കൂദാശയോടുള്ള അവഹേളനം – പ്രതിഷേധം ഇരന്പുന്നു

സ്വന്തം ലേഖകന്‍

“കുന്പസാരം നിരോധിക്കണം” എന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ റിപ്പോര്‍ട്ടിന്മേല്‍ ക്രൈസ്തവസഭകള്‍ ശക്തമായി പ്രതിഷേധിക്കുന്നു. കുന്പസാരം വിശ്വാസജീവിതത്തിന്‍റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള എല്ലാ ക്രൈസ്തവവിഭാഗങ്ങളും തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രുക്കുറിപ്പ് വനിതാകമ്മീഷന്‍ ശുപാര്‍ശ ഭരണഘടനാവിരുദ്ധമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവിച്ചു. ഒറ്റപ്പെട്ട ഒരാരോപണത്തിന്‍റെ പേരില്‍ കുന്പസാരത്തിന്‍റെ ദൈവശാസ്ത്രപരവും ധാര്‍മ്മികവും മനശാസ്ത്രപരവുമായ വശങ്ങള്‍ പരിഗണിക്കാതെയും ബന്ധപ്പെട്ട ആരുമായും ആലോചിക്കാതെയും ക്രൈസ്തവസഭകളെ കേള്‍ക്കാതെയും വനിതാകമ്മീഷന്‍റെ അധികാരപരിധിയില്‍ വരാത്ത ഒരു വിഷയത്തെക്കുറിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറഞ്ഞതും ഏകപക്ഷീയമായ റിപ്പോര്‍ട്ട് നല്കിയതും നിരുത്തരവാദപരവും ദുരുദ്ദേശപരവുമാണെന്ന് കെ.സി.ബി.സി ആരോപിച്ചു.

കുന്പസാരം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം തികച്ചും പ്രതിഷേധകരമാണെന്നും ഒരു കൂദാശയായ കുന്പസാരം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെപ്രതി മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അഭിലഷണീയമല്ലെന്നും മലങ്കര കത്തോലിക്കാസഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് പ്രതികരിച്ചു. ക്രൈസ്തവവിശ്വാസത്തെ അപമാനിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ രാജിവെക്കണമെന്നാണ് കേരളകത്തോലിക്കായുവജനപ്രസ്ഥാനം (കെ.സി.വൈ.എം.) പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടത്.

കത്തോലിക്കാസഭയുടെ വിവിധ രൂപതകളും സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി പത്രക്കുറിപ്പുകള്‍ ഇറക്കി. വിവിധ സംഘടനകള്‍ ഈ ദിവസങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്തവസഭകള്‍ ഒരുമിച്ച് ഇത്ര വ്യാപകമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത് ഇതാദ്യമായിട്ടാണ്.

വൈദികരുടെയും വിശ്വാസികളുടെയും ഭാഗത്തു നിന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കത്തോലിക്കാവിശ്വാസത്തെ സാധാരണഗതിയില്‍ വിമര്‍ശിക്കുന്നവര്‍ പോലും വനിതാകമ്മീഷന്‍റെ ദുരുദ്ദേശപരമായ ഈ പരാമര്‍ശത്തെ സഭക്കനുകൂലമായ നിലപാടെടുത്ത് പ്രതിരോധിക്കുകയാണ്. ഭരണഘടനനല്കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള വര്‍ഗ്ഗീയഅജണ്ടകളെ എന്തു വിലകൊടുത്തും നേരിടണമെന്ന് യുക്തിവാദികള്‍ പോലും ആവശ്യപ്പെടുന്നു. വിശ്വാസികള്‍ പലരും പ്രതിഷേധസൂചകമായി അടുത്ത ദിവസങ്ങളില്‍ത്തന്നെ കുന്പസാരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.

വ്യാപകമായ ഈ പ്രതിഷേധം പരിഗണിച്ച് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിക്കുകയും മാപ്പുപറയുകയും ചെയ്യണമെന്നാണ് ക്രൈസ്തവസഭകള്‍ ആവശ്യപ്പെടുന്നത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy