്ലുവിളിക്കുകയും വളച്ചൊടിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തിരുസ്സഭയുടെ അച്ചടക്കനടപടികളെ അതിന്റേതായ ചൈതന്യത്തില്‍ സ്വീകരിക്കാനും അതിന്റെ നന്മകളെ അംഗീകരിക്കാനും സാധിക്കുന്നില്ലായെങ്കില്‍ തിരുസ്സഭാമക്കളെന്ന നിലയില്‍ നാം പരാജിതരും ക്രൈസ്തവചൈതന്യത്തില്‍ നഷ്ടം സംഭവിച്ചവരുമായിരിക്കുമെന്ന് സാരം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy