നിലയ്ക്കാത്ത വിലാപങ്ങള്‍

ഫാ. ജോസഫ് നെച്ചിക്കാട്ട്

ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളതിലേക്കും പ്രഗല്ഭനായ ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു ഡോ. ബര്‍ണാര്‍ഡ് നാഥാന്‍സണ്‍ (1926-2011). അതിസമര്‍ത്ഥമായി ഭ്രൂണഹത്യ നടത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ മികവ്.
കേവലം ഒന്‍പതു കൊല്ലക്കാലത്തിനിടയ്ക്ക് (1970-79) ഏതാണ്ട് 75,000 ഭ്രൂണഹത്യകള്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിട്ടുണ്ട്. അതില്‍ 5000 ത്തോളം അദ്ദേഹം ഒറ്റയ്ക്കു നടത്തിയവയുമാണ്. ഭ്രൂണഹത്യാരാജന്‍(Abortion King) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതും. അതുകൊണ്ടുതന്നെ അനേകം തരുണീമണികള്‍ അദ്ദേഹത്തിന്‍റെ പിന്നാലെ അടുത്തുകൂടിയിരുന്നു. ഒരു തികഞ്ഞ നാസ്തികയഹൂദനെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ ഒരു മനസ്സാക്ഷിക്കടിയും അദ്ദേഹത്തിന് അനുഭവപ്പെട്ടതുമില്ല.
അന്നൊരിക്കല്‍ കൃത്യമായി പറഞ്ഞാല്‍ 1979 ല്‍ വെറും 12 ആഴ്ചകള്‍മാത്രം വളര്‍ച്ച പ്രാപിച്ച ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ കഴുത്തിന് അദ്ദേഹം കത്തിവയ്ക്കുകയായിരുന്നു. അള്‍ട്രാസൗണ്ട് ടെക്നിക്കുകള്‍ ഏതാണ്ട് ഇന്നത്തെ നിലയിലെത്തിയ കാലമായിരുന്നതുകൊണ്ട്, താന്‍ കത്തിവച്ചു തുടങ്ങിയ ആ ശിശുവിന്‍റെ ശബ്ദവും ചലനവും അദ്ദേഹത്തിനു ശരിക്കും നിരീക്ഷിച്ചറിയാന്‍ കഴിഞ്ഞു – പ്രസ്തുത ടെക്നിക്കിലൂടെ. അദ്ഭുതം! വെറും മൂന്നുമാസമെത്തിയ കുഞ്ഞ് ‘അരുതേ’ ‘അരുതേ’ എന്നു പറഞ്ഞുകൊണ്ടു തലതിരിക്കുന്നു!
ആ ചിത്രം നാഥാന്‍സണ്ണിനെ വളരെയേറെ വേദനിപ്പിച്ചു. ഈ ഭ്രൂണത്തിന്‍റെപോലും പ്രതികരണം ഇത്രമാത്രമെങ്കില്‍ കൂടുതല്‍ വളര്‍ച്ചയിലെത്തിയ കുഞ്ഞുങ്ങളുടേത് എത്രയോ അധികമായിരിക്കും – അദ്ദേഹം ചിന്താകുലനായി. കഷ്ടം! ഏതാണ്ട് 80,000 ത്തോളം കൊലപാതകങ്ങള്‍ക്കു താന്‍ മുന്‍കൈ എടുത്തില്ലേ? മനഃസാക്ഷി കടന്നല്‍കൂട്ടങ്ങളെപ്പോലെ അദ്ദേഹത്തെ ആക്രമിച്ചു തുടങ്ങി. അദ്ദേഹം ആകെ അസ്വസ്ഥനായി. അവിടെവച്ച് അദ്ദേഹം ഒരു തീരുമാനമെടുത്തു. ഇനി ഒരിക്കലും ഞാന്‍ ഈ പരിപാടിക്കില്ല. അത് അത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ അവസാനത്തെ ഓപ്പറേഷനായിരുന്നു!
ഭ്രൂണഹത്യാരാജനായ സാക്ഷാല്‍ ബര്‍ണാര്‍ഡ് നാഥാന്‍സണ്‍ പുറത്തിറങ്ങിയത് പുതിയൊരു മനുഷ്യനായിട്ടാണ്, Pro-Life Movement ന്‍റെ വലിയൊരു പ്രവാചകനായി – ഒരിക്കല്‍ മതപീഡകനായിരുന്ന സാവൂള്‍ തീക്ഷ്ണത നിറഞ്ഞ പൗലോസ് ആയി മാറിയതുപോലെ.
കൂടുതല്‍ പഠിച്ചൊരുങ്ങി 1984 ല്‍ അദ്ദേഹം പുതിയൊരു ഫിലിം തയ്യാറാക്കി – ‘The Scream’ എന്ന പേരില്‍. ഒരു ഗര്‍ഭസ്ഥശിശുവാണ് അതിലെ പ്രതിപാദ്യം.
നാഥന്‍സണ്ണിന്‍റെ അഭിപ്രായപ്രകാരം ഗര്‍ഭധാരണനിമിഷം മുതല്‍ ഒരു സ്വതന്ത്രശരീരം മാതാവിന്‍റെ ഉദരത്തില്‍ ഉദയം ചെയ്യുകയാണ്; എന്നുവച്ചാല്‍ അതോടെ ഒരു മനുഷ്യന്‍ അവിടെ രൂപപ്പെട്ടുകഴിഞ്ഞു എന്നു ചുരുക്കം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍, സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ ഒരു ശിശുവായി അതു പുറത്തുവന്നുകൊള്ളും. അതിനു ജീവിക്കുവാന്‍ അവകാശമുണ്ട്. അതിനെ കൊല്ലുന്നതു പാതകമാണ്. അതാണ് തികച്ചും ശാസ്ത്രീയമായി അദ്ദേഹം സമര്‍ത്ഥിച്ചുകൊടുക്കുന്നത്.
ഏലി വീസലിന്‍റെ സുപ്രസിദ്ധമായൊരു ഗ്രന്ഥമാണ് The Night 1986 ല്‍ നോബല്‍സമ്മാനം നേടിയ കൃതി. ജര്‍മ്മനിയിലെ ഔഷ്വിറ്റ്സിലെയും മറ്റും തടങ്കല്‍പ്പാളയങ്ങളില്‍ നാസികള്‍ നടത്തിയ കൊടുംപാതകങ്ങളാണ് പ്രതിപാദ്യം. അതിലെ മൂന്നാം അധ്യായം നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ വലിയൊരു കിടങ്ങിലെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിയുന്ന രംഗമാണ്…
‘അഗ്നികുണ്ഡത്തിന്‍റെ അടുത്തേക്കു ട്രക്കുകള്‍ കടന്നുകടന്നുവരുന്നു. അവ നിറയെ പിഞ്ചുകുഞ്ഞുങ്ങളാണ്. ഒരു മടിയും കൂടാതെ ഓരോന്നിനെയും എടുത്തെടുത്ത് അവര്‍ അഗ്നിജ്വാലയിലേക്ക് എറിഞ്ഞിട്ടു കൊടുത്തുകൊണ്ടിരിക്കുന്നു…
“ആ പിഞ്ചുകുഞ്ഞുങ്ങളുടെ കോമളമുഖങ്ങള്‍
ഇപ്പോഴും എന്‍റെ ഓര്‍മ്മയില്‍.
ആ ജീവശരീരങ്ങള്‍ പുകപടലങ്ങളായി അന്തരീക്ഷത്തില്‍ ഉയരുന്നതു ഞാന്‍ കണ്ടു…”
എന്താണ് ആ കുഞ്ഞുങ്ങളോടു അത്ര വലിയ ക്രൂരത കാണിക്കുവാന്‍ കാരണം! എന്തുതെറ്റാണ് കറയില്ലാത്ത ആ പിഞ്ചോമനകള്‍ കാട്ടിക്കൂട്ടിയത്? അവര്‍ നാസികളുടെ ശത്രുക്കളായിരുന്നു – യഹൂദരുടെ കുഞ്ഞുങ്ങള്‍.
ആബേലിനെ ചതിയില്‍പ്പെടുത്തിയാണ് കായേന്‍ കാര്യം സാധിച്ചത്, വധിച്ചത്. കായേന്‍റെ കാഴ്ചപ്പാടില്‍ ആബേല്‍ അവന്‍റെ ശത്രുവായിരുന്നു!
ബത്ലഹമിലും പരിസരങ്ങളിലുമുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും ഹേറോദേസ് ആളയച്ചു വധിച്ചു. കായേന്‍റേതുപോലെയായിരുന്നു ഹേറോദേസിന്‍റെയും കാഴ്ചപ്പാട് – ഒക്കെ തന്‍റെ പ്രതിയോഗികളായിരുന്നു!
ബത്ലഹേമിലും പരിസരങ്ങളിലും കഴുത്തറ്റുകിടന്നു പിടയുന്ന കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത് അവരുടെ അമ്മമാര്‍ വാവിട്ടു കരഞ്ഞു! അവിടെ തളം കെട്ടിക്കിടന്ന രക്തംകണ്ട്, ആ കൂട്ടക്കരച്ചില്‍കേട്ട് റാമായിലെ കല്ലറയില്‍ കിടക്കുന്ന പിതാമഹിയായ റാഹേലിന്‍റെ അസ്ഥിപഞ്ജരങ്ങള്‍പോലും വിലപിച്ചു. അവളുടെ അടക്കാനാവാത്ത വിങ്ങിപ്പൊട്ടല്‍ (മത്താ. 2:18)!
ഒരു മാതാവില്‍നിന്നു പുറത്തുവരുന്നത് അവളുടെ രക്തമല്ല – അവിടെ കഴുത്തറുക്കപ്പെട്ട കുഞ്ഞിന്‍റെ ജീവരക്തമാണ്. ‘അരുതേ, അരുതേ, അമ്മേ കൊല്ലരുതേ’ എന്നു പറഞ്ഞു പിടയുന്ന കുഞ്ഞിന്‍റെ നിസ്സഹായത നിറഞ്ഞ നിലവിളി!
രംഗം കാണുന്ന ദൈവം ആബേലിന്‍റെയും, ഔഷ്വിറ്റ്സിലെ കുഞ്ഞുങ്ങളുടെയും കാര്യത്തിലെന്നപോലെ പ്രതികരിക്കുമോ? റാഹേലിനെപ്പോലെ വിലപിക്കുന്നുണ്ടാവുമോ? നമ്മുടെ ചിന്തയെ തടഞ്ഞുനിറുത്തുന്ന ചോദ്യങ്ങള്‍!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy