ജോക്കുട്ടൻ്റെ പരാതി

ഫാദർ ജെൻസൺ ലാസലെറ്റ്

എൻ്റെ വൈദിക ജീവിതത്തിൽ അങ്ങനെയൊരു ഫോൺ കോൾ  ആദ്യമായിട്ടായിരുന്നു.

എട്ടാം ക്ലാസുകാരനായ ജോക്കുട്ടനാണ് (യഥാർത്ഥ പേരല്ല) വിളിച്ചത്.

” അച്ചാ, തിരക്കാണോ?
എനിക്ക് കുറച്ച് കാര്യങ്ങൾ
പറയാനുണ്ട്.”

”കുർബാന കഴിഞ്ഞതേയുള്ളു
കുറച്ചു കഴിഞ്ഞിട്ട്
വിളിച്ചാൽ മതിയോ?”

മതിയെന്ന് അവൻ പറഞ്ഞതിന് ശേഷം
ഞാൻ മുറിയിലെത്തി അവനെ വിളിച്ചു.

അവൻ പറഞ്ഞു:

”പപ്പയും മമ്മിയും തമ്മിൽ വഴക്കാണച്ചാ.
പപ്പയിന്ന് ജോലിക്ക് പോയപ്പോൾ
മമ്മി മിണ്ടിയില്ല.
മമ്മിയിപ്പോൾ ഞങ്ങളോടും മിണ്ടുന്നില്ല. എന്തോ നിസാര കാര്യത്തിനാണ്
അവർ വഴക്കിട്ടത്.

അച്ചനൊന്നു വിളിച്ചു സംസാരിക്കണം.
അച്ചൻ പറഞ്ഞാൽ അവർ കേൾക്കും. കൊറോണയായതു കാരണം
ഞങ്ങൾക്കൊന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. അതിനിടയിൽ പപ്പയും മമ്മിയും തമ്മിൽ അടി കൂടിയാൽ
എനിക്ക് വല്ലാത്ത വിഷമമാണച്ചാ ”

അവൻ വിതുമ്പിക്കൊണ്ട് തുടർന്നു:
“ജോക്കുട്ടന് ഇതൊക്കെ പറയാൻ വേറാരുമില്ല!”

ആ കുരുന്നിൻ്റെ സങ്കടം കേട്ടപ്പോൾ
എൻ്റെ ഹൃദയവും അറിയാതെ തേങ്ങി.

”അച്ചൻ വൈകീട്ട് പപ്പയെ വിളിക്കാം”
ഞാനവനോടു പറഞ്ഞു.

“നീയും അനിയത്തിയും കൂടി
ഈശോയുടെ രൂപത്തിനു മുമ്പിൽ ചെന്ന്  പ്രാർത്ഥിക്ക്. ഞാനും പ്രാർത്ഥിക്കാം.”

വൈകുന്നേരം 6 മണിക്ക്
ജോക്കുട്ടൻ്റെ ഫോൺ വീണ്ടും….

” അച്ചാ, പപ്പയും മമ്മിയും കൂട്ടായി.
പപ്പ, ദേ ഇപ്പോൾ ഫോൺ വിളിച്ച് വെച്ചതേയുള്ളു.
പ്രാർത്ഥിച്ചതിന് ഒരുപാട് നന്ദി!”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

കുട്ടിയുടെ സന്തോഷം എന്നെയും സന്തോഷിപ്പിച്ചു.
അതു കൊണ്ടാണ് ഞാൻ,
ജോക്കുട്ടൻ്റെ പപ്പയെ ഉടനെ വിളിച്ചത്. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ
അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു:

“നിസാര പിണക്കങ്ങൾ പോലും
മക്കളെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് ഇപ്പോഴാണച്ചാ മനസിലായത്.
എന്തായാലും അവനീ കാര്യങ്ങൾ അച്ചനെയാണല്ലോ വിളിച്ചു പറഞ്ഞത്. അതിലെനിക്ക് വലിയ സന്തോഷമുണ്ട്.”
*****        *****      *****
കുടുംബത്തിലെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നവരാണ് മക്കൾ.
മാതാപിതാക്കൾ തമ്മിലുള്ള
സൗന്ദര്യ പിണക്കങ്ങൾ പോലും
മക്കളെ വല്ലാതെ ഉലയ്ക്കുമെങ്കിൽ വർഷങ്ങളായ് കലഹിച്ചു കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതി എന്തായിരിക്കും?

വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ ആഘോഷിക്കുന്ന ഈയവസരത്തിൽ കുടുംബങ്ങളുടെ കെട്ടുറപ്പിനുവേണ്ടി
അമ്മ നൽകുന്ന  നിർദ്ദേശങ്ങൾ
ഇതിനോട് ചേർത്ത് വായിക്കണം:

🔹ഒരുമിച്ചുള്ള പ്രാർത്ഥന മുടക്കാതിരിക്കുക.
🔹ചെറിയ കലഹങ്ങൾക്കിടയിലും      സന്തോഷിക്കാൻ പരിശ്രമിക്കുക.
🔹ദാമ്പത്യ വിശുദ്ധിയും പരസ്പര ഐക്യവും കാത്തു സൂക്ഷിക്കുക.
🔹മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റി അവരെ സ്നേഹിക്കുക.
🔹പണത്തേക്കാൾ പ്രാധാന്യം പുണ്യത്തിന് നൽകുക.
ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പതിപ്പിച്ചു വെയ്ക്കാം.

പുണ്യത്തിൽ വളരാൻ ശ്രമിച്ച
ഒരു കുടുംബത്തിൻ്റെ ചിത്രം
സുവിശേഷത്തിൽ കാണാൻ കഴിയും. സെബദി പുത്രന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും കുടുംബം
(Ref മത്താ10:35-45).

നമ്മുടെ മക്കളൊക്കെ
വളരെ അപൂർവ്വമായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് അവരും പ്രകടിപ്പിച്ചത്‌: സ്വർഗ്ഗത്തിൽ ക്രിസ്തുവിൻ്റെ
ഇടതും വലതും ചേർന്നിരിക്കാനുള്ള കൃപ.
അതുകൊണ്ടാകാം
എനിക്കവരോട് അസൂയ തോന്നുന്നു…

വി.എവുപ്രാസ്യാമ്മയുടെ തിരുനാളാശംസകൾ

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy