കൂദാശകള്‍ ക്രിസ്തു നേരിട്ട് സ്ഥാപിച്ചതാണോ?

Noble Thomas Parackal

1545 മുതല്‍ 1563 വരെ വടക്കേ ഇറ്റലിയിലെ ട്രെന്‍റില്‍ വച്ചു നടന്ന സാര്‍വ്വത്രിക സൂനഹദോസ് ഇപ്രകാരം പ്രസ്താവിക്കുന്നു,
“വിശുദ്ധലിഖിതങ്ങളുടെ പ്രബോധനത്തോടും അപ്പസ്തോലികപാരന്പര്യങ്ങളോടും സഭാപിതാക്കന്മാരുടെ പൊതുസമ്മതത്തോടും ചേര്‍ന്നുനിന്നുകൊണ്ട്… പുതിയ നിയമത്തിലെ കൂദാശകളെല്ലാം… നമ്മുടെ കര്‍ത്താവായ ഈശോമിശിഹായാല്‍ സ്ഥാപിക്കപ്പെട്ടവയാണ്” (നം. 1547).
സഭയുടെ മതബോധനഗ്രന്ഥം 1114-ാം നന്പറില്‍ ഇത് ഏറ്റുപറയുന്നു. 

കത്തോലിക്കാസഭയുടെ കൂദാശകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂദാശകളെല്ലാം സഭയുടെ കണ്ടുപിടുത്തങ്ങളാണെന്ന് വാദിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. സഭാവിമര്‍ശകരുടെയും വിരോധികളുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഇത്തരം വാദഗതികളെങ്കിലും ആഴമായ പഠനമോ വ്യാഖ്യാനമോ പരിചയമില്ലാത്തവര്‍ ഇത്തരക്കാരുടെ കുപ്രചരണങ്ങളില്‍ വീണുപോകുന്നതും ഇവയെല്ലാം വിശ്വസിക്കുന്നതും സാധാരണമാണ്. അതിനാല്‍ പരിശുദ്ധ സഭയുടെ കൂദാശകളെല്ലാം ഈശോമിശിഹായാല്‍ത്തന്നെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന് പേര്‍ത്തും പേര്‍ത്തും നാം പറയേണ്ടിയിരിക്കുന്നു, പഠിപ്പിക്കേണ്ടിയിരിക്കുന്നു. 

ഈശോയുടെ ഈലോകജീവിതകാലത്ത് അവിടുന്ന്

പറഞ്ഞതും പ്രവൃത്തിച്ചതുമെല്ലാം രക്ഷകരമായിരുന്നു. എല്ലാം പൂര്‍ത്തിയാക്കപ്പെടുന്പോള്‍ തന്‍റെ തന്നെ ശരീരമായ തിരുസ്സഭക്ക് നല്കാനിരുന്നവയായിരുന്നു അവിടുന്ന് മുന്‍കൂട്ടി അറിയിക്കുകയും ഒരുക്കുകയും ചെയ്തുകൊണ്ടിരുന്നത്. ഈശോയുടെ ജീവിതത്തിലെ രഹസ്യങ്ങള്‍ സഭയിലൂടെയും അവളുടെ ശുശ്രൂഷകരിലൂടെയും കൂദാശകളിലൂടെയും ഈശോ പ്രദാനം ചെയ്യാനിരുന്നവ തന്നെയായിരുന്നു. അതിനാല്‍ ഈശോയുടെ ശരീരമാകുന്ന തിരുസ്സഭയില്‍ നിന്ന് പ്രവഹിക്കുന്ന ശക്തിയായി വേണം നാം കൂദാശകളെ മനസ്സിലാക്കുവാന്‍. 

 

സഭയും കൂദാശകളും

 

ഈശോയാണ് കൂദാശകള്‍ സ്ഥാപിച്ചത് എന്ന് ദൈവശാസ്ത്രപരമായി വ്യാഖ്യാനിക്കുന്പോഴും ഇന്ന് കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൂദാശകളെ അവയുടെ എണ്ണത്തിലും പേരിലും നിഷ്കൃഷ്ടമായ അര്‍ത്ഥത്തിലും ഈശോ സ്ഥാപിച്ചതായി ബൈബിളില്‍ നാം കാണുന്നില്ല. അപ്പോള്‍ എങ്ങനെയാണ് സഭ ഈശോയുടെ ജീവിതത്തിന്‍റെയും വചനത്തിന്‍റെയും അടിസ്ഥാനത്തില്‍ കൂദാശകളുടെ എണ്ണവും കര്‍മ്മവും പ്രാധാന്യവും നിശ്ചയിക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. 

 

വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസസത്യങ്ങളെയും സംബന്ധിച്ച “സകലസത്യത്തിലേക്കും” പരിശുദ്ധാത്മാവാണ് തന്നെ നയിക്കുന്നത് എന്നത് പരിശുദ്ധസഭയുടെ ചിരന്തനമായ ബോദ്ധ്യമാണ്. പരിശുദ്ധാത്മാവിന്‍റെ ഈ ശക്തി അനിര്‍ഗ്ഗളം പ്രവര്‍ത്തിക്കുന്നതിനാല്‍ “ദൈവികരഹസ്യങ്ങളുടെ വിശ്വസ്തയായ വിചാരിപ്പുകാരി”യാണ് തിരുസ്സഭ. ഈശോയുടെ ജീവിതത്തിന്‍റെയും വാക്കുകളുടെയും സാരാംശത്തെ പരിശുദ്ധമായ കൂദാശകളായി തിരിച്ചറിഞ്ഞ് അവയുടെ പരികര്‍മ്മത്തിന് സഭാത്മകമായ മാനവും രീതികളും തിരുസ്സഭ തന്നെ നിശ്ചയിക്കുന്നത് അതിനാലാണ്. സഭയുടെ ഏറ്റവും പരമോന്നതമായ ആരാധന, സുദീര്‍ഘമായ പാരന്പര്യം, നിരന്തരമായ പഠനങ്ങള്‍ എന്നിവയിലൂടെയെല്ലാം ഏഴു കൂദാശകള്‍ കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടവയാണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ വിവേചിച്ചറിഞ്ഞു. 

 

വചനവും കൂദാശകളും തമ്മിലുള്ള ബന്ധം

 

ഈശോ തന്‍റെ അപ്പസ്തോലന്മാരെ അയക്കുന്നത് “പാപമോചനത്തിനുള്ള അനുതാപം അവിടുത്തെ നാമത്തില്‍ എല്ലാ ജനതകളോടും പ്രഘോഷിക്കേണ്ടതിന്” (ലൂക്ക 24,47) ആണ്. “എല്ലാ ജനതകളെയും പഠിപ്പിക്കുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍” (മത്താ. 28,19). മാമ്മോദീസ എന്ന കൂദാശ പരികര്‍മ്മം ചെയ്യുന്നതിന് മുന്നോടിയായി അവരെ പഠിപ്പിക്കുക എന്നാണ് ഈശോ ആവശ്യപ്പെടുന്നത്. സുവിശേഷത്തിന്‍റെ പ്രഘോഷണവും വ്യാഖ്യാനവുമാണ് കൂദാശകളുടെ പരികര്‍മ്മത്തിന് മുന്നോടിയായി സംഭവിക്കേണ്ടത്. ദൈവവചനം പ്രഘോഷിക്കുന്നതിലൂടെ പാപമോചനത്തിനുള്ള അനുതാപമാണ് ഉദ്ഘോഷിക്കപ്പെടുന്നത്. ഇപ്രകാരം ദൈവവചനം പ്രഘോഷിക്കപ്പെടുന്പോള്‍ ആ വചനത്തോട് സമ്മതം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ തയ്യാറാകും. ദൈവവചനത്തോട് പ്രകടിപ്പിക്കപ്പെടുന്ന ഈ സമ്മതമാണ് വിശ്വാസം. ഈ വിശ്വാസമാണ് കൂദാശയുടെ സ്വീകരണത്തിന് ഏറ്റവും അനിവാര്യമായ ഒരുക്കം. 

 

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പൗരോഹിത്യജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ഡിക്രിയില്‍ നാം ഇപ്രകാരം വായിക്കുന്നു, “ജീവിക്കുന്ന ദൈവത്തിന്‍റെ വചനത്താലാണ് ദൈവജനം പ്രഥമത ഒരുമിച്ചു കൂട്ടപ്പെടുന്നത്… വചനപ്രഘോഷണം കൂദാശകളുടെ പരികര്‍മ്മത്തിന് തന്നെ ആവശ്യമുള്ളതാണ്. കാരണം, കൂദാശകള്‍ വിശ്വാസത്തിന്‍റെ കൂദാശകളാണ്, അവയുടെ ഉത്ഭവവും പോഷണവും വചനത്തില്‍ നിന്നാണ്” (PO, 4). ഇക്കാരണത്താലാണ് കൂദാശകളുടെ പരികര്‍മ്മത്തിന് മുന്നോടിയായി ദൈവവചനത്തിന്‍റെ വായനയും വ്യാഖ്യാനവും നടത്തുന്നത്. ദൈവവചനം വായിച്ച് കാലോചിതമായും പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയുടെ പശ്ചാത്തലത്തിലും വ്യാഖ്യാനിക്കുന്നത് ദൈവജനത്തിന് നല്കുന്ന ശുശ്രൂഷയും അവര്‍ പ്രബോധനം നല്കാനുള്ള ഉത്തമമായ മാര്‍ഗ്ഗവുമാണ്. 

 

കൂദാശയിലെ അടയാളങ്ങള്‍

 

വചനം ശ്രവിക്കുകയും ഈശോയിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നവരാണ് കൂദാശകള്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന്‍റെ ഈ പ്രത്യുത്തരം നല്കാത്തവരെ സംബന്ധിച്ചിടത്തോളം കൂദാശകള്‍ നിരര്‍ത്ഥകവും ഫലരഹിതവുമാണ്. കൂദാശകളെ അവഹേളിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ വിശ്വാസത്തിന്‍റെ ഈ അനുഭവം സ്വന്തമാക്കിയവരോ അതിനുവേണ്ടി ആഗ്രഹിക്കുന്നവരോ പോലുമല്ല. വിശുദ്ധമായവയെ അവഹേളിക്കുന്നതിലുള്ള മാനസികസുഖമാണ് അവരന്വേഷിക്കുന്നത്. 

 

വിശ്വസിക്കുന്നവര്‍ ഈശോയില്‍ ഒന്നാണ്, ഒരു ശരീരമാണ്. അവര്‍ ഈ കൂട്ടായ്മയില്‍ കൂദാശകളുടെ പരികര്‍മ്മത്തിലൂടെ ദൈവവരപ്രസാദവും ജീവനും സ്വീകരിക്കുന്നു. അപ്പം, വീഞ്ഞ്, വെള്ളം, എണ്ണ തുടങ്ങിയ ദൃശ്യപദാര്‍ത്ഥങ്ങളും മാനുഷികമായ കര്‍മ്മങ്ങളും ഓരോ കൂദാശയിലും ഉണ്ട്. ദൃശ്യപദാര്‍ത്ഥങ്ങള്‍ വിശ്വാസത്തിന്‍റെ പ്രതീകങ്ങളും ഈശോയുടെ രക്ഷാകരമായ തിരു‍ക്കര്‍മ്മത്തിന്‍റെ ഉപകരണങ്ങളുമായി കൂദാശകളില്‍ നിലകൊള്ളുന്നു. ഉച്ചരിക്കപ്പെടുന്ന തിരുവചനങ്ങള്‍ അവയെ ദീപ്തമാക്കുകയും ചെയ്യുന്നു. ഓരോ കൂദാശയിലും ദൃശ്യമായ അടയാളങ്ങള്‍, അവ വഴി ഈശോ നല്കുന്ന പ്രസാദവരത്തെ സൂചിപ്പിക്കുന്നു. 

 

ഈശോയും കൂദാശകളും

 

തോമസ് അക്വീനാസ് എഴുതുന്നു, “അതുകൊണ്ട്, കൂദാശ അതിനു മുന്പേ പോയതിനെ, അതായത് ഈശോയുടെ പീഡാസഹനത്തെ, അനുസ്മരിപ്പിക്കുകയും ഈശോയുടെ പീഡാസഹനത്തിലൂടെ നമ്മില്‍ നിറവേറ്റിയതിനെ, അതായത് കൃപാവരത്തെ, ചൂണ്ടിക്കാണിക്കുകയും പീഡാസഹനം നമുക്ക് വാഗ്ദാനം ചെയ്തതിനെ, അതായത് ഭാവിമഹത്വത്തെ, മുന്‍കൂട്ടി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരടയാളമാണ്”. 

 

ഈശോ തന്നെയാണ് കൂദാശകള്‍ സ്ഥാപിച്ചത് എന്ന് മനസ്സിലാക്കാന്‍ ബൗദ്ധികമായ അന്വേഷണങ്ങളും നിശിതമായ വിമര്‍ശനങ്ങളുമല്ല ആവശ്യം. വിശ്വാസത്തിന്‍റെ കണ്ണുകളാണ്. ദൈവവചനത്തോടും സഭയുടെ പാരന്പര്യത്തോടുമുള്ള തുറവിയോടെ പഠനങ്ങള്‍ നടത്തുന്പോള്‍ ഈ വിഷയത്തിലുള്ള സഭാവിശ്വാസത്തിന്‍റെയും പ്രബോധനങ്ങളുടെയും അടിസ്ഥാനങ്ങള്‍ നമുക്കു തുറന്നുകിട്ടും. 

 

കൂദാശകള്‍ സ്വീകരിക്കുകയും അവയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തുകൊണ്ട് ക്രൈസ്തവവിശ്വാസത്തിന്‍റെ മനോഹാരിത ജീവിച്ചറിയാന്‍ നമുക്കും ശ്രമിക്കാം. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy