കത്തോലിക്കാ സഭ: കുമ്പസാരവും പുരോഹിതരുടെ അവിവാഹിത ജീവിതവും

ആന്‍ മേരി ജോസഫ്, മുണ്ടക്കയം

സഭാമക്കളിൽ ചിലരുടെ പിഴവുകൾ മൂലം ഇല്ലാതാക്കപ്പെടുന്നതാണോ കത്തോലിക്കാ സഭ? അല്ലെങ്കിൽ മറ്റു ചിലരുടെ അഭിപ്രായങ്ങളും എതിർപ്പുകളും പരിഗണിച്ച്‌ തിരുത്തി എഴുതാൻ സാധിക്കുന്നതാണോ ഈ സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും?

“ഒരു ഉത്പന്നത്തിന് ആവശ്യക്കാർ കുറയുമ്പോൾ പകരം മറ്റൊന്ന് ഉത്പാദിപ്പിക്കുന്ന വ്യവസായം പോലെ പെരുമാറാൻ സഭയ്ക്ക് സാധ്യമല്ല.”

(കാൾ കാർഡിനൽ ലേമാൻ)

ഈയിടെയായി സഭാവിരോധികളും വിമര്‍ശകരുമായ പലരുടെയും അഭിപ്രായപ്രകടനങ്ങൾ ഇവയാണ്: ‘കുമ്പസാരം എന്ന കൂദാശ നിർത്തലാക്കണം’, ‘സ്ത്രീകളെ സ്ത്രീകൾ കുമ്പസാരിപ്പിക്കണം’, ‘വൈദികർ വിവാഹജീവിതം നയിക്കണം’ തുടങ്ങി അനേകം ആശയങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഇവയോരോന്നും കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇത്തരം പല ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ക്രിസ്ത്യാനികൾ തന്നെയാണ് എന്ന കാര്യം ഓർക്കുമ്പോൾ ലജ്ജയും തോന്നുന്നു.. അവർക്ക് സഭയെ കുറിച്ചുള്ള അറിവ് എന്തുമാത്രമാണെന്ന് ഓർക്കണേ!

കുറേപ്പേരുടെ അഭിപ്രായങ്ങൾ മുൻനിർത്തി അനുഷ്ഠാനങ്ങൾ തിരുത്തിയെഴുതാൻ സഭ ഒരു സ്ഥാപനമല്ല, മറിച്ച്, സ്ഥാപനത്തിൽ കവിഞ്ഞ ഒന്നാണ്. ഒരേ സമയം മാനുഷികവും ദൈവികവുമായ ഒരു രഹസ്യമാണത്.

ഒരു കാര്യം തുറന്നുപറയട്ടെ, സഭയില്‍ തെറ്റുകളും കുറ്റങ്ങളും ഉണ്ട്. എല്ലാക്കാലത്തും ഉണ്ട്, ഇനിയുമുണ്ടാവുകയും ചെയ്യും. കാരണം, സഭാമക്കളും മനുഷ്യരാണ്. ചുരുക്കി പറഞ്ഞാൽ ഇതു പാപികളുടെ സഭയാണ്. എന്നാൽ ക്രിസ്തു പാപികൾ ജീവിക്കുന്ന ഈ സഭയോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. അവിടുന്ന് ഒരിക്കലും തന്‍റെ സഭയെ കൈവിടുന്നില്ല. നാം അനുദിനം അവിടുത്തെ ഒറ്റിക്കൊടുത്താലും അവിടുന്ന് നമ്മെ മറക്കുന്നില്ല. മാനുഷികവും ദൈവികവുമായതിന്‍റെ, പാപത്തിന്‍റെയും ദൈവകൃപയുടെയും, അവിഭാജ്യമായ ഐക്യം ആണ് സഭയെന്ന രഹസ്യം. അതുകൊണ്ട് വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ സഭ നശിപ്പിക്കപ്പെടാൻ ആവാത്തവിധം വിശുദ്ധയാണ്.

★ കുമ്പസാരം എന്ന കൂദാശയുടെ ആവശ്യം എന്താണ്? സഭയ്ക്ക് / വൈദികർക്ക് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുമോ?

സാധിക്കും. യേശു പാപങ്ങൾ പൊറുക്കുക മാത്രമല്ല ചെയ്തത് . മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്ന് വിമോചിപ്പിക്കാനുള്ള ദൗത്യവും അധികാരവും സഭയ്ക്ക് നൽകുക കൂടി ചെയ്തു. വൈദികന്‍റെ ശുശ്രൂഷയിലൂടെ അനുതാപിക്ക് ദൈവത്തിൽനിന്ന് മാപ്പുകിട്ടുന്നു. അവന്‍റെ കുറ്റം ഒരിക്കലും ഇല്ലാതിരുന്ന വിധത്തിൽ മായ്ച്ചുകളയപ്പെടുന്നു. പാപങ്ങൾ പൊറുക്കാനുള്ള തന്‍റെ ദിവ്യശക്തിയിൽ പങ്കുചേരാൻ യേശു വൈദികനെ അനുവധിക്കുന്നതുകൊണ്ടു മാത്രമാണ് വൈദികന് ഇതു ചെയ്യാൻ കഴിയുന്നത്.

“മാലാഖമാർക്കോ പ്രധാന മാലാഖമാർക്കോ നല്കപ്പെട്ടിട്ടില്ലാത്ത ഒരധികാരം വൈദികർ ദൈവത്തിൽനിന്ന് സ്വീകരിച്ചിട്ടുണ്ട്… വൈദികർ ഇവിടെ താഴെ ചെയ്യുന്നത് ദൈവം ഉന്നതത്തിൽ സ്ഥിരീകരിക്കുന്നു”. (വിശുദ്ധ ജോൺ ക്രിസോസ്റ്റോം)

★ സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിച്ചാൽ പോരെ?

തികച്ചും അപ്രായോഗികമായ ഒരു കാര്യമാണിത്. പൗരോഹിത്യപട്ടം സ്വീകരിച്ച പുരോഹിതനു മാത്രമാണ് കുമ്പസാര കൂദാശ നിർവഹിക്കാൻ സാധിക്കുന്നത്. മേൽ പറഞ്ഞ കാര്യം സാധിക്കണമെങ്കിൽ കന്യാസ്ത്രീകൾ പൗരോഹിത്യം സ്വീകരിക്കേണ്ടി വരും. എന്നാൽ അത് സാധ്യമല്ല.

പൗരോഹിത്യവും വിശുദ്ധ കുര്‍ബാനയും സ്ഥാപിച്ച തന്‍റെ അന്തിമത്താഴത്തിൽ യേശു പുരുഷന്മാരെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളു എന്ന വസ്തുതയിൽ താൻ നിയന്ത്രിക്കപ്പെടുന്നതായി സഭ കരുതുന്നു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1994-ൽ ഇങ്ങനെ പ്രസ്താവിച്ചു: “സ്ത്രീകൾക്ക് പൗരോഹിത്യപട്ടം നൽകാൻ സഭയ്ക്ക് ഒരു അധികാരവുമില്ല. സഭയുടെ സകല വിശ്വാസികളും ഈ വിധിതീർപ്പ് അന്തിമമായി കരുതണം”.

★ വൈദികർക്കും മെത്രാന്മാർക്കും വിവാഹജീവിതം നയിച്ചുകൂടെ?

കേരളത്തിലെ കത്തോലിക്കാസഭകളുടെ ശൈലിയില്‍ വൈദികര്‍ ബ്രഹ്മചാരികളാണെങ്കിലും പൗരസ്ത്യകത്തോലിക്കാ സഭകൾ അവയുടെ പാരന്പര്യത്തിലും നിയമത്തിലും വൈദികബ്രഹ്മചര്യം നിര്‍ബന്ധമാക്കിയിട്ടില്ല. മെത്രാന്മാർ മാത്രമാണ് പൗരസ്ത്യസഭകളുടെ പാരന്പര്യത്തില്‍ ബ്രഹ്മചര്യജീവിതം നയിച്ചിരുന്നത്. അതേസമയം പാശ്ചാത്യ കത്തോലിക്കാസഭ (ലത്തീന്‍സഭ) തന്റെ മെത്രാന്മാരും വൈദികരും അവിവാഹിത ജീവിതം നയിക്കണമെന്ന് നിയമം മൂലം ആവശ്യപ്പെടുന്നുണ്ട്. ഹംഗറി, സ്ലോവോക്കിയാ, ഉക്കറൈൻ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ പുരോഹിതർ പലരും വിവാഹിതരാണ്. ഇവരെല്ലാം കത്തോലിക്കാസഭാംഗങ്ങളാണ് താനും. ആഗോള തലത്തിൽ 20 ശതമാനം കത്തോലിക്കാ പുരോഹിതർ വിവാഹിതരാണെന്ന് കണക്കുകളുണ്ട്.

എന്നാൽ സഭയിലെ ഭൂരിഭാഗം പുരോഹിതന്മാരും അവിവാഹിത ജീവിതം നയിക്കുന്നു. അതിന്‍റെ കാരണം ഇതാണ്: യേശു അവിവാഹിതജീവിതം നയിച്ചു. അങ്ങനെ വിഭജിക്കപ്പെടാത്ത സ്നേഹം പിതാവായ ദൈവത്തോട് കാണിക്കാൻ ഉദ്ദേശിച്ചു. യേശുവിന്‍റെ ജീവിതരീതി പിന്തുടരുകയും “സ്വർഗ്ഗരാജ്യത്തിനുവേണ്ടി” അവിവാഹിത ചാരിത്ര്യത്തിൽ ജീവിക്കുകയും ചെയ്യുക എന്നതു യേശുവിന്‍റെ കാലം മുതൽ സ്നേഹത്തിന്റെയും കർത്താവിനോടുള്ള അവിഭജിത ഭക്തിയുടെയും സേവനം ചെയ്യാനുള്ള സമ്പൂർണ്ണ സന്നദ്ധതയുടെയും അടയാളമായിരുന്നു. അതുകൊണ്ടാണ് കത്തോലിക്കാ സഭ തന്‍റെ മെത്രാന്മാർക്കും വൈദികർക്കും ഈ ജീവിതരീതി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നത്.

തിരുസ്സഭയാകുന്ന ഈ ജനത്തിന്‍റെ സ്ഥാപകൻ പിതാവായ ദൈവമാണ്. ഇതിന്‍റെ നേതാവ് യേശുക്രിസ്തുവാണ്. ഇതിന്‍റെ ശക്തിയുടെ ഉറവിടം പരിശുദ്ധാത്മാവാണ്. ദൈവജനത്തിലേക്കു പ്രവേശിക്കാനുള്ള വഴി മാമ്മോദീസ ആണ്. ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് ഇതിന്‍റെ മഹത്വം. സ്നേഹമാണ് ഇതിന്‍റെ നിയമം. ഈ ജനം ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിൽക്കുകയും ദൈവരാജ്യം അന്വേഷിക്കുകയും ചെയ്താൽ ഇത്‌ ലോകത്തെ പരിവർത്തനം ചെയ്യിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy