യേശു കരയുന്നു

ഫാ. ജോസഫ് നെച്ചിക്കാട്ട്

അന്നൊരു ഞായറാഴ്ചയായിരുന്നു – 1999 സെപ്റ്റംബര്‍ ഒന്ന്. മയൂര്‍ബഞ്ചിലെ (ഒറീസ) ജമബാനി എന്ന ഗ്രാമത്തില്‍ ദിവ്യബലിക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഫാദര്‍ അരുള്‍ദാസ് ദര്‍ശന്‍ ബറുവാ, കെയിറ്റ് സിങ് തുടങ്ങിയ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു ആ ആരവം. അതാ വി.എച്ച്.പി. യില്‍പെട്ട 10-15 തീവ്രവാദികള്‍ കുറുവടി, അമ്പ്, വില്ല് തുടങ്ങിയ മാരകായുധങ്ങളുമായി കടന്നു വരുന്നു…
അമ്പുകളേറ്റ അരുള്‍ ദാസ് ജീവനും കൊണ്ടോടി. പക്ഷേ, അദ്ദേഹത്തെ അവര്‍ അടിച്ചുവീഴിച്ചു പെട്രോളൊഴിച്ചു കത്തിച്ചു. പള്ളിക്കും തീയിട്ടു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ഓടിച്ചിട്ടു മര്‍ദ്ദിച്ചു. മാസങ്ങള്‍ക്കുമുമ്പ് അതേ പ്രദേശത്തു വച്ച് ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനേയും പിഞ്ചോമനകളേയും അവരുടെതന്നെ വണ്ടിയിലിട്ടു പെട്രോളൊഴിച്ചു കത്തിച്ച ധാരാ സിങു തന്നെയായിരുന്നു മുഖ്യകാര്‍മ്മികന്‍! അന്ന് അതിനെതിരായി ആരും കാര്യമായി ശബ്ദമുയര്‍ത്തിയില്ല. അതുകൊണ്ട്, അവിടെ വച്ച് ഫാദര്‍ അരുള്‍ദാസും അതുപോലെ കത്തിക്കപ്പെട്ടു!
2008 ല്‍ നടന്ന കാണ്ടമാല്‍ സംഭവങ്ങള്‍ മറക്കാറായിട്ടില്ലല്ലോ – ഒരു ലക്ഷ്മണ സ്വാമിയെ മാവോയിസ്റ്റുകള്‍ വധിച്ചതിന്‍റെ പേരില്‍ നടന്ന കലാപങ്ങള്‍! 45-50 ഓളം വി.എച്ച്.പി. പ്രവര്‍ത്തകര്‍ ഇരച്ചു കയറി 400 ഓളം ക്രൈസ്തവ ഭവനങ്ങള്‍ക്കു തീയിട്ട കഥ! ഒരു അനാഥാലയത്തില്‍ ജോലി ചെയ്തിരുന്ന രജനി മാജി എന്ന 20 കാരിയെ പിടികൂടി കൂട്ടബലാല്‍സംഗം ചെയ്തശേഷം ശരീരം എരിതീയിലെറിഞ്ഞ കഥ…
ഇതാ, സ്ഥലത്തുള്ള പാസ്റ്ററല്‍ സെന്‍ററിലെ സിസ്റ്റര്‍ മീനയുടെ വേദനയേറിയ വാക്കുകള്‍: “എന്‍റെ വസ്ത്രങ്ങള്‍ പറിച്ചുകീറിക്കളഞ്ഞ് അവര്‍ എന്നെ ഉന്തി നിലത്തിട്ടു; രണ്ടുപേര്‍ എന്‍റെ ഓരോ കയ്യിലും ചവിട്ടിപ്പിടിച്ചു. മറ്റുള്ളവര്‍ മാറിമാറി മത്സരിച്ച് ബലാല്‍സംഗം ചെയ്തു. പിന്നീട് എന്നെ അതേ നിലയില്‍ വിവസ്ത്രയായി തെരുവീഥിയിലൂടെ അര കിലോമീറ്ററോളം ദൂരം അടിച്ചും ഇടിച്ചും ആഘോഷപൂര്‍വം നടത്തിക്കൊണ്ടുപോയി.” അതറിഞ്ഞ സിസ്റ്റര്‍ മീനയുടെ സഹോദരങ്ങള്‍ക്കും അവളെ പ്രസവിച്ച അമ്മയ്ക്കും നൊമ്പരം തോന്നിയോ?
എന്തായിരുന്നു ഇവരുടെ പേരിലുള്ള ആരോപണങ്ങള്‍? അവര്‍ ഹിന്ദു സംസ്ക്കാരത്തേയും ഹിന്ദുത്വത്തേയും ദൈവങ്ങളേയും നശിപ്പിക്കാന്‍ വന്നിരിക്കുന്ന വിദേശികള്‍! അവര്‍ എത്രയും വേഗം ഹിന്ദുസ്ഥാന്‍ വിട്ടു പോകണം- ആദിമ ക്രൈസ്തവര്‍ നേരിടേണ്ടി വന്ന അതേ ആരോപണങ്ങള്‍!
ഇവയെല്ലാം ഭാരതത്തിനുള്ളില്‍ നടക്കുന്നവ. പുറമേയുള്ളവ ഇതിലും ഭയാനകമാണ്. ബനഡിക്റ്റ് മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞതുപോലെ ലോകത്തിലേയ്ക്കും കൂടുതല്‍ മര്‍ദ്ദനം അനുഭവിക്കേണ്ടി വരുന്ന സമൂഹമാണ് യേശുവിന്‍റേത്. വിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന പീഡനങ്ങളില്‍ 85% ത്തിന്‍റെയും ഇരകള്‍ ക്രൈസ്തവ സഭകളാണ് – ഭൂരിപക്ഷവും ഇസ്ലാമിക രാഷ്ട്രങ്ങളില്‍.
വര്‍ഷംതോറും 1 ലക്ഷം പേരെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ വധിക്കപ്പെടുന്നുണ്ട്. ഇസ്ലാമില്‍ നിന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാലും വധശിക്ഷ ഉറപ്പാണ്. പരിമിതികളും പോരായ്മകളും സഹിച്ചുകൊണ്ട് മാനുഷിക നീതിപോലും നിഷേധിക്കപ്പെട്ടു കഴിയുന്ന ഏതാണ്ട് 202 കോടി ക്രൈസ്തവര്‍ ലോകമൊട്ടാകെയുണ്ട്. ക്രൈസ്തവരോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടുന്ന രാജ്യങ്ങളാണ് വടക്കന്‍ കൊറിയാ, അഫ്ഗാനിസ്ഥാന്‍, സൊമാലിയാ, പാക്കിസ്ഥാന്‍, സുഡാന്‍, ലിബിയാ തുടങ്ങിയ രാജ്യങ്ങള്‍. പ്രവാചകനെ അപമാനിച്ചു എന്ന് ഒരാളെപ്പറ്റി ആരെങ്കിലും പറഞ്ഞാല്‍ മതി ഉടനടി ഉണ്ടാവുന്നത് ഒരു വിചാരണയും കൂടാതെയുള്ള ശിക്ഷയാണ്.
ക്രൈസ്തവരുടെ വീടുകളിലേക്ക് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഏതു തീവ്രവാദിക്കും എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു കടന്നു ചെല്ലാം. സ്ത്രീകളേയും കുഞ്ഞുങ്ങളേയും കടന്നു പിടിക്കാം. പ്രതിമാസം ഏതാണ്ട് 180 ഓളം സ്ത്രീകള്‍ അങ്ങനെ മാനഭംഗം ചെയ്യപ്പെടുന്നുണ്ട്. അതിന്‍റെ പേരില്‍ ഒരു കേസും ഉണ്ടാകാറില്ല!
വിഷയം ഏറ്റവും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നത് അബ്ദ്ദുല്‍ ഫത്താ അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്റ്റാണ്. ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലായിരുന്ന ആ നാട്ടില്‍ ഇന്ന് 10% ത്തില്‍ കൂടുതല്‍ ക്രൈസ്തവരില്ല. അത് എങ്ങനെയും പൂജ്യം ശതമാനമാക്കാനാണ് അധികൃതരുടെ ശ്രമം. അതിന് പോഷകസംഘടനയായ ഐ.എസ്. ന്‍റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. ഏറ്റവും എളുപ്പമാര്‍ഗ്ഗം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ചു മുസ്ലീം യുവാക്കള്‍ക്ക് ‘ഫ്രീ’ ആയി കൊടുക്കുകയാണ്. ക്രമേണ വൈവാഹികാവശ്യങ്ങള്‍ക്കായി ക്രിസ്ത്യന്‍ യുവാക്കള്‍ ഇസ്ലാമിലേയ്ക്കു വന്നുകൊള്ളും…!
ഇതിനും പുറമേയാണ് തീവ്രവാദികളുടെ കടന്നാക്രമണങ്ങള്‍. ഈജിപ്റ്റിലെ മാര്‍ ഗീവര്‍ഗീസ് പള്ളിയും അലക്സാണ്ട്രിയയിലെ സെയിന്‍റ് മാര്‍ക്ക് കത്തീഡ്രലും നശിപ്പിക്കപ്പെട്ടത് ഈ അടുത്ത നാളുകളിലാണല്ലോ. ആ ദിവസങ്ങളില്‍ 45 വിശ്വാസികള്‍ വധിക്കപ്പെട്ടുപോയിട്ടുണ്ട് – പരിക്കേറ്റവര്‍ വേറെയും.
യൂറോപ്പിലേയ്ക്കുള്ള നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. മാര്‍പ്പാപ്പായുടെ താല്പര്യവും മറ്റും പരിഗണിച്ച് അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നു. ബഹുഭൂരിപക്ഷം വരുന്ന ആ മുസ്ലീമുകള്‍ അവിടെത്തന്നെ നിറഞ്ഞുകൊള്ളുമെന്ന് അറബി രാജ്യങ്ങള്‍ക്കറിയാം. അതാണ് അവരിലൊരാളെപ്പോലും അവര്‍ അവിടെ സ്വീകരിക്കാത്തത്.
മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ മണല്‍ത്തിട്ടയില്‍ ചുവന്ന കുപ്പായമിടുവിച്ച് ഐ.എസ്സ് കാര്‍ മുട്ടുകുത്തിച്ചു നിര്‍ത്തിയിരുന്ന ആ 21 ക്രൈസ്തവ യുവാക്കളുടെ ചിത്രം നമ്മുടെ ഓര്‍മ്മയിലുണ്ടല്ലോ. അവരുടെ കണ്ണീരും രക്തവും ഇപ്പോഴും ആ മണല്‍തിട്ടയില്‍ നിന്നു മാഞ്ഞുപോയിട്ടുണ്ടാകയില്ല. എന്തു തെറ്റായിരുന്നു അവര്‍ ചെയ്തത്? അവര്‍ യേശുവിന്‍റെ അനുയായികളായിപ്പോയി: “അള്ളാഹു അക്ക്ബര്‍”
ഫ്രാന്‍സിലെ റുവാന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ഫാദര്‍ ഷാക്ക് ഹാമലിന്‍റെ രക്തം ഐ.എസ്സ്.കാര്‍ അദ്ദേഹത്തിന്‍റെ തന്നെ രക്തത്തോടു ചേര്‍ത്തതും (ലൂക്കാ. 13:1) ചരിത്രത്തിനു മറക്കാനാവില്ല. ഒരാള്‍ തലയിലും വേറൊരാള്‍ നെഞ്ചത്തും കയറി ഇരുന്നു. കഴുത്തറുത്തുകൊണ്ടായിരുന്നു കര്‍മ്മം: “അള്ളാഹു അക്ക്ബര്‍”. തങ്ങള്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നാവും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. “നിങ്ങളെ കൊല്ലുന്നവന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു”വെന്നല്ലേ യേശുവും പറഞ്ഞത് (യോഹ. 16:2).
എന്തുകൊണ്ടാണ് ഈ ബലി ഇങ്ങനെ അവസാനമില്ലാതെ നീണ്ടുനീണ്ടു പോകുന്നത്? നമ്മെയൊക്കെ കുത്തിക്കുത്തി വേദനിപ്പിക്കുന്ന ചോദ്യം. ഉത്തരം ഒന്നേയുള്ളൂ. ഇനിയും “ഇന്നും നാളെയും മറ്റെന്നാളും” (ലൂക്ക. 13:33) ഈ ബലി ഇതുപോലെ തുടരണമെന്നാവാം അവിടുത്തെ ആഗ്രഹം. അതാണ് നമുക്ക് അജ്ഞാതമായ, വി. പത്രോസിനുപോലും പിടികിട്ടാതെ പോയ യേശുവിന്‍റെ വളഞ്ഞ വഴികള്‍ – അവനെ പിഞ്ചെല്ലുന്നവരുടേതും.

 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy