വിശുദ്ധ കുര്‍ബാന ഒരു സാദൃശ്യത്തില്‍ മാത്രം സ്വീകരിക്കുന്നത് വാസ്തവമാണോ?

വിശുദ്ധ ബലിയര്‍പ്പണം പൂര്‍ണമാകുന്നത് ബലിവസ്തുക്കളിലുള്ള ഭാഗഭാഗിത്വം അഥവാ വിശുദ്ധ കുര്‍ബാനയുടെ സ്വീകരണം (തിരുശ്ശരീരരക്തങ്ങളുടെ സ്വീകരണം) വഴിയാണ്. അപ്പവും വീഞ്ഞുമാണ് വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നത്. ഇപ്രകാരം ഈശോയുടെ ശരീരക്തങ്ങളായി മാറുന്ന അപ്പവും വീഞ്ഞും (തിരുശരീരവും തിരുരക്തവും) ഒരുക്കത്തോടെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണ സമയത്ത് നല്കുന്നു. എങ്കിലും പലപ്പോഴും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ തിരുശ്ശരീരം മാത്രമാണ് നല്കുന്നത്. തിരുരക്തം നല്കാറില്ല. ഇത് ശരിയായ രീതിയാണോ എന്നും ഇപ്രകാരം തിരുശ്ശരീരം മാത്രം സ്വീകരിക്കുന്നത് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്‍റെ പൂര്‍ണതക്ക് കാരണമാകുമോ എന്നും സംശയിക്കുന്നവരുണ്ട്.

വിശുദ്ധ കുര്‍ബാന ഒരു സാദൃശ്യത്തില്‍ മാത്രം (തിരുശ്ശരീരം മാത്രം) നല്കുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്. പ്രത്യേകിച്ച് യാതൊരുവിധ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലല്ല അപ്രകാരം ചെയ്യുന്നത്. വിശുദ്ധ കുര്‍ബാന സാദ്ധ്യമായ എല്ലാ അവസരങ്ങളിലും ഇരുസാദൃശ്യങ്ങളില്‍ത്തന്നെ നല്കണം എന്നതാണ് തിരുസ്സഭയുടെ ആഗ്രഹം. എന്നാല്‍, വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ളവരുടെ എണ്ണം, സമയം, വിശുദ്ധ കുര്‍ബാന നല്കാനുള്ളവരുടെ കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ വിശുദ്ധ കുര്‍ബാന ഒരു സാദൃശ്യത്തില്‍ മാത്രം നല്കുന്നതിന് പല വൈദികരെയും പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. പല സാഹചര്യങ്ങളിലും മുന്‍കൂട്ടി ഒരുങ്ങുകയാണെങ്കില്‍ ഈ ഘടകങ്ങളെ അതിജീവിക്കാം എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

അതേസമയം, ഒരു സാദൃശ്യത്തില്‍ മാത്രം വിശുദ്ധ കുര്‍ബാന നല്കുന്നത്/സ്വീകരിക്കുന്നത് വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തത്തിന്‍റെ പൂര്‍ണതയെ ബാധിക്കുന്ന ഒരു കാര്യമല്ല താനും. ഒരു സാദൃശ്യത്തില്‍ മാത്രം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന വ്യക്തിയും ഈശോയെ പൂര്‍ണ്ണമായും അവിടുത്തെ ആത്മാവും ദൈവികതയും ഉള്‍പ്പെടെ സ്വീകരിക്കുന്നുണ്ട്. അതിനു കാരണം, ഈശോയുടെ ശരീരമാകുന്ന തിരുവോസ്തിയില്‍ മാത്രമല്ല തിരുരക്തമായി മാറുന്ന വീഞ്ഞിലും ഈശോയുടെ സാന്നിദ്ധ്യം പൂര്‍ണ്ണമായി നിലനില്‍ക്കുന്നു എന്ന സഭയുടെ വിശ്വാസമാണ്. തിരുവോസ്തിയുടെ ഒരു ചെറിയ അംശത്തില്‍പ്പോലും ഈശോ പൂര്‍ണ്ണമായും സന്നിഹിതനാണെന്ന് തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് തിരുശ്ശരീരരക്തങ്ങളും അംശങ്ങള്‍ പോലും പാഴായിപ്പോകാതിരിക്കാന്‍ അതീവശ്രദ്ധ വൈദികര്‍ പുലര്‍ത്തുന്നത്.

സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ ശരീരരക്തങ്ങള്‍ തമ്മില്‍ കലരുന്നതിനെക്കുറിച്ചും തത്ഫലമായി അവ തമ്മിലുണ്ടാകുന്ന ഐക്യത്തെക്കുറിച്ചും സൂചനകളുണ്ട്. തിരുവോസ്തി രണ്ടായി വിഭജിച്ച് ഒരു ഭാഗം ഉപയോഗിച്ച് തിരുരക്തത്തില്‍ കുരിശ് വരച്ച ശേഷം അപ്രകാരം നനഞ്ഞ ഭാഗം ഉപയോഗിച്ച് മറുഭാഗത്തും ജനങ്ങള്‍ക്ക് നല്കുന്ന ചെറിയ തിരുവോസ്തികളിലും കുരിശുവരച്ച് കൊണ്ട് കാര്‍മ്മികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഇതാണ്: “സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ ത്രിത്വത്തിന്‍റെ ആരാധ്യവും മഹനീയവുമായ നാമത്തില്‍ വേര്‍തിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും കലര്‍ത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.” അങ്ങനെ തിരുശ്ശരീരത്തിലേക്ക് തിരുരക്തവും, തിരുരക്തത്തിലേക്ക് തിരുശരീരവും കലര്‍ന്നു ചേരുന്നു. ആയതിനാല്‍ വിശുദ്ധ കുര്‍ബാന സ്വീകരണസമയത്ത് ഒരു സാദൃശ്യത്തില്‍ മാത്രമേ വിശുദ്ധ കുര്‍ബാന ലഭിക്കുന്നുള്ളൂ എന്ന് പറയുന്നതില്‍ ദൈവശാസ്ത്രപരമായ പൊരുത്തക്കേടുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy