ബഹു. സണ്ണി പുതനപ്ര അച്ചന്‍ അന്തരിച്ചു

Editor

മാനന്തവാടി രൂപതാഗംമായ ബഹു. പുതനപ്ര സണ്ണി (കുര്യന്‍)അച്ചന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.മാനന്തവാടി രൂപതാഗംമായ ബഹു. പുതനപ്ര സണ്ണി(കുര്യന്‍) അച്ചന്‍ ഇന്ന് രാവിലെ 7. 50-ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. സണ്ണി(കുര്യന്‍) അച്ചന്‍ ചുങ്കക്കുന്ന് ഫൊറോനയിലെ ഒറ്റപ്ലാവ് ഇടവകയില്‍ പരേതനായ പുതുനപ്ര പാപ്പച്ചന്‍റെയും മേരിയുടെയും മൂന്നാമത്തെ മകനായി 1966 ഏപ്രില്‍ 15-ന് ജനിച്ചു. ചുങ്കക്കുന്ന് ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍, കൊട്ടിയൂര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം മാനന്തവാടി രൂപത മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു പരിശീലനമാരംഭിച്ചു. മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം ബാംഗ്ലൂര്‍ ധര്‍മ്മാരാം മേജര്‍ സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ സെന്‍ററില്‍ റീജന്‍സിക്കുശേഷം, ബാംഗ്ലൂര്‍ ധര്‍മ്മാരാം മേജര്‍ സെമിനാരിയില്‍ തിയോളജി പഠനവും പൂര്‍ത്തിയാക്കി 1994 ഏപ്രില്‍ 5-ന് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

1994-ല്‍ കല്ലോടി ഇടവകയുടെ അസിസ്റ്റന്‍റ് വികാരിയായി സേവനം ആരംഭിച്ച അച്ചന്‍ തുടര്‍ന്ന് ആലാറ്റില്‍, പോരൂര്‍, പടമല, ഞാറപ്പാടം, കൊമ്മയാട്, ചുള്ളിയാന എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍, മാനന്തവാടി സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ ചികിത്സയിലായിരുന്നു.

വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചിരുന്ന അച്ചന്‍ ഇന്നു രാവിലെ 7.50-ന് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് അല്‍പസമയത്തിനു ശേഷം നിത്യഭാഗ്യത്തിലേക്ക് വിളിക്കപ്പെട്ടു. സഹോദരങ്ങള്‍ ബേബി, ജോസ്, ഗ്രേസി, ജോണ്‍, സി. മേഴ്സി SH (തരിയോട്). സംസ്കാര ശുശ്രൂഷകള്‍ നാളെ (18/08/2019) ഞായറാഴ്?ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ദ്വാരക പാസ്റ്റര്‍ സെന്‍ററിന്‍റെ സീയോന്‍ ചാപ്പലില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്‍റെ കാര്‍മ്മികത്വത്തില്‍ ആരംഭിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy