അതിരൂപതയ്ക്കെതിരായ അപകീര്‍ത്തി ശ്രമങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു

Editor

തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെതിരെയും വൈദികര്‍ക്കെതിരെയും “നസ്രാണി” എന്ന യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ച തികച്ചും വാസ്തവവിരുദ്ധവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്കെതിരെ അതിരൂപത ശക്തമായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നു. സൈബര്‍ സെല്ലിലും കണ്ണൂര്‍ പോലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ പോള്‍ അമ്പാട്ട്, ജോബ്സണ്‍ ജോസ് എന്നീ വ്യക്തികള്‍ക്കെതിരെയും “നസ്രാണി” എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് പരാതിപ്പെട്ടു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് പ്രസ്തുത വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചില വര്‍ഗ്ഗീയ സംഘടനകളും സഭാവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വീഡിയോ എന്ന് വ്യക്തമാണ്. അതിരൂപതയ്ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളുടെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ അതിരൂപത ആവശ്യപ്പെട്ടു. ക്രൈം നമ്പര്‍ 1010/2020 ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി ബഹു. കേരളാ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും അതിരൂപതാദ്ധ്യക്ഷന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പോള്‍ അമ്പാട്ട് എന്ന വ്യക്തിയും ചില സൈബര്‍ മീഡിയാകളും തന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് സ്ത്രീത്വത്തെ അപമാനിച്ചതായി പൊട്ടംപ്ലാവ് സ്വദേശിനിയായ ഒരു സ്ത്രീ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 331, 327 എന്നീ നമ്പറുകളിലായി നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രസ്തുത സ്ത്രീയുമായി ബന്ധപ്പെടുത്തി പോള്‍ അമ്പാട്ട് ഈ വ്യാജ ആരോപണം ഉന്നയിച്ചത് എന്നതു ശ്രദ്ധേയമാണ്.

കെ.സി.ബി.സിയുടെയും സീറോമലബാര്‍ സഭയുടെയും മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അഭിവന്ദ്യ പാംപ്ലാനി പിതാവ് സ്വീകരിച്ച ധീരമായ നിലപാടുകളും മാധ്യമ ഇടപെടലുകളും ചില സഭാവിരുദ്ധ ഗ്രൂപ്പുകളില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമായിട്ടാണ് വ്യക്തിഹത്യ ലക്ഷ്യമാക്കി അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നത് എന്ന സത്യം സഭാവിശ്വാസികള്‍ മനസ്സിലാക്കിയിട്ടുണ്ട്. വ്യക്തിഹത്യ ലക്ഷ്യമാക്കി വീഡിയോ പ്രസിദ്ധീകരിച്ച “നസ്രാണി” യൂട്യൂബ് ചാനലിനെതിരെയും ജോബ്സണ്‍ ജോസിനെതിരെയും മറ്റ് ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും ഒരുകോടി രൂപയുടെ മാനനഷ്ടകേസിനുള്ള നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.

തലശ്ശേരി അതിരൂപതാ പി.ആര്‍.ഓ. ഫാ. തോമസ് തെങ്ങുംപള്ളില്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy