കത്തോലിക്കാ വൈദികരും ദൈവാലയങ്ങളും ഇല്ലാത്ത ഇടങ്ങളിൽ അകത്തോലിക്കാ ദൈവാലയങ്ങളിൽനിന്ന് വിശുദ്ധ കുർബാനയും കൂദാശകളും സ്വീകരിക്കാമോ?

ആൻ മേരി ജോസഫ്

ജീവിതമാർഗം തേടി അലയുന്ന നമ്മിൽപലരും എത്തിച്ചേരുന്ന ഇടങ്ങളിൽ കത്തോലിക്കാ വൈദികരോ കത്തോലിക്കാ ദൈവാലയങ്ങളോ ലഭ്യമായിരിക്കില്ല. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കത്തോലിക്കാ വിശ്വാസികൾക്ക് അകത്തോലിക്കാ സഭകളിൽനിന്ന് വിശുദ്ധ കുർബാനയോ മറ്റു കൂദാശകളോ സ്വീകരിക്കാൻ അനുവാദമുണ്ടോ എന്ന സംശയം പലർക്കും ഉണ്ടാകാം.

കത്തോലിക്കാ സഭാസമൂഹങ്ങളുടെ അഭാവമുള്ള സ്ഥലങ്ങളിൽ ചില അകത്തോലിക്കാ സഭകളുടെ വിശുദ്ധകർമ്മങ്ങളിൽ പങ്കെടുക്കാൻ സഭ അനുവദിക്കുന്നുണ്ട്. കത്തോലിക്കാസഭയോട് പൂർണമായി ഐക്യത്തിലല്ലാത്ത പൗരസ്ത്യസഭകൾ വലിയ തീക്ഷണതയോടെ വിശുദ്ധ കുർബാന ആഘോഷിക്കുന്നുണ്ട്. ഈ സഭകൾ കത്തോലിക്കാ സഭയിൽനിന്ന് വേർപെട്ട് നിൽക്കുന്നവയാണെങ്കിലും യഥാർത്ഥ കൂദാശകൾ ഉള്ളവയാണ്. അതിലുപരി, അപ്പസ്തോലിക പിന്തുടർച്ചവഴി കത്തോലിക്കാ സഭയോട് അവരെ ഇപ്പോഴും ഗാഢമായി ബന്ധിക്കുന്ന പൗരോഹിത്യവും വിശുദ്ധകുർബാനയും അവർക്കുണ്ട്.

ദൈവശാസ്ത്രവും കൂദാശകളുടെ വാസ്തവികതയും പരിഗണിച്ച് അകത്തോലിക്കാ ദൈവാലയങ്ങളെ പല തലങ്ങളിലായി തിരിച്ചിട്ടുണ്ട്. അവയിൽ ഒരു വിഭാഗത്തെ സഹോദരി സഭകൾ എന്നു വിളിക്കുന്നു. എഴുകൂദാശകളും കത്തോലിക്കാ സഭയിലെ കൂദാശകൾ പോലെ തന്നെ അംഗീകരിക്കപ്പെടുന്ന സഭകളാണവ. കേരളത്തിലെ യാക്കോബായാസഭ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇങ്ങനെ കത്തോലിക്കാ സഭ അംഗീകരിക്കുന്ന ഏഴു കൂദാശകൾ കത്തോലിക്കാ സഭയിലേതുപോലെതന്നെ കണക്കാക്കുന്ന സഭകളാണെങ്കിൽ ആ സഭകളിൽനിന്ന് മൂന്ന് കൂദാശകൾ സ്വീകരിക്കാൻ കത്തോലിക്കർക്കും കത്തോലിക്കാസഭകളിൽനിന്ന് മൂന്ന് കൂദാശകൾ സ്വീകരിക്കാൻ അകത്തോലിക്കർക്കും അനുവാദമുണ്ട്.

മതനവീകരണ പ്രസ്ഥാനത്തിൽ നിന്നുണ്ടായവയും കത്തോലിക്കാസഭയിൽനിന്നു വേർപ്പെട്ടുപോയവരുമായ സഭാസമൂഹങ്ങൾ വിശുദ്ധ കുർബാന എന്ന രഹസ്യത്തിന്റെ തനി യാഥാർഥ്യത്തെ അതിന്റെ പൂർണതയിൽ സംരക്ഷിച്ചിട്ടില്ല. തിരുപ്പട്ട കൂദാശയുടെ അഭാവം ഇതിന് ഒരു പ്രധാന കാരണമാണ്. അതിനാൽ, കത്തോലിക്കാസഭയ്ക്ക് ഈ സഭയുമായി കൗദാശികമായ സംസർഗ്ഗം സാധ്യമല്ല. പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളിൽനിന്നും ആംഗ്ലിക്കൻസഭയില്നിന്നും സി. എസ്. ഐ സഭയിൽനിന്നും സാധരണരീതിയിൽ കൂദാശകൾ സ്വീകരിക്കാൻ പാടില്ല. ആ സഭയിലെ ഏഴ് കൂദാശകളും കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രത്തോടും കൂദാശകളുടെ വാസ്തവികതയോടും ചേർന്നു നിൽക്കുന്നതല്ലാത്തതിനാൽ കത്തോലിക്കാസഭ അത് അംഗീകരിക്കുന്നില്ല.

എന്നാൽ യാക്കോബായസഭയിൽനിന്ന് മൂന്നു കൂദാശകൾ സ്വീകരിക്കാൻ സഭ അനുവദിച്ചിട്ടുണ്ട്. കുമ്പസാരം, വിശുദ്ധ കുർബാന, രോഗീലേപനം എന്നിവയാണ് ആ മൂന്ന് കൂദാശകൾ. കാരണം അവരുടെ കൂദാശകൾ കത്തോലിക്കാ സഭയ്ക്ക് സ്വീകാര്യമാണ്. കത്തോലിക്കാ സഭയുടെ കൂദാശകൾ അവർക്കും സ്വീകാര്യമാണ്. ഉപരിപഠനത്തിനായി ദൂരദേശത്തേയ്ക്ക് പോകുന്ന ഒരു കത്തോലിക്കാകുട്ടിക്ക് കത്തോലിക്കാ പള്ളിയോ കത്തോലിക്കാ വൈദികരോ അടുത്തില്ലാത്ത ഒരു സാഹചര്യമുണ്ടായി എന്നു കരുതുക. അവിടെ ആകെയുള്ളത് ഒരു യാക്കോബായ പള്ളിയാണ്. ഇങ്ങനൊരു സാഹചര്യത്തിൽ ഞായറാഴ്ചകളിൽ യാക്കോബായ കുർബാനയിൽ പങ്കെടുത്ത് കുർബാനസ്വീകരിക്കുവാനും കുമ്പസാരിക്കുവാനും അനുവാദമുണ്ട്. കത്തോലിക്കാപള്ളിയോ കത്തോലിക്കാ വൈദികനോ ലഭ്യമല്ലെങ്കിൽ മാത്രമേ ഈ അനുവാദം ഉപയോഗിക്കാവൂ എന്ന കാര്യം മറക്കരുത്.

അതുപോലെതന്നെ, ഒരു യാക്കോബായ സമൂഹത്തിലെ വ്യക്തിക്ക് ഞായറാഴ്ച അവരുടെ കുർബാനയിൽ സംബന്ധിക്കാൻ അവസരമില്ലെങ്കിൽ കത്തോലിക്കാ പള്ളിയിൽ കുർബാന സ്വീകരിക്കുന്നതിനും, പാപാവസ്ഥയിൽ കുമ്പസാരിക്കുന്നതിനും, മരണകരമായ സാഹചര്യത്തിൽ രോഗീലേപനം സ്വീകരിക്കുന്നതിനും അനുവാദമുണ്ട്. ഭാരതത്തിലെ കത്തോലിക്കരെ സംബന്ധിച്ച് ഇക്കാര്യങ്ങൾക്ക് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സഭ യാക്കോബായ സഭയാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy