കലാലയരാഷ്ട്രീയം കാട്ടിക്കൂട്ടിയ കാടത്തരങ്ങള്‍

സ്കൂളുകളിലും കലാലയങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി തികച്ചും സ്വാഗതാര്‍ഹമാണ്. കലാലയരാഷ്ട്രീയത്തിന്‍റെ പേരില്‍ യുവജനങ്ങളില്‍ അക്രമവാസനകള്‍ രൂപപ്പെടുത്തിയിരുന്ന പ്രസ്ഥാനങ്ങള്‍ക്കാണ് ഈ നിരീക്ഷണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും വിലങ്ങുവീഴുന്നത്. എന്തുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയതെന്നത് സുവ്യക്തമാണ്. കലാലയരാഷ്ട്രീയം വാടകഗുണ്ടകളുടെയും ബൗദ്ധിക-വൈകാരികപക്വത കൈവരിക്കാത്ത ഒരുപറ്റം ചെറുപ്പക്കാരുടെയും ഒളിസങ്കേതവും ബാഹ്യആവരണവുമായി മാറിയതുകൊണ്ടാണത്.

വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‍റെ പേരില്‍ നടമാടിയ പേക്കൂത്തുകള്‍

1. പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ – വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സംബന്ധിച്ചിടത്തോളം ഒരവധിദിനം കിട്ടിയെന്ന ആശ്വാസം ഉള്ളില്‍ തോന്നുമെങ്കിലും വിദ്യാലയങ്ങള്‍ പൂട്ടിയട്ട ഓരോ ദിവസവും ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ വരുന്ന വലിയ നഷ്ടത്തെ ആരും പരിഗണിക്കുന്നില്ല. കാര്യഗൗരവത്തോടെയുള്ള പഠനത്തിന് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നഷ്ടപ്പെടുന്നത് എട്ടു മണിക്കൂറുകളാണെങ്കില്‍ എത്രയോ ലക്ഷണക്കണക്കിന് എട്ടുമണിക്കൂറുകളാണ് നിസ്സാരകാരണങ്ങളുടെ പേരില്‍ അപഹരിക്കപ്പെടുന്നത്. നിശ്ചിതകാലയളവുകൊണ്ട് പൂര്‍ത്തിയാക്കപ്പെടേണ്ട സിലബസ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോകുന്നതും പല പാഠഭാഗങ്ങളും ഓടിച്ചുതീര്‍ക്കുന്നതുമൂലം തുടര്‍പഠനത്തിന്‍റെ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ വെല്ലുവിളികള്‍ നേരിടുന്നതും നിസ്സാരമായി പരിഗണിക്കാവുന്ന വസ്തുതകളല്ല.

2. അക്രമം, തല്ലിപ്പൊളിക്കല്‍ – പ്രതിഷേധം മാന്യതയുടെ അതിര്‍വരന്പുകള്‍ കടന്ന് അക്രമത്തിലേക്കും കലാലയം തന്നെ തല്ലിത്തകര്‍ക്കുന്ന കിരാതപ്രവര്‍ത്തികളിലേക്കും കടന്നിരിക്കുന്നു. വെറുതെ കുത്തിയിരിക്കുന്നതും ജെയ് വിളിക്കുന്നതും മാധ്യമശ്രദ്ധ ആകര്‍ഷിക്കില്ലെന്നറിയാവുന്നതിനാല്‍ സമരം ശ്രദ്ധിക്കപ്പെടുന്നതിന് എന്തുകാടത്തവും ചെയ്യാന്‍ അവര്‍ തയ്യാറാകുന്നു. വിദ്യാര്‍ത്ഥിസമൂഹത്തിന്‍റ തന്നെ ധാര്‍മ്മികമായ അധപതനത്തിന് കാരണമായേക്കാവുന്ന ഇത്തരം മാനസികവൈകല്യങ്ങള്‍ക്കുള്ള ചികിത്സകൂടിയാണ് കോടതിവിധി.

3. അധ്യാപകരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് – കലാലയങ്ങളുടെ അന്തരീക്ഷം അധ്യാപകരോടും അവരുടെ സ്ഥാനത്തോടുമുള്ള ബഹുമാനത്തിലൂടെയും ആദരവിലൂടെയും രൂപപ്പെടുന്നതും വിവരകൈമാറ്റരീതി അവരുടെ സ്ഥാനത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നതുമാണ്. അതിനാല്‍ത്തന്നെ പ്രധാനാദ്ധ്യാപകന്‍റെ ഓഫീസ് തകര്‍ക്കുക, അദ്ധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുക, അവരെ അധിക്ഷേപിക്കുക, ശാരീരികമായി കൈയ്യേറ്റം ചെയ്യുക, പൂട്ടിയിടുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ ഭാരതത്തിലെ വിദ്യാഭ്യാസസന്പ്രദായത്തോടും കലാലയങ്ങളുടെ ധാര്‍മ്മികവ്യവസ്ഥിതിയോടുമുള്ള ശക്തമായ വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ഇവ നിയന്ത്രിക്കപ്പെടേണ്ടത് കലാലയസംസ്കാരത്തിന്‍റെ തന്നെ നിലനില്പിന് അനിവാര്യമാണ്.

4. സ്വകാര്യമാനേജുമെന്‍റുകള്‍ക്കെതിരേയുള്ള വ്യാജആരോപണങ്ങള്‍ – എല്ലാ സ്വകാര്യ മാനേജുമെന്‍റുകളെയും കുത്തകകന്പനികളായിക്കാണുകയും അവര്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്പോഴാണ് സമത്വവും സ്വാതന്ത്ര്യവും നിലവില്‍ വരികയെന്നും ചിന്തിക്കുന്ന പ്രത്യയശാസ്ത്രദാരിദ്ര്യം വിദ്യാര്‍ത്ഥിസംഘടനകളെ നയിക്കുന്നു. കേരളത്തില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും ഇന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കാന്‍ ശ്രദ്ധകാണിക്കുകയും ചെയ്യുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ ഇവരുടെ ഇരകളാകുന്നത് സ്വാഭാവികമാണെന്ന് ചിന്തിക്കാനാവില്ല. ഗൂഢോദ്ദേശങ്ങള്‍ നടപ്പില്‍വരുത്താന്‍ സംഘടിതശക്തികളുടെ വാടകഗുണ്ടകളായി വിദ്യാര്‍ത്ഥിസംഘടനകള്‍ തരംതാഴുന്നതും ഹൈക്കോടതിവിധിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

5. വഴിതെറ്റിക്കപ്പെടുന്ന യുവത്വം – ലക്ഷ്യംതെറ്റുന്ന കലാലയങ്ങള്‍ – എന്താണ് വിദ്യാഭ്യാസമെന്നും എന്തിനാണ് കലാലയങ്ങളില്‍ പോകുന്നതെന്നും ഉറപ്പില്ലാത്ത ഒരു തലമുറയുടെ രൂപീകരണത്തിന് വിദ്യാര്‍ത്ഥിരാഷ്ട്രീയം കാരണമാകുന്നു. സിനിമകളിലൂടെയും മറ്റ് പ്രചരണമാര്‍ഗ്ഗങ്ങളിലൂടെയും വിദ്യാര്‍ത്ഥികളുടെ പുതുതലമുറയെ പൂര്‍ണ്ണമായും പഠനതാത്പര്യങ്ങളില്‍‍ നിന്നകറ്റാന്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയമെന്ന അപകടകരമായ ആസക്തി കാരണമായിത്തീരുന്നു. ഗുണനിലവാരമില്ലാത്ത തത്വചിന്തകളുടെ അടിമകളാക്കി മാറ്റിക്കൊണ്ട് യുവത്വത്തെ ആകമാനം ചിന്താശേഷിയില്ലാത്തവരാക്കിത്തീര്‍ക്കുകയോ അതല്ലെങ്കില്‍ വഴിതെറ്റിയ ചിന്തകളുടെ വക്താക്കളാക്കുകയോ ചെയ്യാന്‍ ഈ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നു. അതിനാല്‍ അവയെ പ്രതിരോധിക്കേണ്ടത് സംസ്കാരമുള്ള സമൂഹത്തിന്‍റെ ഉത്തരവാദിത്വമായി മാറുന്നു.

വിദ്യാര്‍ത്ഥിരാഷ്ട്രീയം നിരോധിച്ചപ്പോള്‍ അതിനെതിരേ പ്രതികരിച്ചവര്‍ ചൂണ്ടിക്കാണിച്ച കലാലയരാഷ്ട്രീയത്തിന്‍റെ നന്മകള്‍ തികച്ചും ആദര്‍ശനിഷ്ഠമാണ്. ആദര്‍ശങ്ങള്‍ പേരിനുപോലും ഉച്ചരിക്കാത്ത നേതാക്കന്മാരും അവരെ അന്ധമായി അനുസരിക്കുന്ന അണികളും വേണ്ടവിധം ശിക്ഷണം ലഭിച്ചിട്ടില്ലാത്ത ഈ സംവിധാനങ്ങള്‍ക്കകത്ത് നിലനില്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം പക്ഷേ അവര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മാനേജുമെന്‍റിന്‍റെ അക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണമെന്നു വാദിക്കുന്നവര്‍ രാജ്യത്ത് നിലനില്ക്കുന്ന നിയമവ്യവസ്ഥ അപര്യാപ്തമാണെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കണമെന്നും വ്യംഗമായി ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

മേല്‍പ്പറഞ്ഞകാരണങ്ങളാല്‍, വെറും നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമപരമായ ചട്ടക്രമങ്ങള്‍ ഈ വിഷയത്തില്‍ നിലവില്‍ വരണമെന്നും കേരളസമൂഹം ആഗ്രഹിക്കുന്നു. ഈ വര്‍ഷം മാത്രം നടന്ന അക്രമങ്ങളെ മുന്‍നിര്‍ത്തി ചിലപ്രസ്ഥാനങ്ങളുടെ ചെയ്തികളെ ഗുണ്ടാആക്ടിന്‍റെ പരിധിയില്‍പ്പെടുത്തുകയും ചെയ്യുന്പോള്‍ മാത്രമേ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പില്‍ വരികയുള്ളു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy