നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ലേ?

ഫാദർ ജെൻസൺ ലാസലെറ്റ്

എനിക്കുറപ്പാണ് ഈയൊരു പ്രശ്നം നമുക്കെല്ലാവർക്കും ഉണ്ടാകുമെന്ന്;
പ്രാർത്ഥനയിൽ സ്ഥിരത നഷ്ടപ്പെടുന്ന പ്രശ്നം.

ഒരു സുഹൃത്ത് പങ്കുവെച്ച അനുഭവം.
“ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ പതിവായി പള്ളിയിൽ പോകാനോ ധ്യാനിക്കാനോ കഴിയാറില്ല.
അപ്പോഴാണ് യു ട്യൂബിലൂടെ
ആധ്യാത്മിക പ്രഭാഷണങ്ങൾ
കേൾക്കാൾ തുടങ്ങിയത്.

ആദ്യമെല്ലാം ഉത്സാഹത്തോടെയാണ്
അവ കേട്ടത്. എന്നാൽ പിന്നീട് സംഭവിച്ചത് ഏറെ വേദനാജനകമാണ്.
യു ട്യൂബിലെ വീഡിയോകളുടെ ഇടയിൽ പരസ്യങ്ങൾ പലതും വല്ലപ്പോഴും കയറിവരാറുണ്ടല്ലോ?
അവയിൽ നല്ലതും മോശമായതും ഉണ്ട്.

എങ്ങനെയോ ഒരു തവണ
നല്ലതല്ലാത്ത ഒരു പരസ്യത്തിൽ ക്ലിക്ക് ചെയ്തതായിരുന്നു തുടക്കം.
പിന്നീട് അത് ശീലമായി.
ഇപ്പോൾ അത്തരം വീഡിയോകളാണ് കൂടുതലായി കാണുന്നത്.
മാത്രമല്ല ഒട്ടും പ്രാർത്ഥിക്കാനും പറ്റുന്നില്ല. വല്ലാത്തൊരു കുറ്റബോധമാണ് മനസു നിറയെ.”

ഞാൻ അവൻ്റെ പ്രശ്നങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചു. അപ്പോൾ എനിക്ക് ലഭിച്ച
ചില ബോധ്യങ്ങൾ നിങ്ങളുമായ് പങ്കുവയ്ക്കട്ടെ. ഇത്തരം സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഇത് സഹായകരമാകുമെന്ന് കരുതുന്നു.

* പ്രാർത്ഥന സമയം പ്രാർത്ഥനക്കായ് മാത്രം മാറ്റി വയ്ക്കുക. ചിലപ്പോൾ പ്രാർത്ഥനയിൽ
പല വിചാരങ്ങൾ കടന്നു വന്ന്
പ്രാർത്ഥന അനുഭവമാകാതിരുന്നാൽ പോലും ദൈവസന്നിധിയിൽ ആയിരിക്കാൻ ശ്രമിക്കുക.

* നിങ്ങളെ ബാധിച്ചിരിക്കുന്ന ബന്ധനത്തിൽ നിന്ന് വിടുതൽ ആഗ്രഹിച്ച്, പ്രാർത്ഥിക്കുക.

* ഏത് വലിയ പിശാചിനെയും പുറത്താക്കാൻ കെല്പുള്ളവനാണ് ക്രിസ്തു എന്ന് വിശ്വസിക്കുക. ( Ref ലൂക്ക 4:31-37).

* ഉറങ്ങാൻ പോകുന്നതിനു മുമ്പ് വചനമോ, ആത്മീയ ഉണർവു നൽകുന്ന പുസ്തകങ്ങളോ അല്പനേരം വായിക്കുക.

* നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടും അധ്യാത്മിക ഗുരുവിനോടും നിങ്ങൾക്കായ് പ്രാർത്ഥിക്കണമെന്ന് പറയുക.

ഇതോടൊപ്പം തന്നെ ഭൗതിക കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ അതിന് സഹായകരമാകും.

* കൃത്യസമയത്ത് ഉറങ്ങാൻ പോകുക.
ആ സമയം നിർബന്ധമായും മൊബൈൽ ഫോൺ കയ്യെത്താ ദൂരത്ത് വയ്ക്കുക.

* സമൂഹമാധ്യമങ്ങളിൽ നിങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമെന്ന് തോന്നുന്ന വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കുക. അതോടൊപ്പം അനുബന്ധമായി വരുന്ന പരസ്യങ്ങളിലേക്കോ പരിചിതമല്ലാത്ത സൈറ്റുകളിലേക്കോ അധികം ‘യാത്ര’ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

* നിങ്ങളുടെ സൗഹൃദമാഗ്രഹിച്ച് വരുന്ന ചാറ്റുകൾക്കും മെസേജുകൾക്കും എപ്പോഴും മറുപടി നൽകണമെന്ന് നിർബന്ധമില്ല.

* നിങ്ങൾക്ക് ശരീരത്തിന് വിശ്രമം ആവശ്യമുള്ളതുപോലെ തന്നെ
മൊബൈലിനും ഇൻ്റർനെറ്റിനും
വിശ്രമം അനുവദിക്കുക!

സെപ്തംബർ 19 നാണ്
പരിശുദ്ധ ലാസലെറ്റ് മാതാവിൻ്റെ
പ്രത്യക്ഷ തിരുനാൾ.
അമ്മയുടെ ഈ ഓർമപ്പെടുത്തൽ
നമുക്ക് ശക്തിപകരട്ടെ:

” മക്കളേ, നിങ്ങൾ നന്നായി
പ്രാർത്ഥിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥിക്കണം.
കൂടുതൽ സമയമുള്ളപ്പോൾ
കൂടുതൽ പ്രാർത്ഥിക്കണം.
ചുരുങ്ങിയത് ഒരു സ്വർഗ്ഗസ്ഥനായ പിതാവേ,
നന്മനിറഞ്ഞ മറിയമേ
എന്നിവയെങ്കിലും ചൊല്ലണം.”

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy