ഒരു നുറുങ്ങ് ചിന്ത

Fr. Jose Kappiarumala

താളം തെറ്റിയ പ്രപഞ്ചം ചില ചിന്തകൾ നമ്മുടെ മുൻപിൽ വെക്കുന്നില്ലേ എന്നൊരു സന്ദേഹം

(1)വെള്ളം

ചെറു കുപ്പിയിൽ
നമ്മുടെ ഹാൻഡ് ബാഗിൽ ഒതുങ്ങാൻ മാത്രം വിനയമുള്ളവൾ….
പക്ഷേ താളം തെറ്റിയപ്പോൾ…
തന്‍റെ സ്വച്ഛ സഞ്ചാരത്തിന് വിഘ്‌നം നേരിട്ടപ്പോൾ…
അവൾ സംഹാരതാണ്ഡവമാടി….
നമ്മുടെ ഗോപുരങ്ങൾ, മിനാരങ്ങൾ, ദേവാലയങ്ങൾ, വൻ മരങ്ങൾ
എല്ലാം കടലാസുതോണി പോലെ ചിതറി തെറിച്ചു …………….

(2)മണ്ണ്

സർവ്വേ കല്ലും അതിർത്തി കല്ലുമിട്ട്‌
എന്‍റെ എന്ന് പറഞ്ഞു കൊണ്ട് നടന്ന എന്‍റെ കാമിനി…
ഡാറ്റാ ബാങ്കിലെ പഴകിയ താളിൽ അടയിരുന്നവൾ ….
ഒന്ന് കുലുങ്ങി ചിരിച്ചപ്പോൾ
നമ്മൾ ശ്മശാനത്തിൽ ശവം തേടുന്നവർ ആയി ………………

(3)വായു

നാം പോലുമറിയാതെ നമ്മെ തഴുകി കടന്നുപോയവൾ ….
ഊർദ്ധ്വ ശ്വാസം വലിക്കുന്നവർക്കായ്
ഓക്‌സിജൻ സിലിണ്ടറിൽ ശ്വാസം മുട്ടി കഴിഞ്ഞവൾ ……..
ഒന്ന്‌ ദീർഘ നിശ്വാസം എടുത്തപ്പോൾ
നമ്മുടെ ഗോപുരങ്ങൾ, മന്ദിരങ്ങൾ …
എല്ലാം അപ്പൂപ്പൻ താടിപോലെ കാറ്റിൽ പറന്നു …
ഇത് പകപോക്കലാണോ ???
അതോ അതിജീവനത്തിനായുള്ള
അവളുടെ അവസാന പിടച്ചിലുകളോ ??
അറിയില്ല, ഒന്നു മറിയാത്ത ഒരു കുട്ടിയെ പോലെ …
പൂര പറമ്പിൽ അച്ഛന്റെ കരം വിട്ടു പോയ ഒരു കുട്ടിയെ പോലെ …
വല്ലാത്ത ഒരു വിഹ്വലത …..
കാറ്റ് ഒന്ന് മാറി വീശിയിരുന്നെങ്കിൽ ….
പുഴ ഒന്ന് മാറി ഒഴുകിയിരുനെങ്കിൽ ….
ഇങ്ങനെ ചിന്തിക്കാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല എന്നത്
എന്നെ അത്രമേൽ ചകിതനാക്കുന്നില്ല ….
എങ്കിലും ഞാൻ മറന്നാലും എന്നെ മറക്കാത്ത ഒരു ദൈവം ഉണ്ടെന്ന ചിന്ത
എന്നെ ശുഭാപ്തി വിശ്വാസി ആക്കുന്നു

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy