റേഡിയോ മാറ്റൊലി – പ്രളയകാലത്തെ നീട്ടിയ കരം

ബാലകൃഷ്ണൻ ചെറുകര (മാറ്റൊലി ശ്രോതാവ്)

പ്രളയകാലത്ത് വയനാടിന് വലിയൊരളവിൽ ആശ്വാസമായത് റേഡിയോ മാറ്റൊലിയായിരുന്നു. നിർത്താതെ മഴപെയ്തിറങ്ങുമ്പോൾ റേഡിയോ പ്രവർത്തകർ ജാഗരൂകരായിരുന്നു. നീട്ടി വിളിച്ചാലും കേൾക്കാനാവാത്ത വിധം മലവെള്ളം വിഭജിച്ച തൊട്ടടുത്ത വീടുകൾക്കും, ആളുകൾക്കും, സ്ഥലങ്ങൾക്കുമിടയിൽ ശബ്ദവീചികളാൽ പാലം പണിയാൻ. വിവരങ്ങൾ അറിയാനും അറിയിക്കാനും ജില്ലാ ഭരണകൂടം മുതൽ സാധാരണക്കാർ വരെ ആശ്രയിച്ചത് മാറ്റൊലിയെ ആയിരുന്നു.

റേഡിയോ പോലൊരു മാധ്യമത്തിന് പ്രവൃത്തിക്കാൻ മറ്റ് മാധ്യമങ്ങളെപ്പോലെ ഒരുപാട് സംവിധാനങ്ങൾ ആവശ്യമില്ല എന്നതാണ് മഴയോടൊപ്പം പെയ്തിറങ്ങിയ ആശങ്കകൾക്കും മനുഷ്യരുടെ വേദനകൾക്കും ഇടയിൽ ആശ്വാസത്തിന്റെ കുട നിവർത്തിപ്പിടിക്കാൻ മാറ്റൊലിയെ സഹായിച്ചത്. പ്രക്ഷേപണ കേന്ദ്രത്തിൽ മാത്രമല്ല, റേഡിയോ തരംഗങ്ങൾ സ്വീകരിക്കുന്ന യന്ത്രങ്ങളിലുമുള്ള ലാളിത്യം റേഡിയോയെ അതിജീവനത്തിന്റെ മാധ്യമമായി മാറ്റുന്നു. കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റേഡിയോ വൈദ്യുതിയില്ലാതെയും ദിവസങ്ങളോളം പ്രവൃത്തിപ്പിക്കാനാകും എന്നതാണ് അതിന്റെ മെച്ചം. വൈദ്യുതിയില്ലാതെയും, കേബിൾ മുറിഞ്ഞുമൊക്കെ പ്രക്ഷേപണം നിലച്ചുപോകുന്ന ദൃശ്യമാധ്യമങ്ങൾക്കും, ഗതാഗത സംവിധാനങ്ങൾ താറുമാറായതിനാൽ മിക്ക സ്ഥലങ്ങളിലും വിതരണം മുടങ്ങിപ്പോകുന്ന അച്ചടി മാധ്യമങ്ങൾക്കും ബദലായ അവശ്യമാധ്യമമാണ് റേഡിയോ .

കോരിച്ചൊരിയുന്ന മഴയിൽ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും, ദുരന്തനിവാരണത്തെക്കുറിച്ചുള്ള അറിയിപ്പുകളും നിരന്തരമായി മാറ്റൊലി നൽകിക്കൊണ്ടിരുന്നു. ഇടയ്ക്കിടെയുണ്ടായിരുന്ന ലൈവ് ഫോൺ ഇൻ പ്രോഗ്രാമുകളിലേക്ക് ഇടമുറിയാതെ വന്ന ഫോൺ വിളികൾ ദുരിതകാലത്തെ ഏക ആശ്രയമായി റേഡിയോ മാത്രമുണ്ടായിരുന്ന ആളുകളുടെ ബാഹുല്യം ഓർമപ്പെടുത്തി. വയനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കാര്യങ്ങൾ അതാത് പ്രദേശവാസികൾ റേഡിയോവഴി അപ്പപ്പോൾ അറിയിച്ചുകൊണ്ടിരുന്നു. ഓരോ സ്ഥലങ്ങളിലേയും ദുരിതബാധിതരെക്കുറിച്ച്, ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച്, അവിടേക്കാവശ്യമായ സാധനങ്ങളെക്കുറിച്ച്, ഗതാഗതം നിലച്ചുപോയ വഴികളെക്കുറിച്ച്, പലയിടങ്ങളിലേക്കും എത്തിപ്പെടാനുള്ള ബദൽവഴികളെക്കുറിച്ച് ഒക്കെ ലൈവ് വിവരങ്ങൾ റേഡിയോവഴി പ്രക്ഷേപണം ചെയ്തു കൊണ്ടേയിരുന്നു. കൺവെട്ടത്തില്ലാത്ത ഉറ്റവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത പലരും റേഡിയോയിലേക്ക് വിളിച്ച് അന്വേഷിച്ചിരുന്നു. ഓരോ പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവിടെയുള്ളവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ഒക്കെ നൽകി ഒരുപാട് പേരെ സഹായിക്കാനും ആശ്വസിപ്പിക്കാനും റേഡിയോയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം റേഡിയോ പ്രവർത്തകരുടെ ഊണും ഉറക്കവും ഒക്കെ മാറ്റൊലി നിലയത്തിലായിരുന്നു. അവരുടെയൊക്കെ നിസ്വാർത്ഥമായ സേവന മനോഭാവമാണ് മഴ പെയ്ത മാനത്തു നിന്നുതന്നെ ആശ്വാസത്തിന്റെ, ആശ്രയത്തിന്റെ ശബ്ദവീചികളായി പെയ്തിറങ്ങിയതും. വയനാട് എന്ന വലിയ വീടിന്റെ വെള്ളം കയറാത്ത ഒരു മുറി മാത്രമായിരുന്നു മാറ്റൊലി. അവിടെയിരുന്ന് തൊട്ടടുത്ത മുറികളിൽ ദുരിതത്തിൽ പെട്ടു പോയവർക്കായി ചെയ്യാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു എന്ന ചാരിതാർത്ഥ്യത്തോടെ എല്ലാ റേഡിയോ പ്രവർത്തകർക്കും, വിശ്വാസത്തിലെടുത്ത് കൂടെ നിർത്തുന്ന ജില്ലാ ഭരണകൂടത്തിനും, വിവരങ്ങൾ നൽകി സഹായിക്കുന്ന നല്ലവരായ എല്ലാ കൂടപ്പിറപ്പുകൾക്കും ഹൃദയംഗമമായ നന്ദി. നമ്മുടെ നാടിനായി കോർത്തകരങ്ങൾ ഇത്തിരി കൂടി മുറുക്കിപ്പിടിക്കാം നമുക്ക്. നഷ്ടപ്പെട്ടതൊക്കെ തിരികെ പിടിക്കാം. ഇനിയൊരു ദുരന്തത്തെ ഒരുമിച്ച് ചെറുക്കാം.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy