ജസ്റ്റീസ് സണ്‍ഡെ (നീതി ഞായര്‍) സര്‍ക്കുലര്‍ 2018 ആഗസ്റ്റ് 19, ഞായര്‍

കെസിബിസി SC/ST/BC കമ്മീഷന്‍

ഈശോമിശിഹായില്‍ ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ക്രൈസ്തവവിശ്വാസം സ്വീകരിച്ച ദളിത് സമൂഹത്തോടുള്ള നമ്മുടെ സ്നേഹവും കൂട്ടായ്മയും ശക്തിപ്പെടുത്താനും അവര്‍ നേരിടുന്ന സാമൂഹിക അനീതിക്കെതിരേ ഭാരതമനഃസാക്ഷിയെ ഉണര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി 1986 മുതല്‍ സ്വാതന്ത്ര്യ ദിനത്തിനുശേഷമുള്ള ഞായറാഴ്ച നീതി ഞായറായി ആചരിക്കുകയാണല്ലോ. എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന മതേതര ജനാധിപത്യരാഷ്ട്രമാണ് ഭാരതം. നമ്മുടെ രാജ്യത്തിന്‍റെ മഹത്ത്വത്തിനടിസ്ഥാനമായ ഭരണഘടനയാണല്ലോ ഈ രാജ്യത്തെ എല്ലാവരെയും ഒന്നിച്ചുനിറുത്തുന്നത്. എന്നാല്‍ 1950-ല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പുറപ്പെടുവിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവു പ്രകാരം ക്രൈസ്തവരായ ദളിത് സഹോദരങ്ങളെ സംവരണാ നുകൂല്യങ്ങള്‍ ലഭിക്കുന്ന പട്ടികയില്‍നിന്നും ഒഴിവാക്കി. മതവിവേചനം പാടില്ലെന്ന നമ്മുടെ ഭരണഘടനയുടെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഈ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭാരതത്തിലെ ദളിത് സഹോദരങ്ങളുടെ നിലവിളി നാളിതുവരെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ടിരിക്കുന്നു. ഭാരത കത്തോലിക്കാമെത്രാന്‍ സമിതി ഈ വിഷയം കാലാകാലങ്ങളിലുള്ള ഭരണാധികാരികളുടെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ നിയമമാര്‍ഗങ്ങളിലൂടെ ഈ അവകാശം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി കോടതിയിലൂടെയുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സഭയുടെ ശ്രമങ്ങളില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രാര്‍ഥനയും സഹായങ്ങളും ഉണ്ടാവണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

ഭാരതകത്തോലിക്കാ മെത്രാന്‍ സമിതി 2016-ല്‍ പുറപ്പെടുവിച്ച ദളിത് ശക്തീകരണനയം ഭാരതത്തിലെ ദളിത് ക്രൈസ്തവരെ സംബന്ധിച്ച മാഗ്നകാര്‍ട്ട തന്നെയാണ്. ഈ ദളിത് ശക്തീകരണ നയപരിപാടികള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ കേരള കത്തോലിക്കാമെത്രാന്‍ സമിതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം ദളിത് ക്രൈസ്തവരുടെ ആത്മീയവും ഭൗതികവുമായ ഉന്നമനം നേടിയെടുക്കാനും അവരെ മുഖ്യധാരയില്‍ കൂട്ടിച്ചേര്‍ത്ത് കത്തോലിക്കാ സമൂഹം ഒരു കൂട്ടായ്മയെന്ന നിലയില്‍ ജീവിക്കാനുമുള്ള സാഹചര്യം നാം ഒരുക്കണം. കൂടാതെ, സാമ്പത്തിക പരിമിതികള്‍ അനുഭവിക്കുന്നവര്‍ക്ക് പാര്‍പ്പിടം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും നടപ്പിലാക്കുവാനായിട്ടുണ്ട്. ഇതിന്‍പ്രകാരം സി.എം.ഐ സന്യാസ സമൂഹത്തിന്‍റെ പ്രധാനസഹായത്തോടുകൂടിയും സന്മനസ്സുള്ള സന്യാസസമൂഹങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും രൂപതകളുടെയും സാമ്പത്തികസഹായം വഴിയും 300 ഭവനങ്ങള്‍ക്കായുള്ള പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നു. ദളിത് കത്തോലിക്കാ കുട്ടികള്‍ക്ക് പഠനസഹായം എന്ന നിലയില്‍ സ്കോളര്‍ഷിപ്പുകളും ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) വഴി നല്കിക്കൊണ്ടിരിക്കുന്നു. ദളിത് ശക്തീകരണ ക്ഷേമപദ്ധതികള്‍ക്ക് വലിയ സാമ്പത്തിക ആവശ്യവും ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നീതി ഞായര്‍ ദിനത്തില്‍ നമ്മുടെ എല്ലാ ഇടവകകളിലും സ്തോത്രക്കാഴ്ച ശേഖരിച്ച് ദളിത് ശക്തീകരണ സംരംഭങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ദളിത് സഹോദരങ്ങള്‍ അനുഭവിക്കുന്ന നീതിനിഷേധത്തിന്‍റെ മുറിവുകള്‍ ഉണക്കാന്‍ നമ്മുടെ അകമഴിഞ്ഞ പിന്തുണയും സഹായവും അവര്‍ക്ക് ഉറപ്പാക്കാം.
നീതിക്കുവേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെ കാരുണ്യവാനായ ദൈവം സര്‍വ്വവിധ നന്മകളും നല്കി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ എല്ലാവരെയും ആശീര്‍വദിക്കുന്നു.

ഈശോയില്‍ സ്നേഹപൂര്‍വം,

ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍
ചെയര്‍മാന്‍, കെസിബിസി SC/ST/BC കമ്മീഷന്‍
ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
വൈസ് ചെയര്‍മാന്‍, കെസിബിസി SC/ST/BC കമ്മീഷന്‍
ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍
വൈസ് ചെയര്‍മാന്‍, കെസിബിസി SC/ST/BC കമ്മീഷന്‍

NB: ഈ സര്‍ക്കുലര്‍ 2018 ഓഗസ്റ്റ് മാസം 19-ാം തീയതി ഞായറാഴ്ച എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വി.കുര്‍ബാന മദ്ധ്യേ വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയോ ചെയ്യേണ്ടതാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy