2018 ലോകദൈവവിളി ദിനാചരണം

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ സന്ദേശം

പ്രിയ സഹോദരീ സഹോദരന്മാരേ,

മെത്രാന്മാരുടെ സിനഡിന്‍റെ 15-ാം സാധാരണ സമ്മേളനം അടുത്ത ഒക്ടോബറില്‍ നടക്കും. അതില്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയം യുവജനങ്ങള്‍, വിശ്വാസം, ദൈവവിളി എന്നിവ തമ്മിലുള്ള ബന്ധം എന്നതാണ്. സന്തോഷത്തിലേക്ക് ദൈവം നല്‍കുന്ന വിളി എങ്ങനെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തുള്ളതായിരിക്കുന്നുവെന്ന് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ഒരവസരമായിരിക്കും അത്. ഈ വിളി ഓരോ “യുഗത്തിലെയും സ്ത്രീപുരുഷന്മാരെ സംബന്ധിച്ച ദൈവിക പദ്ധതിയായിരിക്കുമെന്നും” ചിന്തിക്കാനുള്ള അവസരം തന്നെ (Synod of Bishops, XV Ordinary Genral Assembly, Young People, The Faith and Vocational Discernment, Introduction).

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനയുടെ അമ്പത്തിഅഞ്ചാം ലോകദിനം ഒരിക്കല്‍കൂടി ഉറപ്പോടെ ഈ സദ്വാര്‍ത്ത നമ്മെ അറിയിക്കുന്നു. നാം ആകസ്മികതയുടെ ഇരകളോ പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടവരോ അല്ല. നേരേമറിച്ച്, ഈ ലോകത്തിലെ നമ്മുടെ ജീവിതവും സാന്നിധ്യവും ദൈവികവിളിയുടെ ഫലമാണ്!

ദൈവം നമ്മെ കണ്ടുമുട്ടാന്‍ നിരന്തരം വരുന്നുവെന്ന് പ്രയാസങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടങ്ങളിലും മനുഷ്യാവതാര രഹസ്യം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. മിക്കപ്പോഴും നമ്മുടെ ജീവിതത്തിന്‍റെ പൊടിപടലം നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന, നമ്മോടുകൂടെയുള്ള ദൈവമാണ് അവിടുന്ന്. സ്നേഹത്തിനുവേണ്ടിയുള്ള ഉത്കണ്ഠനിറഞ്ഞ നമ്മുടെ ആഗ്രഹം അവിടുന്ന് അറിയുന്നു. അവിടുന്ന് നമ്മെ വിളിക്കുന്നു. വ്യക്തിപരവും സഭാപരവുമായ ഓരോ വിളിയുടെയും വൈവിധ്യത്തിലും അനന്യതയിലും ഒരു കാര്യം ആവശ്യമുണ്ട്: വചനം ശ്രവിക്കുക, വേര്‍തിരിച്ചറിയുക, ജീവിക്കുക. ഈ വചനം ഉന്നതത്തില്‍നിന്ന് നമ്മെ വിളിക്കുന്നു; നമ്മുടെ കഴിവുകളെ വികസിപ്പിക്കാന്‍ സഹായിക്കുന്നു; ലോകത്തില്‍ രക്ഷയുടെ ഉപകരണങ്ങളാക്കുന്നു; നമ്മെ സമ്പൂര്‍ണ സന്തോഷത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

ശ്രവിക്കുക, വിവേചിച്ചറിയുക, ജീവിക്കുക എന്നീ മൂന്നു വശങ്ങളും യേശുവിന്‍റെ തന്നെ ദൗത്യത്തിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്നു – പ്രാര്‍ത്ഥനയുടെയും മരുഭൂമിയിലെ പോരാട്ടത്തിന്‍റെയും ശേഷം അവിടുന്ന് നസ്രത്തിലെ സിനഗോഗു സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ. അവിടെ അവിടുന്ന് വചനം ശ്രവിച്ചു. പിതാവ് തന്നെ ഏല്‍പ്പിച്ച ദൗത്യത്തിന്‍റെ ഉള്ളടക്കം തിരിച്ചറിഞ്ഞു. ആ ദൗത്യം “ഇന്ന്” പൂര്‍ത്തീകരിക്കാന്‍ താന്‍ വന്നിരിക്കുന്നുവെന്ന് അവിടുന്നു പ്രഘോഷിക്കുകയും ചെയ്തു (ലൂക്കാ 4:16-21).

ശ്രവിക്കല്‍

തുടക്കത്തില്‍ത്തന്നെ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. കര്‍ത്താവിന്‍റെ വിളി നമ്മുടെ അനുദിനജീവിതത്തില്‍ കേള്‍ക്കുകയും കാണുകയും തൊടുകയും ചെയ്യുന്ന മറ്റു കാര്യങ്ങളെപ്പോലെ വ്യക്തമല്ല. ദൈവം നിശ്ശബ്ദനായി, രഹസ്യമായി, നമ്മുടെ സ്വാതന്ത്ര്യത്തെ തടയാതെ വരുന്നു. അതുകൊണ്ട് നമ്മുടെ മനസുകളെയും ഹൃദയങ്ങളെയും നിറയ്ക്കുന്ന അനേകം ആകുലതകളിലും താത്പര്യങ്ങളിലും അവിടുത്തെ വിളി മുങ്ങിപ്പോയെന്നു വരാം. അതുകൊണ്ട് അവിടുത്തെ വചനവും അവിടുത്തെ ജീവിതകഥയും ശ്രദ്ധാപൂര്‍വം കേള്‍ക്കേണ്ടത് എങ്ങനെയെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. അതേ സമയം, നമ്മുടെ അനുദിനജീവിതത്തിന്‍റെ വിശദാംശങ്ങളില്‍ ശ്രദ്ധിക്കുകയും വേണം. വിശ്വാസത്തിന്‍റെ കണ്ണുകള്‍കൊണ്ട് കാര്യങ്ങളെ എങ്ങനെ കാണാമെന്നു പഠിക്കാനും പരിശുദ്ധാത്മാവിന്‍റെ വിസ്മയിപ്പിക്കലിലേക്ക് തുറവുള്ളവരായിരിക്കാനും വേണ്ടിത്തന്നെ.

നാം നമ്മില്‍ത്തന്നെ അടച്ചു പൂട്ടിയിരുന്നാല്‍, നമ്മുടെ സാധാരണ കാര്യങ്ങളില്‍ത്തന്നെ വ്യാപരിച്ചാല്‍, തങ്ങളുടെ ജീവിതത്തെ തങ്ങളുടെ ചെറിയ ലോകത്ത് ഉരുക്കിക്കളയുന്നവരായി നിലകൊണ്ടാല്‍, നമ്മെ സംബന്ധിച്ച് ദൈവിക മനസ്സിലുള്ള സവിശേഷവും വ്യക്തിപരവുമായ വിളി നാം ഒരിക്കലും കേള്‍ക്കുകയില്ല. വലിയ കാര്യങ്ങളെ സ്വപ്നം കാണാനുള്ള അവസരം നമുക്കു നഷ്ടമാകും. നമ്മോടൊത്ത് ദൈവം എഴുതാന്‍ ഉദ്ദേശിക്കുന്ന അനന്യമായ കഥയില്‍ നമുക്ക് പങ്കില്ലാതാകും. യേശുവും വിളിക്കപ്പെട്ട് അയയ്ക്കപ്പെട്ടു. അതുകൊണ്ടാണ് നിശ്ശബ്ദതയിലുള്ള ധ്യാനം അവിടുത്തേക്ക് ആവശ്യമായി വന്നത്. അവിടുന്ന് സിനഗോഗില്‍ വചനം ശ്രദ്ധിച്ചു കേള്‍ക്കുകയും വായിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്‍റെ പ്രകാശവും ശക്തിയുംകൊണ്ട് അവിടുന്ന് അതിന്‍റെ പൂര്‍ണമായ അര്‍ത്ഥം വെളിപ്പെടുത്തി. തന്നെത്തന്നെയും ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തെയും പരാമര്‍ശിക്കുന്ന പൂര്‍ണമായ അര്‍ത്ഥത്തെത്തന്നെ.

കേള്‍ക്കുകയെന്നത് പ്രയാസമേറിയ കാര്യമായിത്തീരുകയാണ് ഇന്ന്. നമ്മള്‍ ശബ്ദംനിറഞ്ഞ സമൂഹത്തില്‍ മുങ്ങിക്കിടക്കുന്നു. വിവരങ്ങള്‍ നമ്മെ അമിതമായി ഉദ്ദീപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. നമ്മുടെ നഗരങ്ങളിലും അയല്‍പ്രദേശങ്ങളിലും ചിലപ്പോഴെല്ലാം പ്രബലപ്പെടുന്ന ബാഹ്യശബ്ദത്തോടൊപ്പം മിക്കപ്പോഴും നമ്മുടെ ആന്തരികമായ ചിതറലും ആശയക്കുഴപ്പവുമുണ്ടാകും. സ്വസ്ഥതയോടെയിരുന്ന് ധ്യാനത്തിന്‍റെ രുചി ആസ്വദിക്കാന്‍ തടസ്സമുണ്ടാകുന്നു.

നമ്മുടെ ജീവിതസംഭവങ്ങളെപ്പറ്റി വ്യക്തമായി ചിന്തിക്കാന്‍, ദൈവത്തിന്‍റെ സ്നേഹപൂര്‍ണമായ പദ്ധതികള്‍ വിശ്വസിച്ച് ആശ്രയിച്ച് നമ്മുടെ ജോലികള്‍ ചെയ്യാന്‍, ഫലപൂര്‍ണമായ ഒരു തിരിച്ചറിയല്‍ നടത്താന്‍ തടസ്സമുണ്ടാകുന്നു. എന്നാലും, നമുക്ക് അറിയാവുന്നതുപോലെ ദൈവരാജ്യം നിശ്ശബ്ദതയോടെ തടസ്സമില്ലാതെ വരുന്നു (ലൂക്കാ 17:21). അതിന്‍റെ വിത്തുകള്‍ ശേഖരിക്കാന്‍ ഏലിയാ പ്രവാചകനെപ്പോലെ നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങണം. ദൈവിക ഇളംകാറ്റിന്‍റെ മനസ്സിലാക്കാനാവാത്ത മൃദുലശബ്ദം കേള്‍ക്കാന്‍ നമ്മെത്തന്നെ തുറക്കണം (1 രാജാ 19:11-13).

വിവേചിച്ചറിയല്‍

യേശു നസ്രത്തിലെ സിനഗോഗില്‍ ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ ഒരു ഭാഗം വായിച്ചപ്പോള്‍ താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് ഏതു ദൗത്യത്തിനുവേണ്ടിയാണോ അതിന്‍റെ ഉള്ളടക്കം തിരിച്ചറിഞ്ഞു. മിശിഹായെ കാത്തിരിക്കുന്നവരുടെ മുമ്പില്‍ അത് അവതരിപ്പിച്ചു: “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19).

ഇതുപോലെ, നമ്മില്‍ ഓരോരുത്തര്‍ക്കും ആധ്യാത്മിക തിരിച്ചറിവിലൂടെ മാത്രമേ സ്വന്തം വിളി തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. “ഒരു വ്യക്തി മൗലികമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഒരു പ്രക്രിയയാണിത്- കര്‍ത്താവിനോട് സംഭാഷണം നടത്തിയും പരിശുദ്ധാത്മാവിന്‍റെ ശബ്ദം ശ്രദ്ധാപൂര്‍വം കേട്ടും നടത്തുന്ന തിരഞ്ഞെടുപ്പുകള്‍. അവയുടെ തുടക്കം ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പാണ്” (Synod of Bishops, XV Ordinary General Assembly, Youth, the Faith and Vocational Discernment, II 2).

അങ്ങനെ ക്രൈസ്തവ വിളിക്ക് എപ്പോഴും പ്രവാചകപരമായ ഒരു മാനമുണ്ടെന്ന് നാം കണ്ടെത്തുന്നു. പ്രവാചകര്‍ ജനങ്ങളിലേക്ക് അയയ്ക്കപ്പെട്ടത് ഭൗതികമായ വലിയ അരക്ഷിതത്വത്തിലും ആധ്യാത്മികവും ധാര്‍മികവുമായ സംഘര്‍ഷാവസ്ഥയിലുമാണെന്നും അവരെ അയച്ചത് ദൈവനാമത്തില്‍ മാനസാന്തരത്തിന്‍റെയും പ്രത്യാശയുടെയും ആശ്വാസത്തിന്‍റെയും സന്ദേശം അറിയിക്കാനാണെന്നും വിശുദ്ധ ഗ്രന്ഥം നമ്മോടു പറയുന്നുണ്ട്. കര്‍ത്താവിന്‍റെ വചനം മറന്നുകഴിഞ്ഞ മനസ്സാക്ഷികളുടെ മിഥ്യയായ പ്രശാന്തതയെ പ്രവാചകന്‍ ചുഴലിക്കാറ്റുപോലെ തകര്‍ക്കുന്നു. അദ്ദേഹം ദൈവത്തിന്‍റെ വാഗ്ദാനത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ വകതിരിച്ചറിയുന്നു. ചരിത്രത്തിന്‍റെ ഇരുണ്ട നിഴലുകള്‍ക്കിടയില്‍ പ്രഭാതത്തിന്‍റെ അടയാളങ്ങള്‍ കാണാന്‍ ജനങ്ങളെ ശക്തരാക്കുകയും ചെയ്യുന്നു.

ഇന്നും നമുക്ക് തിരിച്ചറിയലിന്‍റെയും പ്രവചനത്തിന്‍റെയും വലിയ ആവശ്യമുണ്ട്. ആദര്‍ശവാദത്തിന്‍റെയും നിഷേധാത്മകതയുടെയും പ്രലോഭനങ്ങളെ നാം തടഞ്ഞുനിറുത്തണം. കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധത്തില്‍, അവിടുന്നു നമ്മെ വിളിക്കുന്ന സ്ഥലങ്ങളെയും മാര്‍ഗങ്ങളെയും സാഹചര്യങ്ങളെയും നാം കണ്ടെത്തുകയും വേണം. ഓരോ ക്രൈസ്തവനും തന്‍റെ ജീവിതത്തെ “അതില്‍ത്തന്നെ” വായിച്ചറിയാന്‍വേണ്ട കഴിവ് വളര്‍ത്തണം. കര്‍ത്താവ് തന്‍റെ ദൗത്യം വഹിക്കാന്‍ വിളിക്കുന്നത് എവിടെയാണ്, എന്തിലേക്കാണ് എന്നൊക്കെ മനസ്സിലാക്കാനുള്ള കഴിവും വളര്‍ത്തണം.

ജീവിക്കല്‍

അവസാനമായി, അനേകരെ ആവേശംകൊള്ളിക്കുകയും മറ്റനേകരുടെ ഹൃദയം കഠിനമാക്കുകയും ചെയ്യുന്ന ഈ മണിക്കൂറിന്‍റെ പുതുമ യേശു അറിയിക്കുന്നു. സമയത്തിന്‍റെ പൂര്‍ണത വന്നുകഴിഞ്ഞു. അവിടുന്നാണ് ഏശയ്യാ പ്രവചിച്ച മിശിഹാ. ബന്ധിതരെ സ്വതന്ത്രരാക്കാനും അന്ധര്‍ക്കു കാഴ്ച നല്കാനും ഓരോ സൃഷ്ടിയോടും ദൈവത്തിന്‍റെ കരുണാപൂര്‍ണമായ സ്നേഹം പ്രഘോഷിക്കാനും വന്ന മിശിഹാ തന്നെ. യഥാര്‍ത്ഥത്തില്‍ യേശു പറയുന്നു: “ഇന്ന് നിങ്ങള്‍ കേള്‍ക്കെത്തന്നെ ഈ വിശുദ്ധ ലിഖിതം നിറവേറിയിരിക്കുന്നു” (ലൂക്കാ4:21).

ദൈവത്തെയും നമ്മുടെ സഹോദരീ സഹോദരന്മാരെയും കണ്ടുമുട്ടാന്‍ നമ്മെ തുറവുള്ളവരാക്കുന്ന സുവിശേഷത്തിന്‍റെ സന്തോഷം നമ്മുടെ അലസതയെയും മന്ദതയെയും നിലനിറുത്തുകയില്ല. തീരുമാനമെടുക്കുന്നതിന്‍റെ സാഹസികത ഇന്നുതന്നെ സ്വീകരിക്കാതിരുന്നാല്‍, ശരിയായ സമയം കാത്തിരിക്കുന്നുവെന്ന ഒഴിവുകഴിവു പറഞ്ഞ് ജനലിനരുകില്‍ നിന്നാല്‍ അത് നമ്മുടെ ഹൃദയത്തെ നിറയ്ക്കുകയില്ല. വിളി ഇന്നാണ്! ക്രൈസ്തവദൗത്യം ഇന്നാണ്! നമ്മില്‍ ഓരോരുത്തരും വിളിക്കപ്പെടുന്നു. അത് വിവാഹം ചെയ്തുകൊണ്ടുള്ള അല്മായ ജീവിതത്തിലേക്കായാലും പട്ടം സ്വീകരിച്ച് വൈദിക ജീവിതത്തിലേക്കായാലും സവിശേഷമായ സമര്‍പ്പണത്തിലേക്കായാലും നാം വിളിക്കപ്പെടുന്നു – ഇവിടെ, ഇപ്പോള്‍ കര്‍ത്താവിന്‍റെ സാക്ഷി ആകാന്‍ തന്നെ.

യേശു പ്രഘോഷിച്ച ഈ “ഇന്ന്” ഒരു കാര്യം ഉറപ്പുതരുന്നു. നമ്മുടെ മനുഷ്യവംശത്തെ രക്ഷിക്കാനും തന്‍റെ ദൗത്യത്തില്‍ നമ്മെ പങ്കാളികളാക്കാനും ദൈവം തന്‍റെ “ഇറങ്ങിവരവ്” തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ആ കാര്യം. പ്രത്യേകമായ അടുപ്പത്തോടെ തന്നോടൊത്തു ജീവിക്കാനും തന്നെ അനുഗമിക്കാനും മറ്റുള്ളവരെ വിളിക്കല്‍ കര്‍ത്താവ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. തന്നെ നേരിട്ടു സേവിക്കാന്‍ അവിടുന്ന് മറ്റുള്ളവരെ വിളിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ രാജ്യത്തിനുവേണ്ടി നമ്മെത്തന്നെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ അവിടുന്നു നമ്മെ വിളിക്കുന്നുവെന്നു തിരിച്ചറിയാന്‍ അവിടുന്ന് അനുവദിച്ചാല്‍ നാം ഒട്ടും ഭയപ്പെടരുത്. പൂര്‍ണമായും എന്നേക്കും ദൈവത്തിനും നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കുമായുള്ള സേവനത്തിനുംവേണ്ടി സ്വയം സമര്‍പ്പിക്കുകയെന്നത് മനോഹരമാണ് – വലിയ ദൈവകൃപയുമാണ്.
തന്നെ അനുഗമിക്കാന്‍ കര്‍ത്താവ് ഇന്ന് തന്‍റെ വിളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉദാരതയോടെ സമ്മതം പറയുന്നതിന് നാം പൂര്‍ണതയുള്ളവരാകാന്‍ കാത്തിരിക്കേണ്ടതില്ല; നമ്മുടെ പരിമിതികളും പാപങ്ങളും ഓര്‍ത്ത് ഭയപ്പെടുകയും വേണ്ട. മറിച്ച്, നമ്മുടെ ഹൃദയങ്ങളെ കര്‍ത്താവിങ്കലേക്കു തുറക്കണം. ആ ശബ്ദം കേള്‍ക്കാന്‍, സഭയിലും ലോകത്തിലുമുള്ള നമ്മുടെ ദൗത്യം തിരിച്ചറിയാന്‍ അവസാനമായി ദൈവം നമുക്കു നല്കുന്ന ഈ ദിവസം അതനുസരിച്ചു ജീവിക്കാന്‍ തന്നെ. അറിയപ്പെടാതെ ജീവിച്ചിരുന്ന ചെറുപ്പക്കാരിയായ ഏറ്റവും പരിശുദ്ധ കന്യകാമറിയം ശരീരമായിത്തീര്‍ന്ന ദൈവവചനത്തെ കേള്‍ക്കുകയും അനുഭവിച്ചറിയുകയും ചെയ്തു. അവള്‍ നമ്മുടെ യാത്രയില്‍ എപ്പോഴും നമ്മെ സംരക്ഷിക്കുകയും നമ്മോടൊപ്പമുണ്ടായിരിക്കുകയും ചെയ്യട്ടെ!

വത്തിക്കാനില്‍ നിന്ന്, 3 ഡിസംബര്‍ 2017.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy