പ്രപഞ്ചോത്പത്തിയുടെ ശാസ്ത്രസമീപനങ്ങളോടുള്ള സഭാനിലപാടുകള്‍

പ്രപഞ്ചോത്പത്തിയുടെ രഹസ്യാത്മകതകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മനുഷ്യന്‍റെ ഉത്പത്തിയോളംതന്നെ പഴക്കമുണ്ടാകാം. പ്രപഞ്ചം എന്ന കാഴ്ചപ്പാടിന് ഇന്നുള്ളിടത്തോളം വൈപുല്യമുണ്ടാവില്ലെങ്കിലും കാലികവും ബൗദ്ധികവുമായ കുറവുകളോടെയോ തികവുകളോടെയോ ഈ അന്വേഷണം എക്കാലത്തേയും മനുഷ്യനില്‍ ഇഴചേര്‍ന്നു കിടക്കുന്നു. ഈ അഭിവാഞ്ഛയുടെ പ്രകാശനങ്ങള്‍ മനുഷ്യന്‍റെ അനാദിമുതലുള്ള എല്ലാ ജീവിത തലങ്ങളിലും – കലയിലും സാഹിത്യത്തിലും ദര്‍ശനങ്ങളിലും സിദ്ധാന്തങ്ങളിലും സംസ്കാരങ്ങളിലുമെല്ലാം കാണാന്‍ കഴിയും. അതുകൊണ്ടാവാം ദൈവമനുഷ്യബന്ധത്തിന്‍റെ കഥ പറയുന്ന ബൈബിളും څആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുچ എന്ന പ്രസ്താവനയോടെ ആരംഭിക്കുന്നത്. സമാനമോ ചിലപ്പോള്‍ അതിലധികം ഉത്തരവാദിത്വ ബോധത്തോടെയോ പ്രപഞ്ചോത്പത്തിയുടെ രഹസ്യാത്മകതകളിലേക്ക് ശാസ്ത്രവും ചൂഴ്ന്നിറങ്ങുന്നു. ഇവയുടെ പ്രതിപാദനങ്ങള്‍ക്കു തമ്മില്‍ ഭിന്നാത്മകമായ തനിമ എക്കാലത്തും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്‍റെ അമൂല്യമായ ഉള്‍പ്പൊരുളുകള്‍ മതദര്‍ശനങ്ങളെ വലിയ ഒരളവുവരെ പരിപോഷിപ്പിക്കുന്നതിന് ഉപയുക്തമാവുന്നു എന്നതാണ് സത്യം. ശാസ്ത്രത്തിന് ആത്യന്തികമായ ശരി ഇല്ലാത്തതിനാല്‍ പ്രപഞ്ചോത്പത്തിയുടെ ശാസ്ത്രസമീപനങ്ങളോടുള്ള സഭാനിലപാടുകള്‍ പുനരാവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കേണ്ടതും എന്നും പ്രസക്തവുമാണ്.

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നതിന് ശാസ്ത്രം വിവിധ കാലഘട്ടങ്ങളില്‍ വിവിധ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്ഥിരാവസ്ഥാസിദ്ധാന്തം, മഹാവിസ്ഫോടനസിദ്ധാന്തം, അതിര്‍ത്തിരഹിതസിദ്ധാന്തം, തുടങ്ങി വിവിധ സിദ്ധാന്തങ്ങള്‍ കാലികമായ സ്വീകാര്യതകളോടെ രംഗപ്രവേശം ചെയ്യുകയും വലിയ ചര്‍ച്ചകള്‍ക്കും അംഗീകാര-തിരസ്കാരങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. എങ്കിലും ഇവയില്‍ ഏറ്റവും സാധ്യതയേറിയത് എന്ന് ശാസ്ത്രലോകം ഇന്നും വിശ്വസിക്കുന്ന മഹാവിസ്ഫോടനസിദ്ധാന്തത്തെക്കുറിച്ചു മാത്രം പരാമര്‍ശിക്കാം. ഏതാനും മില്ലിമീറ്റര്‍ മാത്രം വ്യാസമുള്ളതും ചൂടേറിയതും കനത്ത പിണ്ഡമുള്ളതുമായ ഒരു കണിക  ഏകദേശം 10 മുതല്‍ 20 വരെ ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതമായൊരു കാരണത്താല്‍ പൊട്ടിത്തെറിച്ച് അതില്‍നിന്നും ഇന്നത്തെ പ്രപഞ്ചം രൂപപ്പെട്ടു എന്നതാണ് ഈ സിദ്ധാന്തം. 1920 -കളില്‍ ജോര്‍ജ് ലെമായത്തര്‍ എന്ന ബല്‍ജിയം പുരോഹിതനാണ് ഈ ആശയം അവതരിപ്പിച്ചത്. ശാസ്ത്രവേദികളിലും മതവേദികളിലും ഏറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കിയ ഈ സിദ്ധാന്തത്തെ സമാനമായ മറ്റു പ്രപഞ്ചോത്പത്തി സിദ്ധാന്തങ്ങളുടെ മാതൃക പ്രതീകമായെടുത്താല്‍ ഇത് ബൈബിളിലെ സൃഷ്ടിവിവരണങ്ങളെ എപ്രകാരം പുനരവലോകനം ചെയ്യാനിടയാക്കിയെന്നതും പ്രപഞ്ചത്തിന്‍റെ കേവല തുടക്കം – അയീഹൌലേ ആലഴശിിശിഴ എന്നതിലുപരി അനസ്യൂതമായ സൃഷ്ടി എന്ന ആശയത്തെ അവയെങ്ങനെ പിന്‍താങ്ങുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും.

മഹാവിസ്ഫോടനത്തിനു കാരണമായ ഊര്‍ജ്ജത്തിന്‍റെ അജ്ഞാതത്വം താര്‍ക്കികമായി അംഗീകരിച്ചാല്‍ പോലും പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള സഭാനിലപാടുകള്‍ അംഗീകരിക്കപ്പെടുന്നവിധമാണ് ഈ സിദ്ധാന്തത്തിന്‍റെ തുടര്‍പ്രക്രിയകള്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ڇഉത്പത്തിڈയുടെ ആദ്യത്തെ നിമിഷത്തിന്‍റെ 10-49 മൈക്രോസെക്കന്‍റില്‍നിന്നാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്‍റെ സൈദ്ധാന്തിക മാതൃക ആരംഭിക്കുന്നത്. ഇത് പ്രവചനാതീതവും പുനരാവിഷ്കരിക്കപ്പെടാനാവാത്തതുമാണ്. ആദ്യത്തെ നിമിഷത്തിന്‍റെ ആദ്യത്തെ നൂറിലൊരംശം, ആ സമയത്തെ പദാര്‍ത്ഥസഞ്ചയം, ഊഷ്മാവ്, പതിനാലു നിമിഷങ്ങള്‍ക്കു ശേഷമുള്ള ഊഷ്മാവ്, പദാര്‍ത്ഥ സഞ്ചയത്തിനുണ്ടായ മാറ്റം, തുടര്‍ന്ന് മൂന്നു മിനിറ്റുകള്‍ക്കു ശേഷമുള്ള ഊഷ്മാവ്, അപ്പോള്‍ ന്യൂക്ലിയസ്സുകള്‍ ആവിര്‍ഭവിച്ചത് എന്നിങ്ങനെ വിശദമായ വിശകലനം ഈ സിദ്ധാന്തത്തിനുണ്ട്. ഉത്പത്തിക്കു നൂറായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഊഷ്മാവ് വളരെ താഴ്ന്ന് കണികകള്‍ രൂപം പ്രാപിച്ച് അവയുടെ പടലങ്ങള്‍ നക്ഷത്രങ്ങളും താരവ്യൂഹങ്ങളുമായി സാന്ദ്രീകരിച്ചതും ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രപഞ്ചം ഇന്നു കാണുന്ന രീതിയില്‍ കാണപ്പെടാനായി എന്നും മഹാവിസ്ഫോടന സിദ്ധാന്തം വിശദീകരിക്കുന്നു.

എന്നാല്‍ പ്രസക്തമായ ചോദ്യം എവിടെ നിന്നാണ് മഹാവിസ്ഫോടനത്തിന്‍റെ ആവിര്‍ഭാവം എന്നതാണ്. മഹാവിസ്ഫോടനത്തിന്‍റെ ആത്യത്തെ നൂറിലൊരംശത്തിനും പിന്നിലേക്കു പോയാല്‍ കാണുന്നു പദാര്‍ത്ഥസഞ്ചയം – ക്വാര്‍ക്കുകളും ഗ്ലൂവോണുകളും ലെപ്ടോണുകളും – എങ്ങനെയാണ് ഉത്ഭവിച്ചത് ? ഈ പ്രപഞ്ചം മുഴുവന്‍ തികഞ്ഞ ശൂന്യതയുടെ പുനരാവിഷ്കരണമാണ് എന്ന അനുമാനപരമായ ഉത്തരമാണ് ഇതിനുള്ളത്. അതായത് പ്രപഞ്ചം ശൂന്യതയില്‍ നിന്നും ഉത്ഭവിച്ചു. പ്രപഞ്ചം ഇന്നത്തെ അവസ്ഥയില്‍ ശൂന്യതയ്ക്കു സമാനമാണ്. അതായത് പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ കൂട്ടി നോക്കിയാല്‍ കിട്ടുന്ന ഫലം പൂജ്യമാണെന്ന് ഭൗതികശാസ്ത്രം പറയുന്നു. താരവ്യൂഹങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണഫലമായുള്ള നെഗറ്റീവ് ഊര്‍ജ്ജവും കണങ്ങളുടെ ഊര്‍ജ്ജമായ പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നത് ഏറെക്കുറെ പൂജ്യത്തിനടുത്തായിരിക്കും. ലെമായത്തര്‍ മഹാവിസ്ഫോടനസിദ്ധാന്തം സ്വീകരിക്കാന്‍ കാരണം, തോമസ് അക്വിനാസ് ഒരു വിശ്വാസപ്രമാണംപോലെ വികസിപ്പിച്ചെടുത്ത ബൈബിളിലെ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി എന്ന സങ്കല്പത്തെ അതു നീതീകരിക്കുന്നതിനാലാണ് എന്ന് നിരീക്ഷിക്കപ്പെട്ടതിന്‍റെ കാരണം ഇതാവാം.

ദൈവം ശൂന്യതയില്‍നിന്നും സൃഷ്ടിച്ചു എന്നും ജ്ഞാനവും സ്നേഹവും കൊണ്ട് ദൈവം സൃഷ്ടിക്കുന്നുമെന്നും തിരുസഭ പഠിപ്പിക്കുന്നു. (CCC 295 298). മാത്രവുമല്ല ദൈവം ക്രമീകൃതവും നല്ലതുമായ ലോകത്തെ സൃഷ്ടിക്കുന്നുവെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. (ഉത്പത്തി 1: 4,10,12,18,21,31)  ഉത്പത്തി 1: 1-2 ഭാഗങ്ങള്‍ ശൂന്യതയില്‍നിന്നുള്ള പ്രപഞ്ചസൃഷ്ടിക്കു തെളിവായി വ്യാഖ്യാനിക്കാറുണ്ട്. ഇരണേവൂസ്, അലക്സാണ്ട്രിയായിലെ ക്ലെമന്‍റ്, വി അഗസ്റ്റിന്‍ തുടങ്ങിയ സഭാപിതാക്കന്‍മാരെല്ലാം ഈ കാഴ്ചപ്പാട് പുലര്‍ത്തുന്നവരാണ്. ജോബ് 6:7 വിജ്ഞാ 11 :17, മക്കബാ 7: 28, റോമ 4: 17 ഹെബ്രാ 11: 3 തുടങ്ങിയ വചനഭാഗങ്ങള്‍ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കുന്നു.

 ആധുനിക ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടുകള്‍ ബൈബിളിന്‍റെ പ്രപഞ്ചദര്‍ശനത്തെ ഒരു പരിധിവരെ സമ്പുഷ്ടമാക്കുന്നതാണ്. ശാസ്ത്രദര്‍ശനങ്ങളെ ബൈബിള്‍ ദര്‍ശനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് മുമ്പ് ബൈബിളിലെ സൃഷ്ടിവിവരണങ്ങള്‍ക്കു പിന്നിലെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രപഞ്ചോത്പത്തിയെ സംബന്ധിച്ചോ മനുഷ്യന്‍റെ ഉത്പത്തിയെ സംബന്ധിച്ചോ ശാസ്ത്രീയമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിന് അന്വേഷിക്കേണ്ട ഒരു ശാസ്ത്രഗ്രന്ഥമല്ല ബൈബിള്‍. എന്നാല്‍ സൃഷ്ടിയെ സംബന്ധിച്ച് മനുഷ്യന്‍ എക്കാലവും ഉന്നയിക്കുന്ന മൗലികമായ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം നല്‍കുന്ന പ്രത്യുത്തരമാണ് ബൈബിളില്‍നിന്നു ലഭിക്കുക.

സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് ڇആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുڈ എന്ന സുപ്രധാനമായ പ്രസ്താവനയോടെ വി. ഗ്രന്ഥം സമാരംഭിക്കുന്നത്. (CCC 279314 ) ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതും അത് നയിക്കപ്പെടുന്നതും  വെറും യാദൃശ്ചികതയാലോ അന്ധമായ വിധിയാലോ അജ്ഞാതമായ ആവശ്യകതയാലോ അല്ലെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഉത്പത്തിയുടെ ആദ്യ മൂന്ന് അധ്യായങ്ങളിലെ സൃഷ്ടി സംബന്ധമായ വിവരണങ്ങള്‍ ആരംഭത്തിന്‍റെ – അതായത് സൃഷ്ടി, പാപം, രക്ഷാവാഗ്ദാനം എന്നിവയുടെ – രഹസ്യങ്ങളെക്കുറിച്ചുള്ള മതബോധനത്തിന്‍റെ മുഖ്യ ഉറവിടമായി നിലകൊള്ളുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ പഴയ നിയമത്തിലെ സൃഷ്ടിവിവരണം പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനേക്കാള്‍ ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രം അര്‍ത്ഥം കൈവരിക്കുന്നത് എവിടെനിന്നാണ് എന്ന ചോദ്യത്തിനുത്തരമാണ് നല്‍കുന്നത്. ദൈവം സൃഷ്ടിയിലൂടെ ആ ജനതയുടെ ചരിത്രത്തിന് അര്‍ത്ഥം നല്‍കി. (ലുഡ് വിഗ് കോലര്‍)

അങ്ങനെ ബൈബിളില്‍ സ്രഷ്ടാവ് – വിമോചകന്‍ എന്നീ സങ്കല്പങ്ങള്‍ അഭ്യേദ്യമായി ബന്ധപ്പെടുന്നു. നിലനില്‍ക്കുന്ന എല്ലാറ്റിന്‍റെയും കര്‍ത്താവ് ദൈവമാണ് എന്ന ദര്‍ശനം ആവിഷ്കരിക്കാനാണ് ബൈബിള്‍ ശ്രമിക്കുന്നത്. ഇസ്രായേലിന്‍റെ രക്ഷാകര്‍മ്മത്തിനുള്ള മുഖവുരയായിട്ടാണ് സൃഷ്ടിവിവരണം നിലനില്‍ക്കുന്നതെന്ന് ഫൊണ്‍റാഡ് ചൂണ്ടിക്കാണിക്കുന്നു. ജെറമിയ 27: 5, ഏശയ്യ 37: 26 എന്നീ ഭാഗങ്ങളിലും സങ്കീര്‍ത്തനപുസ്തകത്തിലും (73: 12- 15) ഇതേ ആശയം പ്രതിഫലിക്കുന്നു.

ഒപ്പം പ്രാചീനയുഗത്തിലെ പ്രകൃതി ദൈവങ്ങളെ ഒഴിവാക്കുക എന്നതും സൃഷ്ടിവിവരണത്തിന്‍റെ ലക്ഷ്യമായിരുന്നു. ദൈവത്തിന്‍റെ സര്‍വ്വാതിശയിത്വത്തെയും സൃഷ്ടിയുടെ നന്‍മയേയും പ്രപഞ്ചത്തിന്‍റെ ദൈവത്തിലുള്ള ആശ്രയത്വത്തെയും അരക്കിട്ടുറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു ബൈബിളിലെ സൃഷ്ടിവിവരണങ്ങള്‍. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും അതിനപ്പുറത്തുള്ള ഒരതീന്ദ്രിയ യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നും, ദൈവത്തിന്‍റെ ജ്ഞാനവും ശക്തിയും വെളിപ്പെടുത്തുന്ന സൃഷ്ടി അവിടുത്തേക്ക് സ്തുതിയും ആരാധനയും അര്‍പ്പിക്കുവാന്‍ ബാധ്യസ്ഥമാണെന്നും ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു.

അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ആഥന്‍സിലെ അജ്ഞാത ദേവന്‍റെ ബലിപീഠത്തെ വ്യാഖ്യാനിച്ചു പ്രസംഗിച്ച പൗലോസ് ശ്ലീഹായുടെ വ്യാഖ്യാനവരം (അപ്പ 17: 22-32) കടമെടുത്താല്‍, പതിറ്റാണ്ടുകളായി ശാസ്ത്രാന്വേഷികള്‍ക്കു മുമ്പില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന അജ്ഞാത കാരണങ്ങള്‍, അജ്ഞാത ഊര്‍ജ്ജ സ്രോതസ്സ്, അജ്ഞാത ഘടകങ്ങള്‍ മുതലായ വിവരണാതീതമായ ആശയങ്ങള്‍ വി. ഗ്രന്ഥം സംശയാതീതമായി പ്രസ്താവിച്ച നിത്യസത്യങ്ങളാണെന്ന് തിരിച്ചറിയുന്നതിന് എളുപ്പമാവും.

ഈ പ്രപഞ്ചം എന്തിന് സൃഷ്ടിക്കപ്പെട്ടു എന്നാണ് ചോദ്യമെങ്കില്‍ സ്നേഹവും കരുണയും നന്‍മയുമല്ലാതെ മറ്റൊരു കാരണവും ലോകസൃഷ്ടിയില്‍ ദൈവത്തിനില്ല എന്ന ഉത്തരമാണ്  ബൈബിള്‍ നല്‍കുന്നത്. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ലോകം ദൈവത്തിന്‍റെ മഹത്വത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നാണ് പഠിപ്പിക്കുന്നത് (293-294, 319).

ഏറ്റവും ഒടുവിലായി മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ മഹാവിസ്ഫോടനത്തെ  തുടര്‍ന്നുണ്ടായ വികാസം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നു സിദ്ധാന്തിക്കുന്നതും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന സത്യം തന്നെയാണെന്നു കാണാം. ഇതാണ് ദൈവപരിപാലന. അതായത് ദൈവം നിയോഗിച്ചിട്ടുള്ളതും ഇനിയും പ്രാപിക്കേണ്ടതുമായ ആത്യന്തിക പൂര്‍ണ്ണതയിലേക്കുള്ള സഞ്ചാരമാണ് പ്രപഞ്ചസൃഷ്ടി. (CCC 302) മഹാവിസ്ഫോടനത്തെ ഒരു നൈമിഷിക പ്രതിഭാസമെന്നതിലുപരി ഒരു തുടര്‍പ്രക്രിയയായും സംഭവപരമ്പരയായും കാണണമെന്ന ശാസ്ത്രീയ വീക്ഷണത്തിന്‍റെ വ്യാഖ്യാനം തന്നെയാണ് മേല്‍പ്പറഞ്ഞതത്രയും. പ്രപഞ്ചം മുഴുവന്‍ ദൈവത്തിങ്കലേക്ക് പരിണമിക്കുകയാണെന്ന് തെയ്യാര്‍ദ് ഷര്‍ദാനും പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രകാഴ്ചപ്പാടുകള്‍ യുക്തിരഹിതമായും ഏകപക്ഷീയമായും നിഷേധിക്കേണ്ടവയോ സൃഷ്ടിയെക്കുറിച്ചുള്ള വി. ഗ്രന്ഥസമീപനങ്ങള്‍ വ്യാച്യാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടവയോ അല്ല (ഥീൗരമേ 41 -51).

പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടുകള്‍ ഈ നിലപാടിനെ ശരിവയ്ക്കുന്നവയാണ്. 12-ാം പിയൂസ് മാര്‍പ്പാപ്പയുടെ ڇഹ്യൂമാനി ജനേരിസ്ڈ എന്ന ചാക്രിക ലേഖനമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠനം നടത്തുന്ന ആദ്യസഭാപ്രബോധനം. ദൈവികവെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട് കത്തോലിക്കര്‍ക്ക് പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കനോ തിരസ്കരിക്കാനോ അവകാശമുണ്ടെന്ന് മാര്‍പ്പാപ്പ വിലയിരുത്തി. 1996 ഒക്ടോബര്‍ 22-ന് ശാസ്ത്രകാര്യങ്ങള്‍ക്കായുളള പൊന്തിഫിക്കല്‍ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജോണ്‍ പോള്‍ II, ആധുനിക ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്‍റെ പല നിഗമനങ്ങളും ശരിവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി. മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട് എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാല്‍ മനുഷ്യാത്മാവ് ദൈവത്താല്‍ നേരിട്ട് സൃഷ്ടിക്കപ്പെട്ടതാണ്.

പരിണാമസിദ്ധാന്തത്തിന്‍റെ 150-ാം വാര്‍ഷികത്തില്‍ ബനഡിക്ട് 16-മന്‍ മാര്‍പ്പാപ്പ രചിച്ച ഉത്പത്തി ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനത്തില്‍ സൃഷ്ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. എങ്കിലും പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യമല്ല. ശാസ്ത്രീയ തെളിവുകളേക്കാള്‍ താത്വികവും കാല്പനികവുമായ നിഗമനങ്ങളെയാണ് പരിണാമസിദ്ധാന്തം അവലംബിക്കുന്നത്.

മതവും ശാസ്ത്രവും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നുളള നിലപാട് തിരുത്തപ്പെടണം. ڇവിശ്വാസം യുക്തിക്ക് അതീതമാണെങ്കിലും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുദ്ധ്യമില്ല. മനുഷ്യന് ദിവ്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും അവനില്‍ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന ദൈവം തന്നെയാണ് മനുഷ്യനില്‍ ബുദ്ധിയുടെ പ്രകാശം നിക്ഷേപിച്ചതും. തന്‍മൂലം ദൈവത്തിന് തന്നെത്തന്നെ നിഷേധിക്കാനാവില്ല. അതുപോലെ സത്യം ഒരിക്കലും സത്യത്തിന് വിരുദ്ധമാവുകയില്ല…ڈ ലൗകിക യാഥാര്‍ത്ഥ്യങ്ങളുടെയും വിശ്വാസ യാഥാര്‍ത്ഥ്യങ്ങളുടെയും ഉറവിടം ഒരേ ദൈവം തന്നെയാണ്. എല്ലാറ്റിനെയും നിലനിര്‍ത്തുന്ന ദൈവമാണ് അവയ്ക്കെല്ലാം തനതായ രൂപഭാവങ്ങള്‍ നല്‍കിയത്. സ്ഥിരോത്സാഹത്തോടും വിനയത്തോടും കൂടി പ്രപഞ്ചരഹസ്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ശ്രമിക്കുന്നവന്‍ അവനറിയാതെതന്നെ ദൈവകരത്താല്‍ നയിക്കപ്പെടുന്നു. (CCC 159)

റഫറന്‍സ് ഗ്രന്ഥങ്ങള്‍:-

– വിശ്വാസത്തിന്‍റെ വെളിച്ചം
– വിശ്വസത്തിന്‍റെ കവാടം
– കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC)
– ഈശ്വരസംവേദനം ശാസ്ത്രയുഗത്തില്‍ (ഫാ. അഗസ്റ്റിന്‍ പാബ്ലാനി) 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy