അനുസരണരഹിതമായ സന്ന്യാസജീവിതം – ഏഷ്യാനെറ്റിലെ ചര്‍ച്ചാജീവി

Noble Thomas Parackal

ഇന്ന് ഏഷ്യാനെറ്റിന്റെ ചര്‍ച്ചാവിഷയം എഫ്സിസിയിലെ മുന്‍ കന്യാസ്ത്രീയുടെ അമ്മക്ക് കൊടുത്ത കത്താണ്. ഏഷ്യാനെറ്റില്‍ മി. വിനു വക ചര്‍ച്ചയാണ് ഈ വിഷയത്തില്‍ ആകെയുണ്ടായിരുന്നത്. തീര്‍ച്ചയായും ഏഷ്യാനെറ്റ് ചര്‍ച്ചിച്ച് സഹായിക്കുക തന്നെ വേണം. കാരണം, അവരുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരു പരിധിവരെ ഏഷ്യാനെറ്റ് തന്നെയാണ് കാരണം. അതേസമയം, തികച്ചും മാന്യമായി അവരോടും അവരുടെ അമ്മയോടും പെരുമാറിയ സന്ന്യാസസമൂഹം അഭിനന്ദനമര്‍ഹിക്കുന്നു. വഴിയിലേക്കിറങ്ങിപ്പോകാനല്ല, കുടുംബാംഗങ്ങളോട് അവരെ വന്ന് കൂട്ടിക്കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കത്തിന്റെ ഉള്ളടക്കം തികച്ചും നീതിപൂര്‍വ്വകവും ഉചിതവുമായിരുന്നു എന്നത് നിസംശയം പറയാന്‍ കഴിയും.

പതിനായിരക്കണക്കിന് സ്ത്രീ-പുരുഷന്മാര്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത് ജീവിക്കുന്ന ജീവിതാവസ്ഥയാണ് സന്ന്യാസം. ആരെയും അവിടെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവെക്കുന്നില്ല. സ്വന്തം തീരുമാനത്താലല്ലാതെ സ്വീകരിക്കുന്ന ഏതൊരു ജീവിതാന്തസ്സും സഭാനിയമപ്രകാരം അസാധുവാണ്. അതേസമയം സന്ന്യാസം ജീവിക്കാനാഗ്രഹിക്കുന്നവര്‍ അതിന്റെ നിയമങ്ങള്‍ പാലിക്കണം എന്നത് നിര്‍ബന്ധമാണ്. താനിഷ്ടപ്പെടുന്നതുപോലെ വ്യാഖ്യാനിച്ചല്ല നിയമം പാലിക്കേണ്ടത് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ. നിയമം തരുന്നവരാണ് അത് വ്യാഖ്യാനിക്കുന്നത്. ഇവിടെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ആരംഭം മുതലേ സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനമായ ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങളെ തന്റേതായ ശൈലിയില്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് അവര്‍ സ്വയം ന്യായീകരിക്കുന്നത്.

മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് ഏഷ്യാനെറ്റിന് ഈ വിഷയത്തില്‍ സത്യം പറയാന്‍ തീരെ താത്പര്യമില്ല. ആകെപ്പാടെ ഒരു വിഷയം മാത്രമാണ്, സെന്‍സേഷണലിസത്തിന് വേണ്ടി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ബാക്കി എല്ലാ വിഷയങ്ങളെയും നിസ്സാരവത്കരിച്ച് അവഗണിക്കുന്നു. എന്നാല്‍ സന്ന്യാസസഭയുടെ അധികാരികള്‍ അക്കമിട്ട് പറയുന്ന എല്ലാ വിഷയങ്ങളും കര്‍ശനനിയമങ്ങളുള്ള സന്ന്യസ്തജീവിതക്രമത്തില്‍ അതീവഗൗരവമുള്ള വിഷയങ്ങള്‍ തന്നെയാണ്. ഈ കാലഘട്ടത്തില്‍ ഇത്തരം നിയമങ്ങള്‍ പ്രാകൃതമല്ലേ എന്നു ചോദിക്കുന്ന ഏഷ്യാനെറ്റിലെ വാര്‍ത്താവതാരകനെപ്പോലെ ഒരു സന്ന്യാസാശ്രമത്തിന്റെ പടിവാതില്‍പോലും കണ്ടിട്ടില്ലാത്തവര്‍ ആധികാരികമായി പറയുന്ന അബദ്ധാഭിപ്രായങ്ങളെ ആഘോഷിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം സന്ന്യാസത്തിന്റെ നിയമങ്ങള്‍ സാമാന്യലോകത്തിന്റെ നിയമമല്ല. അവിടെ ആത്മീയമായ ഒരു ജീവിതാന്തരീക്ഷത്തില്‍ അഹത്തെ വെടിഞ്ഞും ദൈവത്തെ ആശ്രയിച്ചും നിയന്ത്രണങ്ങളെ അംഗീകരിച്ചും ജീവിക്കുന്ന, അതില്‍ സംതൃപ്തി കണ്ടെത്തുന്ന അനേകരുണ്ട്.
അവര്‍ക്കാര്‍ക്കും സ്വന്തമായി കാറുവേണമെന്ന് ആഗ്രഹമില്ല
സമ്പാദിക്കുന്ന ശമ്പളം സ്വയം സൂക്ഷിക്കണമെന്ന വാശിയില്ല
അവര്‍ക്കാര്‍ക്കും ചാനലുകളില്‍ പ്രത്യക്ഷപ്പെടണമെന്ന ചിന്തയില്ല
അവരാരും മാധ്യമങ്ങളില്‍ അവരായിരിക്കുന്ന സമൂഹത്തെയോ അവര്‍ അംഗമായിരിക്കുന്ന തിരുസ്സഭയെയോ അവഹേളിച്ചുകൊണ്ട് എഴുതാറില്ല.
അവര്‍ക്കാര്‍ക്കും അവരുടെ സന്ന്യാസവസ്ത്രം ഭാരമല്ല.
ജീവിക്കുന്നവരും മരിച്ചവരുമായ ലക്ഷണക്കണക്കിന് സ്ത്രീസന്ന്യസ്തര്‍ക്ക് അവരുടെ തലമുണ്ട് അസ്വസ്ഥതയായിരുന്നില്ല.
അവരുടെ വിശുദ്ധജീവിതത്തിന്റെ ആവൃതികളിലേക്ക് അവരാരും അന്യരെ വിളിച്ചുകയറ്റിയിട്ടുമില്ല.

തെറ്റുപറ്റിയവരും വീണുപോയവരും പൗരോഹിത്യ-സന്ന്യസ്ത ജീവിതങ്ങളിലുണ്ട്. അത് മറക്കുന്നില്ല.
അവരില്‍ പലരുമിപ്പോഴും തുടരുന്നുമുണ്ട്. അതംഗീകരിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണതെന്ന് ചിന്തിക്കണം.
അതിനു കാരണം, അവരുടെ തെറ്റുകളെ അംഗീകരിക്കാനും തിരുത്താനും അധികാരികളുടെ വാക്കുകളനുസരിക്കാനും അവര്‍ തയ്യാറായിരുന്നു എന്നതാണ്. അധികാരികള്‍ തിരുത്തിയപ്പോള്‍ അവരാരും മാധ്യമങ്ങളെ ചര്‍ച്ചക്ക് വിളിച്ചില്ല. അധികാരികളെ മാധ്യമങ്ങളില്‍ വിമര്‍ശിച്ചില്ല. അവരുടെ സഹോദരങ്ങള്‍ പെണ്ണുപിടിക്കുന്നവരാണെന്നും മാന്യതയില്ലാത്തവരാണെന്നും ആരോപണങ്ങളുയര്‍ത്തിയില്ല.
സ്വയം തിരുത്താന്‍ ലഭിച്ച അവസരങ്ങളെ വിവേകത്തോടെ ഉപയോഗപ്പെടുത്തിയ അവര്‍ അവരുടെ സന്ന്യാസത്തെ വര്‍ദ്ധമാനമായ സ്നേഹത്തോടെ ആലിംഗനം ചെയ്തു.

പരിപാവനമായ ക്രൈസ്തവസന്ന്യാസജീവിതത്തെ ഈ കാലഘട്ടത്തില്‍ വൃത്തികെട്ട മാധ്യമചര്‍ച്ചാവേദികളിലേക്ക് വലിച്ചിഴച്ചുവെന്ന കഠിനമായ അപരാധവും നിശബ്ദസേവനത്തിലും മൗനപ്രാര്‍ത്ഥനയിലും മുഴുകിയ അനേകായിരം സ്ത്രീജീവിതങ്ങളെ ആത്മീയസന്ദിഗ്ദതയിലേക്ക് തള്ളിവിട്ടുവെന്ന ക്രൂരപാതകവും ചരിത്രം ഇപ്പോള്‍ അടയാളപ്പെടുത്തുന്നു. പരിപൂര്‍ണമായ ത്യാഗാത്മകതക്കും അലൗകികമായ ജീവിതത്തിനും വേണ്ടിയുള്ള ആഹ്വാനം ശ്രവിച്ചുകൊണ്ട് എല്ലാമുപേക്ഷിച്ച് മലകളിലും മരുഭൂമികളിലും അഭയം കണ്ടെത്തിയവരും ലോകത്തെയും മനുഷ്യസമൂഹത്തെയും വിട്ട് ഏകാന്തതയിലും നിശബ്ദതയിലും ജീവിച്ചവരുമായ സന്ന്യാസത്തിലെ പൂര്‍വ്വസൂരികളെ നാമോര്‍ക്കേണ്ടതുണ്ട്. അത്തരമൊരു സന്ന്യാസത്തിന്റെ ബാഹ്യമായ അടയാളങ്ങളില്‍പ്പലതും മങ്ങിപ്പോയിട്ടുണ്ടെങ്കിലും സാരവത്തായ ഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് എഫ്സിസിയുടെ ഇന്നാളുകളിലെ നടപടികള്‍.

ഇനിയും ഏഷ്യാനെറ്റിലെ ചര്‍ച്ചാജീവിക്ക് അനുസരണരഹിതമായ സന്ന്യാസജീവിതം സന്ന്യസ്തരുടെ ആ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ നാളത്തെ ചര്‍ച്ചക്ക് ഒരു കൈലിമുണ്ടുടുത്ത് ഡോറാബുജിയുടെ പടമുള്ള ടീഷര്‍ട്ടുമിട്ട് ഏഷ്യാനെറ്റില്‍ ചര്‍ച്ചക്ക് ഇരുന്ന് കാണിക്ക്. എന്നിട്ട് ഏഷ്യാനെറ്റ് അങ്ങേക്കെതിരേ നടപടിയെടുക്കരുതെന്ന് പറഞ്ഞ് സമരവും നടത്തിക്കാണിക്കൂ.

ഒരു കാര്യം കൂടി… വിഷപ്പാമ്പുകളെ കൊല്ലരുതെന്ന് പറയുന്ന പ്രകൃതിസ്നേഹികള്‍ പോലും അവയിലൊന്നിനെ സ്വന്തം പോക്കറ്റിലിട്ട് വളര്‍ത്താറില്ലായെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. വിഷപ്പാമ്പിന് നല്ലത് കാടാണ്. അവിടെയാണ് അതിന്റെ സ്വാതന്ത്ര്യം, അതാണതിന്റെ സ്വര്‍ഗ്ഗം. അറിയാതെ കയറിക്കൂടിയ വാഹനത്തില്‍ ഇനിയും സഞ്ചരിക്കാനുള്ള അതിന്റെ അവകാശത്തിന് വേണ്ടി ഇനിയും ഏഷ്യാനെറ്റ് വാദിക്കരുത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy