കൊറോണപ്രവാഹം ചാടിക്കടക്കുന്ന സഭയും സമൂഹവും

ഫാ. വര്‍ഗീസ് വള്ളിക്കാട്ട് (കെസിബിസി, ഡപ്യൂട്ടി സെക്രട്ടറി)

കോവിഡ് അനന്തര  കാലത്തെപ്പറ്റിയുള്ള ആലോചനകളും ചര്‍ച്ചകളും എല്ലായിടത്തും സജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനെക്കാള്‍ ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്  കോവിഡിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘ലോക് ഡൗണ്‍’ എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങള്‍ക്കകം അവസാനിക്കും. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു സംസ്ഥാനങ്ങള്‍ രംഗത്തു വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കൊറോണ വൈറസും കോവിഡ് 19 എന്ന രോഗവും  ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അത് ഏല്പ്പിച്ച ആഘാതവും ഏറെക്കാലം നിലനില്ക്കും. ഫലപ്രദമായ പ്രതിരോധ വാക്സിനുകളോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കോവിഡ് മനുഷ്യവര്‍ഗത്തിന് ഒരു ഭീഷണി തന്നെയായിരിക്കും.

അരനൂറ്റാണ്ടിനുള്ളില്‍ ഇതുപോലെ ഒരു മഹാമാരി ലോകം കണ്ടിട്ടില്ല. 1980 ലാണ് വസൂരി (സ്മോള്‍്യു
പോക്സ്) എന്ന മാരക വ്യാധി മനുഷ്യന്‍ നിയന്ത്രണ വിധേയമാക്കി നിര്‍മാര്‍ജനം ചെയ്തത്. നൂറ്റാണ്ടുകള്‍ മനുഷ്യ വര്‍ഗത്തെ വരുതിയില്‍ നിര്‍ത്തിയ വസൂരി ഇരുപതാം നൂറ്റാണ്ടില്‍ മാത്രം മുന്നൂറു ദശലക്ഷം മനുഷ്യജീവനെടുത്തു എന്നാണ് കണക്കാക്കുന്നത്.  മനുഷ്യ വര്‍ഗത്തിനു ഭീഷണിയായി മഹാമാരികള്‍ എക്കാലവും ഉണ്ടായിരുന്നു. അവയോടു പൊരുതിയും പൊരുത്തപ്പെട്ടും  അവയെ അതിജീവിച്ചുമാണ് മനുഷ്യവംശം ചരിത്രത്തില്‍ മുന്നോട്ടുപോയിട്ടുള്ളത്. തല്ക്കാലം കൊറോണയുമായി പൊരുതിനില്ക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍, എത്രയും വേഗം അതിനെ അതിജീവിക്കാനുള്ള വാക്സിനുകളും മരുന്നും കണ്ടെത്താനായേക്കും.

2019  ഡിസംബര്‍ 31 നാണു ചൈനയിലെ വുഹാനില്‍ ന്യൂമോണിയക്കു തുല്യമായ രോഗം പടരുന്നതായി ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. പനിയും ശ്വാസ തടസ്സവുമായിരുന്നു പ്രധാന രോഗ ലക്ഷണങ്ങള്‍. ജനുവരി മാസത്തില്‍ തന്നെ ചൈനക്ക് പുറത്തേക്കും രോഗ വ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി 25 ആയപ്പോഴേക്കും മരണ സംഘ്യ 1000  കടന്നു.  ജനുവരി 30 നു ലോകാരോഗ്യ സംഘടന കോവിഡ് – 19  വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ഇതേ ദിവസംതന്നെ ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് -19 കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കോവിഡിന് കൃത്യമായ ചികിത്സയില്ലെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഫെബ്രുവരി അഞ്ചിനാണ്. മാര്‍ച്ച് 11-നു കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മരണം 4291 കടന്നിരുന്നു.

ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനം കേരളം ആണെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കോവിഡിനെ നിയന്ത്രിക്കുന്നതില്‍ കേരളം ലോകത്തിനു തന്നെ മാതൃകയായി. എങ്കിലും കോവിഡ് ഭീഷണിയില്‍ നിന്നും നമ്മള്‍ മുക്തരായി എന്ന് കരുതാന്‍ വയ്യ. പ്രതിരോധ വാക്സിനോ മരുന്നോ കണ്ടെത്തും വരെ നമ്മള്‍ മാത്രമല്ല, ലോകത്ത്  എവിടെയും ആരുംതന്നെ സുരക്ഷിതരാണെന്ന് പറഞ്ഞുകൂടാ. എല്ലാവരും മരണകരമായ ഒരു അപകടാവസ്ഥയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സമൂഹം എന്ന നിലയില്‍ എങ്ങിനെ ഈ അപകടാവസ്ഥയെ നാം അതിജീവിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ ഒരു പ്രതിവിധിയല്ല എന്ന തിരിച്ചറിവിലേക്ക് മെല്ലെ നമ്മള്‍ ഉണരുകയാണ്. എന്നാല്‍, ലോക്ക് ഡൗണ്‍ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളും, സമൂഹങ്ങളും എത്ര വലിയ വിലയാണ് കൊടുക്കേണ്ടിവന്നത് എന്നതും നമ്മള്‍ കണ്ടതാണ്. ദീര്‍ഘകാലത്തേക്കുള്ള ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവാണ്, നിയന്ത്രണങ്ങളോടെ ആണെങ്കിലും ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ രാഷ്ട്ര നേതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. അതേസമയം, കോവിഡ് മൂലം ജനുവരി മുതല്‍ മെയ് 22 വരെ മരിച്ചവരുടെ എണ്ണം 3, 31, 696  ആണ്. കോവിഡ് ഒരു മഹാ കൊലയാളി തന്നെയാണ്. അര നൂറ്റാണ്ടു മുന്‍പു വരെ  വസൂരിയെ നമ്മുടെ പൂര്‍വികര്‍ എങ്ങിനെ അഭിമുഖീകരിച്ചുവോ, അതേവിധം നമ്മള്‍ കോവിഡിനെ മുന്നില്‍ കണ്ടു ജീവിക്കേണ്ടിയിരിക്കുന്നു. സ്മോള്‍ പോക്സിനെ അപേക്ഷിച്ചു കോവിഡ് -19 ന്‍റെ മരണ നിരക്ക് തുലോം കുറവാണ് എന്നതാണ് ഏക ആശ്വാസം.

അനിശ്ചിതമായ ഭാവി

നിരന്തരം രൂപമാറ്റം വരാവുന്ന കോവിഡ് വൈറസ് ഇനി എങ്ങനെയെല്ലാമായിരിക്കും ഭാവിയില്‍ അതിന്‍റെ വിശ്വ രൂപം കാട്ടുക എന്ന് യാതൊരു നിശ്ചയവും ആര്‍ക്കുമില്ല. രണ്ടായി രത്തിപത്തൊന്‍പതു വരെ ജീവിച്ച രീതികളിലേക്കും അനുഭവിച്ച സ്വാതന്ത്ര്യങ്ങളിലേക്കും എത്രമാത്രം തിരിച്ചുപോകാന്‍ കഴിയും എന്ന് പറയാന്‍ സമയം ആയിട്ടില്ല. ഇപ്പോള്‍ തന്നെ, ഏറെക്കാര്യങ്ങള്‍ നമ്മള്‍ വേണ്ടെന്നു വച്ചിരിക്കുന്നു. അതിലേറെ നിയന്ത്ര ണങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലയിലും നമ്മള്‍ ഏര്‍പ്പെടുത്തി യിരിക്കുന്നു. ഏറെക്കാര്യങ്ങള്‍ പുതു തായി ശീലിച്ചുകൊണ്ടിരിക്കുന്നു. പല നിയന്ത്രണങ്ങളോടും നമ്മള്‍ പൊരുത്ത പ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം മാറുകയാണ്. നമ്മുടെ ശീലങ്ങളും.

ലോകത്തിന്‍റെ സാമ്പത്തിക സ്ഥിതി ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കൊറോണക്ക് മുന്‍പുതന്നെ, ലോക സാമ്പത്തിക ക്രമം തകര്‍ച്ചയെ നേരിടുക യായിരുന്നു. ലോകരാഷ്ട്രങ്ങള്‍ മുന്‍പ് അഭിമുഖീകരി ച്ചിട്ടില്ലാത്ത പ്രതിസന്ധി മുന്നില്‍ കാണുകയായിരുന്നു. ഇത്തരം രോഗാതുരമായ ഒരു സാമ്പത്തിക ക്രമത്തെയാണ്, ജീവിത ശൈലീ രോഗങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ഒരാളെ കൊറോണ വൈറസ് ബാധിച്ചാലെന്നപോലെ കോഡിഡ് പൊറുതിമുട്ടി ച്ചിരിക്കുന്നത്. ഉല്പാദന മേഖലയും, വാണിജ്യ വ്യവസായ മേഖലകളുമെല്ലാം ഒരുപോലെ സാമ്പത്തിക തകര്‍ച്ചയെ നേരിടുകയാണ്. ദിവസ വരുമാനക്കാരായ അസംഘടിത തൊഴിലാളികള്‍ക്കും ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മല്‍സ്യബന്ധനം ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു മെല്ലാം ലോക്ക് ഡൗണ്‍ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉടനെ ഒരു തിരിച്ചുവരവ് അസാധ്യമായവിധം സാമ്പത്തിക രംഗം താറുമാറാ യിരിക്കുന്നു.

ലോക്ക് ഡൗണില്‍ അടച്ചിരുന്നു ജീവന്‍ സംരക്ഷിക്കാ മെങ്കിലും ജീവിതം തിരിച്ചുപിടിക്കണമെങ്കില്‍ , മനുഷ്യ പ്രയത്നത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും എല്ലാ മേഖലകളും സജ്ജീവമാകേണ്ടിയിരിക്കുന്നു. കരയിലും കടലിലും ആകാശത്തും വാഹനങ്ങള്‍ ഓടിത്തുടങ്ങണം. കട കമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം. ജീവ സന്ധാരണത്തിനും അനുദിന വരുമാനത്തിനുമുള്ള മാര്‍ഗങ്ങള്‍ തുറന്നു കിട്ടണം. ഉല്പാദന,  വ്യവസായ,  നിര്‍മാണ മേഖലകള്‍ പ്രവര്‍ത്തന നിരതമാകണം. വളരെക്കാലമായി അവഗണന നേരിട്ട് തകര്‍ച്ചയിലായിരിക്കുന്ന കാര്‍ഷിക മേഖലയും മല്‍സ്യബന്ധനം ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകളും സജ്ജീവമാകണം. സര്‍ക്കാര്‍ ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി ആവി ഷ്ക്കരിച്ചു നടപ്പാക്കണം. അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തി ലേക്കാണ് ലോകം നീങ്ങി ക്കൊണ്ടിരിക്കുന്നത് എന്ന് ലോക ഭക്ഷ്യ സംഘടന തന്നെ മുന്ന റിയിപ്പ് നല്കിയിട്ടുണ്ട്. സാധാര ണക്കാരുടെ കൈകളില്‍ പണം എത്തുകയും അത് വിപണിയെ ഉണര്‍ത്തുകയും ചെയ്യുന്നതിനാ വശ്യമായ സാമ്പത്തിക പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിച്ചു ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. ഒപ്പം, വാണിജ്യ വ്യവസായ മേഖലകള്‍ക്ക് ഉണര്‍വുപകരുന്ന ആശ്വാസ നടപടികളും ഉണ്ടാകണം.

ശുഭസൂചനകളുടെ ദൃശ്യം

സ്വയം മറന്നുള്ള പരക്കം പാച്ചിലുകളില്‍നിന്നു മുക്തരായി വീണ്ടും പ്രകൃതിയുടെ താളവും സംഗീതവും  അറിയാനും അനുഭവിക്കാനും സഹായിച്ച ഒരു കാലഘട്ടമായിരുന്നല്ലോ ലോക്ക് ഡൗണ്‍! മനുഷ്യന്‍റെ പരിധിവിട്ട പരാക്രമങ്ങളില്‍നിന്നു മുക്തയായ പ്രകൃതി കുറേക്കൂടി സ്വച്ഛവും ശുദ്ധവുമായിരിക്കുന്നു. പ്രകൃതിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല എന്ന ഒരു ബോധം മനുഷ്യര്‍ക്ക് നല്കിക്കൊണ്ട് എന്തെല്ലാം തരം പക്ഷികളും ചെറുജീവി വര്‍ഗങ്ങളുമാണ് ഇപ്പോള്‍ നമുക്ക് ചുറ്റും പാറിപ്പറക്കുന്നത്! പ്രകൃതി മനുഷ്യ സമൂഹത്തോട് മറുതലിക്കുന്നത്  അടുത്തകാലത്തായി വര്‍ധിച്ചു വരികയായിരുന്നു  എന്നത് കാണാതിരുന്നുകൂടാ. കുറേക്കൂടി പ്രകൃതിയോട് ചേര്‍ന്നും ലളിതമായും ജീവിക്കാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു എന്നതിന്‍റെ ഒരു സൂചനകൂടിയാവാം കോവിഡ്! പ്രകൃതിയുടെയും ദരിദ്രരുടെയും നീതിക്കുവേണ്ടി യുള്ള നിലവിളിയെ അവഗണിക്കരുതെന്നു  ഫ്രാന്‍സിസ് പാപ്പാ നിരന്തരം മനുഷ്യ സമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പ്രസക്തി ഇനിയും നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭാസ രംഗം മറ്റേതു മേഖലയേയുംകാള്‍ വെല്ലുവിളി നേരിടുക യാണ്. കുട്ടികളുടെയും യുവതലമുറയുടെയും വിദ്യാഭ്യാസ രീതികളില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് കോവിഡ്. സാമൂഹ്യ അകലം പാലിക്കുക, ഓരോരുത്തരും സ്വയം സംരക്ഷിക്കുന്നതി നാവശ്യമായ മുന്‍കരുതലുകളും പെരുമാറ്റ ക്രമീകരണങ്ങളും ശീലിക്കുക, ഒത്തുചേരലുകള്‍ പരമാവധി ഒഴിവാക്കുക തുടങ്ങിയ കൊറോണക്കാല പെരുമാറ്റച്ചട്ടങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുക എന്നത് വലിയതോതില്‍ വെല്ലുവിളി ഉയര്‍ത്തും. 2020 ല്‍ സ്കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുക എന്നത് എളുപ്പമാവില്ല.  ചിലരെല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ പുതിയ രീതികള്‍ ഇപ്പോള്‍ത്തന്നെ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. അവയൊക്കെ എത്രത്തോളം ഫലപ്രദമാകും എന്ന് പറയാറായിട്ടില്ല. പുതിയ തലമുറ ഒരുപക്ഷെ മാറ്റങ്ങളോട് വേഗം പൊരുത്തപ്പെട്ടു എന്ന് വരാം. അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിലവിലുള്ള മറ്റു സംവിധാനങ്ങള്‍ എല്ലാം ഈ രംഗത്തെ പുതിയ മാറ്റങ്ങളും അതുയര്‍ത്തുന്ന വെല്ലുവിളികളും ഏറ്റെടുക്കാന്‍ സജ്ജരാ കേണ്ടിയിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍,  സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ആവശ്യമായ ഫീസ് സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തുകയും കോവിഡ് മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്കുകയും വേണമെന്ന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്കുന്നവര്‍ക്ക്  കെസിബിസി നിര്‍ദേശം നല്കിയിട്ടുണ്ട്.

പുത്തന്‍ അജപാലനാഭിമുഖ്യങ്ങള്‍

ആധ്യാത്മീക സാംസ്കാരിക രംഗങ്ങളിലും കോവിഡ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്‍റെ പ്രധാന മേഖലകളായ ആധ്യാത്മീക സാംസ്കാരിക രംഗങ്ങളെല്ലാംതന്നെ, കോവിഡി നോടനുബന്ധിച്ചുള്ള ലോക്ക് ഡൗണില്‍ നിശ്ചലമായി രിക്കുകയാണ്. ആധ്യാത്മീക കേന്ദ്രങ്ങളായ ദൈവാ ലയങ്ങളും അവയോടനുബന്ധിച്ചുള്ള പ്രവര്‍ത്തന ങ്ങളും, ആഘോഷങ്ങളും, കൂടിവരവുകളുമെല്ലാം അസാധ്യമായിരിക്കുന്നു. ദൈവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും നടത്തുന്നതിന് വിലക്കില്ലെങ്കിലും വിശ്വാസികള്‍ക്ക് അതില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വീടിന്‍റെ അകത്തളങ്ങളിലും ചുറ്റുവട്ടത്തുമായി ഓരോ വ്യക്തിയുടെയും ജീവിത വൃത്തം ചുരുങ്ങിയിരിക്കുന്നു. വലിയനോമ്പുകാലവും വിശുദ്ധ വാരവും ഈസ്റ്ററുമെല്ലാം ലോക്ക് ഡൗണ്‍ കവര്‍ന്നെടുത്തു. മരണത്തിന്‍റെ ഇരുണ്ട ചിറകുകള്‍ ഭൂമിക്കുമേല്‍ നിഴല്‍വീഴ്ത്തിയ ദിനങ്ങളായിരുന്നു അവ. ഇല കൊഴിയുന്നതുപോലെ മനുഷ്യര്‍ കൊഴിഞ്ഞു വീഴുന്ന വാര്‍ത്തകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും എത്തിക്കൊണ്ടിരുന്ന പേടിപ്പെടുത്തുന്ന ദിന രാത്രങ്ങള്‍! മാര്‍ച്ച് 27 നു ശൂന്യമായ വത്തിക്കാന്‍ ചത്വരത്തിനുമദ്ധ്യേ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ലോകം ദിവ്യകാരുണ്യ നാഥനു മുമ്പില്‍ മുട്ടുകുത്തി ദൈവ കാരുണ്യത്തിനുവേണ്ടി യാചിച്ച നിമിഷങ്ങള്‍ മറക്കാനാവുമോ? ദൈവാലയങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒരുകാര്യം നമ്മള്‍ തിരിച്ചറിഞ്ഞു: നമ്മുടെ കുടുംബങ്ങള്‍ ദൈവാലയങ്ങളാകുന്നു! ഒപ്പം, സഭയിലെ ഇടയന്മാര്‍ വിശ്വാസികളെ അനുധാവനം ചെയ്യുന്നതില്‍ ഒരു പുതിയ മാനം കൈവരിക്കുക യായിരുന്നു. നേരിട്ട് എത്താതെതന്നെ കടന്നുചെല്ലുന്ന കരുതലിന്‍റെയും സാന്ത്വനത്തിന്‍റെയും ധൈര്യം പകരുന്ന സാന്നിധ്യം! ഓരോ വിശ്വാസിയെയും അവരവര്‍ ആയിരിക്കുന്ന ഇടങ്ങളിലും അവസ്ഥയിലും അനുധാവനം ചെയ്യുന്ന അജപാലന സാന്നിധ്യം! ഭൂരിഭാഗം വൈദികരും സന്ന്യസ്തരുമൊക്കെ ഇത്തരം പുതിയ രീതികളോട് ഇനിയും പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. എങ്കിലും, ആടുകളെ തേടിയിറ ങ്ങുന്ന വ്യത്യസ്തമായ അജപാലന മാതൃകകള്‍ പലതും ഈ കോവിഡ് കാലം നമുക്ക് പരിചയ പ്പെടുത്തി.

ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും സഭ അഭിമുഖീ കരിക്കേണ്ട പ്രശ്നങ്ങള്‍ നിരവധിയാണ്. മനുഷ്യന്‍റെ ജീവല്‍ പ്രശ്നങ്ങളോട് പ്രതികരിക്കാതെ സഭക്ക് അതിന്‍റെ ശുശ്രൂഷയില്‍ മുന്നോട്ടു പോകാനാവില്ല. മനുഷ്യന്‍റെ ആവശ്യങ്ങളോടും പരിമിതികളോടും സാധ്യതകളോടും സുവിശേഷാത്മകമായി പ്രതികരിച്ചു കൊണ്ടാണ് സഭ അതിന്‍റെ ദൗത്യം നിര്‍വഹിക്കുന്നത്. കൊറോണക്കാലം, വിശിഷ്യാ ലോക്ക് ഡൗണ്‍ കാലം സഭയില്‍ ശുശ്രൂഷയുടെ അനേകം സാധ്യതകള്‍ പരീക്ഷിക്കപ്പെട്ടു. രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ പ്രതിരോധ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് രൂപതകളില്‍ നേതൃത്വം നല്കി വരുന്നു.  കോവിഡിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്ത നങ്ങള്‍, മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മ്മാണവും വിതരണവും, അതിഥി തൊഴിലാളി കള്‍ക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കല്‍, ഭക്ഷണ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യല്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ വിവിധ തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം കെസിബിസി ഓഫീസില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 10, 07, 29, 745 രൂപയും ഇടവകകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 21, 20, 89, 968 രൂപയും സന്ന്യസ്ത സമൂഹങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 12, 87, 18, 280 രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ നടന്ന  പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും കണക്കും ഓരോ രൂപതയും സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സന്ന്യാസ സമൂഹവും കെസിബിസി സെക്രട്ടേറിയറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, രൂപതകളില്‍നിന്നും സന്ന്യാസ സമൂഹങ്ങളില്‍നിന്നും സമാഹരിച്ച്,  1,03,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സംഭാവന ചെയ്തി ട്ടുമുണ്ട്.

സംസ്ഥാനത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ത്തന്നെ കത്തോലിക്കാ സഭയുടെ ആശുപത്രികളും ആരോഗ്യ മേഖലയില്‍ ശുശ്രൂഷ ചെയ്യുന്നവരും സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയി ച്ചിരുന്നു. കൂടാതെ, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലു കള്‍, സ്റ്റഡി ഹൗസുകള്‍, പാസ്റ്ററല്‍ സെന്‍ററുകള്‍, ധ്യാന കേന്ദ്രങ്ങള്‍, സാമൂഹിക ക്ഷേമ സംവിധാനങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാ ഭരണാധി കാരികള്‍ക്ക് കൈമാറിയിരുന്നു. പ്രവാസി മലയാളികളുടെ ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രസ്തുത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും അതാതു പ്രദേശത്തുള്ള കുടുംബങ്ങളില്‍ അര്‍ഹരായ വര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റ് സന്നദ്ധ സംഘടനകളുമായും സഹകരിച്ചു തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ കഴിയുന്ന മുറയ്ക്ക് തിരിച്ചുവരുന്ന മദ്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയും കോവിഡ് കാലത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. സാമൂഹികാകലം പാലിക്കാന്‍ തക്ക സുബോധം പൗരന്മാര്‍ക്ക് ഇപ്പോള്‍ അനിവാര്യമാണെന്ന് സര്‍ക്കാരിനു ബോധ്യമില്ലെങ്കില്‍ കഷ്ടം എന്നേ പറയേണ്ടൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ, കോവിഡ് ഏല്പ്പിച്ചിട്ടുള്ള സാമ്പത്തിക ആഘാതം വലുതാണ്. ഓരോ വ്യക്തിയും കുടുംബവും ഇതിന്‍റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. പരസ്പരം കരുതുന്ന ഒരു സമൂഹം എന്ന നിലയില്‍ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനു ഓരോ ഇടവകയും സജ്ജമാകേണ്ടിയിരിക്കുന്നു. ദരിദ്രരെ പ്രത്യേകം കരുതുകയും ദാരിദ്ര്യത്തിന്‍റെ അരൂപി സ്വയം ഉള്‍ക്കൊ ള്ളുകയും ചെയ്യുന്ന സഭ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി യിരിക്കുന്നു. സാമ്പത്തിക പരാധീനത നമ്മുടെ കുടുംബാന്തരീക്ഷം കലുഷമാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. പരസ്പരം താങ്ങും തണലുമാവാന്‍ നാം ജാഗ്രതയുള്ളവരാകണം. യുവജനങ്ങളും അല്‍മായ നേതൃത്വവും വൈദികരും പ്രാദേശികമായ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ രാകണം. കത്തോലിക്കാ സഭയെ സംബന്ധിച്ചിട ത്തോളം ഈ കൊറോണാ കാലത്തു സഭ എന്തായി രുന്നു, എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നത് അതി പ്രധാനമാണ്. കൊറോണക്കാലത്തെ സഭ അതിനു ശേഷമുള്ള സഭയുടെ സ്വഭാവവും പ്രസക്തിയും നിര്‍ണയിക്കും എന്നതില്‍ സംശയമില്ല.

ദൈവാലയങ്ങള്‍ അടച്ചിടണം എന്നും ജനങ്ങള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും, പരമാവധി സാമൂഹ്യ അകലം പാലിക്കണമെന്നും നിഷ്കര്‍ഷി ക്കപ്പെട്ട  ഇക്കാലത്താണ് സഭ യഥാര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിയത്. ജനങ്ങളോടൊപ്പവും ജനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സംവിധാനങ്ങളുമാണ് സഭ എന്ന അനുഭവപരമായ തിരിച്ചറിവ് വിശ്വാസികള്‍ക്കും സമൂഹത്തിനും ഉണ്ടാകുമ്പോഴാണ് സഭ ദൈവ ജനത്തിന്‍റെ കൂട്ടായ്മയാകുന്നത്. ഭീതിയുടെയും പരാജയ ബോധത്തിന്‍റെയും ആകുലതയുടെയും നാളുകളില്‍ ആശ്വാസവും പ്രത്യാശയും നല്കുന്ന സാന്നിധ്യമാകാന്‍ അതിനു കഴിയുന്നു എന്നതിലാണ് സഭ അതിന്‍റെ തനിമ കണ്ടെത്തുന്നത്. സഭ അതിന്‍റെ മിഷനറി സ്വഭാവവും തനിമയും വീണ്ടെടുക്കുന്ന സമയവും സന്ദര്‍ഭവും ആയിരിക്കണം ഈ കോവിഡ് കാലം. യേശുവിനും ഉണ്ടായിരുന്നു ഒരു ലോക്ക് ഡൗണ്‍ കാലം! അവിടുന്ന് അതിനെ അതിജീവിച്ചത് മനുഷ്യ വര്‍ഗത്തിനു മുഴുവന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പ്രത്യാശ പകര്‍ന്നുകൊണ്ടായിരുന്നല്ലോ. ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാന്‍ കോവിഡ് കാലത്തെ സഭക്ക് കഴിയണം.

(കടപ്പാട് – ജാഗ്രതാ ന്യൂസ്, 274-275 എഡിഷന്‍, ജാഗ്രതാ കമ്മീഷന്‍ – പി.ഓ.സി)

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy