മാര്‍ ആന്റണി കരിയില്‍ പുതിയ വികാര്‍ ആര്‍ച്ച് ബിഷപ്പ്: ഫാ. വിൻസന്‍റ് നെല്ലായിപ്പറമ്പില്‍ ബിജ്നോർ രൂപതാധ്യക്ഷന്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ വികാര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ വിവിധ നിയമനങ്ങള്‍ സീറോ മലബാര്‍ സിനഡ് പ്രഖ്യാപിച്ചു. മാണ്ഡ്യ രൂപത മെത്രാനും സിഎംഐ സന്യാസ സഭാംഗവുമായ മാര്‍ ആന്റണി കരിയില്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികാര്‍ ആര്‍ച്ച്ബിഷപ്പ്. എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരായിരിന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്.

പ്രായ പരിധി എത്തിയതിനെ തുടര്‍ന്നു ബിജ്നോർ രൂപതാധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചതിനാല്‍ സിഎംഐ സഭാംഗമായ ഫാ. വിൻസന്‍റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ ബിഷപ്പായും നിയമിച്ചു. നിയമന ഉത്തരവ് കാക്കനാട് മൌണ്ട് സെന്‍റ് തോമസിലും അതേസമയം റോമിലും പുതിയ മെത്രാന്റെ നിയമനം പ്രഖ്യാപിച്ചു. രൂപതയ്ക്ക് വികാര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തു മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.

1950 മാർച്ച് 26 ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ ചേർത്തലക്കടുത്തുള്ള ചാലിൽ എന്ന സ്ഥലത്താണ് മാർ ആൻ്റണി കരിയിലിന്റെ ജനനം. സി. എം. ഐ കോൺഗ്രിഗേഷനിൽ അംഗമായ അദ്ദേഹത്തിൻ്റെ ആദ്യ വ്രതവാഗ്ദാനം 1967 മെയ് 16 നും പൗരോഹിത്യ സ്വീകരണം 1977 ഡിസംബർ 27 നും ആയിരുന്നു.1978 മുതൽ 1997 വരെ ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിന്റെ (ഇപ്പോഴത്തെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) പ്രൊഫസറായും പ്രിൻസിപ്പൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ പ്രിൻസിപ്പൽ ആയി 1997 മുതൽ 2002 വരെ ഇദ്ദേഹമായിരുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും കൊച്ചി രാജഗിരി ബിസിനസ് സ്കൂൾ ആൻഡ് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളോജിയുടെ ഡയറക്ടർ ആയും ചുമതല വഹിച്ചിട്ടുണ്ട്.

2002 മുതൽ 2008 വരെ സി. എം. ഐ സഭയുടെ പ്രിയോർ ജനറൽ ആയിരുന്നു. പിന്നീട്, കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിഷ്യൽ ആയി 2011 ലും ഇദ്ദേഹം നിയമിതനായി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് കന്നടയിൽ ഡിപ്ലോമയും ദൈവശാസ് ത്രത്തിൽ ബിരുദവും (ധർമ്മാരം വിദ്യാക്ഷേത്രം ബാംഗ്ളൂർ), ഫിലോസഫി (പൂനെ ജ്ഞാനദീപം വിദ്യാപീഠം) നേടിയിട്ടുണ്ട്. സോഷ്യോളജിയിൽ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘കേരളത്തിലെ സഭയും സമൂഹവും’, ‘തിരുവചസ്സ്’, ‘സുവർണ ചിന്തകൾ’ എന്നിവ അവയിൽ ചിലതാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy